എയ്ഡ്‌സ് ബാധിച്ച രോഗിയിൽ നിന്നുമാണ് ഒമിക്രോൺ വേരിയന്റ് ആദ്യമായി പുറത്ത് വന്നത്; പുതിയ വെളിപ്പെടുത്തലുമായി ഗവേഷകർ

covid

ലണ്ടൻ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപനത്തിന്റെ ആശങ്കയിലാണ് ലോകരാജ്യങ്ങൾ. വീണ്ടു ലോക്ക് ഡൗൺ ഉണ്ടാകുമോയെന്നാണ് ജനങ്ങൾ ആശങ്കപ്പെടുന്നത്. ഒമിക്രോൺ കണ്ടെത്തിയതിന് പിന്നാലെ നിരവധി രാജ്യങ്ങളാണ് ആഫ്രിക്കയിലേക്ക് വിമാന സർവീസുകൾ നിർത്തലാക്കിയത്. ഒമിക്രോൺ വ്യാപനവുമായി ബന്ധപ്പെട്ട് മറ്റൊരു നിർണായക വിവരവും ഇപ്പോൾ പുറത്തു വരുന്നുണ്ട്. ദീർഘകാലമായി എയ്ഡ്‌സ് ബാധിച്ച രോഗിയിൽ നിന്നുമാണ് ഒമിക്രോൺ വേരിയന്റ് ആദ്യമായി പുറത്ത് വന്നിട്ടുള്ളതെന്ന സംശയം പ്രകടിപ്പിക്കുകയാണ് ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ. പുതിയ കോവിഡ് വകഭേദത്തെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരാണ് ഈ വിവരം പങ്കുവെച്ചത്.

രോഗപ്രതിരോധ ശേഷി കുറഞ്ഞവരിൽ കോവിഡ് രോഗാണുക്കൾ ശരീരത്ത് നീണ്ടകാലം നിലനിൽക്കാറുണ്ട്. ഇവരിൽ വൈറസുകൾക്ക് വകഭേദങ്ങൾ സംഭവിക്കുന്നതിനും തെളിവുകൾ നേരത്തെ പുറത്തുവിട്ടുണ്ട്. ശരീരത്തിൽ ആന്റിബോഡികൾ നിർമ്മിക്കാനാവാതെ വീണ്ടും വൈറസ് സ്വയം ആവർത്തിക്കുമ്പോഴാണ് വ്യതിയാനങ്ങൾ ഉണ്ടാവുന്നത്. കോവിഡ് വൈറസിന്റെ കാര്യത്തിൽ ഇത് ശരീരത്തിനുള്ളിൽ മാത്രമേ സംഭവിക്കൂ, കോശങ്ങൾക്ക് പുറത്ത് സംഭവിക്കാറില്ല. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന്റെ അഭാവത്തിൽ ഏറെക്കാലം അണുബാധ നിലനിൽക്കുകയും അത്തരക്കാരുടെ ശരീരത്തിൽ വകഭേദങ്ങൾ സൃഷിടിക്കുവാനുള്ള അനുയോജ്യമായ അന്തരീക്ഷം ഉണ്ടാവുകയും ചെയ്യും.

2021 ഫെബ്രുവരിയിൽ നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കൊവിഡ് പോസിറ്റീവ് ആയി 102 ദിവസത്തിന് ശേഷം മരണമടഞ്ഞ രോഗിയിൽ ഇത്തരത്തിൽ നിരവധി തവണ വൈറസിന് വ്യതിയാനം സംഭവിച്ചതായുള്ള വിവരം പുറത്തുവിട്ടിരുന്നു. ലിംഫോമയ്ക്കുള്ള കീമോതെറാപ്പിക്ക് വിധേയനായിരുന്ന എഴുപത് വയസിന് മുകളിൽ പ്രായമുള്ള രോഗിയായിലാണ് ഇത്തരത്തിൽ ജനിതക മാറ്റം സംഭവിച്ചത്. ലിംഫ് സിസ്റ്റത്തിന്റെ കോശങ്ങളിലോ ശരീരത്തിന്റെ രോഗ പ്രതിരോധ ശൃംഖലയിലോ ആരംഭിക്കുന്ന ക്യാൻസറാണ് ലിംഫോമ. ക്യാൻസർ ബാധിതരായവരിൽ, പ്രത്യേകിച്ച് ദീർഘകാല കീമോതെറാപ്പി നടത്തിയിട്ടുള്ളവരിൽ കോവിഡ് വൈറസിന് ഏറെനാൾ അതിജീവിക്കാൻ കഴിയുമെന്നും പഠനത്തിൽ പറഞ്ഞിരുന്നു.