General (Page 1,303)

മുംബൈ: ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്. കളളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ജാക്വിലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. 200 കോടിയുടെ തട്ടിപ്പ് കേസാണ് ജാക്വിലിനെതിരെയുള്ളത്. ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് താരത്തോട് എൻഫോഴ്‌സ്‌മെന്റ് നിർദ്ദേശിച്ചിരുന്നു. എന്നാൽ ജാക്വിലിൻ ചോദ്യം ചെയ്യലിനായി ഹാജരായിരുന്നില്ല. തുടർന്നാണ് എൻഫോഴ്‌സ്‌മെന്റ് താരത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

വിദേശത്തേയ്ക്ക് കടക്കാൻ വിമാനത്താവളത്തിലെത്തിയ താരത്തിന്റെ യാത്ര മുംബൈ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടയുകയും ചെയ്തു. 200 കോടിയുടെ തട്ടിപ്പ് കേസിൽ മുഖ്യപ്രതിയായ സുകേഷ് ചന്ദ്രശേഖറുമായി ജാക്വിലിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ്. താരത്തെ ഡൽഹിയിലേക്ക് എത്തിച്ച് ചോദ്യം ചെയ്യുമെന്ന് എൻഫോഴ്സ്മെന്റ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് സുകേഷ് ചന്ദ്രശേഖറിന്റെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്നും ഇഡി അറിയിച്ചു.

അതേസമയം കേസിൽ ഇഡിയുടെ കുറ്റപത്രം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ജാക്വിലിൻ ഫെർണാണ്ടസിന് 10 കോടിയിലധികം വില വരുന്ന സമ്മാനങ്ങൾ സുകേഷ് നൽകിയെന്നാണ് കുറ്റപത്രത്തിൽ വിശദമാക്കുന്നത്. നടി നോറ ഫത്തേഹിക്കും സുകേഷ് ഇത്തരത്തിൽ സമ്മാനം നൽകിയിരുന്നു.

കാബൂൾ: താലിബാന് താക്കീത് നൽകി ലോകരാജ്യങ്ങൾ. അഫ്ഗാനിസ്താൻ മുൻ സേനയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്നതിനെതിരെയാണ് വിവിധ രാജ്യങ്ങൾ താലിബാന് താക്കീത് നൽകിയത്. യുഎസ് ഉൾപ്പടെയുള്ള രാജ്യങ്ങൾ താലിബാന് മുന്നറിയിപ്പ് നൽകി. അഫ്ഗാനിൽ മുൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ നിരന്തരം ആക്രമണം അഴിച്ചു വിടുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തുടർന്നാണ് രാജ്യങ്ങൾ പുതിയ നടപടിയിലേക്ക് കടന്നത്.

സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണം നിർത്തി അവരെ മാനിക്കണമെന്നാണ് 22 രാജ്യങ്ങൾ താലിബാനോട് ആവശ്യപ്പെട്ടത്. യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ മറ്റു 19 രാജ്യങ്ങൾ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

അഫ്ഗാന്റെ ഭരണം താലിബാൻ കൈയ്യടക്കി നാല് മാസത്തിനുള്ളിൽ നിരവധി അഫ്ഗാൻ സൈനികരെയാണ് തട്ടിക്കൊണ്ടു പോയതും കൊലപ്പെടുത്തിയതും. ഓഗസ്റ്റ് 15 നും ഒക്ടോബർ 31 നും ഇടയിൽ താലിബാന് മുന്നിൽ കീഴടങ്ങുകയോ അവർ പിടികൂടുകയോ ചെയ്ത 47 മുൻ സുരക്ഷാ അംഗങ്ങളെ കൊലപ്പെടുത്തിയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മുൻ സർക്കാരിലെ ഉദ്യോഗസ്ഥരെ ഉപദ്രവിക്കില്ലെന്ന് താലിബാൻ ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതൊന്നും പാലിക്കപ്പെടാത്ത അവസ്ഥയാണുള്ളത്. ഈ സാഹ്ചര്യത്തിലാണ് താലിബാന്റെ നീക്കം.

കണ്ണൂർ: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ഈ വിജയം കോൺഗ്രസിന് ഇരട്ടിമധുരം പകരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആരും പ്രസ്ഥാനത്തിന് മുകളിൽ അല്ല, ആരും ഒഴിച്ചുകൂടാൻ പറ്റാത്തവരും അല്ല. കോൺഗ്രസ് വികാരം നഷ്ടപ്പെട്ടാൽ ആരും ഒന്നും അല്ല എന്ന തിരിച്ചറിവ് ഉണ്ടാകണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ആ തിരിച്ചറിവ് ആയിരം വട്ടം ഉദ്‌ഘോഷിക്കുന്നതാണ് ഇന്ദിരാ പ്രിയദർശിനിയുടെ പേരിലുള്ള ആശുപത്രി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ നേടിയ ഉജ്ജ്വല വിജയം. ചുവർ ഉണ്ടെങ്കിലേ ചിത്രം വരക്കാനാകൂ. ഇവിടെ ചിലരെങ്കിലും ഉണ്ട്. പ്രവർത്തകരുടെ വിയർപ്പു തുള്ളിയിൽ
കെട്ടിപ്പടുത്ത സ്ഥാപനങ്ങളിൽ ഒരിക്കൽ കയറിയിരുന്നാൽ പിന്നെ പാർട്ടിയെ മറക്കും, പ്രവർത്തകരെ മറക്കും. എല്ലാം ഞാൻ ആണെന്ന തോന്നൽ ഉണ്ടാകുമെന്നും അദ്ദേഹം വിമർശിച്ചു. മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പുതിയ സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് സുധാകരന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു പരാമർശം ഉണ്ടായത്.

കോൺഗ്രസിനേക്കാൾ വലുത് താനാണെന്ന തോന്നലും താനെന്ന മനോഭാവത്തിനും വളർത്തിയ മഹാപ്രസ്ഥാനത്തിനെ മറന്നതിനും കാലം കരുതിവെച്ച തിരിച്ചടിയാണിത്. ഒന്ന് നിങ്ങൾ അറിയണം കണ്ണുതുറന്ന് കാണണം. കേരളത്തിന്റെ തെരുവുകളിലേക്ക് നോക്കൂ. ഇന്നലെകളിൽ കണ്ട നൈരാശ്യം പിടിച്ച കോൺഗ്രസല്ല. ഒരു മനസ്സോടെ ഒരേ വികാരമായി ഒരു സാഗരം പോലെ ത്രിവർണ്ണ പതാക ചോട്ടിൽ ഒഴുകിയെത്തുന്ന ജനലക്ഷങ്ങൾ. അവർക്ക് വ്യക്തികളല്ല വലുത്, കോൺഗ്രസ് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ഈ വിജയം കോൺഗ്രസിന് ഇരട്ടിമധുരം പകരുന്നു. സാധാരണ പ്രവർത്തകരുടെ വിജയം, കോൺഗ്രസിന്റെ വിജയം!

ആരും പ്രസ്ഥാനത്തിന് മുകളിൽ അല്ല,
ആരും ഒഴിച്ചുകൂടാൻ പറ്റാത്തവരും അല്ല.
കോൺഗ്രസ് വികാരം നഷ്ടപ്പെട്ടാൽ
ആരും ഒന്നും അല്ല എന്ന തിരിച്ചറിവ് ഉണ്ടാവണം.

ആ തിരിച്ചറിവ് ആയിരം വട്ടം ഉദ്‌ഘോഷിക്കുന്നതാണ് ഇന്ദിരാ പ്രിയദർശിനിയുടെ പേരിലുള്ള
ആശുപത്രി തിരഞ്ഞെടുപ്പിൽ
കോൺഗ്രസ് പാനൽ നേടിയ ഉജ്ജ്വല വിജയം.

”ചുവർ ഉണ്ടെങ്കിലേ ചിത്രം വരക്കാനാകൂ.”
ഇവിടെ ചിലരെങ്കിലും ഉണ്ട്,
പ്രവർത്തകരുടെ വിയർപ്പു തുള്ളിയിൽ
കെട്ടിപ്പടുത്ത സ്ഥാപനങ്ങളിൽ ഒരിക്കൽ കയറിയിരുന്നാൽ പിന്നെ പാർട്ടിയെ മറക്കും, പ്രവർത്തകരെ മറക്കും. എല്ലാം ഞാൻ ആണെന്ന തോന്നലും!
കോൺഗ്രസിനേക്കാൾ വലുത് ഞാനാണെന്ന തോന്നലും
ഞാനെന്ന മനോഭാവത്തിനും
വളർത്തിയ മഹാപ്രസ്ഥാനത്തിനെ മറന്നതിനും കാലം കരുതിവെച്ച തിരിച്ചടി.

ഒന്ന് നിങ്ങൾ അറിയണം കണ്ണുതുറന്ന് കാണണം കേരളത്തിന്റെ തെരുവുകളിലേക്ക് നോക്കൂ…
ഇന്നലെകളിൽ കണ്ട നൈരാശ്യം പിടിച്ച
കോൺഗ്രസല്ല…
ഒരു മനസ്സോടെ
ഒരേ വികാരമായി
ഒരു സാഗരം പോലെ
ത്രിവർണ്ണ പതാക ചോട്ടിൽ
ഒഴുകിയെത്തുന്ന ജനലക്ഷങ്ങൾ…
അവർക്ക് വ്യക്തികളല്ല വലുത്,
കോൺഗ്രസ് മാത്രമാണ്.
കോൺഗ്രസ് മാത്രം!

ഇവിടെ ആർക്കും മാറിനിൽക്കാനാവില്ല,
മുന്നോട്ട്…
ജയ് കോൺഗ്രസ്!

ന്യൂഡൽഹി: രാജസ്ഥാനിലും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ജയ്പൂരിലുള്ള ഒരു കുടുംബത്തിലെ 9 പേരിലാണ് പുതിയ കോവിഡ് വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയിൽ നിന്നും ഇക്കഴിഞ്ഞ 15 നാണ് ഇവർ നാട്ടിലെത്തിയത്. അതേസമയം മഹാരാഷ്ട്രയിൽ ഏഴുപേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. എട്ടു കേസുകളാണ് മഹാരാഷ്ട്രയിൽ ഇതുവരെ സ്ഥിരീകരിച്ചത്. ഇതിൽ നാലുപേർ വിദേശത്തു നിന്നും എത്തിയവരാണ്. അവരുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവരാണ് മറ്റു മൂന്നു പേർ.

ഡൽഹിയിലും ഇന്ന് ഒമിക്രോൺ ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടാൻസാനിയയിൽ നിന്നെത്തി ഡൽഹി എൽഎൻജെപി ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന 37 കാരനാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 12 പേരുടെ സാമ്പിൾ ജനിത ശ്രേണീകരണം നടത്തിയതിൽ ഒന്നിലാണ് പുതിയ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. 5 സാമ്പിളുകളുടെ പരിശോധനാ ഫലം ഇനി ലഭ്യമാകാനുണ്ട്. ബംഗളൂരുവിൽ ഡോക്ടർക്ക് ഒമിക്രോൺ ബാധിച്ച പശ്ചാത്തലത്തിൽ ആയിരത്തിലേറെ പേരെ നിരീക്ഷിക്കേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗുജറാത്തിൽ ഒമിക്രോൺ ബാധിതനായ 72 കൊരന്റെ സമ്പർക്കപട്ടികയിലെ മുഴുവൻ പേരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നതും വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ട്.

ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളും വാക്‌സിനേഷനും വർധിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. പ്രതിരോധ നടപടികൾ ഊർജിതമാക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു.

തിരുവനന്തപുരം: സംഘപരിവാറിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തലശ്ശേരിയിൽ സംഘപരിവാർ ഉയർത്തിയത് കേരളത്തിൽ കേൾക്കരുതാത്ത മുദ്രവാക്യമാണെന്നും അത് അംഗീകരിക്കാൻ ഒരിക്കലും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയിൽ പി.കൃഷ്ണപിള്ള സ്മാരക പഠനകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

തലശ്ശേരിയിൽ ഒരു പ്രകടനം ആർഎസ്എസിന്റെ നേതൃത്വത്തിൽ നടന്നു. നമ്മുടെ കേരളത്തിൽ നമുക്ക് കേൾക്കാൻ കഴിയാത്ത മുദ്രാവാക്യങ്ങളാണ് വിളിച്ചത്. എന്താണ് ഇതിന്റെ ഉദ്ദേശ്യമെന്ന് അദ്ദേഹം ചോദിച്ചു. ഇത്തരമൊരു ചിന്ത ആളുകളുടെ മനസിലേക്ക് കടത്തിവിടുകയാണ്. നമ്മൾ ഇടുന്ന വസ്ത്രത്തിന് നേരെയും കഴിക്കുന്ന ഭക്ഷണത്തിന് നേരെയും കടന്നാക്രമണം നടത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമൂഹത്തെ ആകെ അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമം നടന്നുവരുന്ന കാലമാണിത്. കേരളത്തിന്റെ ഏറ്റവും വലിയ പ്രത്യേകത മതനിരപേക്ഷതയിൽ ഊന്നിനിൽക്കുന്ന നാടാണ് എന്നതാണ്. ആർഎസ്എസ് പൂർണമായും വർഗീയതയിൽ അഭിരമിക്കുന്നവരാണ്. വർഗീയയിലൂടെ വളരാൻ കഴിയുമെന്ന് ചിന്തിക്കുന്നവരാണ്. അതിനായി വർഗീയ സംഘർഷങ്ങളും കലാപങ്ങളും ആശ്രയിക്കുന്നവരാണ്. അവർക്ക് ഇന്ത്യയിൽ പലയിടത്തും അവരുടെ അജണ്ട അവർ ഉദ്ദേശിക്കുന്ന രീതിയിൽ നടപ്പാക്കാനായി. അതിന് കാരണം സമൂഹത്തിന്റെ പ്രത്യേകതയാണ്. കേരളത്തിൽ അവർ ഉദ്ദേശിക്കുന്നത് നടപ്പാൻ സാധിക്കാത്തതും മറ്റിടങ്ങളിൽ അതിന് കഴിയുന്നതും ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇടതുപക്ഷം ശക്തമായി ഇല്ലാത്ത സംസ്ഥാനങ്ങളിൽ അതിവേഗതയിൽ ബിജെപിക്ക് വളരാൻ സാധിക്കും. എന്നാൽ ഒരു ഇടതുപക്ഷധാര കേരളത്തിൽ ഉയർന്നുനിൽക്കുന്നുണ്ട്. കോൺഗ്രസിനെയാണ് അവർക്ക് അവിടെ തുണയാകുന്നത്. കോൺഗ്രസ് അധികാരത്തിനായി വർഗീയതയോട് സമരസപ്പെടുന്നതാണ് കാണുന്നത്. സംഘപരിവാർ നേതാക്കൾ ഉന്നയിക്കുന്ന അതേ വാദഗതികൾ തന്നെയാണ് കോൺഗ്രസ് നേതാക്കളും ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. അവസരപാദരമായ കോൺഗ്രസിന്റെ നിലപാട് ബിജെപിക്ക് വളക്കൂറുണ്ടാക്കിയെന്ന് അദ്ദേഹം വിമർശിച്ചു.

ന്യൂഡൽഹി: നാഗാലാൻഡ് വെടിവെപ്പ് കേസിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ച് സംസ്ഥാന സർക്കാർ. അഞ്ച് അംഗ സംഘത്തെയാണ് സർക്കാർ അന്വേഷണത്തിനായി നിയോഗിച്ചത്. വിഘടനവാദികളാണെന്ന് തെറ്റിദ്ധരിച്ച് നാഗാലാന്റിൽ സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ 13 പേരാണ് കൊല്ലപ്പെട്ടത്. തുടർന്ന് നാട്ടുകാർ അസം റൈഫിൾസ് ക്യാമ്പിന് നേരെ ആക്രമണം നടത്തി. 200 പേരടങ്ങിയ സംഘമാണ് അസം റൈഫിൾസ് ക്യാമ്പിന് നേരെ ആക്രമണം നടത്തിയതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ആക്രമണത്തെ തുടർന്ന് മേഖലയിലെ ഇന്റർനെറ്റ് സേവനം റദ്ദാക്കുകയും സുരക്ഷ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് കൊഹിമയിലെ ഹോൺബിൽ ഫെസ്റ്റിവൽ റദ്ദാക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ ക്യാമ്പിന് തീയിടാനുള്ള ശ്രമവും അരങ്ങേറി. ഒടുവിൽ ആകാശത്തേക്ക് വെടിവച്ചാണ് അക്രമാസക്തരായ നാട്ടുകാരെ വിരട്ടിയോടിച്ചതെന്നാണ് അസം റൈഫിൾസ് വ്യക്തമാക്കുന്നത്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് അധികൃതർ വ്യക്തമാക്കി.

മേഖലയിലെ പല പ്രദേശങ്ങളിലും നാട്ടുകാരുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. ജനങ്ങൾ സമാധാനം പാലിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു അറിയിച്ചിരുന്നു. അതേസമയം ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പു നൽകുകയും ചെയ്തു.

തിരുവനന്തപുരം: പന്ത്രണ്ടാമത്തെ വയസു മുതൽ തന്റെ ജീവിതം രാഷ്ട്രീയ പ്രവർത്തനമാണെന്ന് പൊതുമരാമത്ത് -ടൂറിസം വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. താനൊരു വ്യക്തിയാണെന്നും ആരുടെയെങ്കിലും തണലിൽ വളരുന്ന ആളല്ലെന്നും അദ്ദേഹം പറഞ്ഞു. പല ഘട്ടങ്ങളായി പ്രവർത്തിച്ചാണ് താൻ മുന്നോട്ടു പോയത്. ഒരു സ്വകാര്യ ചാനലിന് നൽകി പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മരുമകൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓരോ കാര്യങ്ങളും പറഞ്ഞു ചെയ്യിക്കുകയാണോയെന്ന ചോദ്യത്തിനാണ് അദ്ദേഹം മറുപടി നൽകിയത്.

മന്ത്രിസഭയിലെ എല്ലാ കാര്യങ്ങളിലും കൈകടത്താൻ നോക്കുന്നുവെന്ന ഒരു വില്ലൻ ഇമേജ് നൽകാൻ ചിലർ ശ്രമിക്കുന്നുണ്ടോയെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. മന്ത്രിയെന്ന ഈ അധികാരം ലഭിക്കും മുമ്പും ഒരുവർഷത്തോളം മുഖ്യമന്ത്രിയുടെ മരുമകൻ തന്നെയായിരുന്നു. അന്ന് വേണമെങ്കിൽ ഈ പറയുന്നതുപോലെ വില്ലനാകാമായിരുന്നില്ലേയെന്നാണ് അദ്ദേഹം ചോദിക്കുന്നത്.

എന്തിലാണോ ഇടപെടേണ്ടത് അതിലേ ഇടപെടുകയുള്ളു. എവിടെയാണോ പോകേണ്ടത് അവിടെയേ പോവുകയുള്ളു. പ്രവൃത്തിയെ വിമർശിക്കാം. മെരിറ്റും ഡീ മെരിറ്റും നോക്കാം. അല്ലാതെ വക്രീകരിച്ചുകാണിക്കാൻ ശ്രമിച്ചാൽ ജനം ഇതൊക്കെ കാണുന്നുണ്ടെന്നേ മറുപടി പറയാൻ കഴിയുകയുള്ളു.അനാവശ്യമായി എന്തെങ്കിലും പരിഗണന നൽകുന്ന ആളല്ല മുഖ്യമന്ത്രി.ഞാൻ അത്തരം പരിഗണന പ്രതീക്ഷിക്കുന്നയാളുമല്ല.സ്വന്തം മനസ് പൂർണമായി അർപ്പിക്കാതെയും കഠിനാദ്ധ്വാനം ചെയ്യാതെയും മന്ത്രിയെന്ന നിലയിൽ മുന്നോട്ടുപോകാനാവില്ല. പ്രായം കുറഞ്ഞ ഒരാളെന്ന നിലയിൽ മികച്ച രീതിയിൽ താൻ പ്രവർത്തിച്ചില്ലെങ്കിൽ പുതിയ തലമുറയ്ക്കാകും അതിന്റെ ദോഷമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തനിക്ക് പാളിച്ച പറ്റിയാൽ അവരെ അത് ബാധിക്കും .നാളെ അവരുടെ അവസരമാകും നഷ്ടപ്പെടുക. മന്ത്രിയെന്ന നിലയിൽ സുതാര്യമായി മുന്നോട്ടു പോകുമ്പോൾ അതിനെ നല്ലരീതിയിൽ കാണാതെ തങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങൾക്ക് തടസമാകുമെന്നു കരുതുന്ന ചെറിയൊരു വിഭാഗം കരാറുകാരും ഉദ്യോഗസ്ഥരും ഉണ്ടാകാം. അവർ ഒന്ന് ഇടിച്ചുതാഴ്ത്തിക്കാണിക്കാൻ നോക്കിയേക്കാം. പക്ഷേ അതൊന്നും കാര്യമാക്കുകയില്ല. അഴിമതിക്കെതിരെ ശക്തമായി പ്രവർത്തിക്കും. പൊതുമരാമത്ത് മന്ത്രിയെന്ന നിലയിൽ ഫീൽഡിൽ പോകും. പാർട്ടിയാണ്മന്ത്രി പദവി നൽകിയത്. ഏൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ജയ്‌സാൽമീർ: ജയ്‌സാൽമീറിലെ രോഹിതാഷ് ഇന്തോ -പാക്ക് അതിർത്തി സന്ദർശിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ജയ്‌സാൽമീറിൽ നടന്ന സൈനിക സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു. രാജ്യത്തിന്റെ അതിർത്തി കാക്കാൻ സൈന്യം ഉണ്ടെന്ന വിശ്വാസത്തിലാണ് ഇന്ത്യയിലെ 130 കോടി ജനങ്ങളും താനും രാത്രി സമാധാനത്തോടെ ഉറങ്ങുന്നതെന്നന്ന് അമിത് ഷാ പറഞ്ഞു.

ജീവിതത്തിന്റെ സുവർണ കാലം രാജ്യത്തിനായി സമർപ്പിക്കുന്ന ജവാന്മാർക്ക് കുടുംബവുമൊത്തു കഴിയാൻ സമയം ഒരുക്കേണ്ടത് സർക്കാരിന്റെ കടമയും ഉത്തരവാദിത്തവുമാണ്. സൈനികർക്ക് അവരുടെ കുടുംബവുമൊത്തു പ്രതിവർഷം നൂറു ദിവസം ചെലവിടാൻ വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ബിഎസ്എഫ് ജവാന്മാർ നേരിടുന്ന വിഷമങ്ങൾ നേരിട്ടു മനസിലാക്കാൻ ഇന്ത്യ-പാക്ക് അതിർത്തിക്കു സമീപം ഒരു ദിവസം താമസിക്കാനും അമിത് ഷാ തീരുമാനിച്ചു.

ബിഎസ്എഫ് ജവാന്മാർക്കുള്ള ആരോഗ്യ കാർഡും അദ്ദേഹം വിതരണം ചെയ്തു. ആയുഷ്മാൻ ഭാരത് യോജനയുടെ ഭാഗമായാണ് കാർഡുകൾ നൽകിയത്. ഇനി ബിഎസ്എഫ് ജവാന്മാരുടെ കുടുംബാംഗങ്ങൾക്ക് ഉൾപ്പെടെ രാജ്യത്ത് എവിടെയും സൗജന്യ ചികിത്സ ലഭിക്കുന്നതാണ്. നാലരലക്ഷം ജവാന്മാർക്ക് ഇതിനോടകം കാർഡുകൾ വിതരണം ചെയ്തു.

തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയിൽ വീടുകൾ നൽകുന്നതിലെ മുൻഗണന ക്രമത്തിൽ മാറ്റവുമായി സംസ്ഥാന സർക്കാർ. വിമൺ ആൻഡ് ചിൽഡ്രൻ ഹോമുകളിലെ സ്ത്രീകൾക്കും കുട്ടികൾക്കും പ്രഥമ പരിഗണ നൽകാനുമാണ് സർക്കാരിന്റെ തീരുമാനം. ഇതുസംബന്ധിച്ച വനിതാ ശിശുവികസന ഡയറക്ടറുടെ ശുപാർശയ്ക്ക് സർക്കാർ അംഗീകാരം നൽകി. വിമൺ ആൻഡ് ചിൽഡ്രൻ ഹോമുകളിലെ സ്ത്രീകൾക്കും കുട്ടികൾക്കും പദ്ധതി വഴി പ്രയോജനം ലഭിക്കുന്നില്ലെന്നും ഇവർക്ക് മുൻഗണന നൽകണമെന്നും ചൂണ്ടിക്കാട്ടിയാണ് വനിതാ ശിശുവികസന ഡയറക്ടർ സർക്കാരിന് ശുപാർശ നൽകിയത്.

ശുപാർശയിൽ വിശദമായ പരിശോധന നടത്തിയ ശേഷമാണ് സർക്കാർ ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ ഭവന പദ്ധതിയിൽ അർഹരായവർക്ക് വീടും വസ്തുവും ലഭിക്കുന്നത്. പദ്ധതി വഴി വീടുകൾ നൽകുന്നതിലെ മുൻഗണന ക്രമത്തിലാണ് സർക്കാർ വേണ്ട മാറ്റങ്ങൾ വരുത്തിയത്. അതേസമയം പദ്ധതി പ്രകാരം അന്തേവാസികൾക്ക് നൽകുന്ന വസ്തുവും വീണ്ടും പണയപ്പെടുത്തുകയോ വിൽക്കുകയോ ചെയ്യാൻ പാടില്ലെന്നാണ് വ്യവസ്ഥ.

കോഴിക്കോട്: ജീവിതാവസാനം വരെ പാർട്ടിയെ നിയന്ത്രിക്കണമെന്ന് മുതിർന്ന നേതാക്കൾ വാശി പിടിക്കരുതെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. ഇത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കുമെതിരെയുമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഒരു സ്വകാര്യ ചാനലിലെ പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പാർട്ടി സംസ്ഥാന നേതൃത്വവുമായി അകൽച്ചയിലാണ്. ഈ സാഹചര്യത്തിലാണ് ഇരുവർക്കുമെതിരെ സുധാകരൻ വിമർശനം ഉന്നയിച്ചത്. ഒന്നോ രണ്ടോ നേതാക്കൾ വിചാരിച്ചാൽ പാർട്ടിയുടെ വളർച്ചയെ തടയാൻ കഴിയില്ല. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും സഹകരിക്കാത്തതിൽ വിഷമമുണ്ട്. ഇക്കാര്യം നേരിട്ട് അവരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.