ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ ജെസിബി സാഹിത്യ പുരസ്‌കാരം നേടി എം മുകുന്ദൻ. ‘ഡൽഹി’ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ‘Delhi: A Soliloquy’യ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. 25 ലക്ഷമാണ് പുരസ്‌ക്കാരത്തുക. ഇന്ത്യയിൽ സാഹിത്യരചനകൾക്ക് ഏറ്റവും ഉയർന്ന സമ്മാനത്തുകയാണിത്. ജെ.സി.ബി ലിറ്ററേച്ചർ ഫൗണ്ടേഷനാണ് ജെസിബി സാഹിത്യ പുരസ്‌കാരം ഏർപ്പെടുത്തിയത്.
പൂർണ്ണമായും ഇന്ത്യൻ എഴുത്തുകാരെ കണ്ടെത്തുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ജെസിബി സാഹിത്യ പുരസ്‌കാരം നൽകുന്നത്. 2018 മുതലാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. ഇന്ത്യക്കാർ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യൻ ഭാഷകളിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്.
ഡൽഹി എന്ന പുസ്തകം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത് ഫാത്തിമ ഇ വി, നന്ദകുമാർ കെ തുടങ്ങിയവർ ചേർന്നാണ്. നോവൽ വിവർത്തനം നിർവ്വഹിച്ചയാൾക്ക് 10 ലക്ഷം രൂപയും സമ്മാനത്തുകയായി ലഭിക്കും. അധികാരസിരാ കേന്ദ്രമായ ഡൽഹിയുടെയും ആയിരത്തിത്തൊള്ളായിരത്തി അറുപതുകൾ മുതൽ ഇന്നേവരെ അവിടെയുണ്ടായ സംഭവ പരമ്പരകളെയും അടിസ്ഥാനമാക്കിയാണ് നോവൽ രചിച്ചിരിക്കുന്നത്.

