ജവർഹർലാൽ നെഹ്റുവിന്റെ ജന്മവാർഷിക പരിപാടിയിൽ പങ്കെടുക്കാതെ മുതിർന്ന കേന്ദ്രമന്ത്രിമാർ; അതൃപ്തി അറിയിച്ച് കോൺഗ്രസ്

ന്യൂഡൽഹി: രാജ്യത്തെ പ്രഥമ പ്രധാനമന്ത്രി ജവർഹർലാൽ നെഹ്റുവിന്റെ ജന്മവാർഷിക ദിനത്തിൽ പാർലമെന്റിൽ സംഘടിപ്പിച്ച ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാതെ മുതിർന്ന കേന്ദ്രമന്ത്രിമാർ. നടപടിയിൽ അതൃപ്തി അറിയിച്ച് കോൺഗ്രസ് രംഗത്തെത്തി. ലോക്സഭാ സ്പീക്കർ ഓം ബിർള, രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. പാർലമെന്റിന്റെ സെന്റർ ഹാളിൽ നെഹ്റുവിന്റെ ജന്മവാർഷിക പരിപാടിയിൽ അസാധാരണമായ സംഭവങ്ങളാണ് നടന്നതെന്നാണ് ജയറാം രമേശ് പ്രതികരിച്ചത്. ലോക്സഭാ സ്പീക്കർ പരിപാടിയിൽ പങ്കെടുത്തില്ല. രാജ്യസഭാ അധ്യക്ഷനും സന്നിഹിതനല്ലായിരുന്നു. ഒരൊറ്റ കേന്ദ്ര മന്ത്രിയും ചങ്ങിൽ പങ്കെടുത്തില്ല. ഇതിലും മോശമായി കാര്യങ്ങൾ ചെയ്യാനാകുമോയെന്നാണ് അദ്ദേഹം ചോദിക്കുന്നത്.

നടപടയിൽ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയനും രംഗത്തെത്തി. ഇത് തന്നെ അത്ഭുതപ്പെടുത്തുന്നില്ലെും പാർലമെന്റ് ഉൾപ്പെടെയുള്ള ഇന്ത്യയുടെ മഹത്തായ സ്ഥാപനങ്ങളെ ബിജെപി ഭരണം ഒരു ദിവസം ഒന്നിച്ച് നശിപ്പിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

എല്ലാവർഷവും നെഹ്റുവിന്റെ ജന്മവാർഷിക ദിനത്തിൽ പാർലമെന്റിലെ സെന്റർഹാളിലെ അദ്ദേഹത്തിന്റെ അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കാറുണ്ട്. ഞായറാഴ്ച രാവിലെ നടന്ന ചടങ്ങിൽ കേന്ദ്ര സഹമന്ത്രി ഭാനു പ്രതാപ് സിങ് വർമ, ലോക്സഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ, കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തുടങ്ങിയവരാണ് പങ്കുചേർന്നത്. അതേസമയം പ്രധാനമന്ത്രി നകേന്ദ്ര മോദി ജവഹർലാൽ നെഹ്‌റുവിന് ആദരവ് അർപ്പിച്ചിരുന്നു. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുജിക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.