കൃത്യനിർവഹണത്തിനിടയിൽ ജീവൻ നഷ്ടമായ ബാലുവിന്റെ വിയോഗം അതീവ ദു:ഖകരം; മുഖ്യമന്ത്രി

തിരുവനന്തപുരം: വധക്കേസിലെ പ്രതിയെ പിടികൂടാൻ പോകുന്നതിനിടെ വള്ളം മുങ്ങി മരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൃത്യനിർവഹണത്തിനിടയിൽ ജീവൻ നഷ്ടമായ എസ്.എ.പി ബറ്റാലിയനിലെ പോലീസ് കോൺസ്റ്റബിൾ എസ്. ബാലുവിന്റെ വിയോഗം അതീവ ദു:ഖകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആലപ്പുഴ പുന്നപ്ര സ്വദേശിയായ ബാലു ഇക്കഴിഞ്ഞ സെപ്റ്റംബറിലാണു പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. ബാലുവിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നുവെന്നും ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഞായറാഴ്ച്ച രാവിലെയാണ് ബാലുവിന്റെ മൃതദേഹം സംസ്‌കരിക്കുന്നത്. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. ശനിയാഴ്ച്ച ഉച്ചയോടെയാണ് പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതി രാജേഷിനെ പിടികൂടാൻ പോകുന്നതിടെ വർക്കലയിൽ വച്ച് വള്ളം മുങ്ങി ബാലു മരിക്കുന്നത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേർ രക്ഷപ്പെട്ടു.

പോത്തൻകോട് സ്വദേശി സുധീഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷ് അഞ്ച്‌തെങ്ങ് മേഖലയിലെ ഒരു തുരുത്തിൽ ഒളിച്ചിരിക്കുന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വർക്കല സിഐയുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തേക്ക് പോയത്. സിഐയും ബാലുവും മറ്റ് രണ്ട് പൊലിസുകാരനും തുഴച്ചിൽ കാരനുമായിരുന്നു വള്ളത്തിലുണ്ടായിരുന്നത്.