വഖഫ് ബോർഡ് നിയമനം; മുസ്ലിം ലീഗിന്റെ മേൽ വർഗീയത അടിച്ചേൽപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കും സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ടാണ് വി ഡി സതീശൻ വിമർശനം ഉന്നയിച്ചത്. വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിടുന്നത് നടപ്പാക്കരുതെന്ന് യുഡിഎഫ് അംഗങ്ങൾ നിയമസഭയിൽ ഒറ്റക്കെട്ടായി പറഞ്ഞതാണ്. എന്നാൽ മുസ്ലിം ലീഗിന്റെ മേൽ വർഗീയത അടിച്ചേൽപ്പിക്കാനാണ് സിപിഐഎം ഇപ്പോൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാദ്ധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്ത് വർഗീയതയാണ് ഇക്കാര്യത്തിലുള്ളതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും വ്യക്തമാക്കണം. ദേവസ്വം ബോർഡിന്റെ നിയമനങ്ങളും പിഎസ്സിക്ക് വിടരുതെന്നാണ് യുഡിഎഫ് നിലപാട്. ഏതെങ്കിലും സമുദായത്തിൽപ്പെട്ടവർക്കോ മതത്തിൽപ്പെട്ടവർക്കോ മാത്രമായി പിഎസിസി വിജ്ഞാപനം ഇറക്കുന്നത് നിയമവിരുദ്ധവും അധാർമികവുമാണ്. ദേവസ്വത്തിന്റേതു പോലെ വഖഫ് വിഷയത്തിലും റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിട്ട നടപടി ഉടൻ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി സമസ്ത നേതാക്കൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. വിഷയത്തിൽ വിശദമായ ചർച്ചയാവാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചത്. മറിച്ച്, അത് സർക്കാരിന്റെ നിർദ്ദേശമായിരുന്നില്ല. അതുകൊണ്ടു തന്നെ സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേക നിർബന്ധ ബുദ്ധിയില്ല. വിശദമായ ചർച്ച നടത്തുകയും തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുകയും ചെയ്യും. പിഎസ്‌സിയ്ക്ക് നിയമനം വിടുന്നതിലൂടെ മുസ്ലിം വിഭാഗത്തിൽ പെടാത്തവർക്കും വഖഫ് ബോർഡിൽ ജോലി കിട്ടും എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. അത്തരം ആശങ്കകൾ അടിസ്ഥാനരഹിതമാണ്. ഇക്കാര്യം സമസ്ത നേതൃത്വത്തോട് വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.