മാർച്ചിനകം അഞ്ച് ലക്ഷം പേർ മരിക്കുമെന്ന് ലോകാരോഗ്യ സംഘടന

covid

ലണ്ടൻ: കോവിഡ് വൈറസ് മഹാമാരിയുടെ ഡെൽറ്റാ വകഭേദത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് മിക്ക യൂറോപ്യൻ രാജ്യങ്ങളും. രോഗബാധിതരുടെ എണ്ണം മിക്ക യൂറോപ്യൻ രാജ്യങ്ങളിലും ഉയർന്നുകൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നത്. യൂറോപ്പിൽ ഈ നിലയിൽ രോഗം പടരുകയാണെങ്കിൽ മാർച്ച് മാസത്തിനകം അഞ്ച് ലക്ഷം പേർ മരിക്കുമെന്ന് ലോകാരോഗ്യ സംഘടന യൂറോപ്പ് ഡയറക്ടർ ഡോ. ഹാൻസ് ക്‌ളൂഗ് പറഞ്ഞു. പലവിധ ഘടകങ്ങളാലാണ് രോഗം ഭീതിജനകമായ വിധത്തിൽ ഉയരുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.

ശൈത്യകാലം, ഡെൽറ്റാ വകഭേദത്തിന്റെ വ്യാപനം, വാക്സിൻ നൽകുന്നതിലെ അപര്യാപ്തത എന്നിവയാണ് ഇത്തരമൊരു മുന്നറിയിപ്പ് നൽകാൻ കാരണം. വാക്‌സിൻ കുത്തിവെയ്പ്പ് മാത്രമാണ് രോഗ വ്യാപനം കുറയ്ക്കാനുള്ള ഏകവഴി. അതേസമയം രോഗത്തെ നേരിടാൻ നെതർലാന്റ് ഭാഗികമായി ലോക്ക് ഡൗൺ ഏർപ്പെടുത്തി. ഇതുവരെ വാക്സിൻ കുത്തിവെയ്പ്പ് സ്വീകരിക്കാൻ തയ്യാറാകാത്തവർക്ക് ജർമ്മനി കൂടുതൽ നിബന്ധന ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജർമ്മനിയിൽ വാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിക്കാത്താവർക്ക് റെസ്റ്റോറന്റുകളിൽ പ്രവേശിക്കാൻ അനുമതിയില്ല. ചെക് റിപബ്ലിക്കിലും സ്‌ളൊവാക്യയിലും ഇതേ നിബന്ധന ഏർപ്പെടുത്തി. പുതിയ നിബന്ധനകൾക്കെതിരെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

വിവിധ യൂറോപ്യൻ നഗരങ്ങളായ നെതർലാന്റ്സിലെ റോട്ടർഡാം, ഓസ്ട്രിയയിലെ വിയന്ന എന്നിവിടങ്ങളിലും ഇറ്റലിയിലും ക്രൊയേഷ്യയിലും ജനങ്ങൾ പ്രതിഷേധിച്ചു.