General (Page 1,314)

തിരുവനന്തപുരം: ഒന്നു മുതൽ 12 വരെ ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്‌കരിക്കാനായി ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്. പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട് തയാറാക്കാൻ വിദ്യാഭ്യാസ പരിശീലന ഗവേഷണ സമിതി (എസ്സിഇആർടി)യെ വിദ്യാഭ്യാസ വകുപ്പ് ചുമതലപ്പെടുത്തി. സർക്കാരിന്റെ പ്രധാന നയങ്ങളായ വിജ്ഞാന സമൂഹം സൃഷ്ടിക്കൽ, പ്രാദേശിക സമ്പദ്ഘടന ശക്തിപ്പെടുത്തൽ, ലിംഗ നീതി ഉറപ്പാക്കൽ എന്നിവയുടെ അടിസ്ഥാനത്തിലാണ് പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നത്. തൊഴിൽ പരിചയം പഠനത്തിന്റെ ഭാഗമാക്കണം.

ഭരണഘടന അനുശാസിക്കുന്ന മതനിരപേക്ഷത, ജനാധിപത്യം, സമത്വം തുടങ്ങിയവ പാഠ്യപദ്ധതിയുടെ ഭാഗമാകണം. പ്രീ സ്‌കൂൾ, സ്‌കൂൾ, അധ്യാപക വിദ്യാഭ്യാസം, മുതിർന്ന പൗരന്മാർക്കുള്ള തുടർ വിദ്യാഭ്യാസം എന്നിങ്ങനെ 4 പാഠ്യപദ്ധതി ചട്ടക്കൂടുകളാണ് വികസിപ്പിക്കുന്നത്. പൊതുസമൂഹത്തിന്റെ നിർദേശങ്ങൾക്കായി ചർച്ചകൾ സംഘടിപ്പിക്കണം. അതിന്റെ അടിസ്ഥാനത്തിൽ ഫോക്കസ് ഗ്രൂപ്പുകൾ രൂപീകരിച്ച് അന്തിമ രൂപരേഖ തയാറാക്കണമെന്നും പാഠപുസ്തകങ്ങളും അധ്യാപകർക്കുള്ള പഠന സഹായികളും തയാറാക്കണമെന്നും നിർദേശമുണ്ട്.

ന്യൂഡൽഹി: കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രാജ്യാന്തര യാത്ര നിയന്ത്രണങ്ങൾ നീക്കിയ നടപടി പുനപരിശോധിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം. അവലോകനയോഗത്തിലാണ് പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ഇക്കാര്യം നിർദ്ദേശിച്ചത്. പുതിയ വകഭേദത്തിലൂടെ ഉണ്ടാവുന്ന ഭീഷണി നേരിടണമെന്നും അതിനായി വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര വിമാന സർവീസുകൾ വീണ്ടും തുടങ്ങുന്നത് പുനഃപരിശോധിക്കണമെന്നാണ് പ്രധാനമന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്. പുതിയ വകഭേദമായ ഒമിക്രോൺ വിദേശ രാജ്യങ്ങളിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി സാഹചര്യം വിലയിരുത്തിയത്. ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര യാത്രാനിയന്ത്രണങ്ങൾ നീക്കിയതിന് തൊട്ടുപിന്നാലെ പുതിയ വകഭേദം ഭീഷണിയായത് കേന്ദ്രത്തിന് വെല്ലുവിളിയായിരിക്കുകയാണ്. ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസ് നിർത്തിവെക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി കെജ്രിവാൾ ഇതിനോടകം ആവശ്യപ്പെട്ടു കഴിഞ്ഞു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ.മിശ്ര, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ , നീതി ആയോഗ് അംഗം ഡോ.വി.കെ.പോൾ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വൈറസ് വകഭേദം തീവ്ര വ്യാപനശേഷിയുള്ളതെന്ന് കണ്ടെത്തിയതോടെ ആഫ്രിക്കയിലേക്കുള്ള വിമാനസർവീസുകൾ വിവിധ ലോകരാജ്യങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. അൻപതിൽ താഴെ ആളുകളിൽ മാത്രമാണ് സ്ഥിരീകരിച്ചതെങ്കിലും പുതിയ വൈറസ് ഇതിനകം ആയിരക്കണക്കിനാളുകളിലേക്ക് പടർന്നിരിക്കാമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

ന്യൂഡൽഹി: സ്വപ്ന സുരേഷിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് കേന്ദ്ര സർക്കാർ. കരുതൽ തടങ്കൽ റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെയാണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാണ് കേന്ദ്ര സർക്കാർ ഉന്നയിച്ചിരിക്കുന്ന ആവശ്യം. സെൻട്രൽ ഇക്കോണോമിക് ഇന്റിലിജൻസ് ബ്യുറോയിലെ സ്‌പെഷ്യൽ സെക്രട്ടറി, കമ്മീഷണർ ഓഫ് കസ്റ്റംസ് എന്നിവർ ഉൾപ്പെടെയുള്ളവരാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. ആവശ്യമായ രേഖകൾ പരിശോധിച്ച ശേഷമാണ് സ്വപ്ന സുരേഷിന്റെ കരുതൽ തടങ്കൽ ഉത്തരവ് ഇറക്കിയതെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്.

സ്വർണ്ണകടത്ത് കേസിലെ മറ്റ് ആറ് പ്രതികളുടെ കോഫെപോസെ നിയമപ്രകാരം ഉള്ള കരുതൽ തടങ്കൽ കോടതികൾ ശരിവച്ചിട്ടുണ്ടെന്നും കേന്ദ്രസർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സ്വർണക്കടത്തു കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്ന സ്വപ്ന ഈ മാസം ആറിന് ആണ് ജയിൽ മോചിതയായത്. അറസ്റ്റിലായി ഒരു വർഷവും മൂന്ന് മാസവും പിന്നിട്ട ശേഷമാണ് സ്വപ്‌നയ്ക്ക് ജയിലിൽ നിന്നും പുറത്തിറങ്ങാൻ കഴിഞ്ഞത്. ജാമ്യം നേരത്തെ ലഭിച്ചെങ്കിലും ഉപാധികളിലെ നടപടി ക്രമങ്ങൾ നീണ്ടുപോയത് കാരണമാണ് ജയിൽ മോചനം വൈകിയത്.

എൻഫോഴ്‌സ്‌മെന്റ് രജിസ്റ്റർ ചെയ്ത കേസിലാണ് എറണാകുളം ജില്ല വിട്ടു പോകാൻ പ്രിൻസിപ്പൽ സെഷൻസ് കോടതി അനുമതി നൽകിയത്. വീട് തിരുവന്തപുരത്തായതിനാൽ എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥ നീക്കണമെന്നാവശ്യപ്പെട്ടാണ് സ്വപ്ന കോടതിയെ സമീപിച്ചത്. സ്വപ്നയുടെ ആവശ്യത്തെ എൻഫോഴ്‌സ്‌മെന്റും അനുകൂലിച്ചിരുന്നു.

തിരുവനന്തപുരം: കേരളം ദാരിദ്ര്യ സൂചികയിൽ ഏറ്റവും പിന്നിലാണ് എന്ന നിതി ആയോഗ് റിപ്പോർട്ട് കേരളത്തിന് അഭിമാനമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ നേട്ടം യുഡിഎഫ് സർക്കാരിന്റേതാണെന്നാണ് അദ്ദേഹം പറയുന്നത്. ഈ നില പിണറായി സർക്കാരിന് തുടരാൻ കഴിയുമോയെന്നും രമേശ് ചെന്നിത്തല ചോദിക്കുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2015-16 അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ടാണ് നിതി ആയോഗ് പുറത്തു വിട്ടിട്ടുള്ളത്. ഈ അംഗീകാരം ശ്രീ. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കേരളം ഭരിച്ച യു.ഡി.എഫ് സർക്കാരിന്റെ ജനകീയ പരിപാടികളെ പ്രതിഫലിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കടുത്ത സാമ്പത്തിക പ്രതിസന്ധി കാലയളവിൽ ജനങ്ങളുടെ മനസ്സും വയറും നിറയ്ക്കുവാൻ അന്നത്തെ യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന പദ്ധതികളും എടുത്ത നടപടികളും ലോക ശ്രദ്ധ നേടിയവയാണ്. പക്ഷേ ഇന്നും ഇതാണോ സ്ഥിതി എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു. 2020-21 കാലയളവിലെ പട്ടിണി സൂചിക റിപ്പോർട്ട് പുറത്തിറങ്ങുമ്പോൾ കേരളത്തിന് നിലവിലെ റിപ്പോർട്ടിലെ നില തുടരുവാൻ കഴിയുമോ എന്നുള്ളത് സംശയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

കേരളം ദാരിദ്ര്യ സൂചികയിൽ ഏറ്റവും പിന്നിലാണ് എന്ന നിതി ആയോഗ് റിപ്പോർട്ട് കേരളത്തിന് അഭിമാനമാണ്. 2015-16 അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ടാണ് നിതി ആയോഗ് പുറത്തു വിട്ടിട്ടുള്ളത്.

ഈ അംഗീകാരം ശ്രീ. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കേരളം ഭരിച്ച യു.ഡി.എഫ് സർക്കാരിന്റെ ജനകീയ പരിപാടികളെ പ്രതിഫലിക്കുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധി കാലയളവിൽ ജനങ്ങളുടെ മനസ്സും വയറും നിറയ്ക്കുവാൻ അന്നത്തെ യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന പദ്ധതികളും എടുത്ത നടപടികളും ലോക ശ്രദ്ധ നേടിയവയാണ്.

പക്ഷേ ഇന്നും ഇതാണോ സ്ഥിതി എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു. 2020-21 കാലയളവിലെ പട്ടിണി സൂചിക റിപ്പോർട്ട് പുറത്തിറങ്ങുമ്പോൾ കേരളത്തിന് നിലവിലെ റിപ്പോർട്ടിലെ നില തുടരുവാൻ കഴിയുമോ എന്നുള്ളത് സംശയമാണ്.

കണ്ണൂർ: ഹലാൽ വിവാദവുമായി ബന്ധപ്പെട്ട് സംഘപരിവാറിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഹലാൽ വിവാദം സംഘപരിവാറിന്റെ അജണ്ടയാണെന്ന് അദ്ദേഹം പറഞ്ഞു. ഹലാൽ വിവാദം ഉയർത്തുന്നത് ന്യൂനപക്ഷങ്ങളെ ആക്രമിക്കാൻ വേണ്ടിയാണെന്നും വിവാദത്തിലൂടെ ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ധർമടം സിപിഎം ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹലാൽ എന്നാൽ കഴിക്കാൻ കൊള്ളാവുന്ന ഭക്ഷണം എന്നേ അർത്ഥമുള്ളൂ. ദേശീയ തലത്തിലുള്ള അജണ്ട കേരളത്തിലും നടപ്പാക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. പാർലമെന്റിൽ നൽകുന്ന ഭക്ഷണത്തിലും ഹലാൽ മുദ്രയുണ്ട്. ഇക്കാര്യം അന്ന് ജോൺ ബ്രിട്ടാസ് എംപി ദേശാഭിമാനിയിൽ എഴുതിയിട്ടുണ്ടെന്നും ഇതോടെ ഹലാൽ വിവാദത്തിന്റെ പൊള്ളത്തരം എല്ലാവർക്കും മനസിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കേരള ഖാദി ബോർഡ് വൈസ് ചെയർമാനായി ചുമതലയേറ്റ് സിപിഎം നേതാവ് പി ജയരാജൻ. ചെറിയാൻ ഫിലിപ്പിന്റെ പിന്മാറ്റത്തോടെയാണ് സർക്കാർ പാർട്ടി നേതൃനിരയിലെ പ്രധാനികളിലൊരാളായ പി.ജയരാജന് ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം നൽകിയത്. ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുമെന്നാണ് ചുമതലയേറ്റ ശേഷം ജയരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്.

ഡിസംബർ ഒന്നിന് വ്യവസായ മന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ ബോർഡ് യോഗം ചേർന്ന് തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിൽ ഏറ്റവും പിന്നണിയിലുള്ളവർക്ക് ആശ്രയമായിട്ടുള്ള പ്രസ്ഥാനമാണ് ഖാദി. ഖാദി വ്യവസായത്തിലെ തൊഴിലാളികൾക്ക് മിനിമം കൂലി ഉറപ്പാക്കിയ ഏക സംസ്ഥാനമാണ് കേരളം. സർക്കാരിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ടുമാത്രമാണ് കുറഞ്ഞ വേതനം ലഭിച്ചിരുന്ന തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കാനായത്. സ്ത്രീകളടക്കം നിരവധി പേർക്ക് ജോലി ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ഇതിനായി പരിശ്രമങ്ങളുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ ഫലം ലഭ്യമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി അറിയിച്ചു. www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലം അറിയാൻ കഴിയും.

സുപ്രീം കോടതിയുടെ അനുമതിയോടെയായിരുന്നു സംസ്ഥാന സർക്കാർ പ്ലസ് വൺ പരീക്ഷ നടത്തിയത്. ഏകദേശം നാല് ലക്ഷത്തോളം വിദ്യാർത്ഥികളാണ് പ്ലസ് വൺ പരീക്ഷ എഴുതിയത്.

തിരുവനന്തപുരം: ഹോമിയോപ്പതി വകുപ്പിലെ സേവനങ്ങൾ ജനങ്ങളിലെത്തിക്കാൻ സഹായിക്കുന്ന m-Homoeo വെബ് അധിഷ്ഠിത മൊബൈൽ ആപ്പ് പുറത്തിറക്കി ആരോഗ്യ വകുപ്പ്. മന്ത്രി വീണാ ജോർജാണ് ആപ്പ് പുറത്തിറക്കിയത്. പൊതുജനങ്ങൾക്ക് മൊബൈൽ സാങ്കേതികവിദ്യകൾ വഴി സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ഹോമിയോപ്പതി വകുപ്പ് മൊബൈൽ ആപ്പ് തയ്യാറാക്കിയതെന്ന് വീണാ ജോർജ് അറിയിച്ചു.

പൗരൻമാർക്ക് വകുപ്പിൽ നിന്ന് ലഭ്യമാകുന്ന സേവനങ്ങൾ പ്രത്യേകിച്ച് ഹോമിയോപ്പതി പ്രതിരോധ മരുന്ന് വിതരണം, ഒപി, സ്പെഷ്യൽ ഒപി സേവനങ്ങൾ എന്നിവ വേഗത്തിൽ ലഭ്യമാകും. ഹോമിയോപ്പതി വകുപ്പിലെ പ്രവർത്തനങ്ങളുടെ വിവരശേഖരണ ക്ഷമത പരമാവധി വർദ്ധിപ്പിക്കാനും ഫലപ്രദമായ അവലോകന, ആസൂത്രണ പ്രവർത്തനങ്ങൾ നടത്തുവാനും സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

സ്‌കൂൾ കുട്ടികൾക്ക് ഹോമിയോപ്പതി പ്രതിരോധ ഔഷധങ്ങൾ രക്ഷകർത്താവിന്റെ സമ്മതത്തോടെ നൽകുന്നതിന് ഈ ആപ്പിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. മുൻകൂർ ബുക്ക് ചെയ്ത് അടുത്തുള്ള ഹോമിയോപ്പതി സ്ഥാപനങ്ങളിൽ നിന്നും മരുന്നകൾ വാങ്ങാൻ സാധിക്കും. ഡോക്ടറുടെ സേവനം ഉറപ്പിക്കാനും, അനാവശ്യ കാത്തിരിപ്പും തിരക്കും ഒഴിവാക്കാനും, സാമൂഹിക അകലം പാലിക്കാനും ഇതിലൂടെ സാധിക്കുന്നു. സമീപ ഭാവിയിൽ ഒ.പി, സ്പെഷ്യൽ ഒപി സേവനങ്ങൾ ഈ രീതിയിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. സേവങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും അറിയിക്കാൻ സാധിക്കുന്നു. ടെലി മെഡിസിൻ സൗകര്യം ഒരുക്കുന്നതിലൂടെ രോഗികൾക്ക് സേവനങ്ങൾ വീട്ടിലിരുന്നുതന്നെ ലഭ്യമാകുന്നു. ഈ ആപ്പിലൂടെ ക്യൂ സംവിധാനം കാര്യക്ഷമമാക്കാനും വിദൂര സ്ഥലങ്ങളിൽ പോലും സേവനങ്ങൾ നൽകാനും കഴിയുമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

m-Homoeo ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും https://play.google.com/store/apps/details… എന്ന ലിങ്കിൽ നിന്നും ഡൗൺ ലോഡ് ചെയ്യാവുന്നതാണ്.

തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ്. വൈകിട്ട് നാലരയോടെയാണ് പരിശോധന നടന്നത്. ഓപ്പറേഷൻ സ്പീഡ് ചെക്ക് എന്ന പേരിലായിരുന്നു പരിശോധന. കണക്കിൽപ്പെടാത്ത പണം വിജിലൻസിന്റെ പരിശോധനയിൽ കണ്ടെത്തി.

ഇടുക്കി ജില്ലയിലെ ആർടിഒ ഓഫീസുകളിൽ നിന്നാണ് കണക്കിൽ പെടാത്ത പണം കൂടുതലായും പിടിച്ചെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി. പീരുമേട് ആർടിഒ ഓഫീസിൽ നിന്ന് 60,000 രൂപയും അടിമാലിയിൽ നിന്ന് 58,000 രൂപയുമാണ് കണക്കിൽപ്പെടാത്തതായി കണ്ടെത്തിയത്. ഇടുക്കിയിൽ നിന്ന് 16000 രൂപ കണ്ടെടുത്തു. തൊടുപുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും പരിശോധന നടന്നു.

അതേസമയം വിജിലൻസ് പരിശോധന കഴിഞ്ഞതിനു പിന്നാലെ അടിമാലിയിലെ മോട്ടോർ വാഹന വകുപ്പ് ഓഫീസിന് മുന്നിൽ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. കണക്കിൽപ്പെടാത്ത 58000 രൂപയാണ് ഇവിടെ നിന്നും പിടികൂടിയത്. ഇതിന് പിന്നാലെയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്. മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ അഴിമതി പുറത്തായെന്നാണ് നാട്ടുകാർ പറയുന്നു.

സംസ്ഥാനത്തെ മോട്ടോർ ചെക്പോസ്റ്റുകളിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥർ കൂടുതലാണെന്ന റിപ്പോർട്ട് മുൻപ് സംസ്ഥാന സർക്കാരിന് ലഭിച്ചിരുന്നു. ഗതാഗത കമ്മീഷണറുടെ റിപ്പോർട്ടാണ് സർക്കാരിന് സമർപ്പിച്ചത്. ഭൂരിഭാഗം ഉദ്യോഗസ്ഥരും അച്ചടക്ക നടപടികൾ നേരിടുന്നതിനാൽ ചെക്‌പോസ്റ്റുകളിൽ നിയമിക്കാൻ കഴിയില്ലെന്നാണ് ഗതാഗത കമ്മിഷണർ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ കൂടി ചെക്‌പോസ്റ്റുകളിൽ നിയമിക്കാൻ സർക്കാർ അനുവാദം നൽകുകയും ചെയ്തിട്ടുണ്ട്.

കൊച്ചി: പാലാരിവട്ടത്ത് വാഹനാപകടത്തിൽ മോഡലുകൾ മരിക്കാനിടയായ സംഭവത്തിൽ നിർണായക വഴിത്തിരിവ്. ഇവരുടെ കാറിനെ പിന്തുടർന്ന ഔഡി കാറിന്റെ ഡ്രൈവർ സൈജു തങ്കച്ചൻ അറസ്റ്റിലായി.

അൻസിയെയും സുഹൃത്തുക്കളെയും ഇയാൾ ഹോട്ടലിൽ നിന്ന് കാറിൽ പിന്തുടർന്നിരുന്നെന്ന് നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനു ശേഷം വെള്ളിയാഴ്ച്ചയാണ് ജില്ലാ ക്രൈംബ്രാഞ്ച് സംഘം സൈജുവിനെ അറസ്റ്റ് ചെയ്തത്. ദുരുദ്ദേശത്തോടെ സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അപകടത്തിന് കാരണമായെന്ന കുറ്റവും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ വഞ്ചനാ കുറ്റത്തിന് മറ്റൊരു കേസും നിലനിൽക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

പോലീസ് ചോദ്യം ചെയ്യാൻ വിളിച്ചതിന് ശേഷം ഇയാൾ ഒളിവിൽ പോയിരിക്കുകയായിരുന്നു. മുൻകൂർ ജാമ്യാപേക്ഷയും ഇയാൾ നൽകിയിരുന്നു. പിന്നീട് പോലീസ് നടപടികൾ കർശനമാക്കിയതിനെ തുടർന്ന് ഇയാൾ അഭിഭാഷകനോടൊപ്പം പോലീസിന് മുന്നിൽ ഹാജരാകുകയായിരുന്നു.