തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ അനുഭവപ്പെടുന്ന സാഹചര്യത്തിൽ ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കാസർകോട്, കോട്ടയം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച്ച അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർമാരാണ് അവധി പ്രഖ്യാപിച്ചത്. മഹാത്മാ ഗാന്ധി സർവ്വകലാശാലയും കേരളാ സർവകലാശാലയും തിങ്കളാഴ്ച്ച നടത്തേണ്ടിയിരുന്ന പരീക്ഷകളും മാറ്റിവെച്ചു. കൊല്ലം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച്ച അവധിയായിരിക്കുമെന്നാണ് കളക്ടർ അറിയിച്ചിരിക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നവംബർ 15 ന് അവധിയായിരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. എന്നാൽ സർക്കാർ ശമ്പളം നൽകുന്ന എല്ലാ സ്ഥാപനങ്ങളിലെയും അധ്യാപക, അനധ്യാപക ജീവനക്കാരുടെ സേവനം ജില്ലാ ദുരന്തനിവാരണ അതോറിറ്റി/ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന പക്ഷം അതാതിടങ്ങളിൽ ലഭ്യമാക്കേതാണെന്നാണ് നിർദ്ദേശം. കാസർകോട് ജില്ലയിൽ വിദ്യാലയങ്ങൾക്ക് അവധിയാണെങ്കിലും കോളേജുകൾക്ക് അവധി ബാധകമല്ല.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ തിങ്കളാഴ്ച്ച സ്‌കൂളുകൾ പ്രവർത്തിക്കില്ലെന്ന് ജില്ലാ കളക്ടർവ്യക്തമാക്കി. എന്നാൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓൺലൈൻ ക്ലാസുകൾ മാത്രമാണ് തിങ്കളാഴ്ച്ച ഉണ്ടായിരിരിക്കുക. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും ഉത്തരവ് ബാധകമാണ്. വിദ്യാർത്ഥികളുടെ യാത്രയും ബുദ്ധിമുട്ടുകളും ഒഴിവാക്കുന്നതിനാണ് ഇത്തരത്തിൽ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.

