അമരാവതി: ആന്ധ്രാപ്രദേശിലെ ഏറ്റവും വലിയ ജലസംഭരണിയായ രായല ചെരുവിന്റെ ബണ്ടുകളിൽ വിള്ളൽ. ആന്ധ്രയിലെ ഏറ്റവും പഴക്കമേറിയ ജലസംഭരണിയായ രായല ചേരുവ് ജലസംഭരണിയിൽ വിള്ളൽ കണ്ടെത്തിയത് അധികൃതരിൽ ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്. കനത്ത മഴയും തുടർന്നുണ്ടായ പ്രളയവും മൂലം ദുരിതത്തിലാണ് ആന്ധ്രാപ്രദേശിലെ ജനങ്ങൾ. ഇതിനോടൊപ്പം ജലസംഭരണിയുടെ തകർച്ച കൂടി ഉണ്ടായാൽ അത് വലിയ നാശനഷ്ടങ്ങൾക്ക് വഴിവെയ്ക്കും.
ഞായറാഴ്ച്ച വൈകുന്നേരമാണ് ജലസംഭരണിയിലെ വിള്ളൽ അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. ബണ്ട് സ്ഥിതിചെയ്യുന്ന തിരുപ്പതിയിലെ രാമചന്ദ്രപുരം ഗ്രാമത്തിലെ ജനങ്ങളോട് അവശ്യസാധനങ്ങൾ മാത്രം എടുത്ത് എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ബണ്ട് ഏതു നിമിഷവും തകരാമെന്നും ആരും തന്നെ ഗ്രാമത്തിൽ നിൽക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചു.
ജില്ലാ കളക്ടർ ഹരി നാരായണൻ സ്ഥലം സന്ദർശിച്ചു. ജലസംഭരണി തകർന്നാൽ വെള്ളം ഒഴുകിയെത്താൻ സാദ്ധ്യതയുള്ള എല്ലാ ഗ്രാമങ്ങളും മുൻകരുതലെന്നവണ്ണം ഒഴിപ്പിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ജലസംഭരണിയിൽ നിലവിൽ ചെറിയൊരു വിള്ളലാണുള്ളതെന്നും അപകട സാദ്ധ്യത മുൻകൂട്ടികണ്ട് ജനങ്ങളെ ഒഴിപ്പിക്കുകയാണെന്നും കളക്ടർ വ്യക്തമാക്കി. നിലവിൽ 0.9 ടി എം സി വെള്ളം റിസർവോയറിലുണ്ടെന്നും ജലസംഭരണിയുടെ ചരിത്രത്തിലിന്നുവരെ ഇത്രത്തോളം വെള്ളം കെട്ടിനിർത്തിയിട്ടില്ലെന്നും സ്‌പെഷ്യൽ ഓഫീസർ പ്രദ്യുമ്മ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

