General (Page 1,323)

തിരുവനന്തപുരം: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയ്ക്ക് നന്ദി അറിയിച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. കൊച്ചി നഗരത്തിന്റെ വികസനക്കുതിപ്പിന് കാരണമാകുന്ന കൊടുങ്ങല്ലൂർ – ഇടപ്പള്ളി ദേശീയ പാത ആറ് വരിപ്പാതയ്ക്ക് ഭാരത് മാല പദ്ധതിയിൽ 3465.82 കോടി രൂപ അനുവദിച്ചതിനാണ് അദ്ദേഹം നിതിൻ ഗഡ്ക്കരിയ്ക്ക് നന്ദി അറിയിച്ചത്. എറണാകുളം – തൃശൂർ ജില്ലകളിലെ ഏറ്റവും പ്രധാനപ്പെട്ട മുസിരിസ് പൈതൃക സംരക്ഷണ ടൂറിസം പദ്ധതിക്ക് വലിയ ഉണർവ്വ് ഉണ്ടാക്കാൻ ഈ പാതയുടെ വികസനത്തിലൂടെ സാധിക്കുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ എല്ലാ സഹായവും ദേശീയപാത അതോറിറ്റിക്ക് നൽകും. പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാനാവശ്യമായ ഇടപെടലുകൾ നടത്തും. കൃത്യമായ ഇടവേളകളിൽ പുരോഗതി വിലയിരുത്തിക്കൊണ്ട് യോഗങ്ങൾ ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയപാത വികസനം യാഥാർഥ്യമാക്കാൻ മുൻകൈയ്യെടുത്ത് പ്രവർത്തിക്കുന്ന കേരളത്തിലെ ദേശീയപാത അതോറിറ്റി അധികൃതരെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

കൊടുങ്ങല്ലൂർ – ഇടപ്പള്ളി ദേശീയ പാത വികസനത്തിന് ഭാരത് മാല പദ്ധതിയിൽ 3465.82 കോടി രൂപ അനുവദിച്ചു.

ഒക്ടോബർ മാസം 28 ന് ഡൽഹിയിൽ വെച്ച് കേന്ദ്ര റോഡ് ഗതാഗത ഹൈവെ വകുപ്പ് മന്ത്രി ശ്രീ. നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ദേശീയപാത വികസനത്തെ കുറിച്ച് സംസാരിച്ചിരുന്നു. ആറ് വരിപ്പാതയാക്കി വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഇടപെടണം എന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോട് വരെ ഏകദേശം 600 കിലോമീറ്റർ ദേശീയപാത 6 വരിയാക്കുന്നതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. 20 റീച്ചുകളായാണ് ദേശീയപാത 66 ന്റെ വികസനപ്രവർത്തനം നടക്കുന്നത്. ഇതിൽ 16 റീച്ചുകളുടെ ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്.

ഇപ്പൊൾ കൊച്ചി നഗരത്തിന്റെ വികസനക്കുത്തിപ്പിന് കാരണമാകുന്ന കൊടുങ്ങല്ലൂർ – ഇടപ്പള്ളി ദേശീയ പാത ആറ് വരിപ്പാതയ്ക്ക് ഭാരത് മാല പദ്ധതിയിൽ 3465.82 കോടി രൂപ അനുവദിച്ചതായി ശ്രീ. നിതിൻ ഗഡ്കരി അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് നന്ദി അറിയിക്കുന്നു.

എറണാകുളം – തൃശൂർ ജില്ലകളിലെ ഏറ്റവും പ്രധാനപ്പെട്ട മുസിരിസ് പൈതൃക സംരക്ഷണ ടൂറിസം പദ്ധതിക്ക് വലിയ ഉണർവ്വ് ഉണ്ടാക്കാൻ ഈ പാതയുടെ വികസനത്തിലൂടെ സാധിക്കും.

ദേശീയ പാതാ വികസനത്തിൻറെ ഭാഗമായി സംസ്ഥാന സർക്കാർ എല്ലാ സഹായവും ദേശീയപാത അതോറിറ്റിക്ക് നൽകും. പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാനാവശ്യമായ ഇടപെടലുകൾ നടത്തും. കൃത്യമായ ഇടവേളകളിൽ പുരോഗതി വിലയിരുത്തിക്കൊണ്ട് യോഗങ്ങൾ ചേരും.

ദേശീയപാത വികസനം യാഥാർഥ്യമാക്കാൻ മുൻകൈയ്യെടുത്ത് പ്രവർത്തിക്കുന്ന കേരളത്തിലെ ദേശീയപാത അതോറിറ്റി അധികൃതരെ പ്രത്യേകം അഭിനന്ദിക്കുന്നു.

ബംഗളൂരു: ലഹരിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണ ഏജൻസിക്ക് ബിനീഷ് കോടിയേരിക്കെതിരെ നേരിട്ടുള്ള തെളിവ് ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി കർണാടക ഹൈക്കോടതി. സംശയം വെച്ച് മാത്രം ജാമ്യം നൽകാതിരിക്കാൻ കഴിയില്ലെന്നാണ് കോടതി അറിയിക്കുന്നത്. ജസ്റ്റിസ് ഉമയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

ബിനീഷ് മയക്കുമരുന്ന് കേസിൽ പ്രതിയല്ല. സംശയം വെച്ച് മാത്രം ഒരാളെ കുറ്റവാളിയാക്കാനാകില്ല. ഇ.ഡി സമർപ്പിച്ച കുറ്റപത്രത്തിൽ ജാമ്യം നല്കാതിരിക്കാൻ ബിനീഷിനെതിരെ യാതൊരു തെളിവുമില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. 2020 നവംബർ 11 ന് അറസ്റ്റിലായ ബിനീഷ് കോടിയേരിയ്ക്ക് 2021 ഒക്ടോബർ 30 നാണ് ജാമ്യം ലഭിച്ചത്.

ബിനീഷിന് ജാമ്യം അനുവദിച്ച വിധിയിലാണ് ഈ കാര്യങ്ങൾ. ബിനീഷിന് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒരു വർഷത്തിന് ശേഷമാണ് ബിനീഷ് പുറത്തിറങ്ങിയത്. കോടിയേരി ബാലകൃഷ്ണന്റെ മകനായത് കൊണ്ട് വേട്ടയാടുകയാണെന്നും ലഹരി ഇടപാട് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നും ആയിരുന്നു ബിനീഷിന്റെ നിലപാട്. ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും ബിനീഷ് കോടതിയെ അറിയിച്ചിരുന്നു.

rera

കണ്ണൂർ: റിയൽ എസ്റ്റേറ്റ് നിയമങ്ങൾ കർശനമാക്കാനൊരുങ്ങി റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി. റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങൾ മുൻകൂട്ടി തടയാനും ഉപഭോക്താക്കൾക്കും ഡെവലപ്പർമാർക്കും നിയമപരിരക്ഷ ഉറപ്പാക്കാനുമാണ് (റെറ) ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ പി.എച്ച്. കുര്യൻ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലാണ്അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാതെ റിയൽ എസ്റ്റേറ്റ് പ്രൊജക്ടുകൾ വിപണനം ചെയ്യുന്നതും ദീർഘകാല പാട്ടത്തിന് നൽകുന്നതും പദ്ധതി ചെലവിന്റെ പത്തുശതമാനം വരെ പിഴയീടാക്കാവുന്ന കുറ്റമാണെന്ന് അദ്ദേഹം പറഞ്ഞു. 500 ചതുരശ്ര മീറ്ററോ അതിൽ കൂടുതലോ ഭൂമിയിൽ എട്ടോ അതിലധികമോ പ്ലോട്ടോ, വില്ലയോ, ഫ്‌ളാറ്റോ, വാണിജ്യ യൂണിറ്റുകളോ, ഓഫീസുകളോ, വാണിജ്യ സ്ഥാപനങ്ങളോ, ഗോഡൗണുകളോ (ഉടമസ്ഥാവകാശമോ ദീർഘകാല പാട്ടമോ ഉള്ളവ) ആണ് ഈ നിയമപ്രകാരം റിയൽ എസ്റ്റേറ്റ് പദ്ധതിയെന്ന നിർവചനത്തിൽ വരുന്നത്. രജിസ്റ്റർ ചെയ്ത എല്ലാ റിയൽ എസ്റ്റേറ്റ് പദ്ധതികളുടേയും വിശദാംശങ്ങളും നിർമ്മാണ പുരോഗതിയും വെബ് പോർട്ടലിൽ ലഭ്യമാണെന്ന് അദ്ദേഹം അറിയിച്ചു.

ഇടപാടുകളിൽ ഏർപ്പെടുന്നതിനു മുൻപ് പോർട്ടൽ സന്ദർശിച്ച് രജിസ്ട്രേഷനുണ്ടെന്ന് ഉറപ്പാക്കണം. ഇത്തരം പ്രൊജക്ടുകളിലെ ഇടപാടുകളിൽ ഏജന്റായി പ്രവർത്തിക്കുന്നവരും (റിയൽ എസ്റ്റേറ്റ് ഏജന്റ്) നിർബന്ധമായും റെറയിൽ രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അറുനൂറിലേറെ പദ്ധതികളും ഇരുനൂറോളം ഏജന്റുമാരുമാണ് ഒക്ടോബർ 30 വരെ റെറയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 118 പ്രൊജക്ടുകൾ പൂർത്തിയായി. 919 കേസുകൾ രജിസ്റ്റർ ചെയ്തതിൽ 480 എണ്ണമാണ് തീർപ്പാക്കിയത്. റിയൽ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥർക്കുമായി അതോറിട്ടി കണ്ണൂരിൽ ബോധവൽക്കരണ പരിപാടി നടത്തി. റെറ അംഗങ്ങളായ അഡ്വ. പ്രീത മേനോൻ, എം.പി. മാത്യൂസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റുകളിലുൾപ്പെടെയുണ്ടായ തോൽവിയിൽ അച്ചടക്ക നടപടിയുമായി മുസ്ലീം ലീഗ്. തെരഞ്ഞെടുപ്പിലെ തോൽവിയ്ക്ക് കാരണം സംഘടനാ സംവിധാനത്തിലെ പാളിച്ചയാണെന്നാണ് മുസ്ലീം ലീഗ് ഉപസമിതി റിപ്പോർട്ട്. കോഴിക്കോട് സൗത്തിലും അഴീക്കോടും ഏകോപനത്തിലെ പിഴവും വിഭാഗീയതയും തിരിച്ചടിയായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നവംബർ 27 ചേരുന്ന ഉന്നതാധികാര സമിതിയിലാണ് സംഘടനാ നടപടി പ്രഖ്യാപിക്കുന്നത്.

നാല് സിറ്റിംഗ് സീറ്റുകളിലുൾപ്പെടെ 12 നിയമസഭ മണ്ഡലങ്ങളിലെ തോൽവിയെകുറിച്ച് പഠിച്ച ശേഷമാണ് ഉപസമിതി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കോഴിക്കോട് സൗത്തിൽ ഏകോപനക്കുറവുണ്ടായതും ഒരു വിഭാഗം പ്രവർത്തകർ പ്രവർത്തിക്കാത്തതും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. മണ്ഡലം കമ്മിറ്റി പിരിച്ചുവിടാൻ ഉപസമിതി ശുപാർശ ചെയ്തിട്ടുണ്ട്. കുറ്റ്യാടിയിലും വിഭാഗീയതയുണ്ടായി റിപ്പോർട്ടിൽ പറയുന്നു. പാറയ്ക്കൽ അബ്ദുളള 333 വോട്ടുകൾക്കാണ് കുറ്റ്യാടിയിൽ പരാജയപ്പെട്ടത്. വേളം പഞ്ചായത്ത് കമ്മിറ്റിക്കെതിരെ നടപടി വേണമെന്നും ശുപാർശയുണ്ട്.

അഴീക്കോട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സംവിധാനം തന്നെ പാളിയെന്നും തെരഞ്ഞെടുപ്പിന് തൊട്ടുപിറകെ മണ്ഡലത്തിന്റെ ചുമതല വഹിച്ച കോൺഗ്രസ് നേതാവ് എൻസിപിയിലേക്ക് പോയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് മത്സരിച്ച താനൂരിലും സ്ഥിതി സമാനമായിരുന്നു. ഇവിടെ ബിജെപി വോട്ടുകൾ ഇടതുമുന്നണിയിലേക്ക് പോയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. തിരുവമ്പാടിയിൽ ക്രിസ്ത്യൻ വോട്ടുകൾ ക്രോഡീകരിക്കാൻ പ്രവർത്തകർക്കായില്ല. വി കെ ഇബ്രാഹം കുഞ്ഞിന്റെ മകൻ മത്സരിച്ച കളമശ്ശേരിയിൽ ഒരുവിഭാഗം നേതാക്കൾ പ്രചാരണത്തിൽ നിന്നുവിട്ടു നിന്നത് തിരിച്ചടിയായെന്നും റിപ്പോർട്ടിലുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാൻ തീരുമാനിച്ചു. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. എത്ര രൂപ കൂട്ടണമെന്ന കാര്യത്തിൽ ഉടൻ തീരുമാനമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബസ് ഉടമകളുമായുള്ള ചർച്ചയ്ക്ക് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ധന വില വർധനവിന്റെ പശ്ചാത്തലത്തിൽ ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. എന്നാൽ ബസ് ഉടമകൾ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അതേപടി സർക്കാർ അംഗീകരിച്ചേക്കില്ല. ബസ് ഉടമകളുടെ ആവശ്യങ്ങൾ വിദ്യാർഥികൾ അടക്കമുള്ള പൊതുജനങ്ങൾക്ക് അമിതഭാരമുണ്ടാക്കാതെ എങ്ങനെ നടപ്പാക്കാമെന്ന കാര്യമാണ് സർക്കാർ പരിശോധിക്കുന്നത്.

മിനിമം ചാർജ് 8 രൂപയിൽ നിന്ന് 12 ആയി ഉയർത്തണമെന്നും കിലോമീറ്റർ ചാർജ് 90 പൈസയിൽ നിന്ന് 1 രൂപയായി വർധിപ്പിക്കണമെന്നുമാണ് ബസ് ഉടമകൾ മുന്നോട്ട് വെയ്ക്കുന്ന ആവശ്യം.. വിദ്യാർഥികൾക്കുള്ള മിനിമം ചാർജ് 1 രൂപയിൽ നിന്ന് ആറ് രൂപയായി വർധിപ്പിക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു. രാമചന്ദ്രൻ കമ്മീഷനുമായും മുഖ്യമന്ത്രിമായും ചർച്ച നടത്തിയ ശേഷം വിഷയത്തിൽ അന്തിമ തീരുമാനം സ്വീകരിക്കും.

ന്യൂഡൽഹി: പീലിഭിത്ത് എം.പിയും ബിജെപി ദേശീയ പ്രവർത്തക സമിതി മുൻ അംഗവുമായ വരുൺ ഗാന്ധി തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന് റിപ്പോർട്ട്. അടുത്തയാഴ്ച മമത ഡൽഹിയിൽ എത്തുമ്പോൾ വരുൺ ഗാന്ധി ഇക്കാര്യം സംബന്ധിച്ച ചർച്ച നടത്തിയേക്കുമെന്നാണ് വിവരം. അതേസമയം ബിജെപിയോ തൃണമൂലോ വിഷയത്തിൽ പ്രത്യക്ഷമായി സൂചനയൊന്നും നൽകിയിട്ടില്ല.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബിജെപി ദേശിയ നേതൃത്വത്തിനെതിരെ വരുൺ ഗാന്ധി വിമർശനം ഉന്നയിച്ചിരുന്നു. കർഷക നിയമം പിൻവലിക്കാനുളള തീരുമാനം വൈകിപ്പോയെന്നും കർഷകർക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ശനിയാഴ്ച്ച അഭിപ്രായം ഉന്നയിച്ചിരുന്നു. പാർട്ടിയുടെ ദേശീയ പ്രവർത്തക സമിതിയിൽ നിന്നും തന്നെയും അമ്മ മനേകാ ഗാന്ധിയെയും ഒഴിവാക്കിയതിൽ വരുൺ ഗാന്ധിയ്ക്ക് അതൃപ്തിയുണ്ട്. കോൺഗ്രസിലേക്കെത്താൻ താത്പര്യമില്ലാത്തതിനാൽ തൃണമൂലിൽ ചേരാനാണ് വരുൺ പദ്ധതിയിടുന്നതെന്നാണ് സൂചനകൾ. ബംഗാൾ തിരഞ്ഞെടുപ്പിൽ തൃണമൂൽ വിജയിച്ചതിന് പിന്നാലെ തന്നെ ദേശീയ രാഷ്ട്രീയത്തിൽ ശക്തമായ സാന്നിദ്ധ്യമാകാനുള്ള നീക്കങ്ങൾ മമത നടത്താൻ ആരംഭിച്ചിരുന്നു.

തൃണമൂൽ വിട്ട് ബിജെപിയിലേക്ക് പോയ പല നേതാക്കളും തിരികെ തൃണമൂലിലെത്തിയതും വിവിധ സംസ്ഥാനങ്ങളിലെ മുൻ മുഖ്യമന്ത്രിമാരടക്കം നേതാക്കൾ തൃണമൂലിൽ ചേർന്നതും മമതയ്ക്ക് കൂടുതൽ കരുത്തേകുന്നുണ്ട്. വരുൺഗാന്ധിയെ പോലെ ദേശീയ നേതൃത്വത്തിൽ ശ്രദ്ധേയനായൊരു നേതാവിന്റെ സാന്നിദ്ധ്യം തൃണമൂലിന് ശക്തിപകരുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്.

ന്യൂഡൽഹി: ഗുജറാത്തിൽ റേഡിയോ ആക്ടീവ് വസ്തുക്കൾ അടങ്ങിയ കണ്ടെയ്‌നറുകൾ പിടികൂടി. പാകിസ്താനിൽ നിന്ന് ചൈനയിലേക്ക് കടത്തുകയായിരുന്ന റേഡിയോ ആക്ടീവ് വസ്തുക്കൾ അടങ്ങിയ കണ്ടെയ്‌നറുകളാണ് ഗുജറാത്തിലെ മുന്ദ്രാ തുറമുഖത്ത് നിന്നും പിടികൂടിയത്. തുറമുഖ നടത്തിപ്പിന്റെ ചുമതലയുള്ള അദാനി പോർട്‌സ് ആൻഡ് സ്‌പെഷൽ എക്കണോമിക്ക് സോൺ ആണ് ഇക്കാര്യം അറിയിച്ചത്. കണ്ടെയ്‌നറുകൾ ഇന്ത്യയിലേക്കുള്ളതായിരുന്നില്ലെന്നും ചൈനയിലെ ഷാങ്ഹായിലേക്ക് പോകുന്നതിൽ സംശയം തോന്നിയ കസ്റ്റംസ് കൂടുതൽ പരിശോധനയ്ക്കു വേണ്ടി മുന്ദ്രാ തുറമുഖത്ത് അടുപ്പിച്ചതാണെന്നും അധികൃതർ പറഞ്ഞു.

പാകിസ്താനിൽ നിന്നുള്ള കണ്ടെയ്‌നറുകൾ അപകടകരമല്ലാത്ത ഗണത്തിൽ ഉൾപ്പെടുത്തിയാണ് ചൈനയിലേക്ക് അയച്ചതെന്നും എന്നാൽ അതിനുള്ളിലെ വസ്തുക്കൾ അപകടകരമായ ക്ലാസ് 7 വിഭാഗത്തിൽപ്പെട്ട റേഡിയോ ആക്ടീവ് വസ്തുക്കളായതിനാലാണ് തടഞ്ഞുവച്ചതെന്നും തുറമുഖ അധികൃതർ വിശദമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് കണ്ടെയ്‌നറുകൾ തുറമുഖത്ത് എത്തുന്നത്. കണ്ടെയ്‌നറുകൾ പാകിസ്താനിൽ നിന്നും ചൈനയിലേക്ക് പോകുന്നവ ആയതിനാലാണ് കൂടുതൽ പരിശോധനയ്ക്കു വേണ്ടി കരയ്ക്കടുപ്പിച്ചതെന്നും അധികൃതർ പറഞ്ഞു. സുരക്ഷിതമായ വസ്തുക്കളുടെ ഗണത്തിൽപ്പെടുത്തി ആണവവസ്തുക്കൾ ചൈനയിലേക്ക് കൊണ്ടുപോയതിന്റെ പിന്നിലുള്ള ലക്ഷ്യം എന്താണെന്ന് വ്യക്തമല്ല.

k rail

കോട്ടയം: സംസ്ഥാനത്ത് മഴ, പ്രളയം എന്നീ സാഹചര്യങ്ങള്‍ തുടരുമ്പോള്‍ അതിവേഗ റെയിലിന്റെ ഘടനയില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തേണ്ടി വരുമെന്ന് സൂചന. തൂണുകളില്‍ ഉറപ്പിക്കും വിധമുള്ള ആകാശപ്പാത കൂടുതല്‍ ദൂരത്തേക്ക് പരിഗണിക്കുമോ എന്നതാണ് അറിയാനുള്ളത്. എന്നാല്‍, അധിക ചിലവ് പരിഗണിച്ച് സംസ്ഥാനം ഇതിനോട് ആദ്യം താല്‍പര്യം കാണിച്ചിരുന്നില്ല. നീതി ആയോഗ് നേരത്തെ തന്നെ കെ-റെയിലിനോട് ഇക്കാര്യം ഉന്നയിച്ചിരുന്നു. ഇരുവശത്തുമായി 800 കിലോമീറ്റര്‍ ഭിത്തി നിര്‍മിക്കേണ്ടി വരുന്നത് ഒഴിവാക്കാന്‍ തൂണുകളില്‍ ഉറപ്പിച്ച ആകാശപ്പാതയാണ് നല്ലതെന്നാണ്‌ നീതി ആയോഗ് അഭിപ്രായപ്പെട്ടിരുന്നത്.

തീവണ്ടിപ്പാത ഉറപ്പിക്കുന്നത് എട്ട് മീറ്റര്‍ പൊക്കമുള്ള പ്രതലത്തിലാണ്. ഇതിന് വെളിയിലായി എട്ട് മീറ്റര്‍ വരെ ഉയരത്തില്‍ സംരക്ഷണ ഭിത്തിയുമുണ്ടാകും. അതിന് മീതെയുള്ള അഞ്ച് മീറ്റര്‍ വരെ പൊക്കമുള്ള സുരക്ഷാഭിത്തിയും ചേര്‍ന്ന് 13 മുതല്‍ 15 വരെ മീറ്റര്‍ പൊക്കത്തിലാണ് നെടുകെ മതില്‍ വരിക. 400 കിലോമീറ്ററില്‍ ഈ മതില്‍ വരുന്നത് വലിയ പാരിസ്ഥിതികാഘാതം ഉണ്ടാക്കുമെന്നാണ് ആശങ്ക. ഓരോ അരക്കിലോമീറ്ററിലും വെള്ളം ഒഴിഞ്ഞുപോകാന്‍ കലുങ്കുകള്‍ ഉണ്ടാകുമെന്നാണ് രൂപരേഖയില്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ സാഹചര്യത്തില്‍ ഇത് മതിയാകുമോ എന്നാണ് ആശങ്ക. പദ്ധതി കേരളത്തെ വലിയ വെള്ളപ്പൊക്കത്തിലേക്ക് എത്തിക്കുമെന്ന് മീനച്ചിലാര്‍ സംരക്ഷണത്തിന് പ്രവര്‍ത്തിക്കുന്ന പ്രൊഫ. എസ്. രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

292.7 കിലോമീറ്ററില്‍ സാധാരണ പ്രതലത്തിലൂടെയും 101 കിലോമീറ്ററില്‍ മലയും െചരിവും ഇടിച്ചെടുത്ത പ്രതലത്തിലൂടെയുമാണ് പാളം കടന്നുപോകുന്നത്. കെ-റെയിലിന്റെ ഇപ്പോഴത്തെ തീരുമാനമനുസരിച്ച് തൂണുകളിലെ പാത 88 കിലോമീറ്റര്‍ മാത്രമാണ്. ദക്ഷിണ റെയില്‍വേ നല്‍കിയ റിപ്പോര്‍ട്ടുകളില്‍ 140 കിലോമീറ്റര്‍ ദൂരത്ത് പാടങ്ങളിലൂടെയാണ് പാത പോകുന്നത്. ഈ സാഹചര്യത്തില്‍ അന്തിമ രൂപരേഖ തയ്യാറാക്കുമ്പോള്‍ തൂണിലെ ആകാശപ്പാതയുടെ ദൂരം കൂട്ടേണ്ടിവന്നേക്കാമെന്നാണ് സൂചന.

തിരുവനന്തപുരം: ഫയർ ഫോഴ്‌സിന്റെ സേവനങ്ങളെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം നേരിട്ട ദുരന്ത സമയങ്ങളിലെ ഫയർഫോഴ്സിന്റെ പ്രവർത്തനങ്ങളെയാണ് അദ്ദേഹം അഭിനന്ദിച്ചത്. അടിയന്തര സാഹചര്യം നേരിടാൻ ഫയർഫോഴ്സ് സേനയെ സജ്ജമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. നിരന്തരമായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ നേരിടാൻ നൂതനമായ മാർഗങ്ങൾ തേടണമെന്നും സിവിൽ ഡിഫൻസ് ഫോഴ്സ് പൂർണ തോതിൽ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നൂറ്റാണ്ടിലെ മഹാപ്രളയം, തുടർച്ചയായുണ്ടായ കാലവർഷക്കെടുതികൾ, ഉരുൾപൊട്ടൽ എന്നീ ദുരന്തങ്ങളിലെല്ലാം സ്വന്തം ജീവൻ പണയപ്പെടുത്തി പ്രവർത്തിച്ചവരാണ് കേരള ഫയർഫോഴ്സ്. ഒരു ഘട്ടത്തിൽ വീടുകളിലേക്ക് മരുന്നുകൾ നേരിട്ടെത്തിക്കുന്നതിൽ വരെയും ഫയർഫോഴ്സ് മുന്നിലുണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സർക്കാർ സേവനങ്ങൾക്ക് പ്രധാനം ഉയർന്ന നിലവാരമുള്ള മാനവ വിഭവ ശേഷിയാണ്. അഗ്‌നിരക്ഷാ സേനയുടെ ആപ്തവാക്യത്തെ പൂർണമായും പ്രവർത്തിയിലൂടെ കാണിച്ചുകൊടുക്കേണ്ടവരാണ് ഫയർഫോഴ്സ്. കേരളത്തിലെ ഫയർഫോഴ്സിന് കഴിഞ്ഞ നാളുകളിൽ അതിന് കഴിഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാർ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടി രണ്ടുതരത്തിലുള്ള ഇടപെടലുകളാണ് പ്രധാനമായും വേണ്ടത്. ഉയർന്ന നിലവാരമുള്ള മാനവവവിഭവ ശേഷി സർക്കാർ സർവീസിന്റെ ഭാഗമാകുക, രണ്ട്, അവരുടെ സേവനങ്ങൾ കാര്യക്ഷമമയായി നിർവഹിക്കാനാകുന്ന അടിസ്ഥാന സൗകര്യങ്ങളുണ്ടാവുക. ഇവയ്ക്ക് രണ്ടുമാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലഖ്‌നൗ: സംസ്ഥാന പോലീസും കേന്ദ്ര ഏജൻസികളും തമ്മിൽ മികച്ച ഏകോപനം വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡിജിപി, ഐജിപി മാരുടെ 56-ാമത് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സൈബർ കുറ്റങ്ങൾ, മാവോയിസ്റ്റ് ആക്രമണങ്ങൾ എന്നിങ്ങനെ സുരക്ഷാ സംബന്ധമായ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

തീരദേശ സുരക്ഷ, തീവ്രവാദം, മയക്കു മരുന്ന് കടത്ത്, സൈബർ കുറ്റകൃത്യങ്ങൾ, അതിർത്തി പ്രശ്‌നങ്ങൾ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ആവശ്യകതയെക്കുറിച്ച് അദ്ദേഹം സമ്മേളനത്തിൽ സംസാരിച്ചു. കോവിഡ് വൈറസ് വ്യാപനത്തിന്റെ സമയത്ത് സുരക്ഷാ സേന വഹിച്ച പങ്കിനെയും അവർ നടത്തിയ ത്യാഗങ്ങളെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. സമ്മേളനത്തിൽ ചർച്ച ചെയ്ത നിർദേശങ്ങൾ സമയബന്ധിതമായി നടപ്പിലാക്കാൻ പ്രതിനിധികൾക്ക് അദ്ദേഹം നിർദ്ദേശം നൽകുകയും ചെയ്തു.