തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയിൽ വീടുകൾ നൽകുന്നതിലെ മുൻഗണന ക്രമത്തിൽ മാറ്റവുമായി സംസ്ഥാന സർക്കാർ. വിമൺ ആൻഡ് ചിൽഡ്രൻ ഹോമുകളിലെ സ്ത്രീകൾക്കും കുട്ടികൾക്കും പ്രഥമ പരിഗണ നൽകാനുമാണ് സർക്കാരിന്റെ തീരുമാനം. ഇതുസംബന്ധിച്ച വനിതാ ശിശുവികസന ഡയറക്ടറുടെ ശുപാർശയ്ക്ക് സർക്കാർ അംഗീകാരം നൽകി. വിമൺ ആൻഡ് ചിൽഡ്രൻ ഹോമുകളിലെ സ്ത്രീകൾക്കും കുട്ടികൾക്കും പദ്ധതി വഴി പ്രയോജനം ലഭിക്കുന്നില്ലെന്നും ഇവർക്ക് മുൻഗണന നൽകണമെന്നും ചൂണ്ടിക്കാട്ടിയാണ് വനിതാ ശിശുവികസന ഡയറക്ടർ സർക്കാരിന് ശുപാർശ നൽകിയത്.
ശുപാർശയിൽ വിശദമായ പരിശോധന നടത്തിയ ശേഷമാണ് സർക്കാർ ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ ഭവന പദ്ധതിയിൽ അർഹരായവർക്ക് വീടും വസ്തുവും ലഭിക്കുന്നത്. പദ്ധതി വഴി വീടുകൾ നൽകുന്നതിലെ മുൻഗണന ക്രമത്തിലാണ് സർക്കാർ വേണ്ട മാറ്റങ്ങൾ വരുത്തിയത്. അതേസമയം പദ്ധതി പ്രകാരം അന്തേവാസികൾക്ക് നൽകുന്ന വസ്തുവും വീണ്ടും പണയപ്പെടുത്തുകയോ വിൽക്കുകയോ ചെയ്യാൻ പാടില്ലെന്നാണ് വ്യവസ്ഥ.

