ന്യൂഡൽഹി: ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ പരാതി. സിഖ് സമുദായത്തെ ഖാലിസ്ഥാൻ ഭീകരരായി ചിത്രീകരിച്ചു എന്നാരേപിച്ചാണ് കങ്കണയ്ക്കെതിരെ പോലീസിൽ പരാതി ലഭിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ കങ്കണ ഇട്ട പോസ്റ്റിനെതിരെയാണ് പരാതി. അകാലിദൾ നേതാവ് മഞ്ജീന്ദർ സിംഗ് സിർസയാണ് ഡൽഹി പൊലീസിൽ കങ്കണയ്ക്കെതിരെ പരാതി നൽകിയത്.
വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിന് പിന്നാലെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പുകഴ്ത്തി കങ്കണ പങ്കുവെച്ച പോസ്റ്റാണ് പരാതിയ്ക്കാധാരം. കർഷക സമരത്തെ മനപൂർവം ഖാലിസ്ഥാൻ പ്രസ്ഥാനത്തിനോട് ഉപമിച്ചു എന്നാരോപിച്ചാണ് കങ്കണയ്ക്കെതിരെ സിഖ് പ്രതിഷേധം ഉയരുന്നത്. ഡൽഹി മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെ സൈബർ സെല്ലിലാണ് താത്തിനെതിരെയുള്ള പരാതി ലഭിച്ചത്.
സ്വന്തം ജീവൻ പണയം വച്ചും ഖാലിസ്ഥാൻ ഭീകരരെ കൊതുകുകളെ പോലെ ചെരുപ്പിനടിയിൽ വച്ച് തകർത്ത ഒരു സ്ത്രീയെ നാം മറക്കരുത് എന്നാണ് കങ്കണ ഇൻസ്റ്റഗ്രമിൽ പങ്കുവെച്ചത്. രാജ്യത്ത് അടിയന്താരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയിൽ കങ്കണ അഭിനയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ഇന്ദിരയെ പുകഴ്ത്തി കങ്കണ പോസ്റ്റിട്ടതെന്നാണ് വിലയിരുത്തൽ.

