ന്യൂഡൽഹി: ചൈനയ്‌ക്കെതിരെ അപ്രതീക്ഷിത നീക്കവുമായി ഇന്ത്യ. ചൈനീസ് സൈന്യത്തിന്റെ ലഡാക്കിലെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഇസ്രയേലിന്റെ അത്യാധുനിക ഹെറോൺ ഡ്രോണുകൾ വിന്യസിച്ചിരിക്കുകയാണ് ഇന്ത്യ. നാല് ഹെറോൺ ഡ്രോണുകളാണ് ഇസ്രയേൽ ഇന്ത്യയ്ക്ക് നൽകുന്നത്. കോവിഡ് വ്യാപനത്തെ തുടർന്നാണ് ഇസ്രായേൽ ഹെറോൺ ഡ്രോണുകൾ വിതരണം ചെയ്യാൻ വൈകിയത്.
പ്രതിരോധ മന്ത്രാലയത്തിന് അടിയന്തിര ധനകാര്യ അധികാരം പ്രധാനമന്ത്രി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നാല് ഡ്രോണുകൾ വാങ്ങിയത്. ചൈനയുമായുള്ള സംഘർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള ആയുധങ്ങൾ വാങ്ങാൻ 500 കോടി രൂപ വരെ അനുവദിക്കുന്നതായിരുന്നു പ്രത്യേക അനുമതി.
ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം നിലനിൽക്കുന്ന ലഡാക്കിലാണ് ഹെറോൺ ഡ്രോണുകൾ വിന്യസിക്കുക. നിലവിൽ ഇന്ത്യയുടെ കയ്യിലുള്ള പഴയ തലമുറയിൽപ്പെട്ട ഹെറോണിനേക്കാൾ മികച്ചതാണ് പുതിയ ഹെറോണുകൾ. ശത്രുവിനെ നിരീക്ഷിക്കാനും രഹസ്യവിവരങ്ങൾ ശേഖരിക്കാനും ശത്രുസങ്കേതങ്ങളിൽ കയറി നിരീക്ഷണം നടത്താനും വരെ കഴിവുള്ളവയാണ് പുതിയ ഹെറോണുകൾ. ഒരിക്കലും ശത്രുക്കൾക്ക് പ്രവർത്തനരഹിതമാക്കാൻ കഴിയാത്ത ശേഷിയുള്ളവയാണ് ഇവയെന്നതാണ് മറ്റൊരു സവിശേഷത.

