നരേന്ദ്ര മോദിയെ വിശ്വസിക്കാൻ ജനങ്ങൾ ഇപ്പോഴും തയ്യാറായിട്ടില്ല; വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നരേന്ദ്ര മോദിയെ വിശ്വസിക്കാൻ ജനങ്ങൾ ഇപ്പോഴും തയ്യാറായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കർഷക നിയമങ്ങൾ ഔദ്യോഗികമായി പിൻവലിക്കുംവരെ കർഷകർ സമരം തുടരുമെന്ന് വ്യക്തമാക്കിയ സാഹചര്യം കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ പ്രതികരണം. പൊള്ളവാക്കുകളിൽ നിന്ന് ഏറെ അനുഭവിച്ചിട്ടുള്ള ജനങ്ങൾ പ്രധാനമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കാൻ തയ്യാറായിട്ടില്ലെന്നും കർഷക സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പാർലമെന്റിൽ നിയമങ്ങൾ പിൻവലിക്കുന്നതുവരെ സമരം തുടരുമെന്നാണ് കിസാൻ മോർച്ച അറിയിച്ചിരിക്കുന്നത്. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സംബന്ധിച്ച് ചർച്ച ചെയ്യാനായി ചേർന്ന സംയുക്ത കിസാൻ മോർച്ചയുടെ വിശാല യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മിനിമം താങ്ങുവിലയിൽ നിയമപരമായ ഉറപ്പ് നൽകുക, സമരക്കാർക്കെതിരേ എടുത്ത കേസുകൾ പിൻവലിക്കുക, സമരത്തിനിടെ മരിച്ചവരുടെ കാര്യം പരിഗണിക്കുക എന്നീ ആവശ്യങ്ങളും സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതാനും കർഷകർ തീരുമാനിച്ചു.