രാജസ്ഥാനിലും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു; രോഗബാധ കണ്ടെത്തിയത് ഒരു കുടുംബത്തിലെ 9 പേരിൽ

ന്യൂഡൽഹി: രാജസ്ഥാനിലും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ജയ്പൂരിലുള്ള ഒരു കുടുംബത്തിലെ 9 പേരിലാണ് പുതിയ കോവിഡ് വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയിൽ നിന്നും ഇക്കഴിഞ്ഞ 15 നാണ് ഇവർ നാട്ടിലെത്തിയത്. അതേസമയം മഹാരാഷ്ട്രയിൽ ഏഴുപേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. എട്ടു കേസുകളാണ് മഹാരാഷ്ട്രയിൽ ഇതുവരെ സ്ഥിരീകരിച്ചത്. ഇതിൽ നാലുപേർ വിദേശത്തു നിന്നും എത്തിയവരാണ്. അവരുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവരാണ് മറ്റു മൂന്നു പേർ.

ഡൽഹിയിലും ഇന്ന് ഒമിക്രോൺ ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടാൻസാനിയയിൽ നിന്നെത്തി ഡൽഹി എൽഎൻജെപി ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന 37 കാരനാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 12 പേരുടെ സാമ്പിൾ ജനിത ശ്രേണീകരണം നടത്തിയതിൽ ഒന്നിലാണ് പുതിയ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. 5 സാമ്പിളുകളുടെ പരിശോധനാ ഫലം ഇനി ലഭ്യമാകാനുണ്ട്. ബംഗളൂരുവിൽ ഡോക്ടർക്ക് ഒമിക്രോൺ ബാധിച്ച പശ്ചാത്തലത്തിൽ ആയിരത്തിലേറെ പേരെ നിരീക്ഷിക്കേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗുജറാത്തിൽ ഒമിക്രോൺ ബാധിതനായ 72 കൊരന്റെ സമ്പർക്കപട്ടികയിലെ മുഴുവൻ പേരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നതും വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ട്.

ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളും വാക്‌സിനേഷനും വർധിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. പ്രതിരോധ നടപടികൾ ഊർജിതമാക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു.