ജീവിതാവസാനം വരെ പാർട്ടിയെ നിയന്ത്രിക്കണമെന്ന് വാശി പിടിക്കരുത്; ഉമ്മൻചാണ്ടിക്കും ചെന്നിത്തലക്കുമെതിരെ കെ സുധാകരൻ

കോഴിക്കോട്: ജീവിതാവസാനം വരെ പാർട്ടിയെ നിയന്ത്രിക്കണമെന്ന് മുതിർന്ന നേതാക്കൾ വാശി പിടിക്കരുതെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. ഇത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കുമെതിരെയുമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഒരു സ്വകാര്യ ചാനലിലെ പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പാർട്ടി സംസ്ഥാന നേതൃത്വവുമായി അകൽച്ചയിലാണ്. ഈ സാഹചര്യത്തിലാണ് ഇരുവർക്കുമെതിരെ സുധാകരൻ വിമർശനം ഉന്നയിച്ചത്. ഒന്നോ രണ്ടോ നേതാക്കൾ വിചാരിച്ചാൽ പാർട്ടിയുടെ വളർച്ചയെ തടയാൻ കഴിയില്ല. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും സഹകരിക്കാത്തതിൽ വിഷമമുണ്ട്. ഇക്കാര്യം നേരിട്ട് അവരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.