General (Page 1,309)

ന്യൂഡൽഹി: ക്രിപ്‌റ്റോ കറൻസിയിൽ നിക്ഷേപിച്ചവർക്ക് പുതിയ പ്രതീക്ഷകൾ നൽകി ധനമന്ത്രി നിർമ്മലാ സീതാരാമൻ. സ്വകാര്യ ക്രിപ്‌റ്റോ കറൻസി നിരോധിച്ചേക്കുമെന്ന പ്രചാരണത്തിനിടെയാണ് ധനമന്ത്രി ക്രിപ്‌റ്റോ നിക്ഷേപകർക്ക് ആശ്വാസം നൽകുന്ന പ്രതികരണം നടത്തിയിരിക്കുന്നത്. പഴയ ബില്ലിൽ ഒരുപാട് മാറ്റങ്ങൾ വരുത്തേണ്ടതായി വന്നുവെന്നും ഇപ്പോൾ ഒരു പുതിയ ബിൽ പ്രകാരം പ്രവർത്തിക്കാൻ ശ്രമിക്കുകയാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

തീർത്തും പുതിയ ക്രിപ്‌റ്റോ കറൻസി ബില്ലാണ് പാർലമെന്റിൽ അവതരിപ്പിക്കുകയെന്നും മന്ത്രിസഭായോഗം ഈ ബിൽ അംഗീകരിച്ചാൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കുമെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു. ഇതുവരെ ക്രിപ്‌റ്റോബില്ലിനെക്കുറിച്ച് പ്രചരിച്ചതൊന്നുമായിരിക്കില്ല പുതിയ ബില്ലിൽ ഉണ്ടായിരിക്കുകയെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ.

അതേ സമയം തെറ്റായ കൈകകളിൽ ക്രിപ്‌റ്റോ കറൻസി എത്തരുതെന്നതാണ് സർക്കാരിന്റെ ആഗ്രഹം. മറ്റൊന്ന് ക്രിപ്‌റ്റോ കറൻസിയിലെ വിലയിൽ വരുന്ന പ്രവചനാതീതമായ വലിയ ചാഞ്ചാട്ടങ്ങളും കേന്ദ്ര സർക്കാരിനെ ആശങ്കയിലാക്കുന്നുണ്ട്. ക്രിപ്‌റ്റോ കറൻസി കള്ളപ്പണക്കാരും തീവ്രവാദസംഘടനകളും ദുരുപയോഗം ചെയ്‌തേക്കുമെന്നാണ് സർക്കാരിന്റെ ആശങ്ക.

ഡിജിറ്റൽ കറൻസികളെ കുറിച്ചുള്ള പരസ്യം നിർത്താൻ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ക്രിപ്‌റ്റോകറൻസികളുടെ നിയന്ത്രണ ശേഷിയെക്കുറിച്ച് വിപുലമായ ചർച്ചകൾ നടക്കുന്നുണ്ടെന്നും ബില്ല് പാസാകുന്നതിനായി കാത്തിരിക്കാമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

ചെന്നൈ: കേരളത്തിലെ കോവിഡ് വ്യാപനത്തിൽ കുറവു വന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ നൽകി തമിഴ്‌നാട്. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കും തിരിച്ചും തമിഴ്‌നാട് പൊതുഗതാഗതം അനുവദിച്ചു.

എല്ലാ മാസവും തമിഴ്നാട് സർക്കാർ കോവിഡ് അവലോകനം നടത്താറുണ്ട്. ചൊവ്വാഴ്ച നടത്തിയ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. തമിഴ്‌നാട്ടിൽ ലോക്ക് ഡൗൺ ഡിസംബർ 15 വരെ നീട്ടാനും തീരുമാനമായി.

കോയമ്പത്തൂരിൽ നിന്നും കന്യാകുമാരിയിൽ നിന്നും മറ്റുമുള്ള ആളുകളാണ് കേരളത്തിലേക്ക് നിത്യേന ബസിൽ പോയി വരുന്നത്. ഇവർക്കെല്ലാം പുതിയ നടപടി ആശ്വാസകരമാണ്. കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമായതോടെയാണ് കേരളത്തിലേക്കും തിരിച്ചുള്ളതുമായ ബസ് സർവീസുകൾ തമിഴ്നാട് തൽക്കാലികമായി നിർത്തിവെച്ചത്.

അതേസമയം കേരളത്തിലേക്കുള്ള ബസ് സർവീസ് പുനഃരാരംഭിക്കാൻ തമിഴ്നാട് സർക്കാർ അനുമതി നൽകിയതിനെ തുടർന്ന് കെഎസ്ആർടിസി ബുധനാഴ്ച (ഡിസംബർ 1 ) മുതൽ തമിഴ്നാട്ടിലേക്ക് സർവ്വീസ് ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. ശബരിമല തീർഥാടനത്തോടനുബന്ധിച്ചും സാധാരണക്കാരുടെ യാത്രാ ബുദ്ധിമുട്ടുകൾ പരിഗണിച്ചും ബസ് സർവ്വീസുകൾ പുനരാരംഭിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് ബസ് സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം തമിഴ്നാട് പിൻവലിച്ചത്.

കോഴിക്കോട്: എൽഡിഎഫ് സർക്കാരിനെതിരെ പള്ളികളിൽ വെള്ളിയാഴ്ച ജുമാ നിസ്‌കാരത്തിനിടെ പ്രചാരണം നടത്താനുള്ള മുസ്ലീം ലീഗിന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി മുൻമന്ത്രി കെടി ജലീലും ഐഎൻഎല്ലും. സർക്കാരിന് എതിരെ പള്ളികളിൽ പ്രചാരണം നടത്താനുള്ള തീരുമാനത്തിൽ നിന്നും മുസ്ലിം ലീഗ് പിന്മാറണമെന്നാണ് കെ ടി ജലീലിന്റെ ആവശ്യം.

ലീഗ് രാഷ്ട്രീയ പാർട്ടിയാണ് മത സംഘടന അല്ലെന്നും മുസ്ലീംലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം നടത്തിയ പ്രസ്താവന ഹൈദരലി തങ്ങൾ ഇടപെട്ട് പിൻവലിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പള്ളികൾ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വേദിയാക്കരുത്. ഇന്ന് ലീഗ് ചെയ്താൽ നാളെ ബിജെപി ക്ഷേത്രങ്ങളിൽ സർക്കാർ വിരുദ്ധ പ്രചാരണം നടത്തും. മുസ്ലീം ലീഗിന് കീഴിൽ പള്ളികൾ ഇല്ല എന്നതെങ്കിലും ഓർക്കണം. ആരാധനാലയങ്ങൾ രാഷ്ട്രീയ സമരങ്ങളുടെ വേദി ആക്കി മാറ്റരുതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വഖഫ് നിയമനവുമായി ബന്ധപ്പെട്ട വിവാദം ഡിസംബർ 3ന് വെള്ളിയാഴ്ച പള്ളികളിൽ ഉന്നയിക്കുമെന്ന മുസ്ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി എം എ സലാമിന്റെ പ്രഖ്യാപനം അങ്ങേയറ്റം അപലപനീയമാണെന്ന് ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ് അബുദുൽ വഹാബ് വ്യക്തമാക്കി.

ആരാധനാലയങ്ങളെ രാഷ്ട്രീയ കാര്യങ്ങൾക്ക് ദുരുപയോഗം ചെയ്യുന്നത് നിയമ വിരുദ്ധമാണ്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഈ അവിവേകത്തിൽ നിന്നും മുസ്ലിം ലീഗ് പിന്മാറണമെന്നും അദ്ദേഹം വിശദീകരിച്ചു.

വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിട്ടതുൾപ്പെടെയുള്ള നടപടികൾക്കെതിരെ വെള്ളിയാഴ്ച പള്ളികളിൽ പ്രചാരണം നടത്തുമെന്നാണ് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാം അറിയിച്ചിരുന്നത്.

ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിനിടെ മരണപ്പെട്ട കർഷകർക്ക് ധനസഹായം നൽകുന്ന വിഷയത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കർഷകർക്ക് നഷ്ടപരിഹാരം നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കർഷക നിയമങ്ങൾക്കെതിരെ കഴിഞ്ഞ ഒരു വർഷമായി നടന്ന പ്രതിഷേധത്തിനിടെ കർഷകർ ആരും മരിച്ചതായി അറിയില്ലെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.

ഇത്തരം മരണങ്ങൾ സംബന്ധിച്ച രേഖകളൊന്നും സർക്കാരിന്റെ പക്കലില്ലെന്നും അതുകൊണ്ടുതന്നെ കർഷകരുടെ കുടുംബത്തിന് ധനസഹായം നൽകുന്ന വിഷയം നിലനിൽക്കുന്നില്ലെന്നും കൃഷിമന്ത്രി നരേന്ദ്ര തോമർ വ്യക്തമാക്കി. പാർലമെന്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

നവംബർ 19-ന് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചതായുള്ള പ്രഖ്യാപനം നടത്തിയത്. ഇതിന്റെ നടപടിക്രമങ്ങളും സർക്കാർ പൂർത്തിയാക്കിയിരുന്നു. ഒരു വർഷം നീണ്ടുനിന്ന കർഷക പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം നൽകണമെന്നായിരുന്നു കർഷരുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിച്ച ചോദ്യങ്ങൾക്കാണ് കൃഷിമന്ത്രിയുടെ മറുപടി.

തിരുവനന്തപുരം: മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് മാത്യൂ കുഴൽനാടൻ. പാർട്ടിക്കപ്പുറമല്ല ഒരാളുമെന്ന ഓർമ്മ വേണമെന്നാണ് അദ്ദേഹം പറയുന്നത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വലിയ ഒരു വീഴ്ച്ചക്ക് ശേഷം പിടഞ്ഞെഴുനേൽക്കാനുള്ള കഠിന പരിശ്രമത്തിലാണ് കോൺഗ്രസ്സ് പാർട്ടി. അതിനു വേണ്ടി നേതാക്കളെക്കാളും ഏറെ കഷ്ടപ്പെടുന്നത് താഴെത്തട്ടിലെ പ്രവർത്തകരാണെന്ന് അദ്ദേഹം വ്യക്തമാക്കി. അവർ വെയിലും മഴയും കൊണ്ടും, തെരുവിൽ പോലീസിന്റെ അടി വാങ്ങിയും ഈ പാർട്ടിയെ ശക്തിപ്പെടുത്താൻ പരിശ്രമിക്കുമ്പോൾ അവരുടെ മനസ്സ് തകർക്കുന്ന സമീപനം ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. അത് എത്ര വലിയ നേതാവാണെങ്കിലും പ്രവർത്തകർ അംഗീകരിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

പാർട്ടിക്കപ്പുറമല്ല ഒരാളും എന്ന ഓർമ്മ എല്ലാവർക്കും ഉണ്ടാകണം. താൻ അടക്കമുള്ള എല്ലാ നേതാക്കളും ആയിരിക്കുന്ന പദവികൾ ഈ പാർട്ടിയിലെ സാധാരണക്കാരന്റെ അധ്വാനമാണ്.. ഈ ദിവസങ്ങളിൽ പത്ര മാദ്ധ്യമങ്ങളിൽ വന്ന ചില വാർത്തകൾ പ്രവർത്തകരുടെ ആത്മവീര്യം ചോർത്തി കളയുന്നതാണ് എന്നത് കൊണ്ടാണ് ഇത് ഇവിടെ കുറിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി: കൊച്ചിയിൽ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ കുരുക്ക് മുറുകുന്നു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചന്റെ ലഹരിപാർട്ടികളിൽ പങ്കെടുത്തവർക്ക് എതിരെയും കേസിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്. സൈജുവിന്റെ മൊബൈൽ ഫോണിൽ മയക്കുമരുന്ന് സംഘം ചേർന്ന് ഉപയോഗിക്കുന്ന നിരവധി വീഡിയോകളും കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവ്, എംഡിഎംഎ, സ്റ്റാമ്പ് എന്നിവ സംഘം ചേർന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

ഇവ ലഹരിപ്പാർട്ടികളാണെന്ന് സൈജു തന്നെ പോലീസിനോട് വെളിപ്പെടുത്തി. ഈ വീഡിയോകളിലുള്ളവരെ പോലീസ് തിരിച്ചറിയുകയും ചെയ്തു. ഇവർക്കെതിരെ കേസെടുക്കുന്നതിനായുള്ള നിയമോപദേശം തേടുകയാണ് പോലീസ്. മയക്കുമരുന്നുമായി ബന്ധപ്പെട്ടും മറ്റ് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ടും സൈജു ചാറ്റ് ചെയ്ത ആളുകൾ ഇന്ന് ഹാജരാകണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. ഫോണിൽ നിന്ന് ലഭിച്ച ഫോട്ടോകളിലും ദൃശ്യങ്ങളിലും മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കണ്ട മുഴുവൻ ആളുകളും പൊലീസിന്റെ നിരീക്ഷണത്തിലാണ്.കസ്റ്റഡി കാലാവധി അവസാനിക്കും മുമ്പ് സൈജുവിന്റെ സാന്നിധ്യത്തിൽ ഇവരെയെല്ലാം ചോദ്യം ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം. സൈജുവിന്റെ വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നി അക്കൗണ്ടുകളിലുള്ള സൈബർസെൽ പരിശോധനയും ഇന്ന് നടക്കും. പരിശോധനയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൈബർ വിദ്ഗ്ദരുടെ സാന്നിധ്യത്തിൽ സൈജുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്.

ഡി ജെ പാർട്ടി നടന്ന ഹോട്ടലിൽ വച്ച് സൈജുവും ഇരുയുവതികളുമായി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. അതിന് ശേഷം സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലിൽ നിന്ന് ഇറങ്ങിയ യുവതികളെ സൈജു കാറിൽ പിന്തുടർന്നു. കുണ്ടന്നൂരിൽ വച്ച് അവരുടെ കാർ സൈജു തടഞ്ഞുനിർത്തുകയും വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. പിന്നീടും യുവതികളുടെ കാറിനെ സൈജു പിന്തുടർന്നിരുന്നു. ഇതോടെയാണ് അതിവേഗത്തിൽ കാറോടിച്ചതും അപകടമുണ്ടായതും എന്നാണ് പോലീസിന്റെ നിഗമനം.

ന്യൂഡൽഹി: ചൈനയ്‌ക്കെതിരെ അപ്രതീക്ഷിത നീക്കവുമായി ഇന്ത്യ. ചൈനീസ് സൈന്യത്തിന്റെ ലഡാക്കിലെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഇസ്രയേലിന്റെ അത്യാധുനിക ഹെറോൺ ഡ്രോണുകൾ വിന്യസിച്ചിരിക്കുകയാണ് ഇന്ത്യ. നാല് ഹെറോൺ ഡ്രോണുകളാണ് ഇസ്രയേൽ ഇന്ത്യയ്ക്ക് നൽകുന്നത്. കോവിഡ് വ്യാപനത്തെ തുടർന്നാണ് ഇസ്രായേൽ ഹെറോൺ ഡ്രോണുകൾ വിതരണം ചെയ്യാൻ വൈകിയത്.

പ്രതിരോധ മന്ത്രാലയത്തിന് അടിയന്തിര ധനകാര്യ അധികാരം പ്രധാനമന്ത്രി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നാല് ഡ്രോണുകൾ വാങ്ങിയത്. ചൈനയുമായുള്ള സംഘർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള ആയുധങ്ങൾ വാങ്ങാൻ 500 കോടി രൂപ വരെ അനുവദിക്കുന്നതായിരുന്നു പ്രത്യേക അനുമതി.

ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം നിലനിൽക്കുന്ന ലഡാക്കിലാണ് ഹെറോൺ ഡ്രോണുകൾ വിന്യസിക്കുക. നിലവിൽ ഇന്ത്യയുടെ കയ്യിലുള്ള പഴയ തലമുറയിൽപ്പെട്ട ഹെറോണിനേക്കാൾ മികച്ചതാണ് പുതിയ ഹെറോണുകൾ. ശത്രുവിനെ നിരീക്ഷിക്കാനും രഹസ്യവിവരങ്ങൾ ശേഖരിക്കാനും ശത്രുസങ്കേതങ്ങളിൽ കയറി നിരീക്ഷണം നടത്താനും വരെ കഴിവുള്ളവയാണ് പുതിയ ഹെറോണുകൾ. ഒരിക്കലും ശത്രുക്കൾക്ക് പ്രവർത്തനരഹിതമാക്കാൻ കഴിയാത്ത ശേഷിയുള്ളവയാണ് ഇവയെന്നതാണ് മറ്റൊരു സവിശേഷത.

covid

ലണ്ടൻ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപനത്തിന്റെ ആശങ്കയിലാണ് ലോകരാജ്യങ്ങൾ. വീണ്ടു ലോക്ക് ഡൗൺ ഉണ്ടാകുമോയെന്നാണ് ജനങ്ങൾ ആശങ്കപ്പെടുന്നത്. ഒമിക്രോൺ കണ്ടെത്തിയതിന് പിന്നാലെ നിരവധി രാജ്യങ്ങളാണ് ആഫ്രിക്കയിലേക്ക് വിമാന സർവീസുകൾ നിർത്തലാക്കിയത്. ഒമിക്രോൺ വ്യാപനവുമായി ബന്ധപ്പെട്ട് മറ്റൊരു നിർണായക വിവരവും ഇപ്പോൾ പുറത്തു വരുന്നുണ്ട്. ദീർഘകാലമായി എയ്ഡ്‌സ് ബാധിച്ച രോഗിയിൽ നിന്നുമാണ് ഒമിക്രോൺ വേരിയന്റ് ആദ്യമായി പുറത്ത് വന്നിട്ടുള്ളതെന്ന സംശയം പ്രകടിപ്പിക്കുകയാണ് ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ. പുതിയ കോവിഡ് വകഭേദത്തെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരാണ് ഈ വിവരം പങ്കുവെച്ചത്.

രോഗപ്രതിരോധ ശേഷി കുറഞ്ഞവരിൽ കോവിഡ് രോഗാണുക്കൾ ശരീരത്ത് നീണ്ടകാലം നിലനിൽക്കാറുണ്ട്. ഇവരിൽ വൈറസുകൾക്ക് വകഭേദങ്ങൾ സംഭവിക്കുന്നതിനും തെളിവുകൾ നേരത്തെ പുറത്തുവിട്ടുണ്ട്. ശരീരത്തിൽ ആന്റിബോഡികൾ നിർമ്മിക്കാനാവാതെ വീണ്ടും വൈറസ് സ്വയം ആവർത്തിക്കുമ്പോഴാണ് വ്യതിയാനങ്ങൾ ഉണ്ടാവുന്നത്. കോവിഡ് വൈറസിന്റെ കാര്യത്തിൽ ഇത് ശരീരത്തിനുള്ളിൽ മാത്രമേ സംഭവിക്കൂ, കോശങ്ങൾക്ക് പുറത്ത് സംഭവിക്കാറില്ല. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന്റെ അഭാവത്തിൽ ഏറെക്കാലം അണുബാധ നിലനിൽക്കുകയും അത്തരക്കാരുടെ ശരീരത്തിൽ വകഭേദങ്ങൾ സൃഷിടിക്കുവാനുള്ള അനുയോജ്യമായ അന്തരീക്ഷം ഉണ്ടാവുകയും ചെയ്യും.

2021 ഫെബ്രുവരിയിൽ നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കൊവിഡ് പോസിറ്റീവ് ആയി 102 ദിവസത്തിന് ശേഷം മരണമടഞ്ഞ രോഗിയിൽ ഇത്തരത്തിൽ നിരവധി തവണ വൈറസിന് വ്യതിയാനം സംഭവിച്ചതായുള്ള വിവരം പുറത്തുവിട്ടിരുന്നു. ലിംഫോമയ്ക്കുള്ള കീമോതെറാപ്പിക്ക് വിധേയനായിരുന്ന എഴുപത് വയസിന് മുകളിൽ പ്രായമുള്ള രോഗിയായിലാണ് ഇത്തരത്തിൽ ജനിതക മാറ്റം സംഭവിച്ചത്. ലിംഫ് സിസ്റ്റത്തിന്റെ കോശങ്ങളിലോ ശരീരത്തിന്റെ രോഗ പ്രതിരോധ ശൃംഖലയിലോ ആരംഭിക്കുന്ന ക്യാൻസറാണ് ലിംഫോമ. ക്യാൻസർ ബാധിതരായവരിൽ, പ്രത്യേകിച്ച് ദീർഘകാല കീമോതെറാപ്പി നടത്തിയിട്ടുള്ളവരിൽ കോവിഡ് വൈറസിന് ഏറെനാൾ അതിജീവിക്കാൻ കഴിയുമെന്നും പഠനത്തിൽ പറഞ്ഞിരുന്നു.

ന്യൂയോർക്ക്: കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ആശങ്കയുയർത്തുന്നുണ്ടെങ്കിലും പരിഭ്രാന്തരാകേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വാക്‌സിൻ സ്വീകരിക്കുന്നതിലൂടെയും മാസ്‌ക് ധരിക്കുന്നതിലൂടെയും രോഗബാധ നിയന്ത്രണവിധേയമാക്കാമെന്നും അതിനാൽ നിലവിൽ ലോക്ക്ഡൗണിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറയുന്നു. വടക്കേ അമേരിക്കേയിലും ഒമിക്രോൺ സാന്നിദ്ധ്യം കണ്ടൈത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഉന്നത ആരോഗ്യ ഉദ്യോഗസ്ഥർ വാക്‌സിൻ നിർമാതാക്കളുമായി കൂടിയാലോചനകൾ നടത്തുകയാണെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ദക്ഷിണാഫ്രിക്കയ്ക്കും മറ്റ് ഏഴ് രാജ്യങ്ങൾക്കും യു എസ് ഏർപ്പെടുത്തിയ യാത്രാ വിലക്ക് കഴിഞ്ഞ തിങ്കളാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നു. ആളുകൾക്ക് വാക്‌സിനേഷനുള്ള സമയം അനുവദിക്കുന്നതിനായാണ് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് ജോ ബൈഡൻ പറയുന്നത്.

നിലവിൽ ഒമിക്രോൺ യു എസിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഇതിനോടകം തന്നെ രാജ്യത്ത് വൈറസ് സാന്നിധ്യം ഉണ്ടാകാമെന്ന് യു എസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഡോ.ആന്റണി ഫൗസി വ്യക്തമാക്കി.

ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രാജ്യത്ത് ആത്മഹത്യ ചെയ്തത് 17,299 കർഷകർ. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ പാർലമെന്റിലാണ് ഇക്കാര്യം അറിയിച്ചത്. 2020 ൽ മാത്രം 5,579 കർഷകരാണ് രാജ്യത്ത് ആത്മഹത്യ ചെയ്തതെന്നും കേരളത്തിൽ മാത്രം 104 കർഷകരാണ് ആത്മഹത്യ ചെയ്തതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

2018, 2019 വർഷങ്ങളെ അപേക്ഷിച്ച് 2020 ൽ കേരളത്തിലെ കർഷക ആത്മഹത്യയുടെ എണ്ണം ഇരട്ടിയായി വർധിച്ചിട്ടുണ്ട്. കേരളത്തിൽ 2018 ൽ 25 പേരും 2019 ൽ 22 പേരുമാണ് ആത്മഹത്യ ചെയ്തത്. എന്നാൽ 2020 ൽ 57 കർഷക ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കർഷക ആത്മഹത്യ നടന്നിരിക്കുന്നത്. 2020 ലെ കർഷക ആത്മഹത്യകളിൽ 2,567 കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിൽ നിന്നാണ്. 1,072 കേസുകൾ കർണ്ണാടകയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആന്ധ്രാ പ്രദേശ് (564), തെലങ്കാന(466), മധ്യപ്രദേശ് (235), ചത്തീഡ്ഗഡ് (227), ഉത്തർപ്രദേശ് (87) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കർഷക ആത്മഹത്യകൾ.

കുടുംബ പ്രശ്‌നങ്ങൾ, മയക്കുമരുന്നിന്റെ ദുരുപയോഗം, വിവാഹസംബന്ധമായ പ്രശ്‌നങ്ങൾ, പ്രണയ നൈരാശ്യം, കടബാധ്യത, പരീക്ഷയിലെ പരാജയം, തൊഴിലില്ലായ്മ, സ്വത്ത് തർക്കം എന്നിവയാണ് കർഷക ആത്മഹത്യക്കു പിന്നിലുള്ള കാരണങ്ങളെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം ഡൽഹി അതിർത്തിയിൽ കാർഷിക നിയമങ്ങൾക്കെതിരെയുള്ള സമരത്തിനിടെ മരണപ്പെട്ട കർഷകരുടെ എണ്ണം റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ലെന്ന് മന്ത്രി അറിയിച്ചു.