നൊമ്പരക്കാഴ്ച്ച; മരിച്ചു പോയ യജമാനനെ കാത്ത് കുഴിമാടത്തിനരികെ കാവലിരിക്കുന്ന വളർത്തുനായ

കൊല്ലം: വളർത്തു മൃഗങ്ങൾക്ക് യജമാനനോടുള്ള അടുപ്പം എത്രത്തോളമാണെന്ന് പലപ്പോഴും പറഞ്ഞറിയിക്കാൻ കഴിയാറില്ല. അത്തരത്തിലൊരു കഥയാണ് കൊല്ലത്ത് നിന്നും റിപ്പോർട്ട് ചെയ്യുന്നത്. കൊല്ലം സ്വദേശി ദിവാകരനും അദ്ദേഹത്തിന്റെ അർജു എന്ന നായയും തമ്മിലുള്ള സ്‌നേഹബന്ധത്തെ കുറിച്ചാണ് റിപ്പോർട്ട്. മരിച്ചു പോയ യജമാനനെ കാത്ത് ചിതയൊരുക്കിയ സ്ഥലത്തിരിക്കുന്ന അർജു കണ്ടു നിൽക്കുന്നവരുടെയെല്ലാം കണ്ണു നിറയ്ക്കുകയാണ്. ദിവാകരന്റെ വിയോഗം ഇതുവരെ അർജുവിന് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.

കുഴിമാടത്തിൽ നട്ട തെങ്ങിൻതൈയുടെ അരികിൽ ദിവാകരന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് അവൻ ഇപ്പോഴും. ദിവാകരന്റെ സംസ്‌കാരം കഴിഞ്ഞ് ദിവസങ്ങളായിട്ടും ചിതയൊരുക്കിയ സ്ഥലത്ത് തന്നെയാണ് അർജു കഴിയുന്നത്. കാൻസർ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശി ദിവാകരൻ ഈ മാസം ഒന്നാം തിയതിയാണ് മരിച്ചത്. ഏതു നേരവും ദിവാകരന്റെ കൂടെ തന്നെയായിരുന്നു അർജു.

ദിവാകരന്റെ കുടുംബത്തിൽ ഒരാളെ പോലെ തന്നെയായിരുന്നു അർജുവും. ആരെയും അവൻ ഉപദ്രവിക്കാറുമില്ല. പകൽ സമയത്ത് അഴിച്ചു വിടുമ്പോൾ അർജ നേരെ പോകുന്നത് ദിവാകരന് ചിതയൊരുക്കിയ സ്ഥലത്തേക്കാണ്. അവിടെ അവൻ മണ്ണോട് ചേർന്ന് കിടക്കും. ദിവകാരന്റെ മരണശേഷം കുറച്ച് ദിവസത്തേയ്ക്ക് അർജു ആഹാരം പോലും കഴിച്ചിരുന്നില്ല. പിന്നീട് മുറികളിലൊക്കെ കയറി ഇറങ്ങി നടക്കും. ഇപ്പോൾ ദിവസങ്ങളായി കുഴിമാടത്തിന് അരികിൽ നിന്ന് മാറാതെ കിടക്കകയാണെന്നും വീട്ടുകാർ പറയുന്നു.