കൊച്ചി: കൊച്ചിയിൽ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ കുരുക്ക് മുറുകുന്നു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചന്റെ ലഹരിപാർട്ടികളിൽ പങ്കെടുത്തവർക്ക് എതിരെയും കേസിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്. സൈജുവിന്റെ മൊബൈൽ ഫോണിൽ മയക്കുമരുന്ന് സംഘം ചേർന്ന് ഉപയോഗിക്കുന്ന നിരവധി വീഡിയോകളും കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവ്, എംഡിഎംഎ, സ്റ്റാമ്പ് എന്നിവ സംഘം ചേർന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.
ഇവ ലഹരിപ്പാർട്ടികളാണെന്ന് സൈജു തന്നെ പോലീസിനോട് വെളിപ്പെടുത്തി. ഈ വീഡിയോകളിലുള്ളവരെ പോലീസ് തിരിച്ചറിയുകയും ചെയ്തു. ഇവർക്കെതിരെ കേസെടുക്കുന്നതിനായുള്ള നിയമോപദേശം തേടുകയാണ് പോലീസ്. മയക്കുമരുന്നുമായി ബന്ധപ്പെട്ടും മറ്റ് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ടും സൈജു ചാറ്റ് ചെയ്ത ആളുകൾ ഇന്ന് ഹാജരാകണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. ഫോണിൽ നിന്ന് ലഭിച്ച ഫോട്ടോകളിലും ദൃശ്യങ്ങളിലും മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കണ്ട മുഴുവൻ ആളുകളും പൊലീസിന്റെ നിരീക്ഷണത്തിലാണ്.കസ്റ്റഡി കാലാവധി അവസാനിക്കും മുമ്പ് സൈജുവിന്റെ സാന്നിധ്യത്തിൽ ഇവരെയെല്ലാം ചോദ്യം ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം. സൈജുവിന്റെ വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നി അക്കൗണ്ടുകളിലുള്ള സൈബർസെൽ പരിശോധനയും ഇന്ന് നടക്കും. പരിശോധനയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൈബർ വിദ്ഗ്ദരുടെ സാന്നിധ്യത്തിൽ സൈജുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്.
ഡി ജെ പാർട്ടി നടന്ന ഹോട്ടലിൽ വച്ച് സൈജുവും ഇരുയുവതികളുമായി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. അതിന് ശേഷം സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലിൽ നിന്ന് ഇറങ്ങിയ യുവതികളെ സൈജു കാറിൽ പിന്തുടർന്നു. കുണ്ടന്നൂരിൽ വച്ച് അവരുടെ കാർ സൈജു തടഞ്ഞുനിർത്തുകയും വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. പിന്നീടും യുവതികളുടെ കാറിനെ സൈജു പിന്തുടർന്നിരുന്നു. ഇതോടെയാണ് അതിവേഗത്തിൽ കാറോടിച്ചതും അപകടമുണ്ടായതും എന്നാണ് പോലീസിന്റെ നിഗമനം.

