ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറക്കുന്നു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ

ഇടുക്കി: ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറക്കുന്നു. അണക്കെട്ടിന്റെ ഒരു ഷട്ടർ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറക്കും. 40 സെന്റിമീറ്ററാണ് ഉയർത്തുന്നത്. സെക്കൻഡിൽ 40,000 ലിറ്റർ വെള്ളമാണ് ഇതിലൂടെ ഒഴുക്കിവിടുക. നിലവിൽ 2398.8 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. ഓറഞ്ച് അലർട്ടാണ് ഇടുക്കി ഡാമിൽ നിലനിൽക്കുന്നത്. 2399.03 അടി ആയാൽ മാത്രമാണ് റെഡ് അലർട്ട് പ്രഖ്യാപിക്കുക. നിലവിൽ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ മാത്രമാണ് ഇടുക്കി ഡാം തുറക്കാൻ തീരുമാനിച്ചതെന്നും അധികൃതർ വ്യക്തമാക്കി.

മുല്ലപ്പെരിയാർ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറക്കുകയാണെങ്കിൽ അവിടെ നിന്ന് ഒഴുകിയെത്തുന്ന ജലം കൂടി ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഇടുക്കിയിലെ നടപടി. ആശങ്കയ്ക്ക് അടിസ്ഥാനമില്ലെങ്കിലും പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. 140 അടിയായാണ് നിലവിൽ ഡാമിലെ ജലനിരപ്പ്. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. കഴിഞ്ഞ ദിവസം മുതൽ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാണ്. നാലായിരം ഘനയടിയിലധികം ജലമാണ് ഓരോ മണിക്കൂറിലും അണക്കെട്ടിലേക്ക് ഒഴുകിയെത്തിയതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.