കർഷക പ്രക്ഷോഭത്തിനിടെ മരണപ്പെട്ട കർഷകർക്ക് ധനസഹായം നൽകില്ല; നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിനിടെ മരണപ്പെട്ട കർഷകർക്ക് ധനസഹായം നൽകുന്ന വിഷയത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കർഷകർക്ക് നഷ്ടപരിഹാരം നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കർഷക നിയമങ്ങൾക്കെതിരെ കഴിഞ്ഞ ഒരു വർഷമായി നടന്ന പ്രതിഷേധത്തിനിടെ കർഷകർ ആരും മരിച്ചതായി അറിയില്ലെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.

ഇത്തരം മരണങ്ങൾ സംബന്ധിച്ച രേഖകളൊന്നും സർക്കാരിന്റെ പക്കലില്ലെന്നും അതുകൊണ്ടുതന്നെ കർഷകരുടെ കുടുംബത്തിന് ധനസഹായം നൽകുന്ന വിഷയം നിലനിൽക്കുന്നില്ലെന്നും കൃഷിമന്ത്രി നരേന്ദ്ര തോമർ വ്യക്തമാക്കി. പാർലമെന്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

നവംബർ 19-ന് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചതായുള്ള പ്രഖ്യാപനം നടത്തിയത്. ഇതിന്റെ നടപടിക്രമങ്ങളും സർക്കാർ പൂർത്തിയാക്കിയിരുന്നു. ഒരു വർഷം നീണ്ടുനിന്ന കർഷക പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം നൽകണമെന്നായിരുന്നു കർഷരുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിച്ച ചോദ്യങ്ങൾക്കാണ് കൃഷിമന്ത്രിയുടെ മറുപടി.