General (Page 1,310)

തിരുവനന്തപുരം: കേരളവർമ്മ പഴശ്ശിരാജയുടെ ജന്മദിനത്തിൽ അനുസ്മരണ പോസ്റ്റിട്ട മുൻമന്ത്രി കെ കെ ശൈലജ ടീച്ചർക്കെതിരെ സൈബർ ആക്രമണം. ടിപ്പുവിനെ ഇകഴ്ത്തി പരാമർശം നടത്തി എന്ന പേരിലാണ് സൈബർ ആക്രമണം ഉണ്ടായത്. പഴശ്ശിരാജയെ പരിഹസിച്ചുള്ള കമന്റുകളും പോസ്റ്റിന് താഴെ ചിലർ രേഖപ്പെടുത്തുന്നുണ്ട്. ടിപ്പുവിന്റെ നേതൃത്വത്തിൽ മലബാറിനെതിരെ കടുത്ത ആക്രമണം നടക്കുകയും ഇതിനെ പഴശ്ശിരാജ ചെറുക്കുകയും ചെയ്തുവെന്നാണ് ശൈലജ ടീച്ചർ പോസ്റ്റിൽ വിശദമാക്കുന്നത്.

പഴശ്ശിയുടെ സൈനിക നീക്കം 1792 ൽ ടിപ്പുവിനെ മൂന്നാം മൈസൂർ യുദ്ധത്തിൽ പരാജയപ്പെടുത്തിയെന്നും ചരിത്രത്തെ ഉദ്ദരിച്ച് ശൈലജ ടീച്ചർ പോസ്റ്റിൽ പറയുന്നു. എന്നാൽ ശൈലജ ടീച്ചർ ചരിത്രം വളച്ചൊടിക്കുകയാണെന്നും ടിപ്പു യഥാർത്ഥ പോരാളി ആണെന്നുമാണ് ചില പ്രത്യേക വിഭാഗക്കാര്‍ പറയുന്നത്.കമന്റുകൾ വഴിയുള്ള ആക്ഷേപം വർദ്ധിച്ചതോടെ പോസ്റ്റിനു താഴെ കമന്റ് ബോക്സ് ഓപ്ഷനും ലോക്ക് ചെയ്ത നിലയിലാണ്.

കെ കെ ശൈലജയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ഇന്ന് വീര പഴശിയുടെ 217ാമത് രക്തസാക്ഷിത്വ ദിനമാണ്. 216 വർഷങ്ങൾക്ക് മുമ്പ് 1805 നവംബർ 30നാണ് വീര കേരള വർമ പഴശ്ശി രാജാവ് ബ്രിട്ടീഷ് സാമ്രാജ്യത്വ പടയാളികളോട് ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിച്ചത്. വയനാട്ടിലെ പുൽപ്പള്ളി കാടുകൾക്കടുത്ത് കങ്കാറാ പുഴയുടെ കരയിൽവച്ചാണ് പഴശ്ശി വെടിയേറ്റ് കൊല്ലപ്പെടുന്നത്. 1795 മുതൽ 1805 വരെ പത്തുവർഷക്കാലം നീണ്ടുനിന്ന പഴശ്ശിരാജാവിന്റെ നേതൃത്വത്തിലുള്ള കോളനി വിരുദ്ധ പോരാട്ടങ്ങൾക്ക് ഇതോടെ അന്ത്യം കുറിക്കപ്പെട്ടു.

പഴശ്ശിയുടെ പോരാട്ടത്തിൽ പഴയ കോട്ടയം രാജ്യത്തിലെ നാനതരത്തിലുള്ള ജാതി മത വിഭാഗത്തിലുള്ള ജനങ്ങൾ അണിനിരന്നു. കേരള വർമ പഴശ്ശി നാടിന്റെ ചരിത്രത്തിലേക്ക് വരുന്നത് ടിപ്പുവിനെതിരെ നടത്തിയ പോരാട്ടത്തിലൂടെയാണ്. ടിപ്പുവിന്റെ പിതാവ് മൈസൂർ സുൽത്താനായിരുന്ന ഹൈദരാലി 1766 ൽ മലബാറിനെ ആക്രമിച്ചു. ആ സമയത്ത് മലബാറിലെ രാജാക്കൻമാരും നായർ പ്രഭുക്കൻമാരുമെല്ലാം കാടുകളിലേക്കും മലബാറിലേക്കും പലായനം ചെയ്തു. 1782 ൽ പിതാവിന്റെ മരണത്തിന് ശേഷം ടിപ്പു മൈസൂർ സുൽത്താനായി. ടിപ്പുവിന്റെ നേതൃത്വത്തിൽ മലബാറിൽ മുമ്പത്തേതിലും കടുത്ത ആക്രമണം നടന്നു. ഇത് മലബാറിലെ ജനങ്ങളെ ഭയചകിതരാക്കി. കോട്ടയത്തെ മൂത്തതമ്പുരാനും രാജാവുമായിരുന്ന രവി വർമ നാടുവിട്ട് തിരുവിതാംകൂറിലേക്ക് പലായനം ചെയ്തു.

ടിപ്പുവിന്റെ ആക്രമണത്തെ ചെറുക്കാൻ ആരും തയ്യാറാവാത്ത ഘട്ടത്തിലാണ് കോട്ടയം രാജവംശത്തിലെ ഇളമുറ തമ്പുരാനായ, രാജവംശത്തിലെ താവഴികളിലൊന്നായ പഴശ്ശി പടിഞ്ഞാറെ കോവിലകത്തെ ഇളമുറ തമ്പുരാനായ കേരളവർമ തന്റെ 21ാം വയസിൽ ടിപ്പുവിനെതിരെ പോരാട്ടം നയിക്കാൻ മുന്നിട്ടിറങ്ങുന്നത്. ദക്ഷിണേന്ത്യയെയും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെയും ഞെട്ടിവിറപ്പിച്ച പോരാളിയെ നേരിടാൻ തനിക്ക് ഒറ്റയ്ക്ക് കഴിയില്ലെന്ന് പഴശ്ശിക്ക് വ്യക്തമായിരുന്നു. ടിപ്പുവിനെ തോൽപ്പിക്കാനായി പഴശ്ശി ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സഹായം തേടുന്നത് ഇങ്ങനെയാണ്. ടിപ്പുവിനെ തോൽപ്പിക്കേണ്ടത് കമ്പനിയുടെയും ആവശ്യമായിരുന്നു. അങ്ങനെയാണ് പഴശ്ശി കേരള വർമയും ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മിൽ സഖ്യമുണ്ടാവുന്നത്. ഇവരുടെ സൈനിക നീക്കം 1792 ൽ ടിപ്പുവിനെ മൂന്നാം മൈസൂർ യുദ്ധത്തിൽ പരാജയപ്പെടുത്തി.

എന്നാൽ ഇതോടെ കമ്പനിയുടെ അധികാര പരിധിയിലായി കോട്ടയം ഭരണം. എന്നാൽ ഇതിൽ പഴശ്ശിക്ക് താൽപര്യമില്ലായിരുന്നു. തുടക്കത്തിൽ കമ്പനിയുമായി സഹകരിച്ച് പോവൻ തയ്യാറായെങ്കിലും കോട്ടയം രാജ്യത്ത് നിന്നും ദത്ത് പോയ തന്റെ അമ്മാവൻ കൂടിയായ വീരവർമ രാജാവിന് കോട്ടയം രാജ്യത്തിന്റെ നികുതി പിരിച്ച് നൽകാൻ കരാർ ഒപ്പിട്ടതോടെ പഴശ്ശി കമ്പനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.

കൈതേരി അമ്പു, പള്ളൂരെമ്മൻ, കണ്ണവത്ത് നമ്പ്യാർ, എടച്ചേന കുങ്കൻ, തലക്കൽ ചന്തു തുടങ്ങി വയനാട്ടിലും കോട്ടയത്തുമെല്ലാമുള്ള നാട്ടുപ്രമാണികളുടെ നേതൃത്വത്തിൽ ജനങ്ങൾ കമ്പനിക്കെതിരെ തിരിഞ്ഞു. ഈ സമയത്ത് പഴശ്ശിയെ കീഴ്പ്പെടുത്താനായി കമ്പനിസൈന്യം തലശേരിയിൽ നിന്നും പഴശ്ശിയിലേക്ക് മാർച്ച് ചെയ്തു. കൊട്ടാരം തകർത്ത് സ്വർണവും പണവും സമ്പത്തും കവർന്നെങ്കിലും പഴശ്ശിയെ പിടികൂടാനായില്ല.
തുടർന്ന് കുറിച്യ പടയാളികളെ സംഘടിപ്പിച്ച് പഴശ്ശി വയനാട്ടിൽ നിന്നും കമ്പനിക്കെതിരെ ഒളിപ്പോർ യുദ്ധം നയിച്ചു. പത്ത് വർഷക്കാലം നീണ്ടുനിന്ന ഈ പോരാട്ടത്തിലാണ് കമ്പനിക്ക് എറ്റവും കൂടുതൽ ആളും, അർഥവും, ആയുധങ്ങളും നഷ്ടപ്പെടുന്നത്. യുദ്ധത്തിന്റെ ഒരുഘട്ടത്തിൽ കേണൽ ആർതർ വെല്ലസ്ലിയെ പഴശ്ശിയെ കീഴ്പ്പെടുത്താനായി കമ്പനി നിയോഗിക്കുന്നു. തുടർന്നുള്ള യുദ്ധത്തിലാണ് 1805 നവംബർ 30 ന് ബ്രിട്ടീഷ് സൈന്യം പഴശ്ശിയെ കൊലപ്പെടുത്തുന്നത്.

ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കും വൈദേശികാധിപത്യത്തിനുമെതിരെ പഴശ്ശി നയിച്ച പോരാട്ടം ചരിത്രത്തിന്റെ ഏടുകളിൽ തങ്കലിപികളാൽ കുറിക്കപ്പെടേണ്ടവയാണ്. പലകാരണങ്ങൾ കൊണ്ടും പഴശ്ശിയുടെ പോരാട്ടവും, ചരിത്രവും വിശദമായ ചരിത്ര വിശകലനത്തിന് പാത്രമായിട്ടില്ല. വീരകേരള വർമ പഴശ്ശി രാജാവിന്റെ 217ാമത് രക്തസാക്ഷിത്വ ദിനത്തിൽ ആ പോരാട്ടങ്ങളെ സ്മരിച്ചുകൊണ്ട്. കൂടുതൽ വിശദമായ ചരിത്രവായനകൾക്ക് പഴശ്ശിയേയും അദ്ദേഹത്തിന്റെ പോരാട്ടങ്ങളെയും നമുക്ക് ചേർത്ത് നിർത്താം.

തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവർക്ക് ഇനി മുതൽ സൗജന്യ ചികിത്സ നൽകേണ്ടതില്ലെന്ന് തിരുമാനിച്ച് സംസ്ഥാന സർക്കാർ. കോവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. വാക്‌സിൻ സ്വീകരിക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കില്ല. രോഗങ്ങൾ, അലർജി മുതലായവ കൊണ്ട് വാക്‌സിൻ എടുക്കാൻ സാധിക്കാത്തവർ സർക്കാർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജാരാക്കണമെന്നാണ് നിർദ്ദേശം.

വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകരിലും ജീവനക്കാരിലും രോഗങ്ങൾ, അലർജി മുതലായ ശാരീരിക പ്രശ്‌നങ്ങൾ ഉള്ളവർ സർക്കാർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവർ വാക്‌സിൻ സ്വീകരിച്ച് ഹാജരാവുകയോ ആഴ്ച തോറും സ്വന്തം ചിലവിൽ ആർടിപിസിആർ പരിശോധന നടത്തി ഫലം സമർപ്പിക്കുകയോ ചെയ്യണം. സ്‌കൂളുകളിലും കോളേജുകളിലും പോകുന്ന വിദ്യാർത്ഥികളുടെ സുരക്ഷിതത്വം കണക്കിലെടുത്താണിത്.

ഓഫീസുകളിലും പൊതു ജനസമ്പർക്കമുള്ള ഇടങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാർക്കും ഇത് ബാധകമാണ്. ഒമിക്രോൺ കോവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രത ശക്തിപ്പെടുത്താൻ നിർദ്ദേശിച്ചു. വിദേശത്ത് നിന്ന് വിമാനത്താവളങ്ങളിൽ എത്തുന്നവരുടെ യാത്രാചരിത്രം കർശനമായി പരിശോധിക്കണം. പ്രഖ്യാപിച്ച പ്രോട്ടോക്കോൾ കൃത്യമായി പാലിക്കാൻ നടപടിയെടുക്കണം. അതിൽ വിട്ട് വീഴ്ചയുണ്ടാകരുതെന്നും സർക്കാർ നിർദ്ദേശിച്ചു.

രണ്ടാം ഡോസ് വാക്‌സിനേഷൻ പൂർത്തീകരിക്കാൻ ബാക്കിയുള്ളവരെ കണ്ടെത്തി തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ ഗൗരവമായി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ഡിസംബർ ഒന്ന് മുതൽ പതിനഞ്ച് വരെ പ്രത്യേക വാക്‌സിനേഷൻ യജ്ഞം സംഘടിപ്പിക്കാൻ ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി. ഇതിന് അനുസൃതമായി ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകി. ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് സ്‌കൂളുകളിലെത്തി പഠിക്കാൻ അനുമതി നൽകും. സ്‌കൂൾ പ്രവർത്തി സമയത്തിൽ തൽക്കാലം മാറ്റമില്ല. പുതിയ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ നൽകേണ്ടതില്ലെന്നും യോഗത്തിൽ തീരുമാനിച്ചു.

ന്യൂഡൽഹി: അന്താരാഷ്ട്ര വിമാനങ്ങൾ നിർത്തലാക്കണമെന്ന ആവശ്യവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് അദ്ദേഹം ഇത്തരമൊരു ആവശ്യം മുന്നോട്ടു വെച്ചത്. ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ നിരവധി രാജ്യങ്ങൾ നിരോധിച്ചുവെന്നും എന്തുകൊണ്ട് ഇന്ത്യ വൈകുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ ചോദ്യം. അന്താരാഷ്ട്ര വിമാനങ്ങൾ നിരോധിച്ചില്ലെങ്കിൽ ഗുരുതര പ്രതിസന്ധിയുണ്ടാകുമെന്നും ഡൽഹിയെയായിരിക്കും ഇത് ഏറ്റവും അധികം ബാധിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡിന്റെ ആദ്യ തരംഗത്തിലും അന്താരാഷ്ട്ര വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത് വൈകിയിരുന്നു. വിദേശ വിമാന സർവീസുകൾ അടിയന്തരമായി നിർത്തലാക്കാൻ പ്രധാനമന്ത്രി നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ഒമിക്രോൺ റിപ്പോർട്ട് ചെയ്ത പന്ത്രണ്ട് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തലാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അപേക്ഷിക്കാൻ തീരുമാനിച്ചതായി മഹാരാഷ്ട്ര സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര യാത്രക്കാർക്ക് കർശന മാർഗനിർദേശങ്ങൾ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തിരുവനന്തപുരം: മരക്കാർ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് വാർത്തകളിൽ പ്രതികരണവുമായി നടൻ മോഹൻലാൽ. മരക്കാർ ഒടിടിയിൽ കരാർ ഒപ്പുവച്ചെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് മോഹൻലാൽ പറഞ്ഞു. തിയേറ്റർ റിലീസ് ചെയ്യാനാണ് സിനിമ എടുത്തതെന്നും 625 സ്‌ക്രീനിൽ മരക്കാർ റിലീസ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

തിയേറ്റർ റിലീസ് തീരുമാനിച്ചതിന് ശേഷമാണ് ഒടിടിയുമായി കരാർ ഒപ്പിട്ടത്. തീർച്ചയായും തിയേറ്റർ റിലീസിന് ശേഷം മരക്കാർ ഒടിടിയിലും എത്തും. ചിത്രം ആദ്യം എവിടെ റിലീസ് ചെയ്യണമെന്ന് തങ്ങൾ തീരുമാനിച്ചിട്ട് പോലുമില്ലാത്ത സമയത്താണ് ഒടിടിയിൽ പ്രദർശനത്തിനൊരുങ്ങുന്നുവെന്ന വാർത്തകൾ വന്നത്. അത് സത്യമല്ലാത്തതിനാലാണ് അന്ന് പ്രതികരിക്കാതിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം തിയേറ്റർ റിലീസിന് ശേഷം മരക്കാർ ഒടിടിയിൽ എത്തുമെന്നാണ് സംവിധായകൻ പ്രിയദർശൻ അറിയിച്ചിരിക്കുന്നത്. സീറ്റിങ് 50% മാത്രമാണ് ഉള്ളതെങ്കിലും ചിത്രത്തിന്റെ വിജയത്തെ ബാധിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ഡിസംബർ രണ്ടിനാണ് മരക്കാർ തിയേറ്ററിൽ റിലീസ് ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും സിനിമ റിലീസാവും. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരക്കാർ. 100 കോടി രൂപ ചെലവിട്ടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ പച്ചക്കറി വിലയിൽ വീണ്ടും വർധനവ്. തക്കാളിക്ക് ഉൾപ്പെടെ വലിയ വില വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അറുപതു രൂപയിലേക്ക് താഴ്ന്ന ഒരു കിലോ തക്കാളിയ്ക്ക് ഇപ്പോൾ നൂറു രൂപയിലധികമാണ് വില. അയൽ സംസ്ഥാനങ്ങളിലെ മഴക്കെടുതിയാണ് വിലക്കയറ്റത്തിന്റെ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.

നേരത്തെ സർക്കാർ ഇടപെട്ട് ഇതര സംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറി നേരിട്ടെത്തിച്ചതോടെ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഹോർട്ടികോർപ്പ് നേരിട്ട് പച്ചക്കറി വാങ്ങി വിൽപ്പന ആരംഭിച്ചതിന് പിന്നാലെയാണ് വില കുറയാൻ തുടങ്ങിയത്. എന്നാൽ തിരുവനന്തപുരത്ത് ഉൾപ്പെടെ ഇന്ന് തക്കാളി വില നൂറു രൂപ കടക്കുകയായിരുന്നു. തിരുവനന്തപുരം പാളയം മാർക്കറ്റിൽ മുരിങ്ങക്കയ്ക്ക് 200 രൂപയും വെണ്ടയ്ക്കക്ക് 60 രൂപയും പാവയ്ക്കയ്ക്ക് 80 രൂപയുമാണ് വില.

അതേസമയം കോഴിക്കോട് ജില്ലയിലും പച്ചക്കറി വില ഉയരുകയാണ്. വില കുത്തനെ കൂടിയെങ്കിലും പിടിച്ചുനിർത്താനുള്ള ശ്രമം ഹോർട്ടികോർപ്പ് തുടരുന്നുണ്ട്. കഴിഞ്ഞ തിങ്കളാള്ച മുതൽ ശരാശരി 80 ടൺ പച്ചക്കറി തമിഴ്‌നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നുമായി ഹോർട്ടികോർപ്പ് കേരളത്തിലെത്തിക്കുന്നുണ്ട്. തക്കാളിക്ക് 56 രൂപയും, മുരിങ്ങയ്ക്കിക്ക് 89 രൂപയും വെണ്ടക്കയ്ക്ക് 31 രൂപയുമാണ് തിരുവനന്തപുരത്തെ ഇന്നത്തെ ഹോർട്ടികോർപ്പ് വില. ഇതേ നിരക്കിൽ വിൽപ്പന തുടരാനും കൂടുതൽ ലോഡ് എത്തിക്കാനുമാണ് ഹോർട്ടികോർപ്പിന്റെ പദ്ധതി.

ന്യൂഡൽഹി: വൈദ്യുത വാഹനങ്ങളുടെ ആവശ്യകത രാജ്യത്ത് വർദ്ധിക്കണമെങ്കിൽ വില കുറയണമെന്ന് മാരുതി സുസുക്കിയുടെ സെയ്ൽസ് ആൻഡ് മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ. വൈദ്യുത വാഹനങ്ങളുടെ വില കുറയാത്തിടത്തോളം ഇന്ത്യയിൽ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ആവശ്യക്കാരുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് കേന്ദ്ര സർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും വൈദ്യുത വാഹനങ്ങൾക്ക് സബ്‌സിഡി നൽകുന്നുണ്ടെങ്കിലും വാഹനങ്ങളുടെ വില കുറയാൻ ഈ സബ്‌സിഡി തുക മതിയാകില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നു. എല്ലാക്കാലത്തും സർക്കാരിന് സബ്‌സിഡി നൽകാൻ സാധിക്കില്ലെന്നും സബ്‌സിഡി നിർത്താലാക്കുന്നതോടെ ഈ വാഹനങ്ങൾക്ക് വീണ്ടും ആവശ്യക്കാർ കുറയുമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രിക് കാറിന്റെ ബാറ്ററിയുടെ വില കുറയാൻ വേണ്ട നടപടികളാണ് സർക്കാർ കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം അറിയിച്ചു.കൂടുതൽ ചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ധനവില വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ വൈദ്യുത വാഹനങ്ങളുടെ വിപണന സാധ്യത വർധിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ നിലവിലെ അവസ്ഥയിൽ 2030 ആയാലും ഇന്ത്യയുടെ മൊത്തം വാഹനങ്ങളുടെ എട്ട് മുതൽ പത്ത് ശതമാനം വരെ മാത്രമേ വൈദ്യുത വാഹനങ്ങൾ ഉണ്ടാവുകയുള്ളൂവെന്നും അതിന് കാരണം വൈദ്യുത വാഹനങ്ങളുടെ ഉയർന്ന വിലയാണെന്നും അദ്ദേഹം പറയുന്നു.

ന്യൂഡൽഹി: രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച 12 പ്രതിപക്ഷ എം.പിമാരുടെ സസ്പെൻഷൻ പിൻവലിക്കില്ലെന്ന് വ്യക്തമാക്കി സഭാ ചെയർമാൻ വെങ്കയ്യ നായിഡു. സസ്പെൻഷനിലായ എംപിമാർ തങ്ങളുടെ പ്രവർത്തനത്തിൽ ഖേദപ്രകടനം നടത്താൻ തയ്യാറായിട്ടില്ലെന്നും അതിനാൽ നടപടി പിൻവലിക്കില്ലെന്നാണ് അദ്ദേഹം അറിയിക്കുന്നത്.

എംപിമാർക്കെതിരായ നടപടി പിൻവലിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യം പരിഗണിക്കില്ല. എംപിമാരെ സസ്‌പെൻഡ് ചെയ്തത് സഭയാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ സമ്മേളനത്തിൽ ഇൻഷുറൻസ് ബിൽ ചർച്ചയ്ക്കെടുത്തപ്പോൾ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച എംപിമാരെയാണ് ഈ സമ്മേളനത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നത്.

അതേസമയം സസ്പെൻഷൻ പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ രാജ്യസഭയിൽ നിന്ന് ഇറങ്ങി പോയി. കോൺഗ്രസ്, ഡിഎംകെ, എസ്പി, ഇടതുപാർട്ടികൾ, ആർജെഡി, ആംആദ്മി പാർട്ടി എന്നിവരാണ് സഭയിൽ നിന്ന് ഇറങ്ങി പോയത്. എന്നാൽ തൃണമൂൽ കോൺഗ്രസ് എംപിമാർ സഭയിൽ തന്നെ തുടർന്നു. സി.പി.എം. രാജ്യസഭാകക്ഷി നേതാവ് എളമരം കരീം, സി.പി.ഐ. രാജ്യസഭാകക്ഷി നേതാവ് ബിനോയ് വിശ്വം എന്നിവരുൾപ്പെടെ 12 എംപിമാരെയാണ് സസ്‌പെൻഡ് ചെയ്തത്.

തിരുവനന്തപുരം: കോൺഗ്രസിന്റെ രണ്ട് മുതിർന്ന നേതാക്കൾക്കെതിരെ ഹൈക്കമാൻഡിന് പരാതി നൽകാനൊരുങ്ങി സംസ്ഥാന നേതൃത്വം. രണ്ടു മുതിർന്ന നേതാക്കൾ പാർട്ടിയുടെ പ്രവർത്തനങ്ങളെ പുറകോട്ട് വലിക്കാൻ ശ്രമിക്കുകയാണെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്. പാർട്ടിയിൽ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് ചിലർ മാദ്ധ്യമങ്ങൾക്ക് തെറ്റായ വിവരങ്ങൾ നൽകുന്നുവെന്ന ആരോപണവുമുണ്ട്. നേതൃത്വവും ഗ്രൂപ്പുകളും തമ്മിൽ തുറന്ന യുദ്ധത്തിലേക്ക് നീങ്ങുകയാണെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തനത്തിൽ അതൃപ്തി അറിയിച്ച് ഗ്രൂപ്പ് നേതാക്കൾ ഹൈക്കമാന്റിനെ സമീപിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വം പരാതിയുമായി ഹൈക്കമാൻഡിന്റെ അടുത്തേക്ക് പോകുന്നത്. കോൺഗ്രസിലെ രണ്ട് മുതിർന്ന നേതാക്കൾ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവർത്തനങ്ങളെ പുറകോട്ട് വലിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നാണ് പ്രധാന ആക്ഷേപം. ഈ വിഷയം ചൂണ്ടിക്കാട്ടി ഹൈക്കമാന്റിന് ഉടൻ തന്നെ പരാതി നൽകാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഹൈക്കമാന്റ് വിഷയത്തിൽ ഇടപെടണമെന്നും നേതൃത്വം ആവശ്യപ്പെടുന്നു.

നിസ്സാര കാര്യങ്ങളെ വലിയ വാർത്തയാക്കി അണികളുടെ വീര്യം കെടുത്താനുള്ള ശ്രമമാണ് ഒരു വശത്ത് നടക്കുന്നതെന്നും ഇത് സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ടെന്നും ആരോപണമുണ്ട്.

വാഷിംഗ്ടൺ: ട്വിറ്റർ സിഇഒ സ്ഥാനം രാജിവെയ്ക്കാനൊരുങ്ങി ജാക്ക് ഡോർസെ. ട്വിറ്ററിന്റെ ചീഫ് ടെക്നോളജി ഓഫിസറും ഇന്ത്യൻ വംശജനുമായ പരാഗ് അഗർവാളാകും പുതിയ സിഇഒ. അതേസമയം 2022 വരെ ജാക്ക് ഡോർസെ സിഇഒ സ്ഥാനത്ത് തുടരുമെന്ന് ട്വിറ്റർ അറിയിച്ചിട്ടുണ്ട്. ട്വിറ്റർ സഹ സ്ഥാപകൻ കൂടിയാമ് ജോക്ക് ഡോർസെ.

സ്ഥാപകരിൽ നിന്ന് മുന്നോട്ട് പോകാൻ ട്വിറ്റർ പര്യാപ്തമായെന്ന് താൻ വിശ്വസിക്കുന്നുവെന്നും അതുകൊണ്ടാണ് രാജിവയ്ക്കുന്നതെന്നും ജാക്ക് ഡോർസെയുടെ പ്രതികരണം. ട്വിറ്ററിന്റെ പുതിയ സിഇഒ ആയി എത്തുന്ന പരാഗിനെ താൻ അത്യധികം വിശ്വസിക്കുന്നുവെന്നും ട്വിറ്ററിനെ മാറ്റി മറിക്കുന്നതായിരുന്നു പരാഗിന്റെ കഴിഞ്ഞ പത്ത് വർഷത്തെ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു. പരാഗിന് സ്ഥാപനത്തെ നയിക്കാനുള്ള സമയം എത്തി കഴിഞ്ഞുവെന്നും അദ്ദേഹം വിശദമാക്കി.

അമേരിക്കൻ പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപിനെ ട്വിറ്ററിൽ നിന്ന് വിലക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ജാക്ക് ഡോർസെ നടപ്പാക്കിയിരുന്നു. ജനുവരി 6 ന് നടന്ന കാപിറ്റോൾ കലാപത്തെ തുടർന്നാണ് ട്രംപിനെ ട്വിറ്ററിൽ നിന്ന് വിലക്കേർപ്പെടുത്തിയത്. വ്യാജ വാർത്തകൾ തടയുക എന്നത് ലക്ഷ്യം വച്ച് നിരവധി പ്രവർത്തനങ്ങളും അദ്ദേഹം നടത്തിയിരുന്നു.

കോഴിക്കോട്: തെരുവുനായക്കുഞ്ഞുങ്ങളെ ദത്തെടുക്കാൻ സൗകര്യമൊരുക്കി കോഴിക്കോട് കോർപ്പറേഷൻ. ടാഗോർ ഹാളിൽ ദത്തെടുക്കൽ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുകയാണ് കോഴിക്കോട് കോർപ്പറേഷൻ.

‘ബൗ..ബൗ..ഫെസ്റ്റ്’ എന്ന പേരിലാണ് കോഴിക്കോട് കോർപ്പറേഷൻ ക്യാമ്പ് നടത്തിയത്. ക്യാമ്പിൽ വെച്ച് അമ്പതോളം തെരുവുനായക്കുഞ്ഞുങ്ങളെ കോർപ്പറേഷൻ ആവശ്യക്കാർക്കു കൈമാറി. പേവിഷബാധയ്‌ക്കെതിരായ പ്രതിരോധ കുത്തിവെപ്പെടുത്ത നായക്കുട്ടികളെയാണ് ആവശ്യക്കാർക്ക് കൈമാറിയത്. താത്പര്യമുള്ളവർക്ക് രജിസ്‌ട്രേഷനുള്ള സൗകര്യം മുൻകൂട്ടി ഒരുക്കിയിരുന്നു. ഇഷ്ടപ്പെട്ട നായക്കുട്ടികളെ തെരഞ്ഞെടുത്ത ശേഷം ഡോക്ടർമാർ ഇവയെ പരിശോധിച്ച് നിർദേശങ്ങൾ നൽകി. വാക്‌സിൻ സ്വീകരിക്കാൻ പ്രായമായ എല്ലാ നായക്കുട്ടികൾക്ക് കുത്തിവയ്പ്പ് നൽകുകയും ചെയ്തു.

നായക്കുട്ടികളെ കൈപ്പറ്റുന്നവർ ലൈസൻസ് ഉൾപ്പെടെ നിയമപരായ എല്ലാ നിബന്ധനകളും പാലിക്കണമെന്നാണ് അധികൃതർ നൽകുന്ന നിർദ്ദേശം. ഇവയുടെ പരിപാലനവും വളർച്ചയും നിശ്ചിത ഇടവേളകളിൽ അധികൃതർ പരിശോധിച്ച് വിലയിരുത്തുന്നതായിരിക്കും. തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിനായി കോർപറേഷന്റെ നേതൃത്വത്തിൽ പൂളക്കടവിൽ രണ്ടു വർഷമായി ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) ആശുപത്രി പ്രവർത്തിക്കുന്നുണ്ട്.

അതേസമയം തെരുവുനായ ശല്യം ഒഴിവാക്കാൻ സാധിക്കുന്നതെല്ലാം ചെയ്യുമെന്ന് മേയർ ബീന ഫിലിപ്പ് ഉറപ്പു നൽകിയിരുന്നു. ഇതിന്റെ ആദ്യപടി ആയാണ് ബൗ ബൗ ഫെസ്റ്റ് സംഘടിപ്പിച്ചത്. മൃഗസംരക്ഷണ രംഗത്തെ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് ക്യാമ്പ് സജ്ജമാക്കിയത്.