ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രാജ്യത്ത് ആത്മഹത്യ ചെയ്തത് 17,299 കർഷകർ. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ പാർലമെന്റിലാണ് ഇക്കാര്യം അറിയിച്ചത്. 2020 ൽ മാത്രം 5,579 കർഷകരാണ് രാജ്യത്ത് ആത്മഹത്യ ചെയ്തതെന്നും കേരളത്തിൽ മാത്രം 104 കർഷകരാണ് ആത്മഹത്യ ചെയ്തതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
2018, 2019 വർഷങ്ങളെ അപേക്ഷിച്ച് 2020 ൽ കേരളത്തിലെ കർഷക ആത്മഹത്യയുടെ എണ്ണം ഇരട്ടിയായി വർധിച്ചിട്ടുണ്ട്. കേരളത്തിൽ 2018 ൽ 25 പേരും 2019 ൽ 22 പേരുമാണ് ആത്മഹത്യ ചെയ്തത്. എന്നാൽ 2020 ൽ 57 കർഷക ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കർഷക ആത്മഹത്യ നടന്നിരിക്കുന്നത്. 2020 ലെ കർഷക ആത്മഹത്യകളിൽ 2,567 കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിൽ നിന്നാണ്. 1,072 കേസുകൾ കർണ്ണാടകയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആന്ധ്രാ പ്രദേശ് (564), തെലങ്കാന(466), മധ്യപ്രദേശ് (235), ചത്തീഡ്ഗഡ് (227), ഉത്തർപ്രദേശ് (87) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കർഷക ആത്മഹത്യകൾ.
കുടുംബ പ്രശ്‌നങ്ങൾ, മയക്കുമരുന്നിന്റെ ദുരുപയോഗം, വിവാഹസംബന്ധമായ പ്രശ്‌നങ്ങൾ, പ്രണയ നൈരാശ്യം, കടബാധ്യത, പരീക്ഷയിലെ പരാജയം, തൊഴിലില്ലായ്മ, സ്വത്ത് തർക്കം എന്നിവയാണ് കർഷക ആത്മഹത്യക്കു പിന്നിലുള്ള കാരണങ്ങളെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം ഡൽഹി അതിർത്തിയിൽ കാർഷിക നിയമങ്ങൾക്കെതിരെയുള്ള സമരത്തിനിടെ മരണപ്പെട്ട കർഷകരുടെ എണ്ണം റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ലെന്ന് മന്ത്രി അറിയിച്ചു.

