General (Page 1,287)

തിരുവനന്തപുരം: ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്തിന്റെ കൊലപാതകത്തിൽ പോപ്പുർ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണവുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. രഞ്ജിത്തിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് അദ്ദേഹം പറഞ്ഞു. പോപ്പുലർ ഫ്രണ്ട് വർഗീയ കലാപത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

താലിബാൻ മാതൃകയിൽ ആയുധ പരിശീലനം നടത്തുകയാണ് പോപ്പുലർ ഫ്രണ്ട്. സി പി എമ്മിന്റെയും പൊലീസിന്റെയും സഹായം പോപ്പുലർ ഫ്രണ്ടിന് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം രഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നിൽ എസ് ഡി പി ഐ ആണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. ഒരുതരത്തിലുള്ള കുറ്റകൃത്യത്തിലും പങ്കാളിയാകാത്തയാളാണ് രഞ്ജിത്തെന്നും, വ്യക്തിപരമായ വൈരാഗ്യം ആർക്കെങ്കിലും ഉണ്ടാകുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം 21 ലേക്ക് ഉയർത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി ഡിവൈഎഫ്‌ഐ. നിയമമാറ്റം സ്ത്രീകളെ ശാക്തീകരിക്കില്ലെന്നാണ് ഡിവൈഎഫ്‌ഐ അഭിപ്രായപ്പെടുന്നത്. നിയമഭേദഗതി സ്ത്രീകളെ ദുർബലരാക്കുമെന്നാണ് ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി വിലയിരുത്തുന്നത്.

നിയമം പ്രാബല്യത്തിൽ വന്നാൽ അത് വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാകും. പെൺകുട്ടികൾക്ക് ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനുള്ള സാധ്യതകളെ നിയമം ബാധിക്കുമെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി. സ്ത്രീകളോട് വിവേചനം കാണിക്കാത്ത സമൂഹമാണ് നിർമിക്കപ്പെടേണ്ടതെന്നാണ് ഡിവൈഎഫ്ഐയുടെ നിലപാട്. അതേസമയം പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള തീരുമാനത്തിനെതിരെ വിമർശനവുമായി നേരത്തെ ജനാധിപത്യ മഹിളാ അസോസിയേഷനും സിപിഎമ്മും രംഗത്തെത്തിയിരുന്നു.

തിരുവനന്തപുരം: വധക്കേസിലെ പ്രതിയെ പിടികൂടാൻ പോകുന്നതിനിടെ വള്ളം മുങ്ങി മരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൃത്യനിർവഹണത്തിനിടയിൽ ജീവൻ നഷ്ടമായ എസ്.എ.പി ബറ്റാലിയനിലെ പോലീസ് കോൺസ്റ്റബിൾ എസ്. ബാലുവിന്റെ വിയോഗം അതീവ ദു:ഖകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആലപ്പുഴ പുന്നപ്ര സ്വദേശിയായ ബാലു ഇക്കഴിഞ്ഞ സെപ്റ്റംബറിലാണു പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. ബാലുവിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നുവെന്നും ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഞായറാഴ്ച്ച രാവിലെയാണ് ബാലുവിന്റെ മൃതദേഹം സംസ്‌കരിക്കുന്നത്. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. ശനിയാഴ്ച്ച ഉച്ചയോടെയാണ് പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതി രാജേഷിനെ പിടികൂടാൻ പോകുന്നതിടെ വർക്കലയിൽ വച്ച് വള്ളം മുങ്ങി ബാലു മരിക്കുന്നത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേർ രക്ഷപ്പെട്ടു.

പോത്തൻകോട് സ്വദേശി സുധീഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷ് അഞ്ച്‌തെങ്ങ് മേഖലയിലെ ഒരു തുരുത്തിൽ ഒളിച്ചിരിക്കുന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വർക്കല സിഐയുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തേക്ക് പോയത്. സിഐയും ബാലുവും മറ്റ് രണ്ട് പൊലിസുകാരനും തുഴച്ചിൽ കാരനുമായിരുന്നു വള്ളത്തിലുണ്ടായിരുന്നത്.

ന്യൂഡൽഹി: ദേശീയ തലത്തിൽ കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് സിപിഎം. നിലവിലെ രാഷ്ട്രീയ നിലപാട് തുടരുമെന്ന് സിപിഎം അറിയിച്ചു. കോൺഗ്രസിന് മൃദു ഹിന്ദുത്വ നിലപാടാണെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോയുടെ വിലയിരുത്തൽ. ബിജെപിയെ ഫലപ്രദമായി നേരിടുന്നത് പ്രാദേശിക പാർട്ടികളാണെന്നാണ് സിപിഎമ്മിന്റെ നിലപാട്.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസുമായി സഖ്യം വേണ്ടെന്ന് നേരത്തെ തന്നെ സിപിഎം തീരുമാനിച്ചിരുന്നു. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഗോവ തുടങ്ങിയ സ്ഥലങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇടതു കക്ഷികൾ ഒന്നിച്ചു മത്സരിക്കാനാണ് തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രാദേശിക കക്ഷികളുമായി സഖ്യം ചേരുമെന്നാണ് സിപിഎം അറിയിച്ചത്.

പ്രാദേശിക പാർട്ടികൾ നേതൃത്യം നൽകുന്ന സഖ്യത്തിൽ കോൺഗ്രസ് പങ്കാളിയാണെങ്കിൽ ആ സഖ്യത്തിൽ ചേരുന്നതിന് വിലക്കില്ല. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് സഖ്യത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാമെന്നും സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനിച്ചു.

തിരുവനന്തപുരം: അരിയുടെ നിലവാരത്തിൽ മില്ലുകൾക്ക് ഉത്തരവാദിത്തമില്ലെന്ന ഉത്തരവ് റദ്ദാക്കാനുള്ള നിർദേശം നൽകിയതായി ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ. മില്ലുകളും ഉദ്യോഗസ്ഥരും പരിശോധന നടത്തി ഗുണനിലവാരം ഉറപ്പുവരുത്തിയ സ്ഥലങ്ങളിൽ വീണ്ടും പരിശോധന വേണ്ടെന്ന് ഒരു അഭിപ്രായം ഉയർന്നിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് ഇറക്കിയതെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

സപ്ലൈകോയ്ക്ക് വേണ്ടി നെല്ല് സംഭരിക്കുന്ന മില്ലുകൾക്ക് മൂന്ന് മാസം അരിയുടെ ഗുണനിലവാരം ഉറപ്പ് വരുത്തണമെന്നാണ് കരാർ വ്യവസ്ഥ. ഇത് ഒഴിവാക്കിയുള്ള ഉത്തരവാണ് സംസ്ഥാന സർക്കാർ ഡിസംബർ മൂന്നിന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. പരിശോധന കർശനമാക്കാൻ പറഞ്ഞിരുന്നതിനെ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കുകയായിരുന്നുവെന്നും ശ്രദ്ധയിൽപ്പെട്ടപ്പോൾ അത് തിരുത്താൻ നിർദേശം നൽകിയെന്നും ജി ആർ അനിൽ പറഞ്ഞു.

ഓഗസ്റ്റ് 27 ന് മില്ലുടമകളുമായി മന്ത്രി ജി.ആർ അനിൽ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിലാണ് മില്ലുടമകൾ ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചത്. തുടർന്നാണ് അരിയുടെ നിലവാരത്തിൽ മില്ലുകൾക്ക് ഉത്തരവാദിത്വമില്ലെന്ന ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത്. അതേസമയം മില്ലുടമകൾക്ക് അഴിമതി നടത്താൻ കളമൊരുക്കുമെന്ന് വ്യക്തമായതോടെയാണ് അരിയുടെ ഗുണനിലവാരം ഉറപ്പാക്കാൻ മില്ലുകൾക്ക് ഉത്തരവാദിത്തമുണ്ടെന്ന തരത്തിൽ ഉത്തരവ് തിരുത്തണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചത്.

അമേഠി: ഹിന്ദു – ഹിന്ദുത്വവാദി തർക്കത്തിൽ പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ഹിന്ദുത്വവാദി ഗംഗയിൽ ഒറ്റയ്ക്ക് കുളിക്കുമ്പോൾ ഹിന്ദു ആയിരങ്ങൾക്കൊപ്പം ഗംഗയിൽ കുളിക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. അമേഠിയിലെ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുവെയായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. 2019 ലെ കുംഭ മേളയുടെ അവസരത്തിൽ മോദി ഒറ്റയ്ക്ക് പുണ്യനദിയായ ഗംഗയിൽ കുളിക്കാനിറങ്ങിയ ചിത്രങ്ങളെ സൂചിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

തന്റെ ജീവിതത്തിൽ ആദ്യമായാണ് ഒരാൾ ഗംഗയിൽ ഒറ്റയ്ക്ക് കുളിക്കുന്നത് കാണുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെയും വരെ മോദി ഒഴിവാക്കി കളഞ്ഞെന്നും അദ്ദേഹം പരിഹസിച്ചു.

ഹിന്ദു ഒരിക്കലും തന്റെ ഭയത്തെ അക്രമം, വെറുപ്പ്, ദേഷ്യം എന്നീ അവസ്ഥകളിലേക്ക് കടക്കാൻ അനുവദിക്കില്ല. സത്യത്തിന്റെ പാത പിന്തുടരുന്ന വ്യക്തിയാണ് ഹിന്ദു. അയാൾ ഒരിക്കലും ഭയത്തിന് മുന്നിൽ അടിയറവ് പറയില്ല. മഹാത്മാ ഗാന്ധി ഇതുപോലെ ആയിരുന്നുവെന്നും. മഹാത്മാ ഗാന്ധി തന്റെ ജീവിതകാലം മുഴുവൻ സത്യത്തെ മനസിലാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നപ്പോൾ ഹിന്ദുത്വവാദിയായ ഗോഡ്‌സെ്ക്ക് അതിന് സാധിച്ചില്ലെന്നും സത്യം മാത്രം സംസാരിച്ചിരുന്ന ഒരു യഥാർത്ഥ ഹിന്ദുവിനെ കൊന്നതിനാൽ ഗോഡ്‌സെയെ ആരും മഹാത്മാവ് എന്ന് വിളിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗോഡ്‌സെ ഒരു ഭീരുവും ദുർബലനും ആയിരുന്നെന്നും അയാൾക്ക് തന്റെ ഉള്ളിലുള്ള ഭയത്തെ അഭിമുഖീകരിക്കാൻ സാധിച്ചില്ലെന്നും രാഹുൽഗാന്ധി കൂട്ടിച്ചേർത്തു.

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മഹീന്ദ്ര വഴിപാടായി നൽകിയ ‘ഥാർ’ ലേലം ചെയ്തതിൽ തർക്കം. താത്ക്കാലികമായി ലേലം ഉറപ്പിച്ചെങ്കിലും വാഹനം വിട്ടുനൽകുന്നതിൽ പുനരാലോചന വേണ്ടി വരുമെന്നാണ് ദേവസ്വം ചെയർമാൻ അറിയിച്ചിരിക്കുന്നത്. ഭരണ സമിതിയിൽ അഭിപ്രായ വ്യത്യാസം വന്നേക്കാമെന്നും അങ്ങനെയെങ്കിൽ തീരുമാനം മാറ്റേണ്ടി വരുമെന്നും ചെയർമാൻ കെ ബി മോഹൻദാസ് വ്യക്തമാക്കി. അതേസമയം ലേലം ഉറപ്പിച്ച ശേഷം വാക്കുമാറ്റുന്നത് ശരിയല്ലെന്ന് ലേലം നേടിയ അമലിന്റെ പ്രതിനിധി വിശദമാക്കി. 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് അമൽ ലേലം സ്വന്തമാക്കിയത്.

ഡിസംബർ നാലിനാണ് ന്യൂ ജനറേഷൻ എസ്യുവി ഥാർ മഹീന്ദ്ര ഗുരുവായൂരപ്പന് കാണിക്കയായി സമർപ്പിച്ചത്. റെഡ് കളർ ഡീസൽ ഓപ്ഷൻ ലിമിറ്റഡ് എഡിഷനാണ് മഹീന്ദ്ര നൽകിയത്. വിപണിയിൽ 13 മുതൽ 18 ലക്ഷം വരെ വിലയുള്ള വാഹനമാണിത്. ഗുരുവായൂർ കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ വെച്ചാണ് മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡിന്റെ ചീഫ് ഓഫ് ഗ്ലോബൽ പ്രോഡക്ട് ഡവലപ്‌മെന്റ് ആർ വേലുസ്വാമി ദേവസ്വം ചെയർമാൻ അഡ്വ കെബി മോഹൻദാസിന് വാഹനത്തിന്റെ താക്കോൽ കൈമാറിയത്.

ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ കെപി വിനയൻ, മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ് വൈസ് ചെയർമാൻ ജോസ് സാംസൺ, കേരള കസ്റ്റമർ കെയർ ഹെഡ് കണ്ടപ്പാ പറ്റിത്, ഏരിയ സെയിൽസ് മാനേജർ ജഗൻകുമാർ ഡിഎച്ച്, ക്ഷേത്രം ഡിഎ പി മനോജ് കുമാർ, ക്ഷേത്രം മാനേജർ എകെ രാധാകൃഷ്ണൻ, അസിസ്റ്റന്റ് മാനേജർ രാമകൃഷ്ണൻ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു താക്കോൽ കൈമാറ്റം.

തിരുവനന്തപുരം: കോവിഡ് വാക്സിൻ സ്വീകരിച്ചതിന്റെ സാക്ഷ്യപത്രം ഹാജരാക്കാത്തവർക്ക് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രികളിൽ സൗജന്യ കോവിഡ് ചികിത്സ നൽകേണ്ടതില്ലെന്ന് സർക്കാർ. ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന സർക്കാർ പുറത്തിറക്കി. രണ്ട് ഡോസ് വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത കോവിഡ് രോഗികൾക്ക് കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരമുള്ള സൗജന്യ ചികിത്സ നൽകേണ്ടതില്ലെന്നാണ് സർക്കാരിന്റെ തീരുമാനം.

സംസ്ഥാനത്ത് വാക്‌സിൻ സ്വീകരിക്കുന്നതിൽ നിന്നും ഓരോരോ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആളുകൾ പിന്നോട്ടു പോകുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്നാണ് സർക്കാർ കർശന നടപടികളിലേക്ക് കടന്നത്. രണ്ട് ഡോസ് വാക്സിനും എടുക്കാത്ത ഇരുനൂറോളം രോഗികളാണ് ഇപ്പോൾ വിവിധ മെഡിക്കൽ കോളേജുകളിലായി ചികിത്സയിൽ കഴിയുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അലർജി, മറ്റുരോഗങ്ങൾ എന്നിവ കാരണം കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ സാധിക്കാത്ത രോഗികൾ അക്കാര്യം തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ചികിത്സ സൗജന്യമായി നൽകുന്നത് തുടരും.

കോവിഡ് വാക്‌സിൻ സ്വീകരിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കുന്ന സർക്കാർ ഡോക്ടർ നൽകിയ സർട്ടിഫിക്കറ്റ് ഒരാഴ്ചയ്ക്കകം ഹാജരാക്കാമെന്ന സത്യവാങ്മൂലം എഴുതി നൽകുന്ന രോഗിക്ക് അതിന്റെ അടിസ്ഥാനത്തിൽ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പ്രകാരമുള്ള സൗജന്യചികിത്സ നൽകും. രോഗി തുടർന്ന് സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത സാഹചര്യമുണ്ടായാൽ ആ രോഗിയുടെ ചികിത്സയ്ക്കായി ചെലവഴിച്ച തുക ഈടാക്കുന്നതിന് റവന്യൂ റിക്കവറി നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂഡൽഹി: ലൈംഗിക തൊഴിലാളികൾക്ക് മുൻഗണന റേഷൻ കാർഡ് അനുവദിക്കാൻ തീരുമാനിച്ച് കേരളം. സുപ്രീം കോടതിയിലാണ് കേരളം ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ ഏത് ന്യായ വില ഷോപ്പിൽ നിന്നും ലൈംഗിക തൊഴിലാളികൾക്ക് റേഷൻ വസ്തുക്കൾ വാങ്ങാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും കേരളം വ്യക്തമാക്കി. ഇതുസംബന്ധിച്ച തൽസ്ഥിതി റിപ്പോർട്ടും കേരളം സുപ്രീം കോടതിയിൽ സമർപ്പിച്ചു.

സംസ്ഥാനത്തെ പല ലൈംഗിക തൊഴിലാളികളുടെയും ജീവിതം മോശമായ അവസ്ഥയിലാണ്. സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കണക്ക് പ്രകാരം വിവിധ പദ്ധതികളിലായി 18000 ലൈംഗിക തൊഴിലാളികൾ ആണ് കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും സർക്കാർ കോടതിയിൽ വിശദമാക്കി. ഇതിൽ ഭൂരിഭാഗം പേരും വിവാഹിതരും കുട്ടികൾ ഉള്ളവരുമാണെങ്കിലും നിലവിൽ പലരും വിവാഹബന്ധം ഉപേക്ഷിക്കപ്പെട്ട് ആരുടെയും സഹായം ഇല്ലാതെ ജീവിക്കുന്നവരാണ്. അതേസമയം സംസ്ഥാനത്ത് 228 ലൈംഗിക തൊഴിലാളികൾക്ക് റേഷൻ കാർഡ് ഇല്ല. ഇവർക്ക് കാർഡ് അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.

കുടുംബങ്ങളിൽ നിന്ന് പുറത്തക്കപ്പെട്ടവർക്ക് തങ്ങളുടെ തൊഴിൽ എന്താണെന്ന് വെളിപ്പെടുത്താതെ റേഷൻ കാർഡ് ലഭിക്കുന്നതിനുള്ള സൗകര്യവും സംസ്ഥാനത്ത് സർക്കാർ സജ്ജമാക്കിയിട്ടുണ്ട്. സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റിന്റെ വെബ് സൈറ്റിൽ ആധാർ കാർഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്താൽ ഈ സംവിധാനത്തിൽ പങ്കുചേരാം. സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ ശുപാർശ കൂടി പരിഗണിച്ച ശേഷമായിരിക്കും അപേക്ഷകർക്ക് റേഷൻ കാർഡ് അനുവദിച്ച് നൽകുക.

ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസാക്കി ഉയർത്തുന്നതിനെതിരെ വിമർശനവുമായി എ ഐ എം ഐ എം നേതാവ് അസാദുദീൻ ഒവൈസി. പതിനെട്ടാമത്തെ വയസിൽ രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ സാധിക്കുമെങ്കിൽ എന്ത് കൊണ്ട് അതേപ്രായത്തിൽ തന്റെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനെ വിലക്കണമെന്നാണ് ഒവൈസി ചോദിക്കുന്നത്. രാജ്യത്തിന്റെ പിതൃത്വം ഏറ്റെടുക്കാനുള്ള ബി ജെ പിയുടെ ശ്രമങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.

18 -ാമത്തെ വയസിൽ ഇന്ത്യൻ പൗരന് കരാറുകൾ ഒപ്പിടാനും സ്വന്തമായി ബിസിനസ് ആരംഭിക്കാനും രാജ്യം ഭരിക്കേണ്ട പ്രധാനമന്ത്രിയെയും എം പിമാരേയും എം എൽ എ മാരേയും തിരഞ്ഞെടുക്കാനുമുള്ള അവകാശമുണ്ട്. ആ നിലയ്ക്ക് സ്വന്തം ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ എന്തിന് തടയണമെന്ന് അദ്ദേഹം ചോദിക്കുന്നു. ഇന്ത്യയിലെ പുരുഷന്മാരുടെ വിവാഹപ്രായം 21ൽ നിന്ന് 18 ആക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു. ഇന്ത്യയിൽ ബാലവിവാഹത്തിന്റെ നിരക്ക് കുത്തനെ കുറഞ്ഞത് ഇത്തരം നിയമങ്ങൾ കാരണമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യഥാസമയത്ത് വിദ്യാഭ്യാസവും സാമൂഹിക അവബോധവും നൽകിയതിനാലണ് രാജ്യത്തെ ബാലവിവാഹത്തിന്റെ നിരക്ക് കുറഞ്ഞത്. രാജ്യത്തെ ബാലവിവാഹം നിർത്തലാക്കുന്നതിന് വേണ്ടിയോ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടിയോ നരേന്ദ്ര മോദി സർക്കാർ ഇന്നുവരെ ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഏകദേശം 1.2 കോടി കുട്ടികൾ പ്രായപൂർത്തിയാകുന്നതിന് മുമ്പ് തന്നെ വിവാഹിതരായെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നതെന്നും ഒവൈസി അറിയിച്ചു.