General (Page 1,312)

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബിൽ പാസാക്കി ലോക്‌സഭ. ബില്ലിന്മേൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടയിലാണ് ലോക്‌സഭ ബിൽ പാസാക്കിയത്. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് ബിൽ അവതരിപ്പിച്ചത്. ശബ്ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്.

രാവിലെ പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചത് മുതൽ ലോക്സഭയിൽ പ്രതിപക്ഷം ബഹളം ആരംഭിച്ചിരുന്നു. കാർഷിക നിയമം പിൻവലിക്കുന്നതിനുള്ള ബില്ലിൽ ചർച്ച നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. സഭയുടെ നടുത്തളത്തിലിറങ്ങിയാണ് പ്രതിപക്ഷ നേതാക്കൾ പ്രതിഷേധിച്ചത്. രാജ്യസഭയിലും ബിൽ ഇന്നു തന്നെ പാസാക്കിയേക്കും. ഇതിനുള്ള ശ്രമങ്ങളാണ് ഭരണപക്ഷത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

നവംബർ 19-നാണ് മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. ഏറെ നാളത്തെ സമരങ്ങൾക്കും പ്രതിഷേധ പ്രകടനങ്ങൾക്കുമൊടുവിലാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്.

കർഷക സമരം ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ നിയമം പാസാക്കി ഒരു വർഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായത്.

അത് നടപ്പായി, ഇനി എംഎസ്പി(താങ്ങുവില) അടക്കമുള്ള കർഷകരുടെ മറ്റു പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കാമെന്നായിരുന്നു കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബിൽ ലോക്സഭയിൽ പാസാക്കിയതിന് പിന്നാലെ കർഷക നേതാവ് രാകേഷ് ടികായത്ത് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യമുണ്ടായാൽ റോഡുകളിൽ അടിയന്തിരമായി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വിജിലൻസ് വിഭാഗവും,
നിരത്ത് പരിപാലന വിഭാഗവും സംയുക്തമായി ഈ പ്രവൃത്തികളുടെ മേൽനോട്ടവും ഗുണമേന്മയും ഉറപ്പു വരുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കേടുപാടുകളുണ്ടായ റോഡുകളിൽ അടിയന്തിരമായി നടത്തേണ്ട അറ്റകുറ്റപ്പണികൾക്ക് 119 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ പ്രവൃത്തികൾ തുടങ്ങാൻ കഴിയാത്ത വിധം കേരളത്തിൽ മഴ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

കേടുപാടുകളുണ്ടായ റോഡുകളിൽ അടിയന്തിരമായി നടത്തേണ്ട അറ്റകുറ്റപ്പണികൾക്ക് 119 കോടി രൂപ അനുവദിച്ചിരുന്നു.

എന്നാൽ പ്രവൃത്തികൾ തുടങ്ങാൻ കഴിയാത്ത വിധം കേരളത്തിൽ മഴ തുടരുകയാണ്. മഴ മാറിനിൽക്കുന്ന സാഹചര്യമുണ്ടായാൽ , അടിയന്തിരമായി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്.

പൊതുമരാമത്ത് വിജിലൻസ് വിഭാഗവും, നിരത്ത് പരിപാലന വിഭാഗവും സംയുക്തമായി ഈ പ്രവൃത്തികളുടെ മേൽനോട്ടവും ഗുണമേൻമയും ഉറപ്പു വരുത്തുന്നതാണ്.

ന്യൂഡൽഹി: ഭാര്യയെ ഭർത്താവ് മർദ്ദിക്കുന്ന പ്രവർത്തിയെ ന്യായീകരിച്ച് രാജ്യത്തെ മുപ്പതു ശതമാനത്തിലധികം സ്ത്രീകൾ. ദേശീയ കുടുംബ ആരോഗ്യ സർവേ(എൻ.എഫ്.എച്ച്.എസ്.) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെയുള്ള 18 സ്ഥലങ്ങളിൽ നടത്തിയ സർവേയിൽ 14 ഇടത്തെ 30 ശതമാനത്തിൽ അധികം സ്ത്രീകളാണ് ചില സാഹചര്യത്തിൽ ഭർത്താവ് ഭാര്യയെ മർദിക്കുന്നത് നീതീകരിക്കാമെന്ന് പറഞ്ഞത്. എന്നാൽ വളരെ കുറച്ച് പുരുഷന്മാർ മാത്രമാണ് ഇത്തരം പെരുമാറ്റം ശരിയാണെന്ന് അഭിപ്രായപ്പെട്ടതെന്നാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. അതേസമയം രണ്ട് സംസ്ഥാനങ്ങളിൽ 80 ശതമാനത്തിൽ അധികം സ്ത്രീകളും പുരുഷൻ ഭാര്യയെ മർദിക്കുന്നതിൽ ന്യായമുണ്ടെന്ന് വിശ്വസിക്കുന്നു. തെലങ്കാനയിലും ആന്ധ്രാപ്രദേശിലും 84 ശതമാനം സ്ത്രീകൾ വീതമാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചതെന്നാണ് സർവ്വേയിൽ വ്യക്തമാക്കുന്നത്. കർണാടകയിൽ 77 ശതമാനം സ്ത്രീകളാണ് ഭർത്താവ് ഭാര്യയെ മർദ്ദിക്കുന്നതിനെ അനുകൂലിക്കുന്നത്. കേരളത്തിൽ 52 ശതമാനം സ്ത്രീകളാണ് ഭാര്യയെ ഭർത്താവ് മർദ്ദിക്കുന്നതിനെ ന്യായീകരിക്കുന്നത്.

മണിപ്പുരിൽ 66% പേരും ജമ്മു കശ്മീരിൽ 49% പേരും മഹാരാഷ്ട്രയിൽ 44% ശതമാനം പേരും പശ്ചിമ ബംഗാളിൽ 42% ശതമാനം പേരും ഭാര്യയെ ഭർത്താവ് മർദ്ദിക്കുന്നതിൽ തെറ്റില്ലെന്ന അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഭാര്യമാരെ ഭർത്താക്കന്മാർ മർദ്ദിക്കുന്നതിനെ ഏറ്റവും കുറച്ച് സ്ത്രീകൾ അനുകൂലിച്ചത് ഹിമാചൽ പ്രദേശിലാണ്. 14.8 ശതമാനം സ്ത്രീകളാണ് മർദ്ദിക്കുന്നതിൽ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ടത്.

ഭാര്യയെ അടിക്കുകയോ ഇടിക്കുകയോ ചെയ്യുന്നതിന് ഭർത്താവിനെ ന്യായീകരിക്കാനാകുമോ എന്നാണ് എൻ.എഫ്.എച്ച്.എസ് സർവ്വേയ്ക്ക് ചോദിച്ച ചോദ്യം. ഇതിന് ചില സാഹചര്യങ്ങളും മുന്നോട്ടുവെച്ചിരുന്നു. ഭാര്യ തന്നോട് വിശ്വസ്ത പുലർത്തുന്നില്ല എന്ന സംശയം, ഭർത്താവിന്റെ മാതാപിതാക്കളെ ബഹുമാനിക്കാതിരിക്കുക, ഭർത്താവുമായി തർക്കിക്കുക, ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മിതിക്കുക, ഭർത്താവിനോട് പറയാതെ പുറത്തുപോവുക, വീടും കുട്ടികളയെും ശ്രദ്ധിക്കാതിരിക്കുക, നന്നായി ഭക്ഷണം പാകം ചെയ്യാതിരിക്കുക തുടങ്ങിയവയായിരുന്നു ഈ കാരണങ്ങൾ.

തിരുവനന്തപുരം: സംസ്ഥാനത്ത് വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ വിവാഹിതരുടെ മതം തെളിയിക്കുന്ന രേഖയോ, മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യമില്ലെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. വിവാഹ രജിസ്ട്രേഷനുള്ള മെമ്മോറാണ്ടത്തിനൊപ്പം വിവാഹം ചെയ്യുന്നവരുടെ ജനനതീയതി തെളിയിക്കുന്ന അംഗീകൃത രേഖകളും വിവാഹം നടന്നത് തെളിയിക്കുന്ന രേഖയും മതിയെന്നും അദ്ദേഹം വ്യക്തമാക്കി.

2008 ലെ വിവാഹ രജിസ്ട്രേഷൻ ചട്ടങ്ങൾ പ്രകാരം എല്ലാ വിവാഹങ്ങളും കക്ഷികളുടെ മതഭേദമന്യേ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് നിഷ്‌കർഷിച്ചിരുന്നു. എന്നാൽ, 2015 ൽ ചട്ടത്തിൽ ഭേദഗതി വരുത്തി. തുടർന്നാണ് പരാതികൾ ഉയർന്നുവന്നതെന്ന് അദ്ദേഹം പറഞ്ഞു. വിവാഹങ്ങളുടെ സാധുത നിർണയിക്കുന്നത് വിവാഹിതരാകുന്ന വ്യക്തികളുടെ മതം അടിസ്ഥാനപ്പെടുത്തി മാത്രമല്ല. വിവാഹ രജിസ്ട്രേഷന് വേണ്ടി കക്ഷികൾ നൽകുന്ന ഫോറം ഒന്നിൽ കക്ഷികളുടെ മതമോ, വിവാഹം നടന്ന രീതിയോ രേഖപ്പെടുത്തേണ്ടതുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവിൽ പലയിടങ്ങളിലും ജനന തീയതി തെളിയിക്കാൻ സമർപ്പിക്കുന്ന സ്‌കൂൾ സർട്ടിഫിക്കറ്റ് പോലുള്ള രേഖകളിൽ നിന്നാണ് രജിസ്ട്രാർമാർ മതം നിർണയിക്കുന്നത്. അത്തരത്തിലുള്ള വിവരങ്ങൾ ലഭ്യമല്ലെങ്കിൽ അധിക വിവരങ്ങൾ ആരായുന്ന പതിവുണ്ട്. അത്തരം സമീപനങ്ങൾക്ക് അറുതിവരുത്താനാണ് സർക്കുലർ ഇറക്കിയതെന്നും സമൂഹത്തിലെ നവോത്ഥാന മൂല്യങ്ങളെ പരിപോഷിപ്പിക്കുവാനുള്ള സംസ്ഥാന സർക്കാരിന്റെ ബാധ്യതയുടെ ഭാഗമാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പനാജി: 52-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം നേടി ജപ്പാനീസ് ചിത്രം റിങ് വാൻഡറിങ്ങ്. മസാകാസു കാനെകോയാണ് ചിത്രം അണിയിച്ചൊരുക്കിയത്. മാംഗ കലാകാരനാവാൻ പ്രയത്‌നിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ സംഭവബഹുലമായൊരു ഏട് വരച്ചുകാട്ടിയ ചിത്രമാണ് റിങ് വാൻഡറിങ്ങ്. മികച്ച സംവിധായകനുള്ള രജതമയൂരം കരസ്ഥമാക്കിയത് വാക്ലേവ് കാണ്ട്രാൻങ്കയാണ്. സേവിങ് വൺ ഹു വാസ് ഡെഡ് എന്ന ചിത്രത്തിനാണ് അദ്ദേഹം പുരസ്‌കാരം നേടിയത്.

മികച്ച നടനായി ജിതേന്ദ്ര ജോഷി തെരഞ്ഞെടുക്കപ്പെട്ടു. ഗോദാവരി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അംഗീകാരം. ആഞ്ചലീന മൊളിനയാണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഷാർലെറ്റിലെ അഭിനയത്തിനാണ് ആഞ്ചലീനയ്ക്ക് ഈ നേട്ടം ലഭിച്ചത്. മികച്ച ചിത്രത്തിന് സുവർണമയൂരവും 40 ലക്ഷം രൂപയും ലഭിക്കും. മികച്ച സംവിധായിക/സംവിധായകൻ നടി നടൻ എന്നിവർക്ക് രജതമയൂരവും 10 ലക്ഷം രൂപയും ലഭിക്കുന്നത്. ഇറാനിയൻ സംവിധായിക രക്ഷൻ ബനിതേമാദ്, ബ്രിട്ടീഷ് നിർമാതാവ് സ്റ്റീഫൻ വൂളെ, കൊളംബിയൻ സംവിധായകൻ സിറോ ഗരേര, ശ്രീലങ്കൻ സംവിധായകൻ വിമുഖി ജയസുന്ദര, സംവിധായകനും നിർമാതാവുമായ നില മധപ് പാണ്ഡ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

73 രാജ്യങ്ങളിൽ നിന്ന് 148 ചിത്രങ്ങളാണ് അന്താരാഷ്ട്രമേളയിൽ പ്രദർശിപ്പിച്ചത്. ഒൻപത് ദിവസങ്ങളിലാണ് മേള നടന്നത്. സുവർണമയൂര പുരസ്‌കാരത്തിനുള്ള മത്സരവിഭാഗത്തിൽ 15 ചിത്രങ്ങളാണ് ഇത്തവണ മത്സരിച്ചത്. ഇന്ത്യൻ പനോരമ വിഭാഗത്തിൽ 25 ചിത്രങ്ങൾ പ്രദർശനത്തിനെത്തിയത്. ഹോമേജ് വിഭാഗത്തിൽ നടൻ നെടുമുടി വേണുവിന്റെ മാർഗം പ്രദർശിപ്പിച്ചു. റിട്രോസ്പെക്ടീവ് വിഭാഗത്തിൽ റഷ്യൻ സംവിധായകൻ ആന്ദ്രേ കൊഞ്ചലോവ്സ്‌കി, ഹംഗേറിയൻ സംവിധായകൻ ബെല ടാർ എന്നിവരുടെ ചിത്രങ്ങളും പ്രദർശിപ്പിച്ചു. സ്പെഷ്യൽ ട്രിബ്യൂട്ട് വിഭാഗത്തിൽ മൺമറഞ്ഞ ഹോളിവുഡ് താരം ഷോൺ കോണറിയുടെ അഞ്ച് ചിത്രങ്ങളാണ് പ്രദർശനത്തിയിരുന്നു.

ന്യൂഡൽഹി: എയർടെലിനും വോഡാഫോൺ ഐഡിയയ്ക്കും പിന്നാലെ പ്രീപെയ്ഡ് നിരക്ക് വർധിപ്പിച്ച് റിലയൻസ് ജിയോ. പ്രീപെയ്ഡ് താരിഫുകൾക്ക് 21 ശതമാനം വരെ വർധനവാമ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ ഒന്ന് മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും.

91 രൂപയ്ക്ക് അടിസ്ഥാന പ്ലാനുകൾ ആരംഭിക്കും. ടെലികോം വ്യവസായത്തിൽ നിലനിൽക്കുന്ന സാമ്പത്തിക പ്രയാസം പരിഹരിക്കുന്ന നടപടികളുടെ ഭാഗമായാണ് നിരക്കിൽ മാറ്റം വരുത്തുന്നതെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. സുസ്ഥിര ടെലികോം വ്യവസായത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധയുടെ ഭാഗമായാണ് നിരക്ക് വർധനവെന്നും ജിയോ പറഞ്ഞു. അതേസമയം കുറഞ്ഞ നിരക്കിൽ മികച്ച സേവനം നൽകുമെന്ന വാഗ്ദാനം തുടരുമെന്ന് കമ്പനി ഉപഭോക്താക്കൾക്ക് ഉറപ്പു നൽകുന്നു.

75 രൂപയായിരുന്ന അടിസ്ഥാന പ്ലാനിൽ 16 രൂപയുടെ വർധനവാണ് ഉണ്ടാകുന്നത്. 129 രൂപയുടെ പ്ലാൻ 26 രൂപ വർദ്ധിച്ച് 155 രൂപയായി. 149 രൂപയുടെ പ്ലാൻ 30 രൂപ വർദ്ധിച്ച് 179 രൂപയായി. 199 രൂപയുടെ പ്ലാൻ 40 രൂപ വർധിച്ച് 239 രൂപയായി ഉയർന്നു. 249 രൂപയുടെ പ്ലാൻ 50 രൂപ വർദ്ധിച്ച് 299 രൂപയായും 399 രൂപയുടെ പ്ലാൻ 80 രൂപ വർദ്ധിച്ച് 479 രൂപയായും ഉയർന്നു. 444 രൂപയുടെ പ്ലാൻ 533 ആയെന്നും കമ്പനി വ്യക്തമാക്കി.

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ. നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും വാക്സിനേഷൻ തോതും വർധിപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു.

പുതിയ കോവിഡ് വകഭേദം ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ നൽകിയിരിക്കുന്ന പ്രധാന നിർദ്ദേശങ്ങൾ:

  • ഒമിക്രോൺ വകഭേദം കണ്ടെത്തിയ രാജ്യങ്ങളെ ‘അപകട സാദ്ധ്യതയുള്ള’ രാജ്യങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തുകയും അവിടെ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരുടെ തുടർനടപടികൾ കൂടുതൽ ഊർജിതമാക്കുകയും വേണം.
  • കർശന നിയന്ത്രണങ്ങളും ശക്തമായ നിരീക്ഷണവും ആവശ്യം. വാക്സിനേഷൻ തോത് വർധിപ്പിക്കാനും, കോവിഡ് അനുയോജ്യമായ പെരുമാറ്റം ഉറപ്പുവരുത്താനും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
  • രാജ്യാന്തര വിമാനങ്ങളിലെത്തുന്ന യാത്രക്കാരുടെ മുൻകാല യാത്രാ വിവരങ്ങൾ ലഭിക്കുന്നതിന് റിപ്പോർട്ടിങ് സംവിധാനം നിലവിലുണ്ട്. ഈ സംവിധാനം സംസ്ഥാന തലത്തിൽ അവലോകനം ചെയ്യണം.
  • വിപുലമായ പരിശോധനാ സൗകര്യങ്ങൾ ഒരുക്കുക. ചില സംസ്ഥാനങ്ങളിൽ മൊത്തത്തിലുള്ള പരിശോധനയും ആർടിപിസിആർ പരിശോധനകളുടെ അനുപാതവും കുറഞ്ഞതായി കണ്ടെത്തി. ശരിയായ പരിശോധനയില്ലെങ്കിൽ യഥാർഥ അളവ് നിർണയിക്കാൻ ബുദ്ധിമുട്ടാണ്.
  • ഹോട്സ്പോട്ടുകളിലും സമീപകാലത്ത് പോസിറ്റീവ് കേസുകൾ കൂടുതലായി കണ്ടെത്തിയ പ്രദേശങ്ങളിലും തുടർച്ചയായ നിരീക്ഷണം ആവശ്യമാണ്. ഹോട്സ്‌പോട്ടുകളിൽ വിപുലമായ പരിശോധനയ്ക്കൊപ്പം എല്ലാ പോസിറ്റീവ് സാംപിളുകളും ജീനോം സീക്വൻസിങ്ങിനായി നിയുക്ത ലാബുകളിലേക്ക് അയയ്ക്കണം.
  • എല്ലാ സംസ്ഥാനങ്ങളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ താഴെ നിലനിർത്താൻ ശ്രമിക്കുക. രോഗം ആരംഭത്തിൽ തന്നെ തിരിച്ചറിയാൻ പരിശോധനകളുടെ എണ്ണവും ആർടിപിസിആർ പരിശോധനകളും വർധിപ്പിക്കുക.
  • ചികിത്സ നൽകുന്നതിൽ കാലതാമസം ഒഴിവാക്കാൻ സംസ്ഥാനത്തിലുടനീളം ആരോഗ്യ സൗകര്യങ്ങളുടെ മതിയായ ലഭ്യത ഉറപ്പാക്കുക.
  • സർക്കാർ നൽകുന്ന സാമ്പത്തിക സഹായം പരമാവധി ഉപയോഗിക്കാനും സംസ്ഥാനങ്ങൾക്ക് നിർദേശം.
  • സംസ്ഥാനങ്ങൾ പൊതുജനങ്ങളിൽനിന്നുള്ള സാംപിളിങ് ഗണ്യമായി വർധിപ്പിക്കുക. രാജ്യത്ത് വ്യാപിക്കുന്ന വകഭേദങ്ങൾ നിരീക്ഷിക്കാൻ ഇന്ത്യൻ സാർസ്‌കോവ്-2 ജീനോമിക്സ് കൺസോർഷ്യം സ്ഥാപിച്ചു. വൈറസിന്റെ ജീനോമിക് വ്യതിയാനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള മൾട്ടി-ലബോറട്ടറി, മൾട്ടി-ഏജൻസി, പാൻ-ഇന്ത്യ നെറ്റ്വർക്ക് ആണിത്.
  • വ്യാജ പ്രചാരണങ്ങൾ ഒഴിവാക്കാൻ എല്ലാ സംസ്ഥാനങ്ങളും വാർത്താസമ്മേളനങ്ങളിലൂടെയും ബുള്ളറ്റിനിലൂടെയും ജനങ്ങളുടെ ആശങ്കയില്ലാതാക്കുകയും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും വേണം.

തിരുവനന്തപുരം: തലസ്ഥാനത്ത് പുതിയ സർവ്വീസ് ആരംഭിച്ച് കെഎസ്ആർടിസി. സിറ്റി സർക്കുലർ സർവ്വീസിന്റെ ഉദ്ഘാടനം തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും. തിരുവനന്തപുരം നഗരത്തിലെ ഗതാഗതം സമഗ്രമായി പരിഷ്‌കരിക്കുന്നതിനും യാത്രാക്ലേശം പരിഹരിക്കുന്നതിനും ഹോപ് ഓൺ – ഹോപ് ഓഫ് മാതൃകയിൽ കെ.എസ്.ആർ.ടി.സി, തിരുവനന്തപുരം നഗരത്തിൽ ആരംഭിക്കുന്ന യാത്രാ സംവിധാനമാണ് സിറ്റി സർക്കുലർ സർവീസ്. നഗരത്തിന്റെ എല്ലാ കോണുകളിലേക്കും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാതെ തന്നെ, തിരക്കേറിയ സമയങ്ങളിൽ 10 മുതൽ 15 മിനിട്ട് വരെ ഇടവേളകളിൽ ഇരുദിശകളിലേക്കും സഞ്ചരി ക്കാവുന്ന തരത്തിലാണ് 7 സർക്കുലർ റൂട്ടുകൾ വിഭാവനം ചെയ്തിരിക്കുന്നതെന്ന് കെഎസ്ആർടിസി അറിയിച്ചു.

നഗരത്തിലെ പ്രമുഖ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ-വ്യാപാരസ്ഥാപനങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയെ തുടർച്ചയായി ബന്ധിപ്പിച്ചുകൊണ്ട് നഗരത്തിലുള്ളവർക്കും പുറത്തുനിന്നുള്ളവർക്കും ഉപകാര പ്രദമാകുന്ന രീതിയിലാണ് സർവീസ്. റൂട്ടുകൾ തിരിച്ചറിയാൻ പ്രത്യേകം നിറങ്ങൾ നൽകിയിരിക്കുന്നു. എല്ലാ സിറ്റി സർക്കുലർ ബസിലും ഏത് റൂട്ടിലും പരിധിയില്ലാതെ 24 മണിക്കൂർ യാത്ര ചെയ്യാൻ സാധിക്കുന്ന ഗുഡ് ഡേ ടിക്കറ്റ്, ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് കെ.എസ്.ആർ.ടി.സി ട്രാവൽ കാർഡുകൾ തുടങ്ങിയവ ഈ സർവീസിന്റെ പ്രത്യേകതകളാണ്.

തിരുവനന്തപുരം നഗരത്തിലെ പൊതു ഗതാഗതത്തിന്റെ മുഖച്ഛായ മാറ്റുന്ന സിറ്റി സർക്കുലർ സർവീസിന്റെ ഉദ്ഘാടനം 2021 നവംബർ 29 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിക്കും. ബഹു, ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി കെ.എസ്.ആർ.ടി.സി. ട്രാവൽ കാർഡ് പുറത്തിറക്കും. ബഹു. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ. ജി. ആർ. അനിൽ ഗുഡ് ഡേ ടിക്കറ്റ് പ്രകാശനം ചെയ്യും.

ന്യൂഡൽഹി: ഒമിക്രോൺ വകഭേദത്തിൽ പരിഭ്രാന്തി വേണ്ടെന്ന് ഐസിഎംആർ. തീവ്രവ്യാപന ശേഷിയുള്ള വകഭേദമാണ് ഒമിക്രോൺ എന്ന റിപ്പോർട്ടുകൾ നിലവിലുണ്ടെങ്കിലും ഇത് സാധൂകരിക്കാൻ പര്യാപ്തമായ തെളിവുകൾ പുറത്ത് വന്നിട്ടില്ലെന്നാണ് ഐസിഎംആർ വ്യക്തമാക്കുന്നത്. അതിനാൽ ജാഗ്രത തുടർന്നാൽ മതിയാകുമെന്നും ഐസിഎംആർ പറയുന്നു. അതേസമയം പുതിയ വൈറസ് വകഭേദത്തിനെതിരെ ജാഗ്രത കൈവിടരുതന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട് അഭ്യർത്ഥിച്ചു.

രാജ്യത്തെ 16 കോടിയോളം പേർ ഒരു ഡോസ് വാക്സിൻ പോലും സ്വീകരിച്ചിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പുതിയ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിൽ വാക്സിൻ വിമുഖത ഉപേക്ഷിക്കണമെന്ന് ഐസിഎംആർ നിർദ്ദേശം. നിലവിലെ സാഹചര്യം വാക്‌സിനേഷൻ നടപടിയെ ബാധിക്കരുതെന്നും ഐസിഎംആർ മുന്നറിയിപ്പ് നൽകി.

നിലവിൽ ഉപയോഗിക്കുന്ന വാക്സിനുകളുടെ ശേഷിയെ ബാധിക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. പക്ഷേ വാക്സിനെടുത്തവർക്ക് വൈറസ് ബാധ ഗുരുതരമാകില്ലെന്ന് തന്നെയാണ് എഐസിഎംആർ വ്യക്തമാക്കുന്നത്.

കൊച്ചി: മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തൽ. മോൻസന്റെ പുരാവസ്തുശേഖരത്തിലുള്ള 35 എണ്ണം വ്യാജമാണെന്നാണ് സംസ്ഥാന പുരാവസ്തു വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരമാണ് പുരാവസ്തു വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇവയെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയത്.

പുരാവസ്തു വകുപ്പ് തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് കൈമാറി. ശബരിമല ചെമ്പോലയിൽ വിശദമായ പരിശോധന വേണമെന്ന ആവശ്യവും റിപ്പോർട്ടിൽ ഉന്നയിക്കുന്നുണ്ട്. പുരാവസ്തു തട്ടിപ്പ് കേസിൽ ബന്ധപ്പെട്ട വകുപ്പുകളുടെ ഔദ്യോഗിക സ്ഥിരീകരണം കൂടി അന്വേഷണസംഘത്തിന് ആവശ്യമായിരുന്നു. ഈ സാഹചര്യത്തിലാണ് മോൻസന്റെ ശേഖരത്തിലുള്ള വസ്തുക്കൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പുരാവസ്തു വകുപ്പിനോട് ആവശ്യപ്പെട്ടത്. ടിപ്പുവിന്റെ സിംഹാസനം, ഓട്ടുപാത്രങ്ങൾ, വിളക്കുകൾ, തംബുരു തുടങ്ങിയവയെല്ലാം അടിമുടി വ്യാജമാണെന്നാണ് പുരാവസ്തു വകുപ്പിന്റെ കണ്ടെത്തൽ. ഇവയ്ക്ക് കാലപ്പഴക്കമില്ലെന്നും യാതൊരു മൂല്യവുമില്ലെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നു.