ലഖ്നൗ: ഉത്തർപ്രദേശിന്റെ വികസനങ്ങളിൽ വൻകുതിപ്പുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. വിമാനത്താവളങ്ങൾ മുതൽ എക്സ്പ്രസ് വേകൾ വരെ ഒരുക്കിയാണ് നരേന്ദ്ര മോദി സർക്കാരും യോഗി സർക്കാരും ഉത്തർപ്രദേശിൽ വികസന കുതിപ്പ് നടത്തുന്നത്. ഇക്കഴിഞ്ഞ ദിവസം മോദി നോയ്ഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് തറക്കല്ലിട്ടത് ഈ വികസന കുതിപ്പിന്റെ ഏറ്റവും മികച്ച മാതൃകയാണ്. 35000 കോടി രൂപയാണ് വിമാനത്താവളത്തിന്റെ ചെലവ്. 2024 ലാണ് വിമാനത്താവളം പ്രവർത്തനം ആരംഭിക്കുന്നത്.. ഡൽഹി ഐജി ഐ വിമാനത്താവളത്തിൽ നിന്നും 72 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഈ വിമാനത്താവളം യുപിയുടെ സാമ്പത്തിക കുതിപ്പിന് ഊർജ്ജം പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഒരു ലക്ഷത്തോളം തൊഴിലവസരങ്ങളും വിമാനത്താവളം സൃഷ്ടിക്കും. അലിഗഡ്, ഹപൂർ, ഗ്രേറ്റർ നോയ്ഡ, ഗാസിയാബാദ്, ബുലന്ദ് ശഹർ എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കൾക്കായിരിക്കും തൊഴിൽ ലഭിക്കുന്നത്. അതേസമയം നവംബർ 16 ന് ഉത്തർപ്രദേശിൽ പൂർവ്വാഞ്ചൽ എക്സ്പ്രസ് വേ തുറന്നു. 2018 ജൂലായ് 14 നാണ് ഈ പദ്ധതിക്ക് തറക്കല്ലിട്ടത്. മൂന്ന് വർഷത്തിനുള്ളിൽ 22,500 കോടി ചെലവിൽ ഈ ആറ് വരിപ്പാത പണിതു. ലഖ്നൗവിലെ ചന്ദ്സരായി ഗ്രാമത്തിൽ നിന്നാണ് ഈ എക്സ്പ്രസ് വേ ആരംഭിക്കുന്നത്. ഗാസിപൂരിലെ എൻഎച്ച് 31ലെ ഹൈദരിയ ഗ്രാമത്തിൽ ഈ എക്സ്പ്രസ് വേ അവസാനിക്കുന്നു. 22 ഫ്ളൈ ഓവറുകളും ഏഴ് റെയിൽവേ ഓവർ ബ്രിഡ്ജുകളും ഏഴ് പ്രധാന പാലങ്ങളും 114 ചെറിയ പാലങ്ങളും ആറ് ടോൾ പ്ലാസകളും അടങ്ങിയതാണ് പൂർവ്വാഞ്ചൽ എക്സ്പ്രസ് വേ. ഭാവിയിൽ സംസ്ഥാനത്തിന്റെ എല്ലാ മുക്കൂമൂലകളേയും റോഡ് വഴി ബന്ധിപ്പിക്കുന്നതിനുള്ള മുഖ്യപാതയായിരിക്കും ഇത്. പൊടുന്നനെ വിമാനങ്ങൾക്ക് ലാന്റ് ചെയ്യാനും ഈ പൂർവ്വാഞ്ചൽ പാതയിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇത് യുദ്ധസാഹചര്യത്തിൽ യുദ്ധവിമാനങ്ങളെ സജ്ജമാക്കാൻ ഇത് സഹായകരമാകും.
17 ലക്ഷം കോടിയാണ് ഉത്തർപ്രദേശിന്റെ മൊത്തം ആഭ്യന്തരോത്പാദനം. ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് യുപി. യോഗി സർക്കാർ അധികാരത്തിലേറുമ്പോൾ വെറും 1.5 വിമാനത്താവളാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇന്ന് അഞ്ച് വിമാനത്താവളങ്ങളാണ് സംസ്ഥാനത്തുള്ളത്.

