General (Page 1,322)

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നരേന്ദ്ര മോദിയെ വിശ്വസിക്കാൻ ജനങ്ങൾ ഇപ്പോഴും തയ്യാറായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കർഷക നിയമങ്ങൾ ഔദ്യോഗികമായി പിൻവലിക്കുംവരെ കർഷകർ സമരം തുടരുമെന്ന് വ്യക്തമാക്കിയ സാഹചര്യം കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ പ്രതികരണം. പൊള്ളവാക്കുകളിൽ നിന്ന് ഏറെ അനുഭവിച്ചിട്ടുള്ള ജനങ്ങൾ പ്രധാനമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കാൻ തയ്യാറായിട്ടില്ലെന്നും കർഷക സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പാർലമെന്റിൽ നിയമങ്ങൾ പിൻവലിക്കുന്നതുവരെ സമരം തുടരുമെന്നാണ് കിസാൻ മോർച്ച അറിയിച്ചിരിക്കുന്നത്. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സംബന്ധിച്ച് ചർച്ച ചെയ്യാനായി ചേർന്ന സംയുക്ത കിസാൻ മോർച്ചയുടെ വിശാല യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മിനിമം താങ്ങുവിലയിൽ നിയമപരമായ ഉറപ്പ് നൽകുക, സമരക്കാർക്കെതിരേ എടുത്ത കേസുകൾ പിൻവലിക്കുക, സമരത്തിനിടെ മരിച്ചവരുടെ കാര്യം പരിഗണിക്കുക എന്നീ ആവശ്യങ്ങളും സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതാനും കർഷകർ തീരുമാനിച്ചു.

അമരാവതി: ആന്ധ്രാപ്രദേശിലെ ഏറ്റവും വലിയ ജലസംഭരണിയായ രായല ചെരുവിന്റെ ബണ്ടുകളിൽ വിള്ളൽ. ആന്ധ്രയിലെ ഏറ്റവും പഴക്കമേറിയ ജലസംഭരണിയായ രായല ചേരുവ് ജലസംഭരണിയിൽ വിള്ളൽ കണ്ടെത്തിയത് അധികൃതരിൽ ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്. കനത്ത മഴയും തുടർന്നുണ്ടായ പ്രളയവും മൂലം ദുരിതത്തിലാണ് ആന്ധ്രാപ്രദേശിലെ ജനങ്ങൾ. ഇതിനോടൊപ്പം ജലസംഭരണിയുടെ തകർച്ച കൂടി ഉണ്ടായാൽ അത് വലിയ നാശനഷ്ടങ്ങൾക്ക് വഴിവെയ്ക്കും.

ഞായറാഴ്ച്ച വൈകുന്നേരമാണ് ജലസംഭരണിയിലെ വിള്ളൽ അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. ബണ്ട് സ്ഥിതിചെയ്യുന്ന തിരുപ്പതിയിലെ രാമചന്ദ്രപുരം ഗ്രാമത്തിലെ ജനങ്ങളോട് അവശ്യസാധനങ്ങൾ മാത്രം എടുത്ത് എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ബണ്ട് ഏതു നിമിഷവും തകരാമെന്നും ആരും തന്നെ ഗ്രാമത്തിൽ നിൽക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചു.

ജില്ലാ കളക്ടർ ഹരി നാരായണൻ സ്ഥലം സന്ദർശിച്ചു. ജലസംഭരണി തകർന്നാൽ വെള്ളം ഒഴുകിയെത്താൻ സാദ്ധ്യതയുള്ള എല്ലാ ഗ്രാമങ്ങളും മുൻകരുതലെന്നവണ്ണം ഒഴിപ്പിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ജലസംഭരണിയിൽ നിലവിൽ ചെറിയൊരു വിള്ളലാണുള്ളതെന്നും അപകട സാദ്ധ്യത മുൻകൂട്ടികണ്ട് ജനങ്ങളെ ഒഴിപ്പിക്കുകയാണെന്നും കളക്ടർ വ്യക്തമാക്കി. നിലവിൽ 0.9 ടി എം സി വെള്ളം റിസർവോയറിലുണ്ടെന്നും ജലസംഭരണിയുടെ ചരിത്രത്തിലിന്നുവരെ ഇത്രത്തോളം വെള്ളം കെട്ടിനിർത്തിയിട്ടില്ലെന്നും സ്‌പെഷ്യൽ ഓഫീസർ പ്രദ്യുമ്മ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

കൊച്ചി: മോഡലുകളുടെ അപകട മരണത്തെ തുടർന്ന് വിവാദത്തിൽ ഉൾപ്പെട്ട ഫോർട്ട്കൊച്ചിയിലെ നമ്പർ 18 ഹോട്ടലിന്റെ ബാർ ലൈസൻസ് റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇക്കാര്യത്തിൽ എക്‌സൈസ് ശക്തമായ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം. നിലവിൽ ബാറിന്റെ ലൈസൻസ് താത്ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. അനുവദനീയമായ സമയ പരിധി കഴിഞ്ഞും മദ്യം വിളമ്പിയെന്ന പരാതിയെ തുടർന്നായിരുന്നു നടപടി.

കൊച്ചി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജയരാജാണ് ഹോട്ടലിൽ പരിശോധന നടത്തിയത്. പിന്നീടാണ് ബാറിന്റെ ലൈസൻസ് താത്ക്കാലികമായി റദ്ദാക്കിയത്. ഒക്ടോബർ 23 ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. പാലാരിവട്ടത്ത് അപകടത്തിൽ മോഡലുകളുടെ മരണശേഷമാണ് ബാറിന്റെ ലൈസൻസ് റദ്ദ് ചെയ്ത് കൊണ്ട് എക്സൈസ് ഉത്തരവ് വന്നത്. ഇത്തരത്തിൽ ഒരു പരാതി നിലവിലുണ്ടാകുകയും എക്സൈസ് പരിശോധന നടത്തുകയും ചെയ്തിട്ടും സമയം കഴിഞ്ഞുള്ള മദ്യ വിതരണം ഹോട്ടലുടമ നിർബാധം തുടരുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.

ഒക്ടോബർ 31 ന് അർദ്ധരാത്രിയാണ് ഹോട്ടലിൽ നിന്ന് പോയ മോഡലുകൾ ഉൾപെടെയുള്ളവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെടുന്നത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാത്രി ഒമ്പത് മണി വരെ മാത്രമാണ് ബാറുകളിൽ മദ്യം വിളമ്പാൻ അനുവാദമുള്ളത്. എന്നാൽ ഉന്നതരുടെ ഒത്താശയോടെ നമ്പർ 18 ഹോട്ടലിൽ സമയപരിധി കഴിഞ്ഞും മദ്യം വിളമ്പിയിരുന്നതായാണ് റിപ്പോർട്ടുകൾ. ഹോട്ടലിൽ നിരന്തരം നിയമ ലംഘനം നടക്കുന്നുവെന്ന പോലീസ് റിപ്പോർട്ട് എക്സൈസിന് ലഭിച്ചതായും വിവരമുണ്ട്.

ഹോട്ടലിൽ ബാർ അനുവദിച്ചതിന് ശേഷം വ്യാപകമായ പരാതികളാണുയർന്നത്. നിലവിൽ ഈ ഹോട്ടലിന്റെ ബാർ ലൈസൻസ് സ്ഥിരമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മഹാത്മാ സാംസ്‌കാരിക വേദി എക്സൈസിന് പരാതി നൽകിയിട്ടുണ്ട്. നേരത്തേ ലോക്ക് ഡൗൺ വേളയിൽ മദ്യം വിതരണം ചെയ്തതിനും ഹോട്ടലിനെതിരെ പരാതി ലഭിച്ചിരുന്നു.

ന്യൂഡൽഹി: ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ പരാതി. സിഖ് സമുദായത്തെ ഖാലിസ്ഥാൻ ഭീകരരായി ചിത്രീകരിച്ചു എന്നാരേപിച്ചാണ് കങ്കണയ്‌ക്കെതിരെ പോലീസിൽ പരാതി ലഭിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ കങ്കണ ഇട്ട പോസ്റ്റിനെതിരെയാണ് പരാതി. അകാലിദൾ നേതാവ് മഞ്ജീന്ദർ സിംഗ് സിർസയാണ് ഡൽഹി പൊലീസിൽ കങ്കണയ്‌ക്കെതിരെ പരാതി നൽകിയത്.

വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിന് പിന്നാലെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പുകഴ്ത്തി കങ്കണ പങ്കുവെച്ച പോസ്റ്റാണ് പരാതിയ്ക്കാധാരം. കർഷക സമരത്തെ മനപൂർവം ഖാലിസ്ഥാൻ പ്രസ്ഥാനത്തിനോട് ഉപമിച്ചു എന്നാരോപിച്ചാണ് കങ്കണയ്ക്കെതിരെ സിഖ് പ്രതിഷേധം ഉയരുന്നത്. ഡൽഹി മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെ സൈബർ സെല്ലിലാണ് താത്തിനെതിരെയുള്ള പരാതി ലഭിച്ചത്.

സ്വന്തം ജീവൻ പണയം വച്ചും ഖാലിസ്ഥാൻ ഭീകരരെ കൊതുകുകളെ പോലെ ചെരുപ്പിനടിയിൽ വച്ച് തകർത്ത ഒരു സ്ത്രീയെ നാം മറക്കരുത് എന്നാണ് കങ്കണ ഇൻസ്റ്റഗ്രമിൽ പങ്കുവെച്ചത്. രാജ്യത്ത് അടിയന്താരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയിൽ കങ്കണ അഭിനയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ഇന്ദിരയെ പുകഴ്ത്തി കങ്കണ പോസ്റ്റിട്ടതെന്നാണ് വിലയിരുത്തൽ.

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പണം ലഭിച്ച പാർട്ടി സിപിഎം. 58 കോടി രൂപയാണ് തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന് ലഭിച്ചതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച കണക്കുകളിൽ വ്യക്തമാക്കിയിട്ടുള്ളത്. രണ്ടാം സ്ഥാനത്താണ് കോൺഗ്രസുള്ളത്. 39 കോടി രൂപയാണ് കോൺഗ്രസിന് സംഭാവനയായി ലഭിച്ചത്. ബിജെപിയ്ക്ക് എട്ടു കോടി രൂപ സംഭാവനയായി ലഭിച്ചു. മുഹമ്മദിന് റിയാസിന് വേണ്ടിയാണ് സിപിഎം കൂടുതൽ പണം ചെലവഴിച്ചത്. 22 ലക്ഷം രൂപയാണ് റിയാസിന് വേണ്ടി സിപിഎം ചെലവഴിച്ചത്. ഷാഫി പറമ്പിലിനും വിടി ബൽറാമിനും വേണ്ടിയായിരുന്നു കോൺഗ്രസ് ഏറ്റവും അധികം തുക ചെലവഴിച്ചത്.

പരസ്യത്തിന് വേണ്ടി മാത്രം സിപിഎം 17 കോടി രൂപ ചെലവഴിച്ചു. സ്ഥാനാർഥികൾക്കായി 4.21 കോടി നൽകി. പോസ്റ്ററുകൾക്ക് മാത്രമായി 89 ലക്ഷം ചെലവാക്കി. ആർ ബിന്ദുവിന് വേണ്ടി 20 ലക്ഷവും വീണ ജോർജിന് 19 ലക്ഷം, ജെയ്ക്ക് സി തോമസ് 16 ലക്ഷം രൂപയും ചെലവഴിച്ചു.

അതേസമയം കോൺഗ്രസ് 23 കോടി പ്രചാരണത്തിനും 11 കോടി സ്ഥാനാർഥികൾക്ക് വേണ്ടിയും ചെലവഴിച്ചു. സ്ഥാനാർഥികളിൽ കോൺഗ്രസ് കൂടുതൽ പണം ചെലവഴിച്ചത് പാലക്കാട് മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ച ഷാഫി പറമ്പിലിന് വേണ്ടിയാണ്. 23 ലക്ഷമാണ് ഇവിടെ കോൺഗ്രസ് ചിലവഴിച്ചത്. വിടി ബൽറാമിന് വേണ്ടി 18.5 ലക്ഷം രൂപ ചെലവഴിച്ചു. ബിജെപി എ ക്ലാസ് മണ്ഡലങ്ങൾക്കായി 15 ലക്ഷം രൂപയാണ് നീക്കിവെച്ചിരുന്നത്. രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച കെ സുരേന്ദ്രന് 40 ലക്ഷം രൂപ ബിജെപി നൽകി. സ്ഥാനാർഥികൾക്കായി ആകെ നൽകിയത് 9 കോടി 18 ലക്ഷം രൂപയാണ്. വിമാന യാത്രയ്ക്കും ഹെലികോപ്ടർ യാത്രയ്ക്കുമായി രണ്ടേമുക്കാൽ കോടി രൂപയും ബിജെപി ചെലവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലികൾക്കായി 43 ലക്ഷവും യോഗി ആദിത്യനാഥിനായി 25 ലക്ഷം രൂപയും ബിജെപി ചെലവിട്ടു.

covid

ലണ്ടൻ: കോവിഡ് വൈറസ് മഹാമാരിയുടെ ഡെൽറ്റാ വകഭേദത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് മിക്ക യൂറോപ്യൻ രാജ്യങ്ങളും. രോഗബാധിതരുടെ എണ്ണം മിക്ക യൂറോപ്യൻ രാജ്യങ്ങളിലും ഉയർന്നുകൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നത്. യൂറോപ്പിൽ ഈ നിലയിൽ രോഗം പടരുകയാണെങ്കിൽ മാർച്ച് മാസത്തിനകം അഞ്ച് ലക്ഷം പേർ മരിക്കുമെന്ന് ലോകാരോഗ്യ സംഘടന യൂറോപ്പ് ഡയറക്ടർ ഡോ. ഹാൻസ് ക്‌ളൂഗ് പറഞ്ഞു. പലവിധ ഘടകങ്ങളാലാണ് രോഗം ഭീതിജനകമായ വിധത്തിൽ ഉയരുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.

ശൈത്യകാലം, ഡെൽറ്റാ വകഭേദത്തിന്റെ വ്യാപനം, വാക്സിൻ നൽകുന്നതിലെ അപര്യാപ്തത എന്നിവയാണ് ഇത്തരമൊരു മുന്നറിയിപ്പ് നൽകാൻ കാരണം. വാക്‌സിൻ കുത്തിവെയ്പ്പ് മാത്രമാണ് രോഗ വ്യാപനം കുറയ്ക്കാനുള്ള ഏകവഴി. അതേസമയം രോഗത്തെ നേരിടാൻ നെതർലാന്റ് ഭാഗികമായി ലോക്ക് ഡൗൺ ഏർപ്പെടുത്തി. ഇതുവരെ വാക്സിൻ കുത്തിവെയ്പ്പ് സ്വീകരിക്കാൻ തയ്യാറാകാത്തവർക്ക് ജർമ്മനി കൂടുതൽ നിബന്ധന ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജർമ്മനിയിൽ വാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിക്കാത്താവർക്ക് റെസ്റ്റോറന്റുകളിൽ പ്രവേശിക്കാൻ അനുമതിയില്ല. ചെക് റിപബ്ലിക്കിലും സ്‌ളൊവാക്യയിലും ഇതേ നിബന്ധന ഏർപ്പെടുത്തി. പുതിയ നിബന്ധനകൾക്കെതിരെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

വിവിധ യൂറോപ്യൻ നഗരങ്ങളായ നെതർലാന്റ്സിലെ റോട്ടർഡാം, ഓസ്ട്രിയയിലെ വിയന്ന എന്നിവിടങ്ങളിലും ഇറ്റലിയിലും ക്രൊയേഷ്യയിലും ജനങ്ങൾ പ്രതിഷേധിച്ചു.

മുംബൈ: ചൈനക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. യുദ്ധകപ്പൽ ഐഎൻഎസ് വിശാഖപട്ടണം രാജ്യത്തിന് സമർപ്പിക്കുമ്പോഴാണ് അദ്ദേഹം ചൈനക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. ചില ഉത്തരവാദിത്വമില്ലാത്ത രാഷ്ട്രങ്ങൾ അവരുടെ നിക്ഷിപ്ത താല്പര്യങ്ങൾക്കുവേണ്ടി അന്താരാഷ്ട്ര നിയമങ്ങളെ തെറ്റായി വ്യാഖാനിക്കുകയാണെന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചൈനയുടെ പേര് നേരിട്ട് പരാമർശിക്കാതെയായിരുന്നു അദ്ദേഹം വിമർശനം ഉന്നയിച്ചത്.

ഇന്ത്യ യുദ്ധക്കപ്പൽ നിർമിക്കുന്നത് രാജ്യത്തിന്റെ ഉപയോഗത്തിന് മാത്രമല്ല. ലോകത്തിന്റെ മുഴുവൻ ആവശ്യത്തിന് വേണ്ടിയാണ്. ഐഎൻഎസ് വിശാഖപട്ടണത്തിലെ സൗകര്യങ്ങൾ ഇന്നത്തെ ആവശ്യങ്ങൾ നിറവേറ്റാൻ മാത്രമുള്ളതല്ല ഭാവിയിലെ ആവശ്യങ്ങൾകൂടി ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്തോ-പസഫിക് മേഖലയിലെ സമാധാനം ഇന്ത്യൻ നാവികസേനയുടെ കൂടി ഉത്തരവാദിത്വമാണ്. സമാധാനം ഇല്ലാതാക്കാൻ ചില രാജ്യങ്ങൾ ശ്രമിക്കുന്നുണ്ട്. ചില ഉത്തരവാദിത്വമില്ലാത്ത രാഷ്ട്രങ്ങൾ അവരുടെ ഇടുങ്ങിയതും നിക്ഷിപ്തവുമായ താൽപ്പര്യങ്ങളും ആധിപത്യ പ്രവണതകളും കൊണ്ട് സമുദ്ര നിയമം സംബന്ധിച്ച യുഎൻ കൺവെൻഷന് തെറ്റായ വ്യാഖാനങ്ങൾ നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിസൈൽ വേധ സ്റ്റെൽത്ത് ഗൈഡഡ് കപ്പലാണ് ഐഎൻഎസ് വിശാഖപട്ടണം. 2015-ൽ തുടങ്ങിയ പ്രൊജക്ട് 15 ബി ശ്രേണിയിലെ നാല് കപ്പലുകളിൽ ആദ്യത്തേതാണ് ഐഎൻഎസ് വിശാഖപട്ടണം.

കൊച്ചി: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കച്ചവടക്കാരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം പരിഗണിക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി ഹൈക്കോടതി. രണ്ടുമാസത്തിനകം പരാതിയിൽ തീരുമാനമെടുക്കണമെന്നാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. തൃശൂർ ചിയാരം സോംദേവ് രാജൻ പാറമേൽ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയ ലോക്ക് ഡൗണിനെ തുടർന്ന് സാമ്പത്തികത്തകർച്ച നേരിട്ട കച്ചവടക്കാരാണ് ജീവനൊടുക്കിയതെന്നും ഇവരുടെ കുടുംബങ്ങൾ പ്രതിസന്ധിയിലാണെന്നുമാണ് ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

നഷ്ടപരിഹാരം നൽകുന്നതിന് കർമപദ്ധതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടായില്ല. പരാതി പരിഗണിക്കാൻ നിർദേശിക്കണമെന്നും ഹർജിയിൽ ബോധിപ്പിച്ചിട്ടുണ്ട്. നയപരമായ കാര്യമാണെന്നും നിവേദനം പരിഗണിക്കാമെന്നും സർക്കാർ അറിയിച്ചു.

ന്യൂഡൽഹി: എല്ലാ വർഷവും കേന്ദ്ര സർക്കാർ നടത്തുന്ന വൃത്തിയുള്ള നഗരങ്ങളുടെ വാർഷിക സർവ്വേ ഫലം പ്രഖ്യാപിച്ചു. ഇൻഡോറാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. തുടർച്ചയായി അഞ്ചാം തവണയാണ് ഇൻഡോർ ഈ സ്ഥാനം കരസ്ഥമാക്കുന്നത്. സൂറത്താണ് പട്ടികയില് രണ്ടാം സ്ഥാനം നേടിയത്. വിജയവാഡ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.

കേന്ദ്ര നഗര-ഗ്രാമ മന്ത്രാലയം പുറത്ത് വിട്ട കണക്ക് പ്രകാരം രാജ്യത്തെ വൃത്തിയുള്ള ഗംഗാ നഗരമായി വാരണാസിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഏറ്റവും വൃത്തിയുള്ള സംസ്ഥാനം. ഛത്തീസ്ഗഢാണ്.

നവി മുംബൈ, പൂണെ, റായ്പൂർ, ഭോപാൽ, വഡോദര, വിശാഖപട്ടണം, അഹമ്മദാബാദ് എന്നിവയാണ് അവർഡിന് അർഹമായ വൃത്തിയുള്ള മറ്റ് നഗരങ്ങൾ. ഈ പട്ടികയിൽ ഇരുപത്തിയെട്ടാം സ്ഥാനത്താണ് ലക്‌നൗവുള്ളത്. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് വിജയികൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്. മന്ത്രി ഹർദീപ് സിങ് പുരിയും ചടങ്ങിൽ പങ്കെടുത്തു.

തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി’ സിനിമക്കെതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലെ തെറിപ്രയോഗങ്ങൾക്കെതിരെയാണ് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കെപിസിസി നിർവ്വാഹക സമിതിയംഗം ജോൺസൺ എബ്രഹാം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. പച്ചത്തെറികളും അസഭ്യവാക്കുകളും സിനിമകളിലൂടെ കടത്തി വിടുന്നത്, അതിന് സംസാരഭാഷ എന്ന നിലയിൽ സ്വീകാര്യത ഉണ്ടാക്കുന്നതിനും സാമൂഹിക സംഘർഷത്തിനും നാട്ടിൽ അരാജകത്വം സൃഷ്ടിക്കാൻ വഴിതെളിക്കുന്നതിനുമാണെന്ന് ജോൺസൺ വ്യക്തമാക്കി.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് ഒടിടി പ്ലാറ്റ്‌ഫോം ആയ സോണി ലിവിൽ റിലീസ് ചെയ്ത ‘ചുരുളി’ എന്ന മലയാള ചലച്ചിത്രം ആദ്യാവസാനം പച്ചത്തെറി വാക്കുകളും അസഭ്യ വർഷവും ചൊരിയുന്നതാണ്. ഇത്തരം ഭാഷകൾ ഗുണ്ടാ സംസ്‌കാരത്തിന്റെ ഭാഗവും ധാർമ്മികതയ്ക്കും നമ്മുടെ നാട് പുലർത്തി വരുന്ന മഹത്തായ സംസ്‌കാരത്തിന് നിരക്കാത്തതുമാണ്. പച്ചത്തെറികളും അസഭ്യവാക്കുകളും സിനിമകളിലൂടെ കടത്തി വിടുന്നത് അതിന് സംസാരഭാഷ എന്ന നിലയിൽ സ്വീകാര്യത ഉണ്ടാക്കുന്നതിനും സാമൂഹിക സംഘർഷത്തിനും നാട്ടിൽ അരാജകത്വം സൃഷ്ടിക്കാൻ വഴിതെളിക്കുന്നതിനുമാണെന്ന് ജോൺസൺ ആരോപിക്കുന്നു.

ജോജു ജോർജ് മുഖ്യ കഥാപാത്രമായ സിനിമയുടെ കഥ വിനോയ് തോമസും തിരക്കഥ എസ്. ഹരീഷും ആണ് നിർവഹിച്ചിരിക്കുന്നത്. സമൂഹത്തെ വഴിതെറ്റിക്കുക എന്ന ഉദ്ദേശത്തോടും കരുതലോടും കൂടിയും തങ്ങളുടെ പ്രവർത്തിയിൽ അപ്രകാരം സംഭവിക്കുമെന്ന് അറിവുള്ള സംവിധായകൻ, കഥാ, തിരക്കഥാകൃത്തുക്കൾ, മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ജോജു ജോർജ് എന്നിവർ പരസ്പരം കൂടിയാലോചിച്ച് ചലച്ചിത്രത്തിൽ അസഭ്യവർഷവും ഇതര കുറ്റകൃത്യങ്ങൾക്കാവശ്യമായവയും ചമച്ചിട്ടുള്ളതാണ്. ആയതിനാൽ നിർമ്മാതാവ്, കഥാ, തിരക്കഥാകൃത്തുക്കൾ, സംവിധായകൻ, മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ജോജു ജോർജ് എന്നിവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത്, നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നാണ് ജോൺസൺ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ചുരുളി സിനിമയിലെ കേസിനാസ്പദമായ ചില വീഡിയോ ക്ലിപ്പുകളും കത്തിനൊപ്പം ചേർത്തിട്ടുണ്ട്.

അതേസമയം സിനിമക്കെതിരെ കഴിഞ്ഞ ദിവസം കോൺഗ്രസ് രംഗത്തെത്തിയിരുന്നു. സിനിമ ഒടിടി പ്ലാറ്റ്ഫോമിൽ നിന്നും അടിയന്തിരമായി പിൻവലിക്കണമെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ എസ് നുസൂർ പറഞ്ഞത്. സിനിമയിലെ അശ്ലീല പ്രയോഗങ്ങൾ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.