General (Page 1,301)

തിരുവനന്തപുരം: സർക്കാരിനെതിരെ പ്രതിഷേധവുമായി കായിക താരങ്ങൾ. അർഹതപ്പെട്ട ജോലി സർക്കാർ നൽകണമെന്നാവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റിന് മുന്നിൽ കായിക താരങ്ങൾ സമരം ചെയ്യുന്നത്. കേരളത്തിനായി ദേശീയ മത്സരങ്ങളിൽ ഉൾപ്പെടെ പങ്കെടുത്ത 71 ഓളം കായിക താരങ്ങൾ കഴിഞ്ഞ എട്ട് ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ചെയ്യുകയാണ്. തലമുണ്ഡനം ചെയതാണ് കായിക താരങ്ങൾ സർക്കാരിനെതിരെ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചത്. നിയമനം ലഭിക്കുന്നത് സംബന്ധിച്ച് അനുകൂലമായ ഒരു തീരുമാനങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലും ഇക്കാര്യത്തിലും അനുകൂല തീരുമാനം ഉണ്ടായിരുന്നില്ല. ഇതോടെയാണ് പ്രതിഷേധ നടപടികൾ കടുപ്പിക്കാൻ കായിക താരങ്ങൾ തീരുമാനിച്ചത്. വിഷയത്തിൽ ചർച്ച നടത്താമെന്ന് കായിക മന്ത്രി അറിയിച്ചിരുന്നെങ്കിലും ഇതുവരെ ചർച്ച നടന്നിട്ടില്ല. കഴിഞ്ഞ ദിവസം ചർച്ചയ്ക്കായി പോയെങ്കിലും മന്ത്രിയെ കാണാൻ കഴിയാതെ കായിക താരങ്ങൾ മടങ്ങിയെത്തുകയായിരുന്നു.

നൂറ് ശതമാനവും അർഹമായ നിയമത്തിനായാണ് സമരം ചെയ്യുന്നതെന്നും സർക്കാരിന്റെ അവഗണന കായിക താരങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്. നന്നായി ആലോചിച്ച ശേഷമേ ചർച്ചയ്ക്ക് വിളിക്കുവെന്നാണ് മന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചപ്പോൾ ഉദ്യോഗസ്ഥർ അറിയിച്ചതെന്നും സമരക്കാർ പറഞ്ഞു. 580 കായിക താരങ്ങൾക്ക് നിയമനം നൽകിയെന്നായിരുന്നു കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കായിക മന്ത്രിയായിരുന്ന ഇപി ജയരാജൻ പറഞ്ഞത്. എന്നാൽ 195 താരങ്ങൾക്ക് മാത്രമാണ് നിയമനം ലഭിച്ചതെന്നും മറ്റുള്ളവർക്കൊന്നും ജോലി ലഭിച്ചിട്ടില്ലെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. ഇനിയും അനുകൂലമായ തീരുമാനമില്ലെങ്കിൽ കൂടുതൽ ശക്തമായ സമരമാർഗങ്ങൾ സ്വീകരിക്കുമെന്നും പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകുന്നു.

മലപ്പുറം: സർക്കാരിനെതിരെയുള്ള സമരത്തിൽ നിന്നും പിന്മാറി സമസ്ത. വഖഫ് ബോർഡ് ജീവനക്കാരുടെ നിയമനം പിഎസ് സിക്ക് വിട്ടതിനെ ചൊല്ലിയുള്ള പ്രതിഷേധ സമരത്തിൽ നിന്നാണ് സമസ്ത പിന്മാറിയത്. സമസ്തക്ക് സമരമല്ല, പ്രതിഷേധ രീതിയാണുള്ളതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. വഖഫ് വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് അറിയിച്ചതോടെ പ്രതിഷേധം വേണ്ടെന്ന് നിലപാടാണ് സമസ്തക്കെന്നും സമസ്ത സമരം ആഹ്വാനം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റേത് മാന്യമായ സമീപനമാണ്. വഖഫ് നിയമനം പിൻവലിക്കാൻ തയ്യാറല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. വിഷയത്തിൽ തുടർ നടപടികളൊന്നും നിലവിൽ സ്വീകരിച്ചിട്ടില്ലെന്നാണ് പറഞ്ഞത്. ആ സ്ഥിതിക്ക് ഇനി പ്രതിഷേധിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. വിഷയത്തിൽ സമസ്തയുടെ യോഗം പുരോഗമിക്കുകയാണ്. മുസ്ലിം ലീഗ് അടക്കം ഒരു രാഷ്ട്രീയ പാർട്ടിയുമായും അകലമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതു കോഡിനേഷൻ കമ്മിറ്റി സമസ്തയ്ക്കില്ല. തങ്ങൾമാർ വിളിച്ചു ചേർക്കുമ്പോഴാണ് കോഡിനേഷൻ കമ്മിറ്റി ഉണ്ടാകുകയെന്നും അദ്ദേഹം വിശദമാക്കി. എന്നാൽ സമസ്ത നിലപാട് വ്യക്തമാക്കിയതോടെ മുസ്ലീംലീഗ് പ്രതിരോധത്തിലായിരിക്കുകയാണ്.

മുംബൈ: കോൺഗ്രസിനെ പിന്തുണച്ച് ശിവസേന. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇല്ലാത്ത ഒരു പ്രതിപക്ഷ സഖ്യത്തെ കുറിച്ച് ചിന്തിക്കുക സാധ്യമല്ലെന്നാണ് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ പുതിയ പ്രതിപക്ഷ സഖ്യം ഉണ്ടാക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുമായി സഞ്ജയ് റാവത്ത് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപിയെ പരാജയപ്പെടുത്താൻ രാജ്യത്ത് ഒറ്റ പ്രതിപക്ഷ സഖ്യമാണ് വേണ്ടത്. കോൺഗ്രസ് അല്ലാതെ മറ്റൊരു പാർട്ടിക്കും അതിന്റെ നേതൃത്വം വഹിക്കാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വരും വർഷം നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ ശിവസേന പിന്തുണ അറിയിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങളും സൂചിപ്പിക്കുന്നുണ്ട്. മമത ബാനർജിയുടെ ആക്രമണങ്ങളിൽ നിന്നും ശിവസേന കോൺഗ്രസിനെ പ്രതിരോധിക്കുന്ന കാഴ്ച്ചകളാണ് കാണാൻ കഴിയുന്നത്. യുപിഎയുടെ അസ്തിത്വത്തെ ചോദ്യം ചെയ്ത് മമതയുടെ ‘എന്ത് യുപിഎ പരാമർശത്തെ’ശിവസേനയുടെ മുഖപത്രമായ സാംമ്നയിൽ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. കോൺഗ്രസിനെ ദേശീയ രാഷ്ട്രീയത്തിൽ നിന്ന് പുറത്താക്കി, യുപിഎയ്ക്ക് ബദലുണ്ടാക്കുന്നത് ബിജെപിയെയും ഫാസിസ്റ്റ് ശക്തികളെയും ശക്തിപ്പെടുത്തുകയേ ഉള്ളുവെന്നായിരുന്നു ശിവസേന പറഞ്ഞത്.

കോൺഗ്രസിനെ തുടച്ചുനീക്കണം എന്നുള്ളത് മോദിയുടെയും ബിജെപിയുടെയും അജണ്ട ആണെന്ന കാര്യം മനസ്സിലാക്കാം. എന്നാൽ, മോദിയെയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തെയും എതിർക്കുന്നവർ അങ്ങനെ ചിന്തിക്കുന്നത് അപകടകരമാണെന്നും സാംമ്‌ന കുറ്റപ്പെടുത്തിയിരുന്നു.

കൊച്ചി: സർക്കാരിനെതിരെ നിയമ പോരാട്ടത്തിന് തയ്യാറെടുത്ത് എൻഎസ്എസ്. മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താനുള്ള സർവേയിൽ സർക്കാർ സ്വീകരിച്ചിരിക്കുന്ന മാനദണ്ഡം മാറ്റണമെന്ന ആവശ്യത്തോട് സർക്കാർ മുഖം തിരിച്ചതോടെയാണ് എൻഎസ്എസ് നിയമപോരാട്ടത്തിന് തയ്യാറെടുക്കുന്നത്. അശാസ്ത്രീയ സാംപിൾ സർവേയാണ് സർക്കാർ നടത്തുന്നതെന്നാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജീ സുകുമാരൻ നായർ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം കോടതിയിൽ ഹർജി സമർപ്പിച്ചു. സർവേ സ്റ്റേ ചെയ്യണമെന്നും അദ്ദേഹം ഹർജിയിൽ ആവശ്യപ്പെടുന്നു. മുന്നാക്കക്കാരിലെ യഥാർഥ പിന്നോക്കക്കാരെ കണ്ടെത്താൻ സാംപിൾ സർവേ ഫലപ്രദമല്ലെന്നും ഹർജിയിൽ പറയുന്നു.

സർവ്വേ നടത്തുന്നതിലൂടെ യഥാർഥ പിന്നോക്കക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾ നഷ്ടമാകാൻ ഇടയുണ്ടാകും. പിന്നോക്കക്കാരെ കണ്ടെത്താനുള്ള മാനദണ്ഡങ്ങൾ സർവേയിൽ ഇല്ല. അതുകൊണ്ടുതന്നെ സർവ്വേ ഫലം കാണില്ലെന്നും സുകുമാരൻ നായർ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

അശാസ്ത്രീയമായ സാംപിൾ സർവേ നടപടികൾ നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് എൻ.എസ്.എസ് നേരത്തെ മുന്നാക്ക വിഭാഗ കമ്മിഷന് കത്തയച്ചിരുന്നു. കുടുംബശ്രീ വോളന്റിയർമാരെ ഉപയോഗിച്ചാണ് സർക്കാർ സർവേ നടത്തുന്നത്. 20,000 തദ്ദേശ വാർഡുകളിലെ 5 വീടുകളിൽ വീതം നേരിട്ടെത്തിയാണ് സർവേ. വാർഡുകളിലെ അഞ്ച് കുടുംബങ്ങളുടെ മാത്രം വിവരം ശേഖരിച്ചാൽ സമഗ്രമാകില്ലെന്നും യോഗ്യരായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയില്ലെങ്കിൽ സർവേ പ്രഹസനമാകുമെന്നുമായിരുന്നു എൻഎസ്എസിന്റെ വാദം.

തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്നുള്ള സർക്കാർ ബസ് സർവീസുകൾക്ക് പമ്പ വരെ അനുമതി നൽകി. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ നിലയ്ക്കൽ വരെയായിരുന്നു ബസുകൾക്ക് അനുമതിയുണ്ടായിരുന്നത്. തമിഴ്നാടിന്റെ ആവശ്യപ്രകാരമാണ് പമ്പ വരെ ബസ് സർവീസ് ദീർഘിപ്പിച്ചതെന്ന് മന്ത്രി അറിയിച്ചു. കേരളത്തിലേയും, തമിഴ്‌നാട്ടിലേയും പൊതു ഗതാഗത രംഗത്ത് കൂടുതൽ സഹകരണമാവശ്യപ്പെട്ടു കൊണ്ട് തമിഴ്‌നാട് ഗതാഗത വകുപ്പ് മന്ത്രി ആർ.എസ്. രാജാ കണ്ണപ്പയുമായും, ധനകാര്യ വകുപ്പ് മന്ത്രി പളനി വേൽ ത്യാഗരാജനുമായും ചെന്നൈയിൽ വച്ച് ആന്റണി രാജു ചർച്ച നടത്തിയിരുന്നു.

കേരളത്തിലെ പൊതു ഗതാഗത സൗകര്യ വികസനത്തിന് വേണ്ടി കേരളവും തമിഴ്‌നാടും കൈകോർക്കാൻ ചർച്ചയിൽ തീരുമാനമായി. സൗത്ത് ഇന്ത്യൻ ട്രാൻസ്പോർട്ട് കൗൺസിലിന്റെ (SITCO) കേരളത്തിൽ നടക്കുന്ന അടുത്ത സമ്മേളനത്തിലേക്ക് തമിഴ്നാട് ഗതാഗതമന്ത്രിയെ മന്ത്രി ആന്റണി രാജു ക്ഷണിച്ചു. 2022 ഏപ്രിലിൽ കേരളത്തിൽ നടക്കുന്ന യോഗത്തിൽ എട്ട് സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാർ ഗതാഗത സെക്രട്ടറിമാർ, ട്രാൻസ്പോർട്ട് കമ്മീഷണർമാർ, സ്റ്റേറ്റ് ട്രാൻസ്പോർട്ട് കമ്മിറ്റി അംഗങ്ങൾ, കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു. ചൊവ്വാഴ്ച ഡൽഹിയിൽ എത്തി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ഗരിയെ നേരിൽക്കണ്ട് യോഗത്തിലേക്ക് ക്ഷണിക്കും. മന്ത്രിക്കൊപ്പം ഗതാഗത സെക്രട്ടറി ബിജു പ്രഭാകറുമുണ്ടായിരുന്നു.

കേരളം- തമിഴ്നാട് ചെക്ക് പോസ്റ്റുകളിൾ ദൈനം ദിനമായി ഉണ്ടാകുന്നപ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി രണ്ട് സംസ്ഥാനങ്ങളിലേയും ഗതാഗത സെക്രട്ടറിമാർ, ട്രാൻസ്പോർട്ട് കമ്മീഷണർമാർ, എന്നിവരെ ചേർത്ത് ട്രാൻസ്പോർട്ട് കമ്മിറ്റി രൂപീകരിക്കണമെന്നും കേരളം നിർദ്ദേശിച്ചു. തമിഴ്നാടുമായുള്ള അന്തർ സംസ്ഥാന വാഹന പെർമിറ്റിനെ സംബന്ധിച്ച് സെക്രട്ടറി തലത്തിൽ കൂടുതൽ ചർച്ച നടത്തി തീരുമാനമെടുക്കും. കോവിഡ് കാരണം അടച്ചിട്ട അതിർത്തി പൊതു ഗതാഗതത്തിന് തുറന്ന് നൽകിയതിന് തമിഴ്നാട് മുഖ്യമന്ത്രി, എം.കെ. സ്റ്റാലിനും, മന്ത്രിമാർക്കും മന്ത്രി ആന്റണി രാജു പ്രത്യേക നന്ദി അറിയിച്ചു.

കേരളം ഉന്നയിച്ച ഗതാഗത മേഖലയിലെ വിവിധ ആവശ്യങ്ങൾ തമിഴ്നാട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തി അനുകൂലമായി തീരുമാനം എടുക്കാമെന്ന് തമിഴ്നാട് മന്ത്രിമാർ ഉറപ്പ് നൽകിയെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. ഗതാഗത വിഷയങ്ങളിൽ ഇരു സംസ്ഥാനങ്ങളും ഒരുമിച്ച് കേന്ദ്രത്തെ സമീപിക്കാൻ കേരളം തയ്യാറാണെന്നും ആന്റണി രാജു പറഞ്ഞു. കേരളത്തിൽ നിന്നും ചെന്നൈയിലേക്ക് സ്വകാര്യ ബസുകളുമായി കരാർ ഉണ്ടാക്കി കെഎസ്ആർടിസി സർവ്വീസ് നടത്തുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും ഒമിക്രോൺ ജനിതക പരിശോധനയ്ക്കയച്ച 8 പേരുടെ സാമ്പിളുകൾ ഒമിക്രോൺ നെഗറ്റീവ്. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് 2, മലപ്പുറം 2, എറണാകുളം 2, തിരുവനന്തപുരം 1, പത്തനംതിട്ട 1 എന്നിങ്ങനെയാണ് ഒമിക്രോൺ നെഗറ്റീവായത്. ആകെ 10 പേരുടെ ഒമിക്രോൺ ജനിതക പരിശോധനയ്ക്കയച്ചവരുടെ സാമ്പിളുകളിൽ ഇതുവരെ 8 പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ഇനി രണ്ട് പേരുടെ ഫലം കൂടി വരാനുണ്ടെന്നും വീണാ ജോർജ് വ്യക്തമാക്കി.

ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ ആർടിപിസിആർ പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകളാണ് ഒമിക്രോൺ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നത്. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ ലാബിലാണ് ഒമിക്രോൺ ജനിതക പരിശോധന നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

ഹൈ റിസ്‌ക് രാജ്യത്തിൽ നിന്നും കോഴിക്കോട് എയർപോർട്ടിൽ എത്തിച്ചേർന്ന ഒരാൾക്ക് കൂടി കോവിഡ് പോസിറ്റീവായി. ഇദ്ദേഹത്തിന്റെ സാമ്പിളുകൾ ഒമിക്രോൺ ജനിതക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആദ്യ ഫലങ്ങൾ നെഗറ്റീവായെങ്കിലും ജാഗ്രതയിൽ ഒരു കുറവും ഉണ്ടാകരുതെന്ന് മന്ത്രി നിർദ്ദേശിച്ചു.

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കും സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ടാണ് വി ഡി സതീശൻ വിമർശനം ഉന്നയിച്ചത്. വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിടുന്നത് നടപ്പാക്കരുതെന്ന് യുഡിഎഫ് അംഗങ്ങൾ നിയമസഭയിൽ ഒറ്റക്കെട്ടായി പറഞ്ഞതാണ്. എന്നാൽ മുസ്ലിം ലീഗിന്റെ മേൽ വർഗീയത അടിച്ചേൽപ്പിക്കാനാണ് സിപിഐഎം ഇപ്പോൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാദ്ധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്ത് വർഗീയതയാണ് ഇക്കാര്യത്തിലുള്ളതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും വ്യക്തമാക്കണം. ദേവസ്വം ബോർഡിന്റെ നിയമനങ്ങളും പിഎസ്സിക്ക് വിടരുതെന്നാണ് യുഡിഎഫ് നിലപാട്. ഏതെങ്കിലും സമുദായത്തിൽപ്പെട്ടവർക്കോ മതത്തിൽപ്പെട്ടവർക്കോ മാത്രമായി പിഎസിസി വിജ്ഞാപനം ഇറക്കുന്നത് നിയമവിരുദ്ധവും അധാർമികവുമാണ്. ദേവസ്വത്തിന്റേതു പോലെ വഖഫ് വിഷയത്തിലും റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിട്ട നടപടി ഉടൻ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി സമസ്ത നേതാക്കൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. വിഷയത്തിൽ വിശദമായ ചർച്ചയാവാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചത്. മറിച്ച്, അത് സർക്കാരിന്റെ നിർദ്ദേശമായിരുന്നില്ല. അതുകൊണ്ടു തന്നെ സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേക നിർബന്ധ ബുദ്ധിയില്ല. വിശദമായ ചർച്ച നടത്തുകയും തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുകയും ചെയ്യും. പിഎസ്‌സിയ്ക്ക് നിയമനം വിടുന്നതിലൂടെ മുസ്ലിം വിഭാഗത്തിൽ പെടാത്തവർക്കും വഖഫ് ബോർഡിൽ ജോലി കിട്ടും എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. അത്തരം ആശങ്കകൾ അടിസ്ഥാനരഹിതമാണ്. ഇക്കാര്യം സമസ്ത നേതൃത്വത്തോട് വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടയിലും കെ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട്. കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കൽ നടപടികളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നത്. തിരുവനന്തപുരം-കാസർകോട് അർധ അതിവേഗ റെയിൽപ്പാതയ്ക്കു വേണ്ടി ഏറ്റെടുക്കുന്ന റെയിൽവേ ഭൂമിയിൽ അതിരടയാളക്കല്ല് സ്ഥാപിക്കാനാണ് സർക്കാരിന്റെ നീക്കം.

185 ഹെക്ടർ റെയിൽവേ ഭൂമിയാണ് പദ്ധതിക്കു വേണ്ടി സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നത്. റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഈ ഭൂമിയിൽ അതിരടയാളക്കല്ല് സ്ഥാപിക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് റെയിൽവേ ബോർഡ് ചെയർമാനുമായി സർക്കാർ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചക്കൊടുവിലാണ് ഭൂമി ഏറ്റെടുക്കൽ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നത്.

കെ റെയിൽ പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്ന റെയിൽവേ ഭൂമിയിൽ അതിരടയാളക്കല്ലുകൾ സ്ഥാപിക്കുന്നതിന് മുന്നോടിയായി റെയിൽവേ അധികൃതരും കെ റെയിൽ അധികൃതരും അലൈൻമെന്റിൽ സംയുക്ത പരിശോധന നടത്താനും സർക്കാർ തീരുമാനിച്ചു. സതേൺ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസ് ഉൾപ്പെടെയുള്ളവരാണ് ചർച്ചയിൽ പങ്കെടുത്തത്.

തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനം ഉടൻ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയതായി സമസ്ത. കൂടിയാലോചനകൾക്ക് ശേഷം മാത്രമെ നിയമം റദ്ദാക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം എടുക്കൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതായും സമസ്ത അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് സമസ്ത നേതാക്കളുമായി മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സമസ്ത നേതാക്കൾ ഇക്കാര്യം അറിയിച്ചത്. സമസ്തയുടെ ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാർ, അബ്ദുൾ സമദ് പൂക്കോട്ടൂർ, ഉമർ ഫൈസി മുക്കം തുടങ്ങിയ നേതാക്കളാണ് ചർച്ചയിൽ പങ്കെടുത്തത്.

അതേസമയം വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നു സമസ്ത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ അക്കാര്യം ഉറപ്പു നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചത്. മറിച്ച്, അത് സർക്കാരിന്റെ നിർദ്ദേശമായിരുന്നില്ല. അതുകൊണ്ടു തന്നെ സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേക നിർബന്ധ ബുദ്ധിയില്ല. വിശദമായ ചർച്ച നടത്തുകയും തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുകയും ചെയ്യും. പിഎസ്‌സിയ്ക്ക് നിയമനം വിടുന്നതിലൂടെ മുസ്ലിം വിഭാഗത്തിൽ പെടാത്തവർക്കും വഖഫ് ബോർഡിൽ ജോലി കിട്ടും എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. അത്തരം ആശങ്കകൾ അടിസ്ഥാനരഹിതമാണ്. ഇക്കാര്യം സമസ്ത നേതൃത്വത്തോട് വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ നിയമനം തത്കാലം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് വ്യാജമാണെന്നാണ് മുസ്ലീം ലീഗിന്റെ ആരോപണം. സമസ്ത നേതാക്കൾക്ക് സർക്കാർ നൽകിയ ഉറപ്പിൽ പുതുമയില്ലെന്നും ആർജ്ജവമുണ്ടെങ്കിൽ സർക്കാർ നിയമം റദ്ദാക്കണമെന്ന് ലീഗ് വ്യക്തമാക്കി.

ന്യൂഡൽഹി: 10 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും റഷ്യയും. പ്രതിരോധ, വ്യാപാര മേഖലകളിലായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി മെച്ചപ്പെടുത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനും വ്യക്തമാക്കി. ഭീകരതക്കെതിരെ ഒറ്റക്കെട്ടായി പോരാടാനും നേതാക്കൾ തമ്മിൽ ധാരണയായി.

ആയുധ കരാർ ഉൾപ്പെടെ 10 സുപ്രധാന കരാറുകളിലാണ് ഇന്ത്യയും റഷ്യയും ഒപ്പുവെച്ചത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. റഷ്യ ഇന്ത്യയുടെ മുഖ്യ നയതന്ത്ര പങ്കാളിയാണെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യയും റഷ്യയും രണ്ട് വർഷങ്്ങൾക്ക് ശേഷമാണ് ഉഭയകക്ഷി ചർച്ച നടത്തുന്നത്. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ വെച്ചായിരുന്നു ചർച്ച. പ്രതിരോധം, വ്യാപാരം, ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തൽ തുടങ്ങി വിവിധ വിഷയങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തു.