തിരുവനന്തപുരം: പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടയിലും കെ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട്. കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കൽ നടപടികളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നത്. തിരുവനന്തപുരം-കാസർകോട് അർധ അതിവേഗ റെയിൽപ്പാതയ്ക്കു വേണ്ടി ഏറ്റെടുക്കുന്ന റെയിൽവേ ഭൂമിയിൽ അതിരടയാളക്കല്ല് സ്ഥാപിക്കാനാണ് സർക്കാരിന്റെ നീക്കം.
185 ഹെക്ടർ റെയിൽവേ ഭൂമിയാണ് പദ്ധതിക്കു വേണ്ടി സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നത്. റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഈ ഭൂമിയിൽ അതിരടയാളക്കല്ല് സ്ഥാപിക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് റെയിൽവേ ബോർഡ് ചെയർമാനുമായി സർക്കാർ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചക്കൊടുവിലാണ് ഭൂമി ഏറ്റെടുക്കൽ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നത്.
കെ റെയിൽ പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്ന റെയിൽവേ ഭൂമിയിൽ അതിരടയാളക്കല്ലുകൾ സ്ഥാപിക്കുന്നതിന് മുന്നോടിയായി റെയിൽവേ അധികൃതരും കെ റെയിൽ അധികൃതരും അലൈൻമെന്റിൽ സംയുക്ത പരിശോധന നടത്താനും സർക്കാർ തീരുമാനിച്ചു. സതേൺ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസ് ഉൾപ്പെടെയുള്ളവരാണ് ചർച്ചയിൽ പങ്കെടുത്തത്.

