ന്യൂഡൽഹി: ദേശീയ തലത്തിൽ കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് സിപിഎം. നിലവിലെ രാഷ്ട്രീയ നിലപാട് തുടരുമെന്ന് സിപിഎം അറിയിച്ചു. കോൺഗ്രസിന് മൃദു ഹിന്ദുത്വ നിലപാടാണെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോയുടെ വിലയിരുത്തൽ. ബിജെപിയെ ഫലപ്രദമായി നേരിടുന്നത് പ്രാദേശിക പാർട്ടികളാണെന്നാണ് സിപിഎമ്മിന്റെ നിലപാട്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസുമായി സഖ്യം വേണ്ടെന്ന് നേരത്തെ തന്നെ സിപിഎം തീരുമാനിച്ചിരുന്നു. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഗോവ തുടങ്ങിയ സ്ഥലങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇടതു കക്ഷികൾ ഒന്നിച്ചു മത്സരിക്കാനാണ് തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രാദേശിക കക്ഷികളുമായി സഖ്യം ചേരുമെന്നാണ് സിപിഎം അറിയിച്ചത്.
പ്രാദേശിക പാർട്ടികൾ നേതൃത്യം നൽകുന്ന സഖ്യത്തിൽ കോൺഗ്രസ് പങ്കാളിയാണെങ്കിൽ ആ സഖ്യത്തിൽ ചേരുന്നതിന് വിലക്കില്ല. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് സഖ്യത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാമെന്നും സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനിച്ചു.

