ഒമിക്രോൺ; ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജോ ബൈഡൻ

ന്യൂയോർക്ക്: കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ആശങ്കയുയർത്തുന്നുണ്ടെങ്കിലും പരിഭ്രാന്തരാകേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വാക്‌സിൻ സ്വീകരിക്കുന്നതിലൂടെയും മാസ്‌ക് ധരിക്കുന്നതിലൂടെയും രോഗബാധ നിയന്ത്രണവിധേയമാക്കാമെന്നും അതിനാൽ നിലവിൽ ലോക്ക്ഡൗണിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറയുന്നു. വടക്കേ അമേരിക്കേയിലും ഒമിക്രോൺ സാന്നിദ്ധ്യം കണ്ടൈത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഉന്നത ആരോഗ്യ ഉദ്യോഗസ്ഥർ വാക്‌സിൻ നിർമാതാക്കളുമായി കൂടിയാലോചനകൾ നടത്തുകയാണെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ദക്ഷിണാഫ്രിക്കയ്ക്കും മറ്റ് ഏഴ് രാജ്യങ്ങൾക്കും യു എസ് ഏർപ്പെടുത്തിയ യാത്രാ വിലക്ക് കഴിഞ്ഞ തിങ്കളാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നു. ആളുകൾക്ക് വാക്‌സിനേഷനുള്ള സമയം അനുവദിക്കുന്നതിനായാണ് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് ജോ ബൈഡൻ പറയുന്നത്.

നിലവിൽ ഒമിക്രോൺ യു എസിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഇതിനോടകം തന്നെ രാജ്യത്ത് വൈറസ് സാന്നിധ്യം ഉണ്ടാകാമെന്ന് യു എസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഡോ.ആന്റണി ഫൗസി വ്യക്തമാക്കി.