General (Page 1,313)

കോഴിക്കോട്: കേരള പൊലീസിന് കീഴിൽ സൈബർ സുരക്ഷാ രംഗത്ത് പ്രവർത്തിക്കുന്ന കേരള പോലീസ് അസിസ്റ്റന്റ് ചാറ്റ് ബോട്ട് സർവ്വീസ് ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

കേരളാ പൊലീസ് സൈബർഡോം കോഴിക്കോട് വികസിപ്പിച്ചെടുത്ത സുരക്ഷിതവും കാര്യക്ഷമവും ഉപയോക്തൃ സൗഹൃദവുമായ ചാറ്റ്‌ബോട്ട് സേവനമാണ് ‘ടോക് ടു കേരള പോലീസ്’. സൈബർ മേഖലയിലെ കുറ്റകൃത്യങ്ങൾ മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെത്തുന്നതിന് ഐടി മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ദ്ധരുടെ സഹകരണത്തോടെയാണ് കേരളാ പോലീസ് ഈ സംരംഭം ആരംഭിച്ചത്.

പൊതുജന-പൊലീസ് പങ്കാളിത്ത മാതൃക എന്ന നിലയിൽ കേരളാ പൊലീസിന്റെ ടെക്നോളജിക്കൽ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്റർ വിഭാവനം ചെയ്ത സൈബർഡോം ഉയർന്നു വരുന്ന സൈബർ ഭീഷണികളെ പൊലീസിന്റെ സഹായത്തോടെ നേരിടാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിലെ സൈബർഡോമിന്റെ മൂന്നാം പതിപ്പാണ് കോഴിക്കോട്ടുള്ളത്. സൈബർ സുരക്ഷയിലും കാര്യക്ഷമമായ പൊലീസിംഗിനുള്ള സാങ്കേതികവിദ്യ വർദ്ധിപ്പിക്കുന്നതിനുമുള്ള സൈബർ സെന്റർ ഓഫ് എക്സലൻസാണ് സൈബർ ഡോം.

കേരള പോലീസ് അസിസ്റ്റന്റ് ചാറ്റ്‌ബോട്ട് സേവനം, പ്രത്യേക ആപ്ലിക്കേഷനുകളൊന്നും ഇൻസ്റ്റാൾ ചെയ്യാതെയും ഏതെങ്കിലും വെബ് പേജുകൾ സർഫിംഗ് ചെയ്യാതെയും വകുപ്പിന്റെ സേവനങ്ങൾ ഓൺലൈനിലൂടെ പൊതുജനങ്ങളിലേക്ക് എളുപ്പത്തിലും വേഗത്തിലും എത്തിക്കുന്നുവെന്നതാണ് പ്രധാന സവിശേഷത. ഈ ചാറ്റ്‌ബോട്ട് സേവനം ഗൂഗിൾ അസിസ്റ്റന്റിനോട് ‘ടോക് ടു കേരള പോലീസ്’ എന്ന വാക്ക് ഉപയോഗിച്ച് അഭ്യർത്ഥിക്കാമെന്നും കേരളാ പോലീസ് അറിയിച്ചു.

ചാറ്റ് ബോട്ട് സർവീസ് ഉപയോഗിക്കാൻ ആൻഡ്രോയ്ഡ് ഫോണും ഇന്റർനെറ്റ് കണക്ഷനും വേണം. ഒരാൾ അപകടകാരമാം വിധത്തിൽ വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഗൂഗിൾ അസിസ്റ്റന്റ് ആക്ടിവേറ്റ് ചെയ്യുക. ഒരു പക്ഷെ ഈ രീതിയിൽ ആക്ടിവേറ്റ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ ഫോണിലെ ഹോം ബട്ടൺ മൂന്ന് സെക്കന്റ് നേരം പ്രസ് ചെയ്താൽ മാത്രം മതി. ഇങ്ങനെ ഗൂഗിൾ അസിസ്റ്റന്റ് ആക്ടിവേറ്റ് ആയാൽ ‘ടോക് ടു കേരള പോലീസ്’ എന്നു പറഞ്ഞു കേരള പൊലീസിന്റെ പോർട്ടലിൽ കയറുക. ശേഷം കണ്ട കുറ്റകൃത്യം പറയുക. ഈ സമയം ആവശ്യമായ സേവനം അല്ലെങ്കിൽ നിർദേശം കേരള പൊലീസിന്റെ പോർട്ടലിൽ നിന്നും ലഭിക്കും. മൂന്ന് ഘട്ടങ്ങളായാണ് പൊതുജനങ്ങൾക്ക് ആവശ്യമായ സേവനം വിരൽത്തുമ്പിൽ ലഭിക്കുന്നത്.

വാഷിംഗ്ടൺ: തായ്‌വാന്റെ പേരിൽ ചൈനയും യുഎസും തമ്മിലുള്ള ചേരിപ്പോര് രൂക്ഷമാകുന്നു. യുഎസ് തായ്‌വാനെ ഡിസംബറിൽ നടക്കാൻ പോകുന്ന ജനാധിപത്യ ഉച്ചകോടിക്ക് ക്ഷണിച്ചതാണ് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. തായ്‌വാൻ ചൈനയുടെ ഭാഗമാണെന്നും എന്തുവിലകൊടുത്തും സമാധാനപരമായി തായ്‌വാനെ ചൈനയുടെ ഭാഗമാക്കുമെന്ന് കഴിഞ്ഞ മാസമാണ് ചൈനയുടെ പ്രസിഡൻറ് ഷീ ജിൻപിങ് പ്രഖ്യാപിച്ചത്. എന്നാൽ ചൈനയുടെ മോഹം നടക്കില്ലെന്നും തായ്‌വാൻ സ്വതന്ത്ര പരമാധികാര രാഷ്ട്രമാണെന്നും തായ്‌വാൻ നേതാവ് സൈ ഇങ് വെൻ വ്യക്തമാക്കിയിരുന്നു.

അതേസമയം സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായി തുടരുന്ന തായ്‌വാനെ ചൈനയിൽ ലയിപ്പിക്കാനുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഗൂഢലക്ഷ്യം നടക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. ചൈന ആക്രമിച്ചാൽ തായ്‌വാന് സർവ്വ പിന്തുണയും നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഒരൊറ്റ ചൈന എന്ന തത്വം യുഎസ് അംഗീകരിക്കണമെന്ന് ചൈനീസ് ഉദ്യോഗസ്ഥൻ സു ഫെഗ്ലിയൻ വ്യക്തമാക്കി. തായ്‌വാന് സ്വാതന്ത്ര്യം തേടുന്നവരും അതിന് പിന്തുണ നൽകുന്ന യുഎസും തീകൊണ്ട് കളിക്കുകയാണെന്ന് ഷി ജിൻപിങ് മുന്നറയിപ്പ് നൽകി.

യുഎസ് സംഘടിപ്പിക്കുന്ന ജനാധിപത്യ ഉച്ചകോടിയിൽ ഫ്രാൻസ്, സ്വീഡൻ, ഇന്ത്യ, പോളണ്ട്, ഫിലിപ്പൈൻസ് എന്നീ രാഷ്ട്രങ്ങൾ പങ്കെടുക്കും. തായ്‌ലാന്റ്, വിയറ്റ്നാം, തുർക്കി, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളെ ഉച്ചകോടിയിൽ നിന്നും ഒഴിവാക്കും. മധ്യേഷ്യയിൽ നിന്നും ഇറാഖും ഇസ്രയേലും ഉച്ചകോടിയിൽ പങ്കെടുക്കുമെന്നും യുഎസ് അറിയിച്ചു.

പത്തനംതിട്ട: സിപിഎം ഏരിയാ സമ്മേളനത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് വിമർശനം. സത്യപ്രതിജ്ഞ മുതൽ മന്ത്രിയുടെ പ്രവർത്തന ശൈലി വരെ വിമർശന വിധേയമായെന്നാണ് വിവരം. ഏരിയാ കമ്മറ്റി അംഗം എ.ജി. ഉണ്ണികൃഷ്ണന് നേരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നു.

നഗരസഭയിലെ ഒരു കൗൺസിലർ ആണ് വീണ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാനിടയായ സാഹചര്യം വിശദീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ വീണാ ജോർജിന് മാത്രമായി ഇളവ് അനുവദിച്ച സാഹചര്യം മനസിലാകുന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സാധാരണ പാർട്ടി പ്രവർത്തകരിൽ നിന്നും മന്ത്രി അകന്നു പോയി. ജില്ലാ നേതാക്കൾ വിളിച്ചാൽ പോലും മന്ത്രി ഫോൺ എടുക്കുന്നില്ല. മന്ത്രി എവിടെയാണ് ഉള്ളതെന്ന് അറിയാൻ മറ്റു പാർട്ടിക്കാരെ വിളിക്കേണ്ട ഗതികേടാണുള്ളത് തുടങ്ങി നിരവധി ആരോപണങ്ങളാണ് വീണാ ജോർജിന് എതിരെയുള്ളത്.

ജില്ലാ നേതാക്കളുടെ മിസ്ഡ് കാൾ കണ്ടാൽ പോലും വീണാ ജോർജ് തിരിച്ചു വിളിക്കാറില്ല. നഗരസഭയിൽ മന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ സ്വന്തം പാർട്ടിക്കാരനായ നഗരസഭാധ്യക്ഷന് പ്രതിനിധ്യം ലഭിക്കുന്നില്ലെന്നും ജില്ലാ ആസ്ഥാനത്ത് സിപിഎം നേതാക്കളിൽ നിന്ന് അകന്ന് സിപിഐക്കാരുമായിട്ടാണ് മന്ത്രിക്ക് കൂട്ടെന്ന വിമർശനവും ഉയരുന്നുണ്ട്. പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ആരോഗ്യമന്ത്രി എന്നതിനപ്പുറം ആറന്മുളയിലെ എംഎൽഎയാണ് വീണയെന്ന കാര്യം മറക്കരുതെന്നും ഏരിയാ കമ്മറ്റിയംഗമായതിനാൽ വീണയും സമ്മേളന പ്രതിനിധിയാണെന്നും യോഗത്തിൽ അഭിപ്രായങ്ങൾ ഉയർന്നു.

Covid

ബംഗളൂരു: വിദേശത്ത് നിന്നെത്തുന്നവർക്ക് കോവിഡ് പരിശോധന കർശനമാക്കി കർണാടക. വിദേശത്ത് നിന്ന് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തിയാലും കർണാടകയിൽ പരിശോധന ഉണ്ടാകും. 10 ദിവസം ക്വാറന്റെയ്‌നും നിർബന്ധമാക്കി. നവംബർ ഒന്ന് മുതൽ വിദേശത്ത് നിന്നെത്തിയവരെ എല്ലാം വീണ്ടും പരിശോധിക്കുമെന്നാണ് കർണാടക അറിയിച്ചിരിക്കുന്നത്.

10 ദിവസത്തിന്റെ ഇടവേളകളിൽ തുടർ പരിശോധനകൾക്കും നിർദേശം നൽകിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ പടരുന്ന സാഹചര്യത്തിലാണ് കർണാടക പുതിയ നടപടികൾ ഏർപ്പെടുത്തിയത്. കൂടുതൽ മലയാളി വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിൽ നിന്നെത്തുന്നവർക്ക് പരിശോധന കർശനമാക്കി. കേരള അതിർത്തികളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചു. കേരളത്തിൽ നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. വിദ്യാർത്ഥികൾക്ക് രണ്ടാഴ്ച്ച ക്വാറന്റെയ്ൻ ആവശ്യമാണ്. പതിനാറാം ദിവസം കോവിഡ് പരിശോധന നടത്തിയ ശേഷമേ ക്ലാസിലേക്ക് പ്രവേശനം അനുവദിക്കുവെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം കൂടുതൽ രാജ്യങ്ങളിൽ ഒമിക്രോൺ സാന്നിധ്യം സ്ഥിരീകരിച്ചതോടെ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾ നീക്കാനുള്ള തീരുമാനം പുനപരിശോധിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. വിമാനത്താവളങ്ങളിൽ ഉൾപ്പടെ പരിശോധന കർശനമാക്കാൻ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഫ്ളെക്സ് ബോർഡുകൾ വെക്കുന്നതിനെതിരെ വിമർശനവുമായി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. വിധികൾ ഒരുപാട് ഉണ്ടെങ്കിലും വഴിനീളെ ഫ്ളെക്‌സുകൾ വെച്ചിരിക്കുകയാണെന്നും ദൈവം രക്ഷിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ റോഡുകൾക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. കേരള സർവകലാശാല നിയമ വിഭാഗം സംഘടിപ്പിച്ച ഭരണഘടനാ ദിനാചരണ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരത്തേക്ക് വന്നത് വിമാനത്തിലാണ്. റോഡിലൂടെ യാത്ര ചെയ്യാൻ സാധിക്കാത്തതിന്റെ കാരണം എല്ലാവർക്കും അറിയാമല്ലോയെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനയെ പാലിക്കുക, അതിൽ പറയുന്ന പൗരന്റെ കടമകൾ നിറവേറ്റുക എന്നിവയാണ് എല്ലാവരും ചെയ്യേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ മിക്ക വിവാദങ്ങൾക്കും പ്രശ്‌നങ്ങൾക്കും കാരണം ഭരണഘടന കൃത്യമായി പാലിക്കാത്തതാണ്. എല്ലാവർക്കും ഭരണഘടന നൽകുന്ന അവകാശങ്ങളെപ്പറ്റി അറിയാം. അവകാശങ്ങളെ പറ്റി പറയുമ്പോഴും കടമകളെ ആരും ഓർക്കുന്നില്ല. ജനങ്ങൾ ഭരണഘടന പാലിക്കുന്നില്ലെങ്കിൽ എത്ര കരുത്തുറ്റതായാലും അത് പരാജയപ്പെടുമെന്നും അംബേദ്കറെ ഉദ്ധരിച്ച് അദ്ദേഹം വിശദമാക്കി.

ഭരണഘടനാ പഠനം സിലബസിൽ ഉൾപ്പെടുത്തണം. ഒന്നാം ക്ലാസ് മുതൽ ഭരണഘടനാ പാഠഭാഗത്തിൽ ഉൾപ്പെടുത്തണം. എഴുതപ്പെട്ട എറ്റവും മികച്ച ഭരണഘടനയുള്ള രാജ്യമാണ് ഇന്ത്യ. എന്നാൽ അതിനെപ്പറ്റി ആർക്കും വേണ്ട ധാരണയില്ല. ഇന്ത്യൻ ഭരണ ഘടന രൂപീകരിക്കാൻ എത്രത്തോളം പ്രയത്‌നം വേണ്ടിവന്നുവെന്ന് മനസിലാക്കാൻ പുതിയ തലമുറ തയ്യാറാകണം. സ്വാതന്ത്ര്യം കിട്ടിയിട്ടും ഭരണഘടന ഉണ്ടാകാൻ വളരെ കാലം വേണ്ടി വന്നു. രണ്ടുവർഷത്തോളം നീണ്ട പ്രയാസമേറിയ കാലത്തിലൂടെയാണ് ഭരണഘടന തയ്യാറാക്കിയത്. അതിലെ ഓരോ വകുപ്പുകളെപ്പറ്റിയും അന്ന് ഭരണഘടനാ നിർമാണ സഭയിൽ സംവാദങ്ങളും ചർച്ചകളും നടന്നു. അതൊക്കെ മനസിലാക്കാൻ ശ്രമിക്കണമെന്നും എല്ലാ ലോ കോളേജുകളിലും അത് വിഷയമാക്കി പഠിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം രാജ്യത്ത് ജുഡീഷ്യൽ ആക്ടിവിസം ഉണ്ടെന്ന വാദങ്ങളെ അദ്ദേഹം തള്ളിപ്പറഞ്ഞു. ഭരണഘടനാ പ്രകാരം ഒരു കോടതിക്കും അങ്ങനെ അധികാരം പ്രയോഗിക്കാനാകില്ല. അമേരിക്കയിൽ സുപ്രീം കോടതി അധികാരങ്ങൾ വിധിയിലൂടെ കൈവരിക്കുകയാണ് ചെയ്യുക. എന്നാൽ ഇന്ത്യയിൽ എല്ലാ അധികാരങ്ങളും അതിർവരമ്പും ഭരണഘടനയിൽ നിർവചിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു നിയമജ്ഞൻ എന്ന നിലയിൽ ചെയ്തതൊക്കെയും ഭരണഘടനയ്ക്ക് അനുസരിച്ച് മാത്രമാണെന്നും വിധികളെല്ലാം അതിനെ പിൻപറ്റി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകരുടെ കാര്യം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അധ്യാപകർ വാക്സിനെടുക്കാത്തത് ഒരു തരത്തിലും സർക്കാർ പ്രോത്സാഹിപ്പിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വാക്സിൻ എടുക്കാത്ത വാക്സിനെടുക്കാത്ത അയ്യായിരത്തോളം അധ്യാപകർ സംസ്ഥാനത്തുണ്ട്. വാക്സിനെടുക്കാത്ത അധ്യാപകരെ സ്‌കൂളിലെത്താൻ മാനേജ്മെന്റുകൾ നിർബന്ധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യപരവും മതപരവുമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചില അധ്യാപകർ വാക്സിനെടുക്കാൻ വിമുഖത കാണിക്കുന്നത്. സ്‌കൂൾ തുറക്കുന്നതിന് മുൻപ് എല്ലാ അധ്യാപകരും വാക്സിൻ എടുക്കണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ സ്‌കൂൾ തുറന്നിട്ട് ഏതാണ്ട് ഒരു മാസമായിട്ടും ഇത്രത്തോളം അധ്യാപകർ വാക്സിനെടുക്കാൻ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാക്‌സിനെടുക്കാത്തവർ എത്രയും വേഗം വാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ആരോഗ്യ വകുപ്പിനെയും കോവിഡ് ഉന്നതതല സമിതിയെയും അറിയിക്കുമെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. സ്‌കൂൾ തുറക്കുന്നതിനായി തയ്യാറാക്കിയ മാർഗരേഖയിൽ ഇക്കാര്യം കർശനമായി പറഞ്ഞിരുന്നു. അധ്യാപകർ വാക്സിനെടുക്കാതിരിക്കുന്നത് മാർഗരേഖയ്ക്ക് വിരുദ്ധമാണ്. ബയോബബിൾ സംവിധാനത്തെയും അത് ബാധിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഇവർ എത്രയും പെട്ടെന്ന് വാക്സിനെടുക്കണമെന്നും സ്‌കൂൾ തുറന്ന സാഹചര്യത്തിൽ കുട്ടികളുടെയും സമൂഹത്തിന്റെയും സുരക്ഷ മാനിച്ച് വാക്സിനെടുക്കാൻ ഈ അധ്യാപകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാക്സിനെടുക്കാത്ത അധ്യാപകർ സ്‌കൂളിൽ വരേണ്ടെന്നും വീട്ടിൽ ഇരുന്നാൽ മതിയെന്നും നിർദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: അട്ടപ്പാടിയിൽ ആവർത്തിക്കുന്ന ശിശു മരണങ്ങൾ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആദിവാസി വിഭാഗത്തോടുള്ള സർക്കാരിന്റെ അവഗണനയാണ് ഇതിലൂടെ വ്യക്തമാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. അട്ടപ്പാടി ശിശുമരണത്തിൽ ഒന്നാം പ്രതി സംസ്ഥാന സർക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തെ ദരിദ്ര രാജ്യങ്ങളിൽ പോലും സംഭവിക്കാത്ത കാര്യങ്ങളാണ് കേരളത്തിൽ അടിക്കിടെ ഉണ്ടാവുന്നത്. ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള കേന്ദ്രഫണ്ട് വിനിയോഗിക്കാതെ സംസ്ഥാനം വഴിമാറ്റി ചിലവഴിക്കുകയാണ്. പോഷകാഹാരക്കുറവും ചികിത്സാ സംവിധാനങ്ങളുടെ അഭാവവുമാണ് പിഞ്ചുകുഞ്ഞുങ്ങളുടെ മരണത്തിനു കാരണമെന്നത് കേരളത്തിന് അപമാനകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ കാലഘട്ടത്തിലും അമ്മമാർക്ക് പോഷകാഹാര കുറവ് ഉണ്ടാകുന്നുവെങ്കിൽ സർക്കാർ ദയനീയ പരാജയമാണെന്ന് പറയേണ്ടി വരും. മുൻപ് ശിശുമരണങ്ങൾ നടന്നപ്പോൾ ബിജെപി ഇത് ചൂണ്ടിക്കാണിച്ചിട്ടും സർക്കാർ അതെല്ലാം അവഗണിക്കുകയായിരുന്നു. പിണറായി സർക്കാരിന്റെ ഭാഗത്ത് നിന്നും ഗുരുതരവീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. മരണപ്പെട്ട കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കിയ വിഷയത്തിലാണ് അദ്ദേഹം കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയത് മുഖ്യമന്ത്രിയെ എം.എൽ.എ.പദത്തിലേക്ക് തരംതാഴ്ത്തിയത് പോലെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

‘സാധാരണ ഗതിയിൽ കേന്ദ്ര ഭരണ പ്രദേശങ്ങളെ സംസ്ഥാനമാക്കി ഉയർത്താറാണ് പതിവ്. പക്ഷെ ഇവിടെ സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമാക്കി തരംതാഴ്ത്തി. ഡി.ജി.പിയെ എസ്.എച്ച്.ഒ. ആക്കുന്നതുപോലെയും മുഖ്യമന്ത്രിയെ എം.എൽ.എ. ആക്കുന്നതുപോലെയുമാണത്. സാമാന്യ ബുദ്ധിയുള്ള ഒരാളും ഇങ്ങനെ ചെയ്യില്ലെന്നും ഗുലാം നബി ആസാദ് അഭിപ്രായപ്പെട്ടു. കുൽഗാമിൽ നടന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

അതേസമയം ശൈത്യകാലത്ത് കശ്മീരിൽ തിരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. കശ്മീരിൽ ആദ്യം സംസ്ഥാന പദവി പുനഃസ്ഥാപിക്കുകയാണ് വേണ്ടത്. ഇക്കാര്യം ഞങ്ങൾ സർവകക്ഷിയോഗത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഫെബ്രുവരിയോടെ അതിർത്തി നിർണയം പൂർത്തിയാക്കണമെന്നും തുടർന്ന് ഏപ്രിലിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിന് സംസ്ഥാന പദവി തിരിച്ച് വേണമെന്നത് എല്ലാ വിഭാഗം ജനങ്ങളുടെയും ആഗ്രഹമാണ്. ഏതെങ്കിലും ഒരു വിഭാഗം മാത്രമല്ല ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും ബി.ജെ.പി നേതാക്കൾ പോലും കശ്മീരിന് സംസ്ഥാന പദവി തിരിച്ച് വേണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലഖ്നൗ: ഉത്തർപ്രദേശിന്റെ വികസനങ്ങളിൽ വൻകുതിപ്പുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. വിമാനത്താവളങ്ങൾ മുതൽ എക്സ്പ്രസ് വേകൾ വരെ ഒരുക്കിയാണ് നരേന്ദ്ര മോദി സർക്കാരും യോഗി സർക്കാരും ഉത്തർപ്രദേശിൽ വികസന കുതിപ്പ് നടത്തുന്നത്. ഇക്കഴിഞ്ഞ ദിവസം മോദി നോയ്ഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് തറക്കല്ലിട്ടത് ഈ വികസന കുതിപ്പിന്റെ ഏറ്റവും മികച്ച മാതൃകയാണ്. 35000 കോടി രൂപയാണ് വിമാനത്താവളത്തിന്റെ ചെലവ്. 2024 ലാണ് വിമാനത്താവളം പ്രവർത്തനം ആരംഭിക്കുന്നത്.. ഡൽഹി ഐജി ഐ വിമാനത്താവളത്തിൽ നിന്നും 72 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഈ വിമാനത്താവളം യുപിയുടെ സാമ്പത്തിക കുതിപ്പിന് ഊർജ്ജം പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഒരു ലക്ഷത്തോളം തൊഴിലവസരങ്ങളും വിമാനത്താവളം സൃഷ്ടിക്കും. അലിഗഡ്, ഹപൂർ, ഗ്രേറ്റർ നോയ്ഡ, ഗാസിയാബാദ്, ബുലന്ദ് ശഹർ എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കൾക്കായിരിക്കും തൊഴിൽ ലഭിക്കുന്നത്. അതേസമയം നവംബർ 16 ന് ഉത്തർപ്രദേശിൽ പൂർവ്വാഞ്ചൽ എക്സ്പ്രസ് വേ തുറന്നു. 2018 ജൂലായ് 14 നാണ് ഈ പദ്ധതിക്ക് തറക്കല്ലിട്ടത്. മൂന്ന് വർഷത്തിനുള്ളിൽ 22,500 കോടി ചെലവിൽ ഈ ആറ് വരിപ്പാത പണിതു. ലഖ്നൗവിലെ ചന്ദ്സരായി ഗ്രാമത്തിൽ നിന്നാണ് ഈ എക്സ്പ്രസ് വേ ആരംഭിക്കുന്നത്. ഗാസിപൂരിലെ എൻഎച്ച് 31ലെ ഹൈദരിയ ഗ്രാമത്തിൽ ഈ എക്സ്പ്രസ് വേ അവസാനിക്കുന്നു. 22 ഫ്ളൈ ഓവറുകളും ഏഴ് റെയിൽവേ ഓവർ ബ്രിഡ്ജുകളും ഏഴ് പ്രധാന പാലങ്ങളും 114 ചെറിയ പാലങ്ങളും ആറ് ടോൾ പ്ലാസകളും അടങ്ങിയതാണ് പൂർവ്വാഞ്ചൽ എക്സ്പ്രസ് വേ. ഭാവിയിൽ സംസ്ഥാനത്തിന്റെ എല്ലാ മുക്കൂമൂലകളേയും റോഡ് വഴി ബന്ധിപ്പിക്കുന്നതിനുള്ള മുഖ്യപാതയായിരിക്കും ഇത്. പൊടുന്നനെ വിമാനങ്ങൾക്ക് ലാന്റ് ചെയ്യാനും ഈ പൂർവ്വാഞ്ചൽ പാതയിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇത് യുദ്ധസാഹചര്യത്തിൽ യുദ്ധവിമാനങ്ങളെ സജ്ജമാക്കാൻ ഇത് സഹായകരമാകും.

17 ലക്ഷം കോടിയാണ് ഉത്തർപ്രദേശിന്റെ മൊത്തം ആഭ്യന്തരോത്പാദനം. ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് യുപി. യോഗി സർക്കാർ അധികാരത്തിലേറുമ്പോൾ വെറും 1.5 വിമാനത്താവളാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇന്ന് അഞ്ച് വിമാനത്താവളങ്ങളാണ് സംസ്ഥാനത്തുള്ളത്.

ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി കോൺഗ്രസ് വിളിച്ചുചേർക്കുന്ന ഒരു യോഗത്തിലും തൃണമൂൽ കോൺഗ്രസ് പങ്കെടുക്കില്ല. ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനോടും ബി.ജെ.പിയോടുമാണ് തൃണമൂൽ കോൺഗ്രസ് മത്സരിക്കുന്നത്. അതിനാൽ കോൺഗ്രസുമായി ഏതെങ്കിലും രീതിയിലുള്ള യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് തൃണമൂലിന്റെ ഗോവ ഘടകം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

തിങ്കളാഴ്ച രാവിലെയാണ് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ തന്റെ ചേംബറിൽ എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും യോഗം വിളിച്ചിരിക്കുന്നത്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിലുണ്ടായ ഐക്യത്തിന്റെ വിജയമാണ് ശീതകാല സമ്മേളനത്തിന് മുമ്പ് പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചു ചേർക്കാൻ കോൺഗ്രസിന് പ്രേരണയായതെന്നാണ് വിവരം. അതേസമയം തങ്ങളുടെ പാർട്ടിയെ ദുർബലപ്പെടുത്തി തൃണമൂൽ ബി.ജെ.പിയെ സഹായിക്കുകയാണെന്ന് നേരത്തെ ചില കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കവെ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബി.ജെ.പിയെ എങ്ങനെ നേരിട്ടുവെന്ന് എല്ലാവരും കണ്ടതിനാൽ തങ്ങളെ ഇക്കാര്യത്തിൽ കുറ്റപ്പെടുത്താനാവില്ലെന്ന് തൃണമൂൽ നേതാക്കൾ പ്രതികരിക്കുകയും ചെയ്തുവെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഗോവയിലും മേഘാലയയിലും കോൺഗ്രസ് നേതാക്കളെ പാർട്ടിയിലേക്ക് എത്തിക്കാൻ തൃണമൂലിന് കഴിഞ്ഞിരുന്നു. ഈ രണ്ട് സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ അടിത്തറയിൽ തൃണമൂൽ വലിയ വിള്ളലാണ് വരുത്തിയിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറഖയുന്നത്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ ഐക്യം സംബന്ധിച്ചുള്ള ചർച്ചകൾ നടക്കുന്നത്.