കോൺഗ്രസ് വിളിച്ചു ചേർക്കുന്ന യോഗത്തിൽ തൃണമൂൽ പങ്കെടുക്കില്ല

ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി കോൺഗ്രസ് വിളിച്ചുചേർക്കുന്ന ഒരു യോഗത്തിലും തൃണമൂൽ കോൺഗ്രസ് പങ്കെടുക്കില്ല. ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനോടും ബി.ജെ.പിയോടുമാണ് തൃണമൂൽ കോൺഗ്രസ് മത്സരിക്കുന്നത്. അതിനാൽ കോൺഗ്രസുമായി ഏതെങ്കിലും രീതിയിലുള്ള യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് തൃണമൂലിന്റെ ഗോവ ഘടകം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

തിങ്കളാഴ്ച രാവിലെയാണ് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ തന്റെ ചേംബറിൽ എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും യോഗം വിളിച്ചിരിക്കുന്നത്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിലുണ്ടായ ഐക്യത്തിന്റെ വിജയമാണ് ശീതകാല സമ്മേളനത്തിന് മുമ്പ് പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചു ചേർക്കാൻ കോൺഗ്രസിന് പ്രേരണയായതെന്നാണ് വിവരം. അതേസമയം തങ്ങളുടെ പാർട്ടിയെ ദുർബലപ്പെടുത്തി തൃണമൂൽ ബി.ജെ.പിയെ സഹായിക്കുകയാണെന്ന് നേരത്തെ ചില കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കവെ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബി.ജെ.പിയെ എങ്ങനെ നേരിട്ടുവെന്ന് എല്ലാവരും കണ്ടതിനാൽ തങ്ങളെ ഇക്കാര്യത്തിൽ കുറ്റപ്പെടുത്താനാവില്ലെന്ന് തൃണമൂൽ നേതാക്കൾ പ്രതികരിക്കുകയും ചെയ്തുവെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഗോവയിലും മേഘാലയയിലും കോൺഗ്രസ് നേതാക്കളെ പാർട്ടിയിലേക്ക് എത്തിക്കാൻ തൃണമൂലിന് കഴിഞ്ഞിരുന്നു. ഈ രണ്ട് സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ അടിത്തറയിൽ തൃണമൂൽ വലിയ വിള്ളലാണ് വരുത്തിയിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറഖയുന്നത്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ ഐക്യം സംബന്ധിച്ചുള്ള ചർച്ചകൾ നടക്കുന്നത്.