General (Page 1,304)

തിരുവനന്തപുരം: വഖഫ് ബോർഡിലെ നിയമനങ്ങൾ പിഎസ്‌സിയ്ക്ക് വിട്ട വിഷയത്തിലെ പ്രതിഷേധങ്ങളിൽ മറുപടിയുമായി മുസ്ലിം കോർഡിനേഷൻ കമ്മിറ്റി. വഖഫ് ബോർഡ് നിയമന പ്രശ്‌നത്തിൽ പ്രതിഷേധിക്കേണ്ടത് പള്ളികളിൽ തന്നെയാണെന്ന് മുസ്ലിം കോർഡിനഷൻ കമ്മിറ്റി വ്യക്തമാക്കി.

വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കാൻ വഖഫ് ബോർഡാണ് ശ്രമിക്കേണ്ടതെന്നും സമസ്ത പ്രതിഷേധങ്ങൾ വേണ്ടെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഡോ ഹുസൈൻ മടവൂർ അറിയിച്ചു. സ്ഥാപനങ്ങൾ തിരിച്ചുപിടിക്കാൻ ഉദ്യോഗസ്ഥരെ മാറ്റിയിട്ട് കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് മുസ്ലീം ലീഗിന്റെ തീരുമാനം. വ്യാഴാഴ്ച കോഴിക്കോട് നടക്കുന്ന വഖഫ് സംരക്ഷണ റാലിക്ക് വലിയ തയ്യാറെടുപ്പുകളും മുസ്ലീം ലീഗ് നടത്തുന്നുണ്ട്. വ്യാഴാഴ്ച്ച വൈകിട്ട് നാലു മണിക്ക് കോഴിക്കോട് കടപ്പുറത്താണ് സമ്മേളനം നടക്കുന്നത്.

തിരുവനന്തപുരം: ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ വില കുറയ്ക്കാനുള്ള നടപടികൾ ആരംഭിച്ച് ബെവ്‌കോ. അടുത്ത ഏപ്രിൽ മുതൽ വിദേശ മദ്യത്തിന്റെ വിലയിൽ കാര്യമായ കുറവു വരുത്താനുള്ള നടപടികളാണ് ബെവ്‌കോ ആരംഭിച്ചിരിക്കുന്നത്. കേരളത്തിലേതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് മദ്യം വിൽക്കുന്ന സംസ്ഥാനങ്ങളിൽ സപ്ലൈ ചെയ്യുന്ന അതേ വിലയ്ക്ക് സപ്ലൈ ചെയ്യണമെന്ന നിർദ്ദേശം മദ്യ കമ്പനികൾക്ക് നൽകിക്കഴിഞ്ഞു.

സംസ്ഥാനത്ത് വിദേശ മദ്യത്തിന്റെ വില വർധിക്കാൻ കാരണം സപ്ലൈ ടെണ്ടറിൽ മറ്റു സംസ്ഥാനങ്ങളിലേതിനേക്കാൾ ഉയർന്ന തുക നിർമ്മാതാക്കൾ രേഖപ്പെടുത്തുന്നതാണ്. ചില്ലറ വില്പനശാലകളുടെ പ്രവർത്തനം കൂടുതൽ ജനപ്രിയമാക്കാനും ബെവ്‌കോ നടപടി സ്വീകരിക്കും. ഓരോ ഷോപ്പിലും ലഭ്യമായ മദ്യത്തിന്റെ സ്റ്റോക്ക്, വില അടക്കമുള്ള കാര്യങ്ങൾ ഉപഭോക്താക്കൾക്ക് മനസിലാക്കാൻ എല്ലാ ഷോപ്പുകൾക്കു മുന്നിലും ടി വി സ്‌ക്രോളിംഗ് സംവിധാനം ഒരു മാസത്തിനുള്ളിൽ നിലവിൽ വരും.

ആവശ്യക്കാർക്ക് ചോദിക്കുന്ന മദ്യം കിട്ടാതിരിക്കുന്ന സ്ഥിതി പല ഷോപ്പുകളിലുമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ സ്ഥിതി ഒഴിവാക്കി, സ്റ്റോക്കുള്ള ബ്രാൻഡുകളിൽ നിന്ന് ഇഷ്ടപ്പെട്ടത് തെരഞ്ഞെടുക്കാൻ അവസരം നൽകാനാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്. ബിവറേജസ് കോർപ്പറേഷന് മദ്യ കമ്പനികൾ നൽകേണ്ട ഡിസ്‌കൗണ്ട് പുതുക്കി നിശ്ചയിക്കാൻ തീരുമാനമായി. സിംഹഭാഗം മദ്യവും സപ്ലൈ ചെയ്യുന്ന വൻകിട കമ്പനിക്കാർ ബെവ്‌കോയ്ക്ക് നൽകുന്ന ഡിസ്‌കൗണ്ട് ഏഴ് ശതമാനമാണ്. ട്രാൻസ്‌പോർട്ടിംഗ്, കെട്ടിടവാടക, സെക്യൂരിറ്റി തുടങ്ങിയ ഇനങ്ങളിലായി ഒരു വർഷം 337 കോടിയോളം രൂപയാണ് കോർപ്പറേഷന്റെ ചെലവ്.

വെയർ ഹൗസുകൽ വർധിപ്പിക്കാനും തീരുമാനമുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിൽ രണ്ട് വീതവും മറ്റു ജില്ലകളിൽ ഓരോന്നും കൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. ചെറുകിട മദ്യനിർമാതാക്കൾക്കും കൂടുതൽ അളവിൽ സ്റ്റോക്ക് എത്തിക്കാൻ അവസരം നൽകാൻ ലക്ഷ്യമിട്ടാണ് വെയർഹൗസിന്റെ എണ്ണം വർധിപ്പിക്കുന്നത്.

തിരുവനന്തപുരം: വിഴിഞ്ഞത്ത് ലഹരി പാർട്ടി. കാരക്കാട് റിസോർട്ടിൽ നടന്ന പാർട്ടിയിൽ ലഹരി വസ്തുക്കൾ ഉൾപ്പെടെ പിടിച്ചെടുത്തു. പാർട്ടി നടത്തിപ്പുകാരിൽ നിന്നാണ് എക്‌സൈസ് ലഹരി പിടിച്ചെടുത്തത്. പാർട്ടിയിൽ പങ്കെടുത്തവരെല്ലാം ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആര്യനാട് സ്വദേശിയായ അക്ഷയ് മോഹൻ എന്നയാളാണ് ഡിജെ പാർട്ടി സംഘടിപ്പിച്ചത്.

കണ്ണാന്തുറ സ്വദേശി പീറ്റർ ഷാൻ എന്നയാളും പിടിയിലായിട്ടുണ്ട്. നിർവാണ മ്യൂസിക് ഫെസ്റ്റിവൽ എന്ന പേരിൽ നടത്തിയ പാർട്ടിയിൽ സ്ത്രീകൾ ഉൾപ്പെടെ 60 പേരാണ് പങ്കെടുത്തത്. പ്രവേശനത്തിനായി ഒരാളിൽ നിന്ന് ആയിരം രൂപ വച്ചാണ് ഈടാക്കിയത്. പാർട്ടിയിൽ പങ്കെടുക്കാനും മദ്യത്തിനും പിന്നെയും തുക നൽകിയെന്നും പിടിയിലായവർ പോലീസിനോട് വെളിപ്പെടുത്തിയത്.

റിസോർട്ട് ഉടമയുടെ കൂടി ഒത്താശയോടെയാണ് ലഹരി പാർട്ടി സംഘടിപ്പിച്ചതെന്നാണ് സംശയിക്കുന്നത്. പാർട്ടിക്ക് വരുന്നവർക്കായി പ്രത്യേകം ബോട്ടുകൾ ഉൾപ്പെടെ സജ്ജമാക്കിയിരുന്നു. വാട്‌സാപ്പിലൂടെയാണ് ലഹരി പാർട്ടിയിലേക്ക് ആളുകളെ ക്ഷണിച്ചത്. എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കൾ പാർട്ടിയിൽ പങ്കെടുത്തവർ ഉപയോഗിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

തിരുവനന്തപുരം: പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതിലോല മേഖലയിൽ ഇളവ് അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് കേരളം. 1,337.24 ചതുരശ്ര കിലോമീറ്റർ പ്രദേശം ഒഴിവാക്കണം എന്ന ആവശ്യമാണ് കേരളാ സർക്കാർ മുന്നോട്ട് വെച്ചിട്ടുള്ളത്. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്.

കേന്ദ്ര സർക്കാർ കേരളത്തിന്റെ ആവശ്യങ്ങൾ തത്വത്തിൽ അംഗീകാരം നൽകിയതായി ധനമന്ത്രി വിശദമാക്കി. 880 ൽ അധികം ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു നേരത്തെ കേരളം മുന്നോട്ട് വെച്ചിരുന്ന ആവശ്യം. കേരളത്തിന്റെ 13,109 ചതുരശ്ര കി.മീ പാരിസ്ഥിതിക ദുർബല മേഘലയാണെന്നായിരുന്നു പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് കസ്തൂരി രംഗൻ സമിതി നൽകിയ ശുപാർശ. കേരളത്തിന്റെ വിവിധ മേഖലകളിൽ നിന്നും എതിർപ്പുയരാൻ ഇത് കാരണമായി. പിന്നീട് കേരളം ഉമ്മൻ വി ഉമ്മൻ സമിതിയെ നിയോഗിക്കുകയും 9,903.7 ച.കി.മീ മാത്രമാണ് പാരിസ്ഥിതിക ദുർബല മേഖലയെന്ന് ഈ സമിതി കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചു.

അതേസമയം ഇളവുകളുള്ള മേഖലയായി അംഗീകരിക്കാമെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകിയിട്ടുണ്ടെന്നും എന്നാൽ എന്ത് ഇളവാണെന്നത് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടില്ലെന്നും കെ എൻ ബാലഗോപാൽ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: രാജ്യത്ത് കഴിഞ്ഞ ആറ് വർഷത്തിനിടെ കാണാതായ കുട്ടികളുടെ കണക്ക് പുറത്തുവിട്ട് കേന്ദ്രസർക്കാർ. ആറു വർഷത്തിനിടെ മൂന്ന് ലക്ഷത്തിലധികം കുട്ടികളെ കാണാതായെന്നാണ് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി അറിയിച്ചത്. ഇതിൽ 2.7 ലക്ഷം കുട്ടികളെ കണ്ടെത്തിയിട്ടുണ്ട്. പാർലമെന്റിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

2015 മുതൽ 2020 വരെയുള്ള കണക്കുകൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്. 80,633 കുട്ടികളെയാണ് 2015-ൽ കാണാതായത്. 2020 ൽ 39,362 കുട്ടികളെ കാണാതായി. 2019 ൽ 49,267 കുട്ടികളെ കാണാതായതിൽ 44,289 പേരെ കണ്ടെത്തി. 2018-ൽ 48,873 കുട്ടികളെ കാണാതാകുകയും 40,296 കുട്ടികളെ കണ്ടെത്തുകയും ചെയ്തുവെന്നും മന്ത്രി വിശദമാക്കി. രാജ്യത്ത് നിന്നും കാണാതായ കുട്ടികളെയും പിന്നീട് കണ്ടെത്തിയവരെയും സംബന്ധിച്ച വിവരങ്ങൾ അറിയാനായി ‘ട്രാക്ക് ദി മിസ്സിംഗ് ചൈൽഡ്’ എന്ന പോർട്ടൽ മന്ത്രാലയം വികസിപ്പിച്ചിട്ടുണ്ട്.

കാണാതാകുന്ന കുട്ടികളെയും കണ്ടെത്തിയവരെയും കുറിച്ചുള്ള വിവരങ്ങൾ പൊലീസ് സ്റ്റേഷനുകൾ, ജുവനൈൽ ജസ്റ്റിസ് ബോർഡുകൾ, ശിശു സംരക്ഷണ സ്ഥാപനങ്ങൾ എന്നിവ അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മൺ ഡിസംബർ 13 ന് ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മുഖ്യ പരിശീലകനായി സ്ഥാനമേൽക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ചേർന്ന വാർഷിക ജനറൽ മീറ്റിംഗിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായതെന്നാണ് വിവരം. മുൻ ബൗളിംഗ് പരിശീലകനായിരുന്ന ട്രോയ് കൂലി എൻസിഎ ബൗളിംഗ് പരിശീലകനാവും. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകളുടെ ബൗളിംഗ് പരിശീലകനായിരുന്നു ട്രോയ് കൂലി.

മുൻ എൻസിഎ മുഖ്യ പരിശീലകനായ രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീം പരിശീലകനായതിനെ തുടർന്നാണ് വിവിഎസ് ലക്ഷ്മൺ ക്രിക്കറ്റ് അക്കാദമിയുടെ മുഖ്യ പരിശീലകനായി സ്ഥാനമേൽക്കുന്നത്. ലക്ഷ്മണുമായുള്ള കരാർ ഒപ്പിട്ടുകഴിഞ്ഞുവെന്നാണ് ലഭ്യമാകുന്ന വിവരം. ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരമാവും ലക്ഷ്മണിന്റെ അവസാന മാദ്ധ്യമ ജോലിയെന്നും ഡിസംബർ 13 മുതൽ അദ്ദേഹം എൻസിഎയിൽ ഉണ്ടാകുമെന്നും ബിസിസിഐ മുതിർന്ന ഉദ്യോഗസ്ഥൻ ദേശീയ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. അണ്ടർ- 19 ലോകകപ്പിനായി അദ്ദേഹം വെസ്റ്റ് ഇൻഡീസിൽ ഉണ്ടാകുമെന്നും ഈ ഉദ്യോഗസ്ഥൻ വിശദമാക്കിയിട്ടുണ്ട്.

സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ബാറ്റിംഗ് ഉപദേശകനാണ് നിലവിൽ ലക്ഷ്മൺ. എൻസിഎ തലവൻ ആകുന്നതോടെ അദ്ദേഹം സൺറൈസേഴ്‌സ് ഹൈദപാബാദിന്റെ ബാറ്റിംഗ് ഉപദേശക സ്ഥാനം ഒഴിയും. ദ്രാവിഡും ലക്ഷ്മണും തമ്മിലുള്ള അടുത്ത ബന്ധവും ഇരുവരുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കുള്ള ബന്ധവും ലക്ഷ്മണെ എൻസിഎ തലവൻ എന്ന പദവിയിലേക്ക് നയിച്ചത്.

തിരുവനന്തപുരം: പത്ത് അണക്കെട്ടുകളിൽ വൈദ്യുതി ബോർഡ് ഫ്‌ളോട്ടിംഗ് സോളാർ പ്ലാന്റുകൾ സ്ഥാപിക്കാനൊരുങ്ങി സർക്കാർ. സൗരോർജ്ജ ഉത്പാദനം ഇരട്ടിയാക്കുക എന്നതാണ് ഫ്‌ളോട്ടിംഗ് സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിന് പിന്നിലെ ലക്ഷ്യം.

350-500 മെഗാവാട്ട് വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യവെയ്ക്കുന്നത്. നിലവിൽ 298 മെഗാവാട്ടാണ് ഉത്പാദിപ്പിക്കുന്നത്. പത്ത് ഡാമുകളിൽ രണ്ടെണ്ണം വാട്ടർ അതോറിറ്റിയുടേതാണ്. പ്ലാന്റ് നിർമ്മാണത്തിന് വേണ്ടി അന്താരാഷ്ട്ര ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. രൂപകല്പന, നിർമ്മാണം, ടെസ്റ്റിംഗ്, സബ്‌സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കൽ, കമ്മിഷനിംഗ് എന്നിവയെല്ലാം നിർവഹിക്കാൻ താത്പര്യമുള്ളവർക്ക് ടെൻഡറിൽ പങ്കെടുക്കാം.

ഡിസംബർ 29 വരെ ടെൻഡർ സ്വീകരിക്കും. 15 ന് പ്രീബിഡ് മീറ്റിംഗ് നടക്കും. 31 ന് തുറക്കും. ടെൻഡറിൽ തെരഞ്ഞെടുക്കപ്പെടുന്നവരുമായി 25 വർഷത്തേക്കാണ് വൈദ്യുതി വാങ്ങൽ കരാർ ഒപ്പുവയ്ക്കുന്നത്. റെഗുലേറ്ററി കമ്മീഷനാണ് നിരക്ക് നിശ്ചയിക്കുന്നത്. സോളാർ പ്ലാന്റ് നിർമ്മാണത്തിൽ അഞ്ച് വർഷത്തെയെങ്കിലും പരിചയമുള്ളവർക്ക് ടെൻഡറിൽ പങ്കെടുക്കാം. പൊൻമുടി, കല്ലാർകുട്ടി, സെങ്കുളം, കല്ലാർ, കുണ്ടല, മാട്ടുപ്പെട്ടി, ആനയിറങ്കൽ, ബാണാസുരസാഗർ (കെ.എസ്.ഇ.ബി ഡാമുകൾ), അരുവിക്കര, പേപ്പാറ (ജല അതോറിട്ടി സംഭരണികൾ) എന്നിവിടങ്ങളിലാണ് ഫ്‌ളോട്ടിംഗ് പ്ലാന്റുകൾ സ്ഥാപിക്കുന്നത്. ടെൻഡറിൽ വിജയിക്കുന്ന ഓരോ കമ്പനിക്കും മൂന്ന് ഡാമുകൾ വീതം ഏറ്റെടുക്കാം.

കോട്ടയം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. പെരിങ്ങര സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് വി മുരളീധരൻ സിപിഎമ്മിനെതിരെ വിമർശനം ഉന്നയിച്ചത്. സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്നും ആദ്യം സത്യം പറഞ്ഞ പൊലീസുകാരെ സിപിഎം തിരുത്തിയെന്നും അദ്ദേഹം പറഞ്ഞു.

കേസിലെ പ്രതികൾക്ക് സിപിഎമ്മുമായാണ് ബന്ധമുള്ളത്. പ്രതികളിൽ ഒരാളെ യുവമോർച്ച നേരത്തെ പുറത്താക്കിയതാണ്. പോാലീസിനെ കൊണ്ട് സിപിഎം റിമാൻഡ് റിപ്പോർട്ട് തിരുത്തിയെഴുതിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോട് മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പെരിയയിൽ തോറ്റതിന് തിരുവല്ലയിൽ കണക്കുതീർക്കാൻ വരരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സന്ദീപിനെ ബിജെപി- ആർഎസ്എസ് പ്രവർത്തകർ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമർശം. കേസിൽ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സി പി എമ്മുകാർ മരിച്ചാൽ വ്യാജ പ്രചാരണം നടത്തുകയെന്നതാണ് ബിജെപിയുടെ പതിവ് രീതി. ആർഎസ്എസ് നടത്തുന്ന കൊലപാതകങ്ങൾ അവർ ഏറ്റെടുക്കാറില്ല. സന്ദീപിന്റെ കാര്യത്തിലും ഇതാണ് സംഭവിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമാധാനത്തിനായിട്ടാണ് സി പി എം നിലകൊള്ളുന്നത്. സി പി എമ്മിനെ ഇല്ലാതാക്കാമെന്ന് ആരും കരുതണ്ട. അക്രമപാതയിൽ നിന്ന് ആർ എസ് എസ് പിന്തിരിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരുവല്ല: ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പെരിങ്ങരയിലെ സിപിഎം ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് കോടിയേരി ബിജെപിക്കെതിരെ വിമർശനം ഉന്നയിച്ചത്. ബി ജെ പി നേതൃത്വം ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണിതെന്ന് അദ്ദേഹം പറഞ്ഞു. കേസിൽ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സി പി എമ്മുകാർ മരിച്ചാൽ വ്യാജ പ്രചാരണം നടത്തുകയെന്നതാണ് ബിജെപിയുടെ പതിവ് രീതി. ആർഎസ്എസ് നടത്തുന്ന കൊലപാതകങ്ങൾ അവർ ഏറ്റെടുക്കാറില്ല. സന്ദീപിന്റെ കാര്യത്തിലും ഇതാണ് സംഭവിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമാധാനത്തിനായിട്ടാണ് സി പി എം നിലകൊള്ളുന്നത്. സി പി എമ്മിനെ ഇല്ലാതാക്കാമെന്ന് ആരും കരുതണ്ട. അക്രമപാതയിൽ നിന്ന് ആർ എസ് എസ് പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സന്ദീപിന്റെ കുടുംബത്തിന് സംരക്ഷണം നൽകുമെന്ന് കോടിയേരി ഉറപ്പു നൽകി. സന്ദീപിന്റെ കുടുംബം അനാഥമാകില്ല. കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സന്ദീപിന്റെ വീട്ടിൽ കോടിയേരി ഇന്ന് സന്ദർശനം നടത്തിയിരുന്നു.

കൊച്ചി: സഹകരണ നിയമം സമഗ്രമായി ഭേദഗതി ചെയ്യാനുള്ള ശുപാർശ പരിഗണനയിലുണ്ടെന്ന് ഹൈക്കോടതിയെ അറിയിച്ച് സംസ്ഥാന സർക്കാർ. വീഴ്ച വരുത്തുന്ന മാനേജിങ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പടെയുള്ളവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ കഴിയുന്ന വിധത്തിലുള്ള ശുപാർശ ലഭിച്ചിട്ടുണ്ടെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. കോടതി ഉത്തരവുണ്ടായിട്ടും മാവേലിക്കര സഹകരണ ബാങ്ക് സ്ഥിര നിക്ഷേപം തിരികെ നൽകിയില്ലെന്ന കോടതിയലക്ഷ്യ നടപടികൾ പരിഗണിക്കവേയാണ് സർക്കാർ നിലപാട് അറിയിച്ചത്.

ബാങ്കിലെ മൂന്ന് വനിതാ ജീവനക്കാർ നടത്തിയ ക്രമക്കേടിനെ തുടർന്നാണ് മാവേലിക്കര സഹകരണ ബാങ്ക് പ്രതിസന്ധിയിലായത്. മുൻഭരണ സമിതിക്കും ജീവനക്കാർക്കും എതിരെ ക്രിമിനൽ കേസെടുക്കുകയും ചെയ്തിരുന്നു. അതേസമയം സഹകരണ നിയമവുമായി ബന്ധപ്പെട്ട സർക്കാർ നടപടി അഭിനന്ദനാർഹമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. വീഴ്ച വരുത്തുന്ന മാനേജിങ് കമ്മിറ്റി അംഗങ്ങൾക്കെതിരെ നഷ്ട ഉത്തരവാദിത്ത നടപടികളും ക്രിമിനൽ നടപടികളും വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ടന്നും ഇക്കാര്യത്തിൽ ക്രിയാത്മ നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് ശരിയായ നടപടിയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

സഹകരണ രജിസ്ട്രാർ പി ബി നൂഹിനെതിരായ കോടതിയലക്ഷ്യ നടപടികളും അവസാനിപ്പിച്ചു. കോടതി ഉത്തരവ് നടപ്പാക്കിയ സാഹചര്യത്തിലാണ് നടപടി. വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നത് തുടരുമെന്നും സർക്കാർ വ്യക്തമാക്കി.