General (Page 1,302)

വാഷിംഗ്ടൺ: കോവിഡ് വൈറസ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിലാണ് ലോകരാജ്യങ്ങൾ. ചൈനയിലാണ് കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിലും പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രോഗബാധ പടർന്നു. കോവിഡ് വാക്‌സിനേഷൻ ഊർജിതമാക്കിയും മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ പ്രതിരോധ നടപടികൾ സ്വീകരിച്ചും രോഗബാധയെ തടയാനുള്ള ശ്രമത്തിലാണ് എല്ലാവരും. ലക്ഷക്കണക്കിന് പേർക്കാണ് കോവിഡ് വൈറസ് ബാധയെ തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത്.

വൈറസിന് ജനിതകമാറ്റം ഉണ്ടായി പുതിയ വകഭേദങ്ങൾ ഉണ്ടാകുന്നതാണ് ഇപ്പോൾ ലോകരാജ്യങ്ങളെ ആശങ്കയിലാക്കിയിരിക്കുന്നത്. രോഗവ്യാപനശേഷി കൂടുതലുള്ള ഡെൽറ്റാ വകഭേദത്തിന്റെ വ്യാപനം സൃഷ്ടിച്ച പ്രതിസന്ധികൾ ചെറുതൊന്നുമല്ലായിരുന്നു. ഇപ്പോൾ കോവിഡിന്റെ മറ്റൊരു വകഭേദം ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഡെൽറ്റയെക്കാൾ അതിവേഗം രോഗവ്യാപനം നടത്തുന്ന ഒമിക്രോൺ വകഭേദമാണ് ഇപ്പോൾ ഭീഷണി സൃഷ്ടിച്ചിരിക്കുന്നത്.

കോവിഡ് വ്യാപനം കുറയ്ക്കുന്നതിന് ശാസ്ത്രീയമായിത്തന്നെ എന്ത് ചെയ്യാമെന്ന് ഗവേഷണം നടത്തുകയാണ് ശസ്ത്രജ്ഞർ. പലതരത്തിലുള്ള ഗവേഷണങ്ങളും ഇതിനായി ഗവേഷകർ നടത്തുന്നുണ്ട്. കോവിഡ് വ്യാപനം കുറയ്ക്കുന്നതിനുള്ള ‘ച്യൂയിംഗ് ഗം’ വികസിപ്പിച്ചെടുക്കുന്നതിന്റെ തിരക്കിലാണ് യുഎസിൽ നിന്നുള്ള ഗവേഷണ സംഘം. പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകൻ ഹെന്റി ഡാനിയേൽ ആണ് ഈ ഗവേഷണത്തിന് നേതൃത്വം നൽകുന്നത്. പ്രത്യേക വിഭാഗത്തിൽ പെടുന്ന ചെടികളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പ്രോട്ടീൻ ഉപയോഗിച്ചാണ് ഇവർ ‘ച്യൂയിംഗ് ഗം’ തയ്യാറാക്കുന്നത്.

ഉമിനീർ ഗ്രന്ഥിയിൽ വച്ച് വൈറസുകൾ പെരുകുന്നത് തടയാൻ ച്യൂയിംഗത്തിന് കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്. സാധാരണഗതിയിൽ അണുബാധയേറ്റയാളിൽ ഉമിനീരിലൂടെ വൈറസ് പെരുകുകയും ഇത് തുമ്മൽ, ചുമ, സംസാരം, ചിരി എന്നിങ്ങനെയുള്ള പ്രവർത്തികളിലൂടെ പുറത്തേക്ക് എത്തുകയും അടുത്ത ആളിൽ പ്രവേശിക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ ഈ ‘ച്യൂയിംഗ് ഗം’ വൈറസുകൾ ലോഡ് ആയി ഉണ്ടാകുന്നത് തടയുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. ഇത് രോഗബാധിതനിൽ നിന്നും അടുത്തയാളിലേക്ക് രോഗമെത്താനുള്ള സാധ്യതയെ ഗണ്യമായി കുറയ്ക്കുമെന്നാണ് ഗവേഷകരുടെ അവകാശവാദം. ക്ലിനിക്കൽ ട്രയലി്# നടത്തി ച്യൂയിംഗം ഫലപ്രദമാണെന്ന് തെളിയിക്കാൻ അവസരം നൽകണമെന്നും ഗവേഷകർ പറയുന്നു.

ന്യൂഡൽഹി: രാജ്യത്ത് തൊഴിലാളികൾ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്ത് തൊഴിലാളി സംഘടനകൾ. രാജ്യത്ത് രണ്ട് ദിവസത്തെ പൊതുപണിമുടക്ക് നടത്താനാണ് തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത്. 2022 ഫെബ്രുവരി 23, 24 തീയതികളിലായാണ് പണിമുടക്ക് നടത്തുന്നത്. കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് തൊഴിലാളി സംഘടനകൾ പണിമുടക്ക് നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ പണിമുടക്ക് എന്ന് നടത്തമെന്ന കാര്യത്തിൽ തീരുമാനമായിരുന്നില്ല. ഇതാണ് ഇപ്പോൾ തീരുമാനമായത്.

ഫെബ്രുവരി മാസം ബഡ്ജറ്റ് സമ്മേളനം നടക്കുന്ന സമയത്ത് 23, 24 തീയതികളിലായി രാജ്യത്താകമാനം പൊതുപണിമുടക്ക് നടത്താനാണ് ട്രേഡ് യൂണിയൻ സംഘടനകൾ തീരുമാനിച്ചത്. ‘ജനങ്ങളെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമാക്യമാണ് തൊഴിലാളി സംഘടനങ്ങൾ ഉയർത്തുന്നത്.

പൊതുമേഖല സ്ഥാപനങ്ങളുടെ വിൽപന, വ്യവസായ മേഖലയിലെ പ്രശ്‌നങ്ങൾ, കർഷക തൊഴിലാളി വിരുദ്ധത, കോർപ്പറേറ്റ് അനുകൂല നിലപാടുകൾ, ജനവിരുദ്ധ നിലപാടുകൾ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് തൊഴിലാളി സംഘടനകൾ പണിമുടക്ക് നടത്തുന്നത്.

കണ്ണൂർ: പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നിർബന്ധിപ്പിച്ച് കുട്ടികളെ ബാബറി ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളകുട്ടി. ബാബർ ബ്രിട്ടീഷ്‌കാരനെ പോലെ ഭാരതത്തിന്റെ ശത്രുവാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

ചരിത്രം അറിയാതെ നിങ്ങൾ കുഞ്ഞുമക്കളുടെ നെഞ്ചത്ത് കേറി കളിക്കരുത്. അത് ദേശസ്‌നേഹികൾ പൊറുക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സ്‌കൂളിലേക്ക് പോവുകയായിരുന്നു വിദ്യാർത്ഥികളെ നടുറോഡിൽ തടഞ്ഞു നിർത്തിയായിരുന്നു പോപ്പുലർ ഫ്രണ്ടുകാരുടെ അതിക്രമം. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ഞാൻ ബാബറി എന്ന സ്റ്റിക്കർ കുട്ടികളുടെ നെഞ്ചത്ത് പതിപ്പിക്കുകയായിരുന്നു. പത്തനംതിട്ട കോട്ടാങ്ങലിൽ സെന്റ് ജോർജ് സ്‌കൂളിലെ പിഞ്ചുവിദ്യാർത്ഥികളെയാണ് തടഞ്ഞുനിർത്തി ബലം പ്രയോഗിച്ച് ഇത്തരത്തിൽ സ്റ്റിക്കർ പതിപ്പിച്ചത്. കുട്ടികളിൽ പലരും ഇതു വേണ്ടെന്ന് അറിയിച്ചെങ്കിലും പോപ്പുലർ ഫ്രണ്ടുകാർ ബലം പ്രയോഗിച്ച് സ്റ്റിക്കർ പതിപ്പിക്കുയായിരുന്നു.

സിപിഎമ്മും എസ്ഡിപിഐയും ഒന്നിച്ചു ഭരിക്കുന്ന പഞ്ചായത്തിലാണ് സംഭവം. വിഷയം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും പോലീസോ സർക്കാരോ നടപടികൾ സ്വീകരിക്കാത്തതിനെ വിമർശിച്ച് ബിജെപി സംസ്ഥാന നേതൃത്വം രംഗത്തുവന്നിരുന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. സംഭവത്തിൽ പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ കേന്ദ്ര ആഭ്യന്തരമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും ദേശീയ അന്വേഷണ കമ്മീഷനും പരാതി നൽകി.

അതേസമയം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നിർബന്ധിപ്പിച്ച് കുട്ടികളെ ബാബറി ബാഡ്ജ് ധരിപ്പിച്ചതിൽ ദേശീയ ബാലാവകാശ കമ്മീഷൻ നടപടി സ്വീകരിച്ചു. സംഭവത്തിൽ പത്തനംതിട്ട എസ്പിയോട് റിപ്പോർട്ട് തേടുമെന്ന് കമ്മീഷൻ ചെയർപേഴസൺ പ്രിയങ്ക് കനുംഗോ വ്യക്തമാക്കി.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നു. ഇതുസംബന്ധിച്ച പൊലീസ് മേധാവിയുടെ നിർദേശങ്ങൾക്ക് ആഭ്യന്തര വകുപ്പ് അംഗീകാരം നൽകി. ആഭ്യന്തര വകുപ്പ് സെക്രട്ടറി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

സുരക്ഷാ ചുമതലയുള്ള ഡി.ഐ.ജിയുടെ കീഴിൽ വിവിധ വകുപ്പുകളുടെ സമിതി രൂപികരിക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി പ്രത്യേക ഡെപ്യൂട്ടി കമ്മീഷണറെ നിയമിക്കാനും തീരുമാനിച്ചു. ഇതിനായി പുതിയ തസ്തിക സൃഷ്ടിക്കുന്ന കാര്യം പൊതുഭരണ വകുപ്പ് വിഭാഗവുമായി ആഭ്യന്തര വകുപ്പ് ചർച്ച ചെയ്തു വരികയാണ്. ആഭ്യന്തര വകുപ്പ് ഡി.ജി.പിക്കു നൽകിയ കത്തിലാണ് ഇക്കാര്യം വിശദമാക്കിയിരിക്കുന്നത്. ഇസഡ് പ്ലസ് സുരക്ഷയാണു മുഖ്യമന്ത്രിക്കു നൽകിയിരിക്കുന്നത്.

കഴിഞ്ഞ വർഷം പോലീസ് വിലക്കുകൾ ലംഘിച്ച് യൂത്ത് കോൺഗ്രസ് മാർച്ച് ക്ലിഫ് ഹൗസിനു മുന്നിലെത്തിയതോടെയാണ് സുരക്ഷ വർധിപ്പിക്കാനുള്ള തീരുമാനം സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ടാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയത്. പോലീസിന്റെ കണ്ണുവെട്ടിച്ച് ക്ലിഫ് ഹൗസിന്റെ ഗേറ്റ് വരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയിരുന്നു. തുടർന്ന് അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയും സ്വീകരിച്ചിരുന്നു.

k rail

തിരുവനന്തപുരം: കെ-റെയിൽ നടപ്പിലാക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി സാമ്പത്തിക വിദഗ്ധനും മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് സോഷ്യൽ സയൻസിലെ മുൻ ഡീനുമായ ഡോ.കെ.ടി.റാംമോഹൻ. കെ റെയിൽ നടപ്പിലായാൽ പശ്ചിമഘട്ടം ഏകദേശം അപ്രത്യക്ഷമാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. സംസ്ഥാനത്തിനുള്ളിൽ അതിവേഗ യാത്ര ആവശ്യമുള്ള സാഹചര്യമുണ്ടോ എന്ന അടിസ്ഥാന ചോദ്യത്തിനു പോലും ഉത്തരമില്ലെന്നും അദ്ദേഹം വിമർശിച്ചു. ഒരു പ്രമുഖ മാദ്ധ്യമത്തിന് വേണ്ടി എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദമാക്കിയിരിക്കുന്നത്.

സെമി ഹൈ-സ്പീഡ് റെയിലിനേക്കാൾ അൽപ്പം വേഗം കുറഞ്ഞതോ നിർമാണച്ചിലവ് കുറഞ്ഞതോ ബദലുകൾ പരിഗണിക്കാൻ വ്യക്തമായ ശ്രമങ്ങളൊന്നും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ കുറ്റപ്പെടുത്തൽ. റെയിൽ പദ്ധതിയുടെ വിനാശകരമായ പ്രത്യാഘാതങ്ങൾ ഏതെങ്കിലും ഒരു വശത്ത് മാത്രം ഒതുങ്ങുന്നില്ല. സാങ്കേതികവും സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ ദുരന്തങ്ങളുടെ സംയോജനമാണിതെന്നാണ് അദ്ദേഹം വിമർശിച്ചത്.

കെ റെയിൽ പദ്ധതി കേരളത്തിലുടനീളം വ്യാപിച്ചുകിടക്കുന്നതാണ്. പദ്ധതിക്ക് ആദ്യം 900 ഹെക്ടർ ഭൂമി വേണമെന്നാണ് വിലയിരുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ അത് 2300 ഹെക്ടറായി. ജനവാസകേന്ദ്രങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചും, തണ്ണീർത്തടങ്ങളും ജലാശയങ്ങളും നശിപ്പിച്ചും, നെൽവയലുകളും തെങ്ങിൻ തോപ്പുകളും വെട്ടിത്തെളിച്ചും, ഉപജീവനമാർഗങ്ങളെ നശിപ്പിച്ചും, അയൽപക്കങ്ങളെ ഛിന്നഭിന്നമാക്കിക്കൊണ്ടും, ജനസാന്ദ്രതയേറിയ തീരത്തിലൂടെയും സംസ്ഥാനത്തിന്റെ മധ്യ ഭാഗത്തുകൂടെ ട്രാക്ക് കടന്നുപോകും. പ്രോജക്റ്റ് നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള പ്രകൃതിവിഭവ ഉപയോഗം സങ്കൽപ്പിക്കാനാവാത്തതാണ്. പശ്ചിമഘട്ടം ഏതാണ്ട് അപ്രത്യക്ഷമാകുന്നത് തന്നെ കാണാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊച്ചി: സംസ്ഥാന സർക്കാരിനും പോലീസിനുമെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ആറ്റിങ്ങലിൽ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ടുവയസുകാരിയെയും അച്ഛനെയും പരസ്യവിചാരണ നടത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് കോടതിയുടെ നടപടി. പോലീസ് ഉദ്യോഗസ്ഥയ്ക്ക് കുട്ടിയെ പരിശോധിക്കാൻ എന്താണ് അവകാശമെന്നാണ് കോടതി ചോദിച്ചത്. സർക്കാർ കേസ് മറച്ചുപിടിക്കാൻ ശ്രമിക്കുന്നത് എന്തിനെന്നാണെന്നും ബാലനീതി നിയമപ്രകാരം കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ആരാഞ്ഞു.

നമ്മുടെ ആരുടെയെങ്കിലും മക്കൾക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നാൽ എങ്ങനെ സഹിക്കും. പെൺകുട്ടി പോലീസുകാരിയെ ആന്റി എന്നാണ് വിളിക്കുന്നത്. എത്ര നിഷ്‌കളങ്കമായാണ് പെൺകുട്ടി സംസാരിക്കുന്നതെന്നും കോടതി പറഞ്ഞു. സംഭവം കുട്ടിയിൽ മാനസികാഘാതം ഉണ്ടാക്കിയെന്നത് യാഥാർത്ഥ്യമാണ്. കുട്ടിയെ പരിശോധിച്ച ക്ലിനിക്കൽ സൈക്കോളജിസ്റ്റിനോട് അടുത്ത പോസ്റ്റിംഗിൽ വീഡിയോ കോൺഫറൻസ് വഴി ഹാജരാകാനും കോടതി നിർദ്ദേശം നൽകി. അതേസമയം പിങ്ക് പോലീസ് ഉദ്യോഗസ്ഥയെ സംരക്ഷിക്കും വിധം റിപ്പോർട്ട് നൽകിയ ഡിജിപിക്കെതിരെയും കോടതി വിമർശനം ഉന്നയിച്ചു. കാക്കി കാക്കിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പല കേസുകളിലും ഇത് കാണുന്നുണ്ടെന്നായിരുന്നു കോടതിയുടെ പരാമർശം.

ജനങ്ങൾ കൂടിയതുകൗണ്ടാണ് പെൺകുട്ടി കരഞ്ഞത് എന്ന വാദം ശരിയല്ല. പോലീസുദ്യോഗസ്ഥയുടെ മോശം പെരുമാറ്റം കൊണ്ടുകൂടിയാണ് കുട്ടി കരഞ്ഞത്. ദൃശ്യങ്ങളിൽ കാണുന്നതും സർക്കാർ റിപ്പോർട്ടിൽ പറയുന്നതും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും ഉദ്യോഗസ്ഥയ്ക്കെതിരെ സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് പൂർണ്ണമല്ലെന്നും കോടതി വിശദമാക്കി. കേസ ഡിസംബർ 15 ന് കോടതി വീണ്ടും പരിഗണിക്കും.

ഇടുക്കി: തമിഴ്‌നാടിനെതിരെ രൂക്ഷ വിമർശനവുമായി മുൻ വൈദ്യുതി മന്ത്രിയും ഉടുമ്പൻചോല എംഎൽഎയുമായ എം എം മണി. മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ടാണ് എം എം മണി തമിഴ്നാടിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. പാതിരാത്രിയിൽ ഡാം തുറക്കുന്ന തമിഴ്നാട് സർക്കാർ നടപടി ശുദ്ധ മര്യാദകേടാണെന്ന് അദ്ദേഹം വ്യക്തമാക്കി.

മുല്ലപ്പെരിയാർ വിഷയത്തിൽ മാറിമാറി വന്ന കേന്ദ്രസർക്കാരുകൾ തമിഴ്നാടിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. പ്രതിപക്ഷത്തിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. കേന്ദ്ര സർക്കാരിന്റെ നിലപാടിനെതിരെ തുറന്നു പറയാൻ ആർജവമില്ലാത്ത എം.പിയും പ്രതിപക്ഷ നേതാവും വീട്ടിലിരുന്ന് സമരം ചെയ്യണമെന്നും അദ്ദേഹം പരിഹസിച്ചു.

മുൻപും അദ്ദേഹം മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതികരണം നടത്തിയിരുന്നു. മുല്ലപ്പെരിയാർ ഡാം ജലബോംബായി വണ്ടിപ്പെരിയാറിന് മുകളിൽ നിൽക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ശർക്കരയും ചുണ്ണാമ്പും ഉപയോഗിച്ച നിർമ്മിച്ച മുല്ലപ്പെരിയാർ ഡാമിന്റെ അകം കാലിയായി. വിഷയത്തിൽ തമിഴ്‌നാട് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ന്യൂഡൽഹി: പ്രതിരോധ രംഗത്ത് നിന്നുള്ള കയറ്റുമതിയുടെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. 38000 കോടി രൂപയുടെ പ്രതിരോധ ഉൽപ്പന്നങ്ങളാണ് കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഇന്ത്യ കയറ്റുമതി ചെയ്‌തതെന്നാണ് അദ്ദേഹം പറയുന്നത്. ലോകത്ത് പ്രതിരോധ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന 25 രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നിലവിൽ ലോകത്തെ 70 രാജ്യങ്ങളിലേക്കാണ് ഇന്ത്യ പ്രതിരോധ ഉത്പ്പന്നങ്ങൾ കയറ്റി അയക്കുന്നതെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

പ്രതിരോധ രംഗത്ത് ഇറക്കുമതിയേക്കാൾ കൂടുതൽ കയറ്റുമതിയെന്ന നേട്ടം അധികം വൈകാതെ കൈവരിക്കാൻ ഇന്ത്യയ്ക്ക് കഴിയും. 85000 കോടിയുടേതാണ് രാജ്യത്തെ പ്രതിരോധ – ബഹിരാകാശരംഗം. സ്വകാര്യ മേഖലയുടെ പങ്കാളിത്തം 18000 കോടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ എംഎസ്എംഇകളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. വലിയ കമ്പനികൾക്കാണ് പ്രതിരോധ രംഗത്ത് വലിയ മാറ്റം കൊണ്ടുവരാൻ കഴിയുകയെങ്കിലും ചെറിയ കമ്പനികളുണ്ടെങ്കിലേ അത്തരം വലിയ കമ്പനികൾക്ക് മുന്നേറ്റമുണ്ടാക്കാനാകൂ. അതിനാൽ എംഎസ്എംഇകൾക്ക് ഇതിൽ വലിയ പങ്കുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തെ 12000 എംഎസ്എംഇകൾ പ്രതിരോധ വ്യവസായത്തിലേക്ക് കടന്നുവന്നിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ഉത്തേജന പദ്ധതികൾ കാരണമാണ് പ്രതിരോധ രംഗത്ത് എംഎസ്എംഇകളുടെ കടന്നു വരവ് വർധിച്ചത്. ഗവേഷണത്തിനും വികസനത്തിനും പ്രാധാന്യം നൽകണമെന്നും അതിലൂടെ രാജ്യത്തിനും നേട്ടമുണ്ടാകുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയിലെ പ്രതിരോധ സേനകൾ രാജ്യത്തെ സ്ഥാപനങ്ങളിൽ അർപ്പിച്ച വിശ്വാസം തദ്ദേശീയമായി പ്രതിരോധ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങളിലുള്ള വിശ്വാസ്യത വർധിപ്പിച്ചു. പുതിയ ടെക്‌നോളജിയും പുതിയ ഉൽപ്പന്നങ്ങളും എംഎസ്എംഇകൾ കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാഷിംഗ്ടൺ: ഒമിക്രോൺ വകഭേദവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി ഗവേഷകർ. ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന്റെ രോഗതീവ്രത കുറവാണെന്ന് അമേരിക്കൻ പകർച്ചവ്യാധി വിദഗ്ധൻ ആന്റണി ഫൗസി അറിയിച്ചു. ഒമിക്രോണിനെക്കുറിച്ച് ആദ്യഘട്ടത്തിൽ ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു നിഗമനങ്ങളിൽ എത്തിച്ചേരുന്നതിനെതിരെ അദ്ദേഹം വിമർശനം ഉന്നയിക്കുകയും ചെയ്തു.

ഒമിക്രോൺ വളരെ രോഗതീവ്രതയുണ്ടാക്കുന്ന വൈറസ് വകഭേദമാണെന്ന് തോന്നുന്നില്ല. ഒമിക്രോൺ വകഭേദം ദക്ഷിണാഫ്രിക്കയിൽ വ്യാപിക്കുകയാണ്. എന്നാൽ ഇവിടങ്ങളിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ആശങ്കയുണർത്തുന്ന വിധം വർധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന്റെ ഡെൽറ്റ വകഭേദവുമായി താരതമ്യം ചെയ്യുമ്പോൾ ഒമിക്രോൺ രോഗതീവ്രത കുറഞ്ഞ വകഭേദമാണെന്നോ ഗുരുതരമായ രോഗം ഉണ്ടാക്കില്ലെന്നോയെന്നത് സംബന്ധിച്ച കാര്യത്തിൽ ഇപ്പോൾ ഉറപ്പിച്ചൊരു നിഗമനത്തിലെത്താൻ കഴിയില്ല. ആദ്യഘട്ടത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇത്തരം നിഗമനങ്ങളിൽ എത്തിച്ചേരാതിരിക്കാൻ ശ്രദ്ധപുലർത്തണമെന്നാണ് അദ്ദേഹം അറിയിക്കുന്നത്.

ഒമിക്രോൺ വ്യാപനത്തെ കുറിച്ച് ഭിന്നാഭിപ്രായങ്ങളാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോൺ കൂടുതൽ വ്യാപന ശേഷിയുള്ളതും രോഗം വന്നവരെ വീണ്ടും ബാധിക്കാൻ സാധ്യതയുള്ളതുമാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

ന്യൂഡൽഹി: സൻസദ് ടിവി അവതാരക സ്ഥാനത്ത് നിന്നും പിന്മാറി കോൺഗ്രസ് എംപി ശശി തരൂർ. 12 രാജ്യസഭ എംപി മാരെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് സൻസദ് അവതാരക സ്ഥാനത്ത് നിന്നും ശശി തരൂർ പിന്മാറിയത്. ശിവസേനാ എം പി പ്രിയങ്ക ചതുർവേദിയും സൻസദ് ടിവി പരിപാടികളിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. സൻസദ് ടിവിയിലെ മേരി കഹാനി എന്ന ഷോയാണ് പ്രിയങ്ക ചതുർവേദി അവതരിപ്പിച്ചിരുന്നത്.

പാർലമെന്റിന്റെ ഐക്യവും, ജനാധിപത്യ മൂല്യങ്ങളും മാനിച്ചാണ് ശശി തരൂർ സൻസദ് ടിവിയിലെ ടു ദി പോയിൻറ് എന്ന അഭിമുഖ പരിപാടിയുടെ അവതാരകനായത്. ഇപ്പോൾ ജനാധിപത്യ വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നതെന്നും അതുകൊണ്ടാണ് പിന്മാറ്റമെന്നും ശശി തരൂർ വിശദമാക്കി. രാഷ്ട്രീയപരമായ വേർതിരിവ് ഇല്ലാതെ അംഗങ്ങളുടെ പങ്കാളിത്തമായിരുന്നു സൻസദ് ടിവിയുടെ പ്രത്യേകതത. പ്രതിഷേധിക്കുന്ന എംപിമാർക്കൊപ്പം നിന്നാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം ചേർന്ന സഭാ സമ്മേളനത്തിലാണ് 12 എംപിമാരെ സസ്‌പെൻഡ് ചെയ്തത്.

വർഷകാല സമ്മേളനത്തിലെ അവസാന ദിവസത്തിലെ അച്ചടക്കമില്ലാത്ത പെരുമാറ്റത്തിന്റെ പേരിലാണ് ശൈത്യകാല സമ്മേളനത്തിൽ നിന്ന് എംപിമാർക്ക് സസ്‌പെൻഷൻ നൽകിയത്. എളമരം കരീം (സി.പി.എം.), ബിനോയ് വിശ്വം (സി.പി.ഐ.) ഫുലോ ദേവി നേതാം (കോൺഗ്രസ്), ഛായാ വർമ (കോൺഗ്രസ്), ഋപുൺ ബോറ (കോൺഗ്രസ്), രാജാമണി പട്ടേൽ (കോൺഗ്രസ്), ഡോല സെൻ (തൃണമൂൽ കോൺഗ്രസ്), ശാന്താ ഛേത്രി (തൃണമൂൽ കോൺഗ്രസ്), സെയ്ദ് നസീർ ഹുസൈൻ (കോൺഗ്രസ്), പ്രിയങ്കാ ചതുർവേദി (ശിവസേന), അനിൽ ദേശായി (ശിവസേന), അഖിലേഷ് പ്രസാദ് സിങ്ങ് (കോൺഗ്രസ്) തുടങ്ങിയവരാണ് സസ്‌പെൻഷനിലായത്.