ആരും പ്രസ്ഥാനത്തിന് മുകളിൽ അല്ല; മുതിർന്ന നേതാക്കൾക്കെതിരെ വിമർശനവുമായി കെ സുധാകരൻ

കണ്ണൂർ: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ഈ വിജയം കോൺഗ്രസിന് ഇരട്ടിമധുരം പകരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആരും പ്രസ്ഥാനത്തിന് മുകളിൽ അല്ല, ആരും ഒഴിച്ചുകൂടാൻ പറ്റാത്തവരും അല്ല. കോൺഗ്രസ് വികാരം നഷ്ടപ്പെട്ടാൽ ആരും ഒന്നും അല്ല എന്ന തിരിച്ചറിവ് ഉണ്ടാകണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ആ തിരിച്ചറിവ് ആയിരം വട്ടം ഉദ്‌ഘോഷിക്കുന്നതാണ് ഇന്ദിരാ പ്രിയദർശിനിയുടെ പേരിലുള്ള ആശുപത്രി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ നേടിയ ഉജ്ജ്വല വിജയം. ചുവർ ഉണ്ടെങ്കിലേ ചിത്രം വരക്കാനാകൂ. ഇവിടെ ചിലരെങ്കിലും ഉണ്ട്. പ്രവർത്തകരുടെ വിയർപ്പു തുള്ളിയിൽ
കെട്ടിപ്പടുത്ത സ്ഥാപനങ്ങളിൽ ഒരിക്കൽ കയറിയിരുന്നാൽ പിന്നെ പാർട്ടിയെ മറക്കും, പ്രവർത്തകരെ മറക്കും. എല്ലാം ഞാൻ ആണെന്ന തോന്നൽ ഉണ്ടാകുമെന്നും അദ്ദേഹം വിമർശിച്ചു. മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പുതിയ സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് സുധാകരന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു പരാമർശം ഉണ്ടായത്.

കോൺഗ്രസിനേക്കാൾ വലുത് താനാണെന്ന തോന്നലും താനെന്ന മനോഭാവത്തിനും വളർത്തിയ മഹാപ്രസ്ഥാനത്തിനെ മറന്നതിനും കാലം കരുതിവെച്ച തിരിച്ചടിയാണിത്. ഒന്ന് നിങ്ങൾ അറിയണം കണ്ണുതുറന്ന് കാണണം. കേരളത്തിന്റെ തെരുവുകളിലേക്ക് നോക്കൂ. ഇന്നലെകളിൽ കണ്ട നൈരാശ്യം പിടിച്ച കോൺഗ്രസല്ല. ഒരു മനസ്സോടെ ഒരേ വികാരമായി ഒരു സാഗരം പോലെ ത്രിവർണ്ണ പതാക ചോട്ടിൽ ഒഴുകിയെത്തുന്ന ജനലക്ഷങ്ങൾ. അവർക്ക് വ്യക്തികളല്ല വലുത്, കോൺഗ്രസ് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ഈ വിജയം കോൺഗ്രസിന് ഇരട്ടിമധുരം പകരുന്നു. സാധാരണ പ്രവർത്തകരുടെ വിജയം, കോൺഗ്രസിന്റെ വിജയം!

ആരും പ്രസ്ഥാനത്തിന് മുകളിൽ അല്ല,
ആരും ഒഴിച്ചുകൂടാൻ പറ്റാത്തവരും അല്ല.
കോൺഗ്രസ് വികാരം നഷ്ടപ്പെട്ടാൽ
ആരും ഒന്നും അല്ല എന്ന തിരിച്ചറിവ് ഉണ്ടാവണം.

ആ തിരിച്ചറിവ് ആയിരം വട്ടം ഉദ്‌ഘോഷിക്കുന്നതാണ് ഇന്ദിരാ പ്രിയദർശിനിയുടെ പേരിലുള്ള
ആശുപത്രി തിരഞ്ഞെടുപ്പിൽ
കോൺഗ്രസ് പാനൽ നേടിയ ഉജ്ജ്വല വിജയം.

”ചുവർ ഉണ്ടെങ്കിലേ ചിത്രം വരക്കാനാകൂ.”
ഇവിടെ ചിലരെങ്കിലും ഉണ്ട്,
പ്രവർത്തകരുടെ വിയർപ്പു തുള്ളിയിൽ
കെട്ടിപ്പടുത്ത സ്ഥാപനങ്ങളിൽ ഒരിക്കൽ കയറിയിരുന്നാൽ പിന്നെ പാർട്ടിയെ മറക്കും, പ്രവർത്തകരെ മറക്കും. എല്ലാം ഞാൻ ആണെന്ന തോന്നലും!
കോൺഗ്രസിനേക്കാൾ വലുത് ഞാനാണെന്ന തോന്നലും
ഞാനെന്ന മനോഭാവത്തിനും
വളർത്തിയ മഹാപ്രസ്ഥാനത്തിനെ മറന്നതിനും കാലം കരുതിവെച്ച തിരിച്ചടി.

ഒന്ന് നിങ്ങൾ അറിയണം കണ്ണുതുറന്ന് കാണണം കേരളത്തിന്റെ തെരുവുകളിലേക്ക് നോക്കൂ…
ഇന്നലെകളിൽ കണ്ട നൈരാശ്യം പിടിച്ച
കോൺഗ്രസല്ല…
ഒരു മനസ്സോടെ
ഒരേ വികാരമായി
ഒരു സാഗരം പോലെ
ത്രിവർണ്ണ പതാക ചോട്ടിൽ
ഒഴുകിയെത്തുന്ന ജനലക്ഷങ്ങൾ…
അവർക്ക് വ്യക്തികളല്ല വലുത്,
കോൺഗ്രസ് മാത്രമാണ്.
കോൺഗ്രസ് മാത്രം!

ഇവിടെ ആർക്കും മാറിനിൽക്കാനാവില്ല,
മുന്നോട്ട്…
ജയ് കോൺഗ്രസ്!