മുംബൈ: ചൈനക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. യുദ്ധകപ്പൽ ഐഎൻഎസ് വിശാഖപട്ടണം രാജ്യത്തിന് സമർപ്പിക്കുമ്പോഴാണ് അദ്ദേഹം ചൈനക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. ചില ഉത്തരവാദിത്വമില്ലാത്ത രാഷ്ട്രങ്ങൾ അവരുടെ നിക്ഷിപ്ത താല്പര്യങ്ങൾക്കുവേണ്ടി അന്താരാഷ്ട്ര നിയമങ്ങളെ തെറ്റായി വ്യാഖാനിക്കുകയാണെന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചൈനയുടെ പേര് നേരിട്ട് പരാമർശിക്കാതെയായിരുന്നു അദ്ദേഹം വിമർശനം ഉന്നയിച്ചത്.
ഇന്ത്യ യുദ്ധക്കപ്പൽ നിർമിക്കുന്നത് രാജ്യത്തിന്റെ ഉപയോഗത്തിന് മാത്രമല്ല. ലോകത്തിന്റെ മുഴുവൻ ആവശ്യത്തിന് വേണ്ടിയാണ്. ഐഎൻഎസ് വിശാഖപട്ടണത്തിലെ സൗകര്യങ്ങൾ ഇന്നത്തെ ആവശ്യങ്ങൾ നിറവേറ്റാൻ മാത്രമുള്ളതല്ല ഭാവിയിലെ ആവശ്യങ്ങൾകൂടി ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്തോ-പസഫിക് മേഖലയിലെ സമാധാനം ഇന്ത്യൻ നാവികസേനയുടെ കൂടി ഉത്തരവാദിത്വമാണ്. സമാധാനം ഇല്ലാതാക്കാൻ ചില രാജ്യങ്ങൾ ശ്രമിക്കുന്നുണ്ട്. ചില ഉത്തരവാദിത്വമില്ലാത്ത രാഷ്ട്രങ്ങൾ അവരുടെ ഇടുങ്ങിയതും നിക്ഷിപ്തവുമായ താൽപ്പര്യങ്ങളും ആധിപത്യ പ്രവണതകളും കൊണ്ട് സമുദ്ര നിയമം സംബന്ധിച്ച യുഎൻ കൺവെൻഷന് തെറ്റായ വ്യാഖാനങ്ങൾ നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിസൈൽ വേധ സ്റ്റെൽത്ത് ഗൈഡഡ് കപ്പലാണ് ഐഎൻഎസ് വിശാഖപട്ടണം. 2015-ൽ തുടങ്ങിയ പ്രൊജക്ട് 15 ബി ശ്രേണിയിലെ നാല് കപ്പലുകളിൽ ആദ്യത്തേതാണ് ഐഎൻഎസ് വിശാഖപട്ടണം.

