ജയ്‌സാൽമീർ: ജയ്‌സാൽമീറിലെ രോഹിതാഷ് ഇന്തോ -പാക്ക് അതിർത്തി സന്ദർശിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ജയ്‌സാൽമീറിൽ നടന്ന സൈനിക സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു. രാജ്യത്തിന്റെ അതിർത്തി കാക്കാൻ സൈന്യം ഉണ്ടെന്ന വിശ്വാസത്തിലാണ് ഇന്ത്യയിലെ 130 കോടി ജനങ്ങളും താനും രാത്രി സമാധാനത്തോടെ ഉറങ്ങുന്നതെന്നന്ന് അമിത് ഷാ പറഞ്ഞു.
ജീവിതത്തിന്റെ സുവർണ കാലം രാജ്യത്തിനായി സമർപ്പിക്കുന്ന ജവാന്മാർക്ക് കുടുംബവുമൊത്തു കഴിയാൻ സമയം ഒരുക്കേണ്ടത് സർക്കാരിന്റെ കടമയും ഉത്തരവാദിത്തവുമാണ്. സൈനികർക്ക് അവരുടെ കുടുംബവുമൊത്തു പ്രതിവർഷം നൂറു ദിവസം ചെലവിടാൻ വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ബിഎസ്എഫ് ജവാന്മാർ നേരിടുന്ന വിഷമങ്ങൾ നേരിട്ടു മനസിലാക്കാൻ ഇന്ത്യ-പാക്ക് അതിർത്തിക്കു സമീപം ഒരു ദിവസം താമസിക്കാനും അമിത് ഷാ തീരുമാനിച്ചു.
ബിഎസ്എഫ് ജവാന്മാർക്കുള്ള ആരോഗ്യ കാർഡും അദ്ദേഹം വിതരണം ചെയ്തു. ആയുഷ്മാൻ ഭാരത് യോജനയുടെ ഭാഗമായാണ് കാർഡുകൾ നൽകിയത്. ഇനി ബിഎസ്എഫ് ജവാന്മാരുടെ കുടുംബാംഗങ്ങൾക്ക് ഉൾപ്പെടെ രാജ്യത്ത് എവിടെയും സൗജന്യ ചികിത്സ ലഭിക്കുന്നതാണ്. നാലരലക്ഷം ജവാന്മാർക്ക് ഇതിനോടകം കാർഡുകൾ വിതരണം ചെയ്തു.

