General (Page 1,333)

തിരുവനന്തപുരം: ജോസ് കെ മാണിക്കെതിരെ രൂക്ഷ വിമർനവുമായി മേജർ രവി. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണി മത്സരിക്കുന്നതിനെതിരെയാണ് അദ്ദേഹം വിമർശനവുമായി രംഗത്തെത്തിയത്. ഒരു സാമൂഹിക ബോധം വേണമെന്നും, ഇല്ലെങ്കിൽ തന്നെപ്പോലുള്ളവർ പ്രതികരിക്കുമെന്നും മേജർ രവി പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അധികാര മോഹികളായിട്ടുള്ള ചില വർഗങ്ങൾ, ഇവറ്റകൾക്ക് അധികാരം വേണമെന്ന് മേജർ രവി പറഞ്ഞു. കോൺഗ്രസിൽ നിന്ന് ഇങ്ങോട്ട് ചാടിക്കഴിഞ്ഞാൽ അസംബ്ലിയിൽ എന്തെങ്കിലും മന്ത്രിസ്ഥാനം കിട്ടുമെന്ന് കരുതി. ഇതിന്റെയൊക്കെ കാശ് ഇവന്മാരുടെയൊക്കെ അച്ഛൻമാരാണോ കൊടുക്കുന്നതെന്നും നമ്മളല്ലേയെന്നും അദ്ദേഹം ചോദിച്ചു. എന്തെങ്കിലും അധികാരം ഇവന്റയൊക്കെ നെഞ്ചത്ത് വേണം. ഷെയിം ഓൺ യു ജോസ് കെ മാണി. അത്രയേ നിങ്ങളോട് പറയാനുള്ളൂവെന്നും മേജർ രവി പറയുന്നു.

യുഡിഎഫ് മുന്നണി വിട്ട് എൽഡിഎഫിലേക്ക് വന്നപ്പോൾ ജോസ് കെ മാണി രാജിവച്ച രാജ്യസഭ സീറ്റിലേക്കാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുന്നത്. പാലാ നിയോജക മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പനോട് പരാജയപ്പെട്ടതോടെയാണ് ഒരിക്കൽ രാജിവച്ച് ഒഴിഞ്ഞ സ്ഥാനത്തേക്ക് മടങ്ങിപ്പോകാൻ ജോസ് കെ മാണി തയ്യാറെടുക്കുന്നത്.

ന്യൂഡൽഹി: ഭാവിയിൽ ചൈന ഇന്ത്യയുടെ ഒന്നാം നമ്പർ ശത്രുവായി മാറുമെന്ന് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ സുരക്ഷാ ഭീഷണിയായി ചൈന മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ചൈന പാകിസ്താനെക്കാൾ വലിയ ശക്തി ആയതിനാൽ ഏതൊരു സാഹചര്യത്തെയും നേരിടാൻ ഇന്ത്യ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

കിഴക്കൻ ലഡാക്കിൽ പതിനെട്ടു മാസം നീണ്ടുനിന്ന സൈനിക സംഘർഷം മൂർച്ഛിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സൈനിക വിന്യാസം വർധിപ്പിക്കുന്നതിനാണ് ഇന്ത്യ മുൻഗണന നൽകുന്നത്. പാംഗോങ് സോ-കൈലാഷ് റേഞ്ച് മേഖല ഉൾപ്പെടെയുള്ള ഭൂരിഭാഗം മേഖലകളിലും സംഘർഷസാധ്യത അവസാനിച്ചെങ്കിലും പൂർണമായി ഒഴിവായി എന്നു പറയാൻ കഴിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉയർന്ന മേഖലകളിൽ തുടർച്ചയായ രണ്ടാം ശൈത്യകാലത്തേക്കുള്ള വിന്യാസത്തിനായി ഇന്ത്യൻ സായുധ സേന തയ്യാറായെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ വർഷം ഏപ്രിലിന് മുമ്പ് വരെയുള്ള സ്ഥാനങ്ങളിലേക്ക് സൈന്യത്തെ പിൻവലിക്കാൻ ചൈന തയ്യാറാകുന്നതു വരെ ഇന്ത്യൻ സൈന്യം പിന്നോട്ട് പോകില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ചൈനയുമായി എന്തെങ്കിലും തരത്തിലുള്ള സംഘർഷത്തിൽ ഏർപ്പെട്ടാൽ അവരെ എതിർക്കാൻ ആവശ്യമായ കരുതലുകളും സ്വീകരിച്ചുവെന്നും ചൈന വീണ്ടും ചില സ്ഥാനങ്ങൾ കൈവശപ്പെടുത്താൻ ശ്രമിക്കുന്നതിനാൽ ഇന്ത്യ ശക്തമായി എതിർക്കുമെന്നും അദ്ദേഹം വിശദമാക്കി. ചൈനീസ് പട്ടാളം അവിടെ തുടരാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഇന്ത്യയും അങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഡൽഹിയിൽ നവംബർ 15 മുതൽ സ്‌കൂളുകൾക്ക് അവധി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്. ഡൽഹിയിൽ വായു മലിനീകരണ തോത് വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. വിദ്യാർഥികൾക്കായി ഓൺലൈൻ ക്ലാസുകൾ തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നവംബർ 14 മുതൽ 17 വരെ ഡൽഹിയിലുടനീളമുള്ള നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വായുമലിനീകരണം വർധിക്കുന്ന സാഹചര്യത്തിൽ അടുത്ത ആഴ്ച 100 ശതമാനം സർക്കാർ ജീവനക്കാരും വീടുകളിലിരുന്ന് ജോലി ചെയ്യണമെന്നാണ് നിർദ്ദേശം. സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാരോട് വർക്ക് ഫ്രം ഹോമിൽ പോകാൻ നിർദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും ഉന്നതതല അടിയന്തര യോഗം നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്. മലിനീകരണ സാഹചര്യം മോശമായാൽ ഡൽഹിയിൽ സമ്പൂർണ ലോക്ഡൗൺ സംബന്ധിച്ച് സുപ്രീം കോടതി ഒരു നിർദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ തങ്ങൾ ഒരു പദ്ധതി തയ്യാറാക്കുകയാണെന്നും അത് കേന്ദ്രവുമായും ബന്ധപ്പെട്ട ഏജൻസികളുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ സംഭവിച്ചാൽ നിർമാണ പ്രവർത്തനങ്ങളും വാഹനഗതാഗതവും നിർത്തിവെക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഡൽഹിയിലെ വായുമലിനീകരണത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. ദീർഘകാല അടിസ്ഥാനത്തിൽ നടപടി വേണമെന്നാണ് സുപ്രീം കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. ഡൽഹിയിൽ ലോക്ക്ഡൗൺ വേണ്ടിവരുമോയെന്നും സുപ്രിംകോടതി ചോദിച്ചു. അന്തരീക്ഷ മലിനീകരണത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും വിഷയത്തിൽ രാഷ്ട്രീയ താത്പര്യങ്ങൾ ഇല്ലാത്ത നടപടിയാണ് വേണ്ടതെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

എ.ക്യു.ഐ 800 ന് അടുത്തെത്തിയിരിക്കുകയാണ് രാജ്യതലസ്ഥാനത്തെ വായു ഗുണനിലവാര സൂചിക. നഗരത്തിൽ പുകമഞ്ഞ് രൂക്ഷമായതോടെ കാഴ്ചയുടെ ദൂരപരിധി കുറഞ്ഞുവെന്നും ഒക്ടോബർ 24 മുതൽ ഈ മാസം 8 വരെയുള്ള കാലയളവിൽ ഉണ്ടായ വാഹനപുകയാണ് അതി രൂക്ഷമായ വായുമലിനീകരണത്തിലേക്ക് നയിച്ചതെന്ന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് അറിയിച്ചു.

വിഷപ്പുക വർധിക്കുന്നതിനാൽ സർക്കാർ-സ്വകാര്യ ഓഫിസുകളിൽ ഉള്ളവർ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം 30 ശതമാനമായി കുറയ്ക്കണമെന്നും വാഹനങ്ങൾക്ക് ഒറ്റ ഇരട്ടയക്ക നിയന്ത്രണം ഏർപ്പെടുത്തണമെന്നുമാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ഡൽഹി സർക്കാരിന് നൽകിയിരിക്കുന്ന നിർദ്ദേശം.

മുംബൈ: മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ 28 മാവോയിസ്റ്റുകളെ വധിച്ചു. മഹാരാഷ്ട്രയിലെ കച്ചറോളിയിൽ നക്‌സൽ വിരുദ്ധ യൂണിറ്റാണ് ഏറ്റുമുട്ടൽ നടത്തിയത്. ഏറ്റുമുട്ടലിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. ധനോറയിലെ ഗ്യാരഹ്ബട്ടി വനത്തിലാണ് നക്സലുകളും സേനയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. മേഖലയിൽ പരിശോധനയ്‌ക്കെത്തിയ പോലീസിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു.

പ്രശാന്ത് ബോസ് എന്ന കിഷൻ ദാ മാവോയിസ്റ്റ് നേതാവ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഝാർഖണ്ഡിൽ നിന്നാണ് കിഷൻ ദാ, ഭാര്യ ഷീല മറാണ്ടി എന്നിവർ പിടിയിലായത്. ഇന്റലിജന്റ്സ് വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരെയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്. മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ സുപ്രധാന നേട്ടമായിട്ടാണ് കിഷൻ ദായുടെ അറസ്റ്റിനെ വിലയിരുത്തപ്പെടുന്നത്. കേന്ദ്രകമ്മിറ്റി, പൊളിറ്റ് ബ്യൂറോ, സെൻട്രൽ മിലിട്ടറി കമ്മീഷൻ എന്നിവിടങ്ങളിലെ സജീവ അംഗമാണ് കിഷൻ ദാ. സിപിഐ(മാവോയിസ്റ്റ്) ഈസ്റ്റേൺ റീജിയണൽ ബ്യൂറോയുടെ സെക്രട്ടറി കൂടിയാണ് ഇയാൾ.

കൊച്ചി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച കേസ് സുപ്രീംകോടതിയിൽ നടത്താൻ 2009 മുതൽ കഴിഞ്ഞ ഓഗസ്റ്റ് 31 വരെ സർക്കാർ ചെലവഴിച്ചത് 6,34,39,549 രൂപയെന്ന് വിവരാവകാശ രേഖ. ഇതിലധികവും വക്കീൽഫീസാണെന്നും 5,03,08,253 കോടി രൂപയാണ് വക്കിൽ ഫീസ് ഇനത്തിൽ ചെലവഴിച്ചതെന്നും വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു.

2009 മേയ് 14 മുതലാണ് ജലവിഭവവകുപ്പ് ചീഫ് എൻജിനീയറുടെ കാര്യാലയത്തിൽനിന്ന് ഫീസുകൾ ഉൾപ്പെടെ നൽകാൻ ആരംഭിച്ചത്. വക്കീൽ ഫീസിനത്തിൽ കുടിശികയൊന്നുമില്ലെന്നും വിവരാവകാശ രേഖയിൽ പറയുന്നുണ്ട്. ഇത്രയധികം രൂപ ചെലവഴിച്ചിട്ടും കേസിൽ അനുകൂല വിധി നേടിയെടുത്തത് തമിഴ്‌നാടാണ്.

മുതിർന്ന അഭിഭാഷകനായ ഹരീഷ് സാൽവേ ഉൾപ്പെടെ 10 പേരാണ് മുല്ലപ്പെരിയാർ കേസിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്. ഹരീഷ് സാൽവേയാണ് ഏറ്റവും അധികം തുക ഫീസായി വാങ്ങിയിരിക്കുന്നത്. 1,82,71,350 രൂപയാണ് അദ്ദേഹത്തിന് ഫീസായി നൽകിയത്. ജി. പ്രകാശ്, മോഹൻ വി. കട്ടാക്കി, രാജീവ് ധവാൻ, അപരാജിത സിംഗ്, പി. ഗിരി, രമേഷ് ബാബു, പി.വി. റാവു, ഗായത്രി ഗോസ്വാമി, ജയദീപ് ഗുപ്ത തുടങ്ങിയവരാണ് കേസിന് വേണ്ടി ഹാജരായ മറ്റ് അഭിഭാഷകർ. ജി. പ്രകാശ് 13,30,049 രൂപയും മോഹൻ വി. കട്ടാക്കി 1,09,05,000 രൂപയും രാജീവ് ധവാൻ 82,65,000 രൂപയും അപരാജിത സിംഗ് 6,05,000 രൂപയും പി. ഗിരി 27,60,000 രൂപയും രമേഷ് ബാബു രൂപയും 22,76,854 രൂപയും പി.വി. റാവു 2,75,000 രൂപയും ഗായത്രി ഗോസ്വാമി 4,50,000 രൂപയും ജയദീപ് ഗുപ്ത 51,70,000 രൂപയും വാങ്ങിയിട്ടുണ്ട്.

ടി.എ 56,55,057 രൂപ, എംപവേർഡ് കമ്മിറ്റി സന്ദർശനം 58,34,739 രൂപ, ഓണറേറിയം 16,41,500 രൂപ എന്നിവയാണ് കേസിലെ മറ്റ് ചെലവുകൾ. അതേസമയം മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീംകോടതിയിൽ 10 പ്രമുഖ അഭിഭാഷകരെയാണ് സംസ്ഥാനം നിയോഗിച്ചതെന്നും 12 വർഷത്തിനിടെ ഇവരുടെ വാദങ്ങൾ എന്താണെന്ന് പൊതുജനം അറിയേണ്ടതുണ്ടെന്നും വിവരാവകാശ പ്രവർത്തകനായ രാജു വാഴക്കാല ആവശ്യപ്പെട്ടു.

ന്യൂഡൽഹി: മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്‌കാരങ്ങൾ രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിതരണം ചെയ്തു. ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര എന്നിവരുൾപ്പെടെ 12 പേരാണ് പുരസ്‌കാരം സ്വീകരിച്ചത്. ടോക്കിയോ ഒളിമ്പിക്സിൽ രാജ്യത്തിന്റെ അഭിമാനമായി മാറിയ ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പറും മലയാളിയുമായ പി ആർ ശ്രീജേഷും രാഷ്ട്രപതിയിൽ നിന്നും ഖേൽരത്‌ന പുരസ്‌കാരം ഏറ്റുവാങ്ങി. രാജ്യത്തെ പരമോന്നത കായിക ബഹുമതിയാണ് ധ്യാൻചന്ദ് ഖേൽരത്ന പുരസ്‌കാരം.

ടോക്കിയോ ഒളിംപിക്സിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഗുസ്തി താരം രവികുമാർ, ബോക്സർ ലോവ്ലിന ബോർഗോഹെയ്ൻ, പാരാ ഷൂട്ടർ അവനി ലേഖര, പാരാ ബാഡ്മിന്റൺ താരങ്ങളായ പ്രമോദ് ഭഗത്, കൃഷ്ണ നഗർ, പാരാ ജാവലിൻ മത്സരത്തിലെ താരം സുമിത് ആന്റിൽ, പാരാ ഷൂട്ടർ മനീഷ് നർവാൾ, ഫുട്ബോൾ താരം സുനിൽ ഛേത്രി, ക്രിക്കറ്റ് താരം മിതാലി രാജ്, ഹോക്കി താരം മൻപ്രീത് സിംഗ് എന്നിവരാണ് പുരസ്‌കാരം സ്വീകരിച്ച മറ്റ് കായിക താരങ്ങൾ.

അർപിന്ദർ സിംഗ്, സിമ്രൻജിത് കൗർ, ശിഖർ ധവാൻ, ഭവാനി ദേവി, മോണിക്ക, വന്ദന കടാരിയ, സന്ദീപ് നർവാൾ, ഹിമാനി ഉത്തം പരബ്, അഭിഷേക് വർമ, അങ്കിത റെയ്ന, ദീപക് പുനിയ, ദിൽപ്രീത് സിംഗ്, ഹർമൻ പ്രീത് സിംഗ്, രൂപീന്ദർ പാൽ സിംഗ്, സുരേന്ദർ കുമാർ, അമിത് രോഹിദാസ്, ബീരേന്ദ്ര ലക്ര, സുമിത്, നീലകണ്ഠ ശർമ്മ, ഹാർദിക് സിംഗ്, വിവേക് സാഗർ പ്രസാദ്, ഗുർജന്ത് സിംഗ്, മൻദീപ് സിംഗ്, ഷംഷേർ സിംഗ്, ലളിത് കുമാർ ഉപാധ്യായ, വരുൺ കുമാർ, സിമ്രൻജീത് സിംഗ്, യോഗേഷ് കത്തൂനിയ, നിഷാദ് കുമാർ, പ്രവീൺ കുമാർ, സുഹാഷ് യതിരാജ്, സിംഗ്രാജ് അദാന, ഭവിന പട്ടേൽ, ഹർവിന്ദർ സിംഗ്, ശരദ് കുമാർ തുടങ്ങിയവർ അർജുന പുരസ്‌കാരവും ഏറ്റുവാങ്ങി.

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമർദമാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതിന്റെ ഭാഗമായുള്ള മഴയും സംസ്ഥാനത്ത് ലഭിക്കുന്നുണ്ട്.

തെക്ക് കിഴക്കൻ അറബികടലിലും വടക്കൻ തമിഴ് നാടിനു മുകളിലും ചക്രവാതചുഴി നിലനിൽക്കുന്നു. ഇതിനാൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചിരിക്കുന്നു. ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തമായ / അതി ശക്തമായ മഴക്ക് സാധ്യത. പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ അതിശക്ത മഴ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു. ബംഗാൾ ഉൾകടലിൽ തെക്കു ആൻഡമാൻ കടലിൽ തായ്ലൻഡ് തീരത്തിനോട് ചേർന്ന് നംവബർ 13 രാവിലെ 8.30 ന് ന്യുന മർദ്ദം രൂപപ്പെട്ടു. ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിച്ചു നവംബർ 15 ഓടെ വടക്കു ആൻഡമാൻ കടലിലും തെക്കു-കിഴക്കു ബംഗാൾ ഉൾക്കടലിലുമായി തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിച്ചു അടുത്ത 48 മണിക്കൂറിനുള്ളിൽ ആന്ധ്രാ തീരത്തു പ്രവേശിക്കാനും സാധ്യതയുണ്ട്.

കേരളത്തിൽ ഉടനീളം എല്ലാ ജില്ലകളിലും നവംബർ 15 വരെ കനത്ത മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ഉൾപ്പടെ വിവിധ കാലാവസ്ഥാ മോഡലുകൾ കേരളത്തിൽ അതി തീവ്ര മഴയ്ക്ക് സാധ്യത പ്രവചിക്കുന്നതിനാൽ മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അടക്കം റെഡ് അലെർട്ടിന് സമാനമായ മുന്നൊരുക്കങ്ങൾ നടത്തേണ്ടതാണ് എന്ന് ജില്ലാ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിക്കുന്നു. മണ്ണിടിച്ചിൽ, പ്രളയ സാധ്യതാ മേഖലകളിൽ താമസിക്കുന്നവരെ ഈ ദിവസങ്ങളിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റേണ്ടതാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരളം – ലക്ഷദ്വീപ് തീരത്ത് ശനി, ഞായർ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും പോയിട്ടുള്ള മത്സ്യത്തൊഴിലാളികൾ നവംബർ 15 നു ഉള്ളിൽ തീരത്ത് എത്തിച്ചേരണമെന്നും നിർദ്ദേശമുണ്ട്.

അതേസമയം കനത്ത മഴയിൽ തിരുവനന്തപുരം ജില്ലയുടെ തീരദേശ മേഖലയിലും മലയോരമേഖലയിലും വ്യാപകമായ നാശനഷ്ടവും ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിലും വെള്ളക്കെട്ടുണ്ടായി. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും പൂർണമായി തോർന്നിട്ടില്ല. രാത്രിയോടെ വീണ്ടും മഴ ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്.

വിവിധ ജില്ലകളിലെ മഴ മുന്നറിയിപ്പുകൾ

13112021: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി

14-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസറഗോഡ്

15-11-2021: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

13-11-2021: എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

14-11-2021: എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ

15-11-2021: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം

16-11-2021: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

കൊച്ചി: മോൻസൺ കേസുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ഗുരുതര ആരോപണവുമായി പരാതിക്കാർ. കേസിൽ സുധാകരന് വേണ്ടി ഒത്തുതീർപ്പ് ശ്രമം നടത്തിയതായാണ് പരാതിക്കാർ പറയുന്നത്. യൂത്ത് കോൺഗ്രസ് നേതാവായ എബിൻ ആണ് പരാതിക്കാരുമായി രണ്ട് ദിവസം മുമ്പ് കൂടിക്കാഴ്ച നടത്തിയതെന്നാണ് ആരോപണം. കൊച്ചിയിലെ ഹോട്ടൽ മുറിയിൽ വച്ച് നടന്ന ചർച്ചയുടെ ദൃശ്യങ്ങളും പുറത്തു വന്നു.

പലവട്ടം ഫോണിൽ വിളിച്ച് എബിൻ സംസാരിച്ചിരുന്നുവെന്നും പിന്നീട് നേരിട്ട് കാണണമെന്ന് ആവശ്യം ഉന്നയിക്കുകയായിരുന്നുവെന്നും പരാതിക്കാരനായ ഷമീർ പറഞ്ഞു. സുധാകരനെ അനാവശ്യമായി കേസിലേക്ക് വലിച്ചിഴയ്ക്കരുതെന്നായിരുന്നു എബിന്റെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പരാതിക്കാരെ കണ്ടത് ഒത്തുതീർപ്പിനല്ലെന്നും പരാതിക്കാരെ മുൻപരിചയമുണ്ടെന്നും യാദൃശ്ചികമായിട്ടാണ് കൂടിക്കാഴ് നടന്നതെന്നുമാണ് എബിന്റെ വാദം. ചികിത്സയുടെ ഭാഗമായിട്ടാണ് മോൻസണെ കണ്ടതെന്നും അതല്ലാതെ മറ്റു ബന്ധങ്ങളൊന്നുമില്ലെന്നും സുധാകരൻ പ്രതികരിച്ചു.

ന്യൂഡൽഹി: കോവിഡ് കാലത്ത് സ്‌പെഷ്യൽ എന്ന പേരിൽ സർവ്വീസ് നടത്തിയിരുന്ന ട്രെയിനുകൾ സാധാരണ സ്ഥിതിയിലേക്കെത്തുന്നു. ഉയർന്ന നിരക്കിൽ സർവീസ് നടത്തിയിരുന്ന ഈ ട്രെയിനുകൾക്കുള്ള സ്‌പെഷ്യൽ ടാഗ് യാത്രക്കാരുടെ കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് നിർത്തലാക്കാൻ തീരുമാനിച്ചത്. മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്കുള്ള ‘സ്പെഷ്യൽ’ ടാഗ് നിർത്തലാക്കാനും അടിയന്തര പ്രാബല്യത്തോടെ കോവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കിലേക്ക് മടങ്ങാനും ഇന്ത്യൻ റെയിൽവേ ഉത്തരവിറക്കി.

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ ഇളവ് ലഭിച്ചതിന് ശേഷം ഇന്ത്യൻ റെയിൽവേ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ മാത്രമാണ് നടത്തിയിരുന്നത്. ആദ്യം ദീർഘദൂര ട്രെയിനുകളും പിന്നീട് പാസഞ്ചർ തീവണ്ടികളും ഇത്തരത്തിൽ സ്പെഷ്യൽ ടാഗോടെയാണ് സർവ്വീസ് നടത്തിയത്. ടിക്കറ്റിന് അധിക തുക ഈടാക്കിയുള്ള ഈ സർവീസ് സ്ഥിരം യാത്രികർക്കും സാധാരണക്കാർക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.

ട്രെയിനുകൾ സാധാരണ നമ്പറിൽ തന്നെ പ്രവർത്തിപ്പിക്കാമെന്നും കോവിഡിന് മുമ്പുള്ള നിരക്കിലേക്ക് മാറണമെന്നും ചൂണ്ടിക്കാട്ടി സോണൽ ഓഫീസർമാർക്ക് വെള്ളിയാഴ്ച റെയിൽവേ ബോർഡ് കത്തയച്ചു. ഉത്തരവ് ഉടൻ നടപ്പിലാക്കണമെന്നാണ് നിർദ്ദേശം. എന്നാൽ സർവ്വീസുകൾ പഴയ സ്ഥിതിയിലേക്ക് മാറാൻ ഒന്നോ രണ്ടോ ദിവസമെടുക്കുമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. സ്പെഷ്യൽ ട്രെയിനുകളായി സർവീസ് നടത്തുമ്പോൾ ആദ്യ നമ്പർ പൂജ്യത്തിലാണ് തുടങ്ങിയിരുന്നത്. ഇനി ഇതിലും മാറ്റം ഉണ്ടാകും.

ന്യൂഡൽഹി: പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും താഴ്ന്ന വരുമാന വിഭാഗങ്ങൾക്കും നൽകി വരുന്ന സബ്‌സിഡി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ഹൗസിങ്ങ് ലോൺ കമ്പനികൾ. 2022 മാർച്ചിലാണ് പദ്ധതിയുടെ കാലാവധി അവസാനിക്കുന്നത്. സാമ്പത്തിക സമ്മർദ്ദങ്ങൾ മൂലം മദ്ധ്യവരുമാന ഗ്രൂപ്പുകൾക്കുള്ള സബ്‌സിഡി സർക്കാർ നിർത്തി വെച്ചിരുന്നു.

2022 ഓടെ എല്ലാവർക്കും ഭവനം എന്ന പദ്ധതിക്ക് കീഴിൽ രണ്ട് മുതൽ മൂന്ന് ലക്ഷം വരെയാണ് ഗ്രാന്റ് നൽകിയിരുന്നത്. മദ്ധ്യവരുമാന ഗ്രൂപ്പുകൾക്കുള്ള സബ്‌സിഡി സർക്കാർ നിർത്തലാക്കി കഴിഞ്ഞെന്നും ഇഡ്‌ള്യൂഎസ്, എൽഐജി എന്നിവരുടെ സബ്‌സിഡി അവസാനിക്കുന്നതിന്റെ വക്കിലാണെന്നുമാണ് ഹൗസിങ്ങ് ലോൺ കമ്പനി അറിയിച്ചരിക്കുന്നത്.

പാവപ്പെട്ട ജനവിഭാഗത്തിന് ഭവന നിർമാണത്തിനായി ഏറെ പ്രധാനമാണ് ഇത്തരം ലോണുകളെന്നും ആയതിലാൽ ജനങ്ങളുടെ പ്രതിനിധിയായി സബ്‌സിഡി നീട്ടിവയ്ക്കണമെന്നും മദ്ധ്യവരുമാന ഗ്രൂപ്പുകൾക്കുള്ള സബ്‌സിഡി പുനരാരംഭിക്കണമെന്നും സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായും ഒരു ഹൗസിംഗ് ലോൺ കമ്പനി സിഇഒ അറിയിച്ചു. 2015 ലാണ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി ആരംഭിച്ചത്. 2022 ഓടെ നിർധനരായ ജനങ്ങൾക്ക് വീട് എന്ന സ്വപ്നം സഫലമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. ഇഡ്‌ള്യൂഎസ് വിഭാഗത്തിന് ആറ് ലക്ഷവും എംഐജി വിഭാഗത്തിന് പന്ത്രണ്ട് ലക്ഷം രൂപയുമാണ് പദ്ധതിയിലൂടെ പരമാവധി വായ്പയായി നൽകിയിരുന്നത്. വാർഷിക വരുമാനം മൂന്ന് മുതൽ പതിനെട്ട് ലക്ഷം വരെയുള്ള കുടുംബങ്ങൾക്കും പദ്ധതിയ്ക്ക് കീഴിൽ സബ്‌സ്ഡിയ്ക്കായി അപേക്ഷ നൽകാം.

പദ്ധതിക്ക് കീഴിലുള്ള പരമാവധി അർഹമായ സബ്സിഡി 2.30 ലക്ഷം രൂപ മുതൽ 2.70 ലക്ഷം രൂപ വരെയാണ്. മൊത്തം 7.52 ലക്ഷം കോടി രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്ന സബ്‌സിഡിയെന്നാണ് പിഎംഎവൈ പോർട്ടലിൽ ലഭ്യമായ കണക്കുകൾ വ്യക്തമാക്കുന്നത്. പദ്ധതിയ്ക്ക് കീഴിൽ 5.2 മില്യൺ വീടുകൾ പൂർത്തിയാക്കുകയും 11.4 മില്യൺ വീടുകളുടെ നിർമാണത്തിന് അനുമതി നൽകുകയും ചെയ്തു.