തായ്‌വാന്റെ പേരിൽ ചൈനയും യുഎസും തമ്മിലുള്ള ചേരിപ്പോര് രൂക്ഷമാകുന്നു

വാഷിംഗ്ടൺ: തായ്‌വാന്റെ പേരിൽ ചൈനയും യുഎസും തമ്മിലുള്ള ചേരിപ്പോര് രൂക്ഷമാകുന്നു. യുഎസ് തായ്‌വാനെ ഡിസംബറിൽ നടക്കാൻ പോകുന്ന ജനാധിപത്യ ഉച്ചകോടിക്ക് ക്ഷണിച്ചതാണ് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. തായ്‌വാൻ ചൈനയുടെ ഭാഗമാണെന്നും എന്തുവിലകൊടുത്തും സമാധാനപരമായി തായ്‌വാനെ ചൈനയുടെ ഭാഗമാക്കുമെന്ന് കഴിഞ്ഞ മാസമാണ് ചൈനയുടെ പ്രസിഡൻറ് ഷീ ജിൻപിങ് പ്രഖ്യാപിച്ചത്. എന്നാൽ ചൈനയുടെ മോഹം നടക്കില്ലെന്നും തായ്‌വാൻ സ്വതന്ത്ര പരമാധികാര രാഷ്ട്രമാണെന്നും തായ്‌വാൻ നേതാവ് സൈ ഇങ് വെൻ വ്യക്തമാക്കിയിരുന്നു.

അതേസമയം സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായി തുടരുന്ന തായ്‌വാനെ ചൈനയിൽ ലയിപ്പിക്കാനുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഗൂഢലക്ഷ്യം നടക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. ചൈന ആക്രമിച്ചാൽ തായ്‌വാന് സർവ്വ പിന്തുണയും നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഒരൊറ്റ ചൈന എന്ന തത്വം യുഎസ് അംഗീകരിക്കണമെന്ന് ചൈനീസ് ഉദ്യോഗസ്ഥൻ സു ഫെഗ്ലിയൻ വ്യക്തമാക്കി. തായ്‌വാന് സ്വാതന്ത്ര്യം തേടുന്നവരും അതിന് പിന്തുണ നൽകുന്ന യുഎസും തീകൊണ്ട് കളിക്കുകയാണെന്ന് ഷി ജിൻപിങ് മുന്നറയിപ്പ് നൽകി.

യുഎസ് സംഘടിപ്പിക്കുന്ന ജനാധിപത്യ ഉച്ചകോടിയിൽ ഫ്രാൻസ്, സ്വീഡൻ, ഇന്ത്യ, പോളണ്ട്, ഫിലിപ്പൈൻസ് എന്നീ രാഷ്ട്രങ്ങൾ പങ്കെടുക്കും. തായ്‌ലാന്റ്, വിയറ്റ്നാം, തുർക്കി, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളെ ഉച്ചകോടിയിൽ നിന്നും ഒഴിവാക്കും. മധ്യേഷ്യയിൽ നിന്നും ഇറാഖും ഇസ്രയേലും ഉച്ചകോടിയിൽ പങ്കെടുക്കുമെന്നും യുഎസ് അറിയിച്ചു.