നിയമസഭ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പണം ലഭിച്ച പാർട്ടി സിപിഎം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പണം ലഭിച്ച പാർട്ടി സിപിഎം. 58 കോടി രൂപയാണ് തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന് ലഭിച്ചതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച കണക്കുകളിൽ വ്യക്തമാക്കിയിട്ടുള്ളത്. രണ്ടാം സ്ഥാനത്താണ് കോൺഗ്രസുള്ളത്. 39 കോടി രൂപയാണ് കോൺഗ്രസിന് സംഭാവനയായി ലഭിച്ചത്. ബിജെപിയ്ക്ക് എട്ടു കോടി രൂപ സംഭാവനയായി ലഭിച്ചു. മുഹമ്മദിന് റിയാസിന് വേണ്ടിയാണ് സിപിഎം കൂടുതൽ പണം ചെലവഴിച്ചത്. 22 ലക്ഷം രൂപയാണ് റിയാസിന് വേണ്ടി സിപിഎം ചെലവഴിച്ചത്. ഷാഫി പറമ്പിലിനും വിടി ബൽറാമിനും വേണ്ടിയായിരുന്നു കോൺഗ്രസ് ഏറ്റവും അധികം തുക ചെലവഴിച്ചത്.

പരസ്യത്തിന് വേണ്ടി മാത്രം സിപിഎം 17 കോടി രൂപ ചെലവഴിച്ചു. സ്ഥാനാർഥികൾക്കായി 4.21 കോടി നൽകി. പോസ്റ്ററുകൾക്ക് മാത്രമായി 89 ലക്ഷം ചെലവാക്കി. ആർ ബിന്ദുവിന് വേണ്ടി 20 ലക്ഷവും വീണ ജോർജിന് 19 ലക്ഷം, ജെയ്ക്ക് സി തോമസ് 16 ലക്ഷം രൂപയും ചെലവഴിച്ചു.

അതേസമയം കോൺഗ്രസ് 23 കോടി പ്രചാരണത്തിനും 11 കോടി സ്ഥാനാർഥികൾക്ക് വേണ്ടിയും ചെലവഴിച്ചു. സ്ഥാനാർഥികളിൽ കോൺഗ്രസ് കൂടുതൽ പണം ചെലവഴിച്ചത് പാലക്കാട് മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ച ഷാഫി പറമ്പിലിന് വേണ്ടിയാണ്. 23 ലക്ഷമാണ് ഇവിടെ കോൺഗ്രസ് ചിലവഴിച്ചത്. വിടി ബൽറാമിന് വേണ്ടി 18.5 ലക്ഷം രൂപ ചെലവഴിച്ചു. ബിജെപി എ ക്ലാസ് മണ്ഡലങ്ങൾക്കായി 15 ലക്ഷം രൂപയാണ് നീക്കിവെച്ചിരുന്നത്. രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച കെ സുരേന്ദ്രന് 40 ലക്ഷം രൂപ ബിജെപി നൽകി. സ്ഥാനാർഥികൾക്കായി ആകെ നൽകിയത് 9 കോടി 18 ലക്ഷം രൂപയാണ്. വിമാന യാത്രയ്ക്കും ഹെലികോപ്ടർ യാത്രയ്ക്കുമായി രണ്ടേമുക്കാൽ കോടി രൂപയും ബിജെപി ചെലവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലികൾക്കായി 43 ലക്ഷവും യോഗി ആദിത്യനാഥിനായി 25 ലക്ഷം രൂപയും ബിജെപി ചെലവിട്ടു.