General (Page 1,321)

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത നാലു സ്ഥലങ്ങളിലെ വെള്ളത്തിൽ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്ത്വത്തിൽ നടത്തിയ പരിശോധനയിലാണ് കോളറ സാന്നിദ്ധ്യം കണ്ടെത്തിയത്. നരിക്കുനിയിലും പെരുമണ്ണയിലുമാണ് ബാക്ടീരിയ സാന്നിധ്യം ലഭിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. വളരെ ഗൗരവതരമായ സംഭവമാണിതെന്ന് ഡിഎംഒ ഡോ. ഉമർ ഫാറൂഖ് അറിയിച്ചു.

എന്നാൽ, ഭക്ഷ്യവിഷ ബാധയേറ്റ് ചികിത്സയിലായവരിൽ കോളറ ലക്ഷണങ്ങൾ ഇല്ലെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. നരിക്കുനിയിലെ മൂന്ന് കിണറുകളിലേയും പെരുമണ്ണയിലെ ഒരു കിണറിലേയും വെള്ളത്തിലാണ് വിബ്രിയോ കോളറെ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഡിഎംഒ അടിയന്തരമായി വിളിച്ച് ചേർത്ത ആരോഗ്യ സൂപ്പർ വൈസർമാരുടെ യോഗത്തിൽ കിണറുകൾ സൂപ്പർ ക്ലോറിനേഷൻ നടത്താൻ നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം നരിക്കുനിയിൽ രണ്ടര വയസുകാരന്റെ മരണകാരണം ഭക്ഷ്യവിഷബാധയാണെന്ന് റിപ്പോർട്ടുകളിൽ വ്യക്തമാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂടെ മാത്രമെ ഇക്കാര്യത്തിൽ കൂടുതൽ സ്ഥിരീകരണം ലഭിക്കൂ. റിപ്പോർട്ടിനെ തുടർന്ന് മാത്രമെ ഇതിൽ കൂടുതൽ വ്യക്തത ലഭിക്കു. നിലവിൽ ജില്ലയിൽ ഒരിടത്തും കോളറ സ്ഥിരീകരിച്ചിട്ടില്ല. വരും ദിവസങ്ങളിൽ ജില്ലയിൽ വിവിധ പ്രദേശങ്ങളിലെ കിണറുകളിൽ റാൻഡം പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.

അമരാവതി: സംസ്ഥാനത്തിന് മൂന്ന് തലസ്ഥാനമെന്ന ബില്ല് റദ്ദാക്കി ആന്ധ്രാപ്രദേശ് . ഇനി അമരാവതിയായിരിക്കും ആന്ധ്രപ്രദേശിന്റെ സ്ഥിരം തലസ്ഥാനമെന്ന് സർക്കാർ അറിയിച്ചു. മൂന്ന് തലസ്ഥാനമെന്ന ബില്ല് മന്ത്രിസഭാ റദ്ദാക്കിയതായി സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.

ആന്ധ്രാപ്രദേശിന് നിയമനിർമ്മാണ തലസ്ഥാനമായി അമരാവതിയും ഭരണനിർവ്വഹണ തലസ്ഥാനമായി വിശാഖപട്ടണവും നീതിന്യായ തലസ്ഥാനമായി കർണൂലുമാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ആന്ധ്രാപ്രദേശ് വികേന്ദ്രീകൃത- സംയുക്ത വികസന മേഖലാ ബിൽ, ആന്ധ്രാപ്രദേശ് തലസ്ഥാന വികസന അതോറിറ്റി (പിൻവലിക്കൽ) ബിൽ 2020 എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്തരത്തിലൊരു തീരുമാനം. ഈ ബില്ലാണ് ഇപ്പോൾ റദ്ദാക്കിയത്.

വിശാഖപട്ടണത്ത് പുതിയ സെക്രട്ടറിയേറ്റും നിയമസഭയും നിർമ്മിക്കാനുള്ള നീക്കം ജഗ്ഗൻമോഹൻ റെഡ്ഢി സർക്കാർ ആരംഭിച്ചിരുന്നു. അമരാവതിയിൽ ടിഡിപി നിർമ്മിച്ച സമുചയങ്ങൾ പോലും ഏറ്റെടുക്കില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു നീക്കം. വിശാഖപട്ടണം കേന്ദ്രീകരിച്ചുള്ള വികസന നീക്കങ്ങൾക്ക് എതിരെ പ്രതിപക്ഷം വ്യാപക പ്രതിഷേധമാണ് നടത്തിയിരുന്നത്. സ്ഥലം ഏറ്റെടുക്കലിന് എതിരെ കർഷകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

വെഎസ്ആർ സി സർക്കാരായിരുന്നു മൂന്ന് തലസ്ഥാനമെന്ന ബില്ല് കൊണ്ടുവന്നത്. തീരുമാനത്തിനെതിരെ അമരാവതിയിലെ കർഷകർ കോടതിയെ സമീപിച്ചിരുന്നു. ബില്ലിൽ ചില സാങ്കേതിക തടസമുണ്ടെന്നാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗമോഹൻ റെഡ്ഡി വിശദമാക്കിയത്.

വാഷിംഗ്ടൺ: സമുദ്രത്തെ ശ്വാസം മുട്ടിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കലവറ. സമുദ്രത്തിൽ അടിയുന്ന പ്ലാസ്റ്റികിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന കണക്കുകളാണ് സമുദ്ര സംരക്ഷണ സംഘടനയായ ഓഷ്യാന പുറത്തുവിട്ടിരിക്കുന്നത്. ഓഷ്യാനയുടെ കണക്കനുസരിച്ച് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന 2,100 കോടി മുതൽ 3,400 കോടിയോളം വരുന്ന പ്ലാസ്റ്റിക്കുകളാണ് സമുദ്രത്തിൽ വന്നടിയുന്നത്. എന്നാൽ ഇതിനു പിന്നിലെ കാരണങ്ങളെ കുറിച്ചും കാരണക്കാരെ കുറിച്ചും പലപ്പോഴും വ്യക്തമാകാറില്ല.

എന്നാൽ ഇപ്പോൾ ബ്രേക്ക് ഫ്രീം ഫ്രം പ്ലാസ്റ്റിക്കിന്റെ നേത്യത്വത്തിൽ നടത്തിയ ഓഡിറ്റ് റിപ്പോർട്ടിൽ സമുദ്രത്തിലടിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കാരണക്കാരെ സംബന്ധിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. വോളണ്ടിയർമാരുടെ സഹായത്തോടെയാണ് ബ്രേക്ക് ഫ്രീം ഫ്രം പ്ലാസ്റ്റിക്കിന്റെ ഗ്ലോബൽ ബ്രാൻഡ് ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. പ്ലാസ്റ്റിക് മുക്തമായ ലക്ഷ്യമെന്നതിനായി പ്രവർത്തിക്കുന്ന സംഘടനയാണ് ബ്രേക്ക് ഫ്രീ ഫ്രം പ്ലാസ്റ്റിക്. സംഘടനയുടെ നാലാമത് വാർഷിക ഓഡിറ്റ് റിപ്പോർട്ടാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഈ വർഷം മാത്രം 11,000 െവോളണ്ടിയർമാരുടെ നേതൃത്വത്തിൽ ഏകദേശം 45 രാജ്യങ്ങളിൽ നിന്നുമായി 3.3 ലക്ഷം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് സംഘടന ശേഖരിച്ചത്. ഇതിൽ 58 ശതമാനവും പ്രമുഖ ബ്രാൻഡുകളുടെ ഉത്പന്നമായിരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

സമുദ്രത്തിൽ നിന്നും ശേഖരിച്ച 3.3 ലക്ഷം പ്ലാസ്റ്റിക് മാലിന്യങ്ങളിൽ 20,000 എണ്ണവും കൊക്ക കോളയുടേതായിരുന്നു. ലോകമെമ്പാടും അഞ്ഞൂറോളം ഉത്പന്നങ്ങൾ കൊക്ക കോള പുറത്തിറക്കുന്നുണ്ട്. 2018 ൽ അവരുടെ തന്നെ കണക്കുകൾ പ്രകാരം ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന 11,700 കോടി പ്ലാസ്റ്റിക്ക് കുപ്പികളാണ് കൊക്ക കോള നിർമ്മിച്ചത്. 2018 ൽ കൊക്ക കോള ‘വേൾഡ് വിത്തൗട്ട് വേസ്റ്റ്’ എന്നൊരു കാമ്പയിൻ കൊണ്ടുവരുകയും 2030 വരെ കമ്പനി വിൽക്കുന്ന ഓരോ പ്ലാസ്റ്റിക് കുപ്പികളും ക്യാനുകളും റീസൈക്കിൾ ചെയ്തുപയോഗിക്കുമെന്ന് പ്രതിജ്ഞയും ചെയ്തിരുന്നു. എന്നാൽ സമുദ്രത്തിൽ നിന്നും ലഭിക്കുന്ന ഈ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊക്ക കോളുടെ പ്രതിജ്ഞകളൊന്നും പാലിക്കപ്പെടുന്നില്ലെന്നാണ് വ്യക്തമാക്കുന്നത്.

പരിസ്ഥിതിക്ക് ഹാനികരമാകുന്ന തരത്തിലുള്ള പ്ലാസ്റ്റികുകൾ പല കമ്പനികളിലും നിർമ്മിക്കുന്നുണ്ട്. പെപ്‌സികോ, യൂണിലെവർ, നെസ്ലേ, മോറിസ് ഇന്റർനാഷണൽ, മാർസ്, കോൾഗേറ്റ്-പാൽമൊലീവ് എന്നിവയും ഇത്തരത്തിലുള്ള പ്ലാസ്റ്റിക്കുകളുടെ നിർമ്മാണത്തിൽ മുൻനിരയിലുള്ള കമ്പനികളാണ്. എല്ലാ ഉത്പന്നങ്ങളിലും ഉപയോഗിക്കുന്ന വിർജിൻ പ്ലാസ്റ്റിക്കിന്റെ അളവ് കുറയ്ക്കുമെന്നും 2030 ഓടെ 50 ശതമാനം റീസൈക്കിൾഡ് പ്ലാസ്റ്റിക് ഉപയോഗിക്കുമെന്നും പെപ്‌സി അറിയിച്ചിട്ടുണ്ട്. ഉപയോഗിച്ചവ വീണ്ടും ഉപയോഗിക്കുക, കുപ്പികൾ റീഫിൽ ചെയ്യുക എന്നീ മാർഗങ്ങളിലൂടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിർമ്മാണം നിർത്തണമെന്ന ആവശ്യം പരിസ്ഥിതി സംഘടനയായ ഗ്രീൻപീസ് ഉന്നയിച്ചിരുന്നു.

പ്ലാസ്റ്റിക് ഉപയോഗത്തിൽ ഇനിയും ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ അടുത്ത 20 വർഷത്തിനുള്ളിൽ പ്ലാസ്റ്റിക് നിർമ്മാണത്തിന്റെ അളവ് ഇരട്ടിയാകുമെന്നാണ് ഗ്ലോബർ ബ്രാൻഡ് ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. പ്ലാസ്റ്റിക്ക് മലിനീകരണത്തിന്റെ തോത് കുറയ്ക്കുവാൻ പൊതുജനങ്ങൾക്കും സാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഉത്പന്നങ്ങൾ പൊതിയുമ്പോൾ പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും പകരം പുനരുപയോഗിക്കാവുന്ന പാക്കിംഗ് രീതി അവലംബിക്കണമെന്നും വിദഗ്ധർ നിർദ്ദേശിച്ചു. കുപ്പികളിൽ വെള്ളം കുടിക്കുന്ന പതിവ് മാറ്റി ടാപ്പുകളെ ആശ്രയിക്കണം. ടാപ്പുകളുടെ ശുചിത്വത്തെ പറ്റി ആശങ്കയുണ്ടെങ്കിൽ നോൺ പ്ലാസ്റ്റിക് വാട്ടർ ഫിൽറ്റർ ഉപയോഗിക്കണമെന്നും പരിസ്ഥിതി വിദഗ്ധർ അഭ്യർത്ഥിച്ചു.

ന്യൂഡൽഹി: വീർ ചക്ര ബഹുമതി സ്വീകരിച്ച് ഇന്ത്യൻ വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയാണ് വീർ ചക്ര. ബാലാക്കോട്ടിൽ പാകിസ്താന്റെ യുദ്ധവിമാനം എഫ്-16 വെടിവെച്ചിട്ട ശേഷം പാക് സൈന്യത്തിന്റെ പിടിയിലായ വിംഗ് കമാൻഡറാണ് അഭിനന്ദൻ വർധമാൻ. മിഗ് 21 വിമാനത്തിലായിരുന്നു അഭിനന്ദൻ പാക് സേനയെ പ്രതിരോധിച്ചിരുന്നത്. വിമാനം തകർന്നപ്പോൾ പാരച്യൂട്ട് ഉപയോഗിച്ച് താഴേക്ക് ചാടുകയായിരുന്ന അഭിനന്ദനെ പാക് സൈന്യം പിടികൂടി തടവിലാക്കിയിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ശക്തമായ ഇടപെടലിനെ തുടർന്നാണ് പാകിസ്താൻ അദ്ദേഹത്തെ വിട്ടയച്ചത്.

അഭിനന്ദൻ വർദ്ധമാന് പുറമേ ജമ്മുകശ്മീരിൽ തീവ്രവാദികളെ തുരത്തിയ സാപ്പർ പ്രകാശ് ജാദവിന് കീർത്തി ചക്ര (മരണാനന്തരം) സമ്മാനിച്ചു. മേജർ വിഭൂതി ശങ്കർ ധൗണ്ടിയാലിന് ശൗര്യ ചക്രയും (മരണാനന്തരം), നായിബ് സുബേദാർ സോംബിറിന് ശൗര്യ ചക്രവും നൽകി. മുൻ കിഴക്കൻ കരസേനാ കമാൻഡർ ലഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ (റിട്ട.), എൻജിനീയർ ഇൻ ചീഫ് ലഫ്റ്റനന്റ് ജനറൽ ഹർപാൽ സിംഗ്, ദക്ഷിണ നാവികസേനാ കമാൻഡർ വൈസ് അഡ്മിറൽ അനിൽ ചൗള എന്നിവർ പരം വിശിഷ്ട സേവാ മെഡലും ഈസ്റ്റേൺ എയർ കമാൻഡർ എയർ മാർഷൽ ദിലീപ് പട്‌നായിക്ക് അതിവിശിഷ്ട് സേവാ മെഡലും ഏറ്റുവാങ്ങി.

തൃശൂർ: സുരേഷ് ഗോപി എംപിയ്ക്ക് നന്ദി അറിയിച്ച് തൃശൂർ മേയർ എം കെ വർഗീസ്. തൃശൂർ നഗരത്തിന്റെ വികസനത്തിനായി എംപി ഫണ്ടിൽ നിന്നും സഹായം അനുവദിച്ചതിനാണ് മേയർ സുരേഷ് ഗോപിക്ക് നന്ദിയറിയിച്ചത്. തൃശൂർ നഗരത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപയാണ് സുരേഷ് ഗോപി അനുവദിച്ചത്. തൃശൂർ പൗരാവലിയുടേയും കോർപ്പറേഷന്റെയും പേരിൽ സുരേഷ് ഗോപിയ്ക്ക് നന്ദിയറിയിക്കുന്നതായി മേയർ പറഞ്ഞു.

തൃശൂരിന്റെ സമഗ്ര വികസനത്തിന് ഏറെ വിലമതിക്കുന്നതാണ് ഈ ഫണ്ടെന്നും മേയർ വ്യക്തമാക്കി. തൃശൂർ കോർപ്പറേഷന്റെ സമഗ്ര വികസനത്തിൽ എപ്പോഴും ശ്രദ്ധാലുവായ താങ്കളുടെ സ്‌നേഹത്തിനും പരിഗണനയ്ക്കും ഒരിക്കൽ കൂടി നന്ദിയും സ്‌നേഹവും അറിയിക്കുന്നുവെന്നും മേയർ കൂട്ടിച്ചേർത്തു. ശക്തൻ നഗറിലെ പച്ചക്കറി മീൻ മാർക്കറ്റ് കോംപ്ലക്സുകളുടെ സമഗ്ര വികസനത്തിനുള്ള പ്രൊജക്ട് കോർപ്പറേഷൻ തയ്യാറാക്കി സുരേഷ് ഗോപിക്ക് നൽകുകയും ചെയ്തിട്ടുണ്ട്.

തൃശൂർ നഗരത്തിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കവെ സുരേഷ് ഗോപി ജനങ്ങൾക്ക് വാക്ക് നൽകിയിരുന്നു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ജില്ലയ്ക്ക് വേണ്ടി അദ്ദേഹം നിരവധി കാര്യങ്ങളാണ് ചെയ്യുന്നത്.

കോട്ടയം: ഹലാൽ ഭക്ഷണമെന്നത് വർഗീയതയാണെന്ന് മുൻ എംഎൽഎ പി സി ജോർജ്. ഭക്ഷണത്തിൽ തുപ്പുകയെന്നത് മുസ്ലിങ്ങൾക്കിടയിൽ നിർബന്ധകാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഷകിനാഹ് ന്യൂസിലെ ചർച്ചയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം. 2016 ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ഖത്തീബ് വന്ന് മന്ത്രിച്ചൂതി ദേഹം മുഴുവൻ തുപ്പിയെന്നും കുളിച്ചാണ് പുറത്തിറങ്ങിയതെന്നും പി സി ജോർജ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിനിടെ ഇവിടുത്തെ ഖത്തീബ് വന്നു. മുറ്റത്തിറങ്ങിയ വേളയിൽ എന്റെ ശരീരം മുഴുവൻ തുപ്പി. അവര് നന്മയ്ക്ക് വേണ്ടി ചെയ്തതാണ്. അവരുടെ വിശ്വാസമാണത്. താൻ അതിന് നിന്നു കൊടുത്തു. ഖത്തീബ് പോയപ്പോൾ പോയിക്കുളിച്ചു. അതുകഴിഞ്ഞ് ഒരു സുഹൃത്ത് വന്നു വീണ്ടും മേല്മുഴുവൻ തുപ്പി. അദ്ദേഹം പോയിക്കഴിഞ്ഞപ്പോൾ വീണ്ടും കുളിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഒരൊറ്റ മുസ്ലിം ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചാൽ തുപ്പലില്ലാതെ തിന്നുകയില്ല ഒരാൾ പോലും. ചൂടുള്ള ഭക്ഷണം ഊതണം, ഇരുന്നു കൊണ്ടേ കഴിക്കാവൂ, പടിഞ്ഞാറോട്ടു നോക്കിക്കൊണ്ടു വേണം ഭക്ഷണം കഴിക്കാൻ, നിന്നുകൊണ്ട് കഴിക്കുകയാണ് എങ്കിൽ ഇടതുകാലിന്റെ തള്ളവിരൽ ചലിപ്പിച്ചു കൊണ്ടുവേണം കഴിക്കാൻ എന്നാണ് മുസ്ലീമിന്റെ നിയമം. ഭക്ഷണത്തിൽ തുപ്പുക എന്നത് ഇവരുടെ നിർബന്ധമായ കാര്യമാണ്. അത് നിഷേധിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശബരിമലയിൽ അരവണയുണ്ടാക്കുന്നത് ഹലാൽ ശർക്കര കൊണ്ടാണ്. അതിലും തുപ്പിയിട്ടുണ്ടാകും. ശബരിമലയിൽ വിവരം കെട്ട ദേവസ്വം ബോർഡിന് അടികൊടുക്കേണ്ടേയെന്നും അദ്ദേഹം ചോദിച്ചു. ദേവസ്വം ബോർഡിന്റെ അരവണ ഉപേക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ വാഗ്ദാന പെരുമഴയുമായി ആം ആദ്മി പാർട്ടി. ഉത്തരാഖണ്ഡിൽ പാർട്ടി അധികാരത്തിലെത്തിയാൽ സൗജന്യ തീർത്ഥാടന പദ്ധതി കൊണ്ടുവരുമെന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കിയിരിക്കുന്നത്. ഹിന്ദുമത വിശ്വാസികൾക്ക് സൗജന്യ അയോധ്യ യാത്രയും മുസ്ലിം മതസ്ഥർക്ക് സൗജന്യ അജ്മീർ യാത്രയും സിഖ് വിശ്വാസികൾക്ക് സൗജന്യ കർതാർപുർ സാഹിബ് യാത്രയും ചെയ്യാനുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കുമെന്നാണ് അദ്ദേഹം നൽകിയിരിക്കുന്ന വാഗ്ദാനം.

ഹരിദ്വാറിൽ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു കെജ്രിവാൾ ജനങ്ങളോട് ഇക്കാര്യം പറഞ്ഞത്. ഡൽഹിയിൽ മുതിർന്ന പൗരന്മാർക്ക് ഹരിദ്വാർ, ഋഷികേശ് ഉൾപ്പടെ 12 പുണ്യസ്ഥലങ്ങളിലേക്ക് തീർഥാടന പദ്ധതി കൊണ്ടുവന്ന കാര്യം അദ്ദേഹം വാർത്താ സമ്മേളനത്തിൽ ഉയർത്തിക്കാട്ടി. അയോധ്യയിലെ രാംലല്ല സന്ദർശിച്ചപ്പോഴാണ് അയോധ്യയും ഈ പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള ആശയം തോന്നിയതെന്നും ഡിസംബർ മൂന്നിന് സൗജന്യ അയോധ്യ യാത്രക്കായുള്ള ട്രെയിൻ പുറപ്പെടുമെന്നും അരവിന്ദ് കെജ്രിവാൾ അറിയിച്ചു.

ഉത്തരാഖണ്ഡിൽ ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയാൽ സമാനമായ പദ്ധതി നടപ്പിലാക്കമെന്നാണ് അദ്ദേഹം ഉറപ്പു നൽകുന്നത്. എല്ലാ മതസ്ഥരും തീർത്ഥാടന പദ്ധതിയുടെ ഭാഗമാകും. അടിസ്ഥാന സൗകര്യങ്ങളുടെ വികസനങ്ങൾക്കൊപ്പം സൗജന്യ തീർഥാടനവും പാർട്ടി ജനങ്ങൾക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. ഇതാണ് പാർട്ടിയുടെ സാധാരണക്കാർക്ക് നേരെയുള്ള കരുതലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാധാരണക്കാരുടെ പ്രശ്നങ്ങൾ തിരിച്ചറിയുന്ന രാജ്യത്തെ ആദ്യത്തെ പാർട്ടിയാണ് ആംആദ്മി. ഡൽഹി ജനത ഒരവസരം തന്നപ്പോൾ തങ്ങൾ ഡൽഹിയെ അപ്പാടെ മാറ്റിയെന്നും ഉത്തരാഖണ്ഡിൽ ഒരവസരമാണ് ഞങ്ങൾ ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി: ഹൈക്കോടതിയിൽ തിങ്കൾ മുതൽ കേസുകൾ നേരിട്ട് പരിഗണിക്കും. കോടതി മുറിയിൽ ഒരുസമയം 15 പേരിലധികം അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. കോവിഡ് വാക്‌സിൻ രണ്ടുഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് പ്രവേശിക്കാം. വീഡിയോ കോൺഫറൻസിങ്ങിലൂടെ കേസ് നടത്തുന്നതിനുള്ള സൗകര്യം തുടരും. കോവിഡ് അടച്ചുപൂട്ടൽ നിലവിൽവന്നതോടെയാണ് ഹൈക്കോടതി ഓൺലൈനായി കേസുകൾ പരിഗണിക്കാൻ ആരംഭിച്ചത്.

ഫയലുകൾ വയ്ക്കാനും തിരിച്ചെടുക്കാനും കോടതി മുറിയിലെത്താൻ അഭിഭാഷക ക്ലർക്കുമാർക്ക് അനുമതിയുണ്ട്. അഭിഭാഷകരെ കൂടാതെ കക്ഷികൾ, ക്ലർക്കുമാർ എന്നിവരൊഴികെ ആർക്കും കോടതിയുടെ അനുമതിയില്ലാതെ പ്രവേശനമില്ല. വാക്സിൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ നൽകുന്ന സർട്ടിഫിക്കറ്റും സ്വീകരിക്കുന്നതാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് മരുന്നുകൾ നിരോധിച്ചു. ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിലാണ് മരുന്നുകൾ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയത്.

മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്നാണ് നിർദ്ദേശം.

സംസ്ഥാനത്ത് നിരോധിച്ച് മരുന്നുകൾ ഏതൊക്കെയെന്ന് നോക്കാം: (മരുന്നിന്റെ പേര്, ഉത്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ)

  1. Paracetamol Tablets IP, M/s. The Pharmaceuticals and Chemicals Travancore (P) Ltd, Thiruvananthapuram, T 3810, 08/2022.
  2. Calcium with Vitamin D3 Tablets IP (CALCIUM WITH CHOLECALCIFEROL TABLETS) Shel D-HD, M/s. Thrift Pharmaceuticals Pvt. Ltd, Khasra, U.K., THT-21831, 11/2023.
  3. Paracetamol and Diclofenac Potassium Tablets VALET-PM, M/s. Suraksha Pharma Pvt Ltd, 410, Karondi, Roorkee, Uttarakhand, MAC90820, 07/2023.
  4. AMOPIN-5, Amlodipine Tablets IP, M/s. Finecure Pharmaceuticals Ltd, Shimla Pistaur, Malsa Road, Kichha, Udhamsingh Nagar- 263148, Uttarakhand, AMP1001, 01/2024.
  5. Glibenclamide(5mg) and Metformin(500mg) Tablets IP, M/s. Pure and Cure Health Care Pvt. Ltd, Plot No. 26A, 27-30, Sector 8A, IIE, SIDCUL, Uttarakhand, PWOAK 58, 04/2023.
  6. Losartan Potassium Tabs IP 50mg, M/s. Vivek Pharmachem (India) Ltd, NH-8, Chimanpura, Amer, Jaipur-303102, LPT 20024, 09/2022.
  7. SYMBEND(Albendazole Tablets IP), M/s. Symbiosis Pharmaceuticals Pvt Ltd, Suketi Road, Kala-Amb, Himachal Pradesh, ST20-071, 04/2022.
  8. Bisoprolol Fumarate Tablets USP 5mg (ZABESTA), M/s. USV Pvt. Ltd, AT-324, Sompura Indl Area, 1st Stage, Bengaluru, 56000540, 03/2023.
  9. Citicoline Sodium Tablets IP 500mg, M/s. Meril Pharma (P) Ltd, Plot No-212, Raipur, Bhagwanpur, Roorkee, UK-247667, T-210516, 07/2022.
  10. Hand Sanitizer by Rhombus 1-Propanol, 2-Propanol and Macetronium Ethyil Sulphate Solution, M/s. Aan Pharma Pvt Ltd, 816/1, Gujarath, Rakanpur, 292, 05/2022.

ചെന്നൈ: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. ആന്ധ്രാപ്രദേശിലും തമിഴ്നാടിന്റെ ചില ജില്ലകളിലും വലിയ നാശനഷ്ടങ്ങളാണ് മഴക്കെടുതിയെ തുടർന്ന് ഉണ്ടായത്. ആന്ധ്രയിലെ നാല് ജില്ലകളിലും തമിഴ്നാട്ടിലെ വെല്ലൂർ, തിരപ്പത്തൂർ, വിഴിപ്പുരം ജില്ലകളിലും ഇപ്പോഴും വെള്ളക്കെട്ട് രൂക്ഷമാണ്. മേഖലകളിൽ മഴ തുടരുന്നത് രക്ഷാപ്രവർത്തനങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

അതേസമയം പ്രളയക്കെടുതിയെ തുടർന്ന് തമിഴ്നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി സംസ്ഥാനങ്ങളിലുണ്ടായ നാശനഷ്ടങ്ങളുടെ പ്രാഥമിക കണക്കുകൾ സർക്കാറുകൾ പുറത്തുവിട്ടു. തമിഴ്നാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. തിരുവണ്ണാമലെ, കൃഷ്ണഗിരി ജില്ലകളിൽ നിന്നാണ് മരണം റിപ്പോർട്ട് ചെയ്തത്. 34000 പേരാണ് 14 ജില്ലകളിലുള്ള 419 ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുന്നത്. വിഴിപ്പുരം ജില്ലയിൽ മാത്രം 18500 ഹെക്ടർ സ്ഥലത്തെ കാർഷിക വിളകൾ നശിച്ചുവെന്നാണ് കണക്കുകൽ വ്യക്തമാക്കുന്നത്. കാവേരി ഡൽറ്റ മേഖലയിലെ ജില്ലകൾ, തീരദേശ ജില്ലകൾ എന്നിവയിലെ നാശനഷ്ടങ്ങൾ ഇതുവരെ കണക്കാക്കിയിട്ടില്ല. ഇത്തവണ മൺസൂൺ കാലത്ത് ഇതുവരെ 68 ശതമാനം മഴ അധികമായി ലഭിച്ചു. 518.99 മില്ലി മീറ്റർ മഴയാണ് ഇതുവരെ ലഭിച്ചതെന്ന് റവന്യൂമന്ത്രി കെകെഎസ്എസ്ആർ രാമചന്ദ്രൻ വാർത്താകുറിപ്പിലൂടെ വിശദമാക്കി.

ആന്ധ്രാപ്രദേശിൽ കാലവർഷ കെടുതിയിൽ 24 പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രക്ഷാപ്രവർത്തനത്തിനിടെ ഒരു സംസ്ഥാന ദുരന്ത നിവാരണ സേന അംഗം മുങ്ങി മരിച്ചിരുന്നു. കെല്ല ശ്രീനിവാസ റാവു ആണ് മരിച്ചത്. നെല്ലൂർ ജില്ലയിലെ ധമരമടുഗുവിൽ രക്ഷാപ്രവർത്തനത്തിടെ ഒഴുക്കിൽപ്പെടുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 172 താലൂക്കുകളിലെ 1316 വില്ലേജുകളിലും നാല് നഗരങ്ങളിലുമാണ് പ്രളയം നാശം വിതച്ചത് . 21 വില്ലേജുകൾ പൂർണമായും വെള്ളത്തിനടിയിലായി. 2037 വീടുകൾ തകർന്നു. 1403 കന്നുകാലികളും 3232 കോഴികളും ചത്തു. 733. 56 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.