തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മഹീന്ദ്ര വഴിപാടായി നൽകിയ ‘ഥാർ’ ലേലം ചെയ്തതിൽ തർക്കം. താത്ക്കാലികമായി ലേലം ഉറപ്പിച്ചെങ്കിലും വാഹനം വിട്ടുനൽകുന്നതിൽ പുനരാലോചന വേണ്ടി വരുമെന്നാണ് ദേവസ്വം ചെയർമാൻ അറിയിച്ചിരിക്കുന്നത്. ഭരണ സമിതിയിൽ അഭിപ്രായ വ്യത്യാസം വന്നേക്കാമെന്നും അങ്ങനെയെങ്കിൽ തീരുമാനം മാറ്റേണ്ടി വരുമെന്നും ചെയർമാൻ കെ ബി മോഹൻദാസ് വ്യക്തമാക്കി. അതേസമയം ലേലം ഉറപ്പിച്ച ശേഷം വാക്കുമാറ്റുന്നത് ശരിയല്ലെന്ന് ലേലം നേടിയ അമലിന്റെ പ്രതിനിധി വിശദമാക്കി. 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് അമൽ ലേലം സ്വന്തമാക്കിയത്.
ഡിസംബർ നാലിനാണ് ന്യൂ ജനറേഷൻ എസ്യുവി ഥാർ മഹീന്ദ്ര ഗുരുവായൂരപ്പന് കാണിക്കയായി സമർപ്പിച്ചത്. റെഡ് കളർ ഡീസൽ ഓപ്ഷൻ ലിമിറ്റഡ് എഡിഷനാണ് മഹീന്ദ്ര നൽകിയത്. വിപണിയിൽ 13 മുതൽ 18 ലക്ഷം വരെ വിലയുള്ള വാഹനമാണിത്. ഗുരുവായൂർ കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ വെച്ചാണ് മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡിന്റെ ചീഫ് ഓഫ് ഗ്ലോബൽ പ്രോഡക്ട് ഡവലപ്മെന്റ് ആർ വേലുസ്വാമി ദേവസ്വം ചെയർമാൻ അഡ്വ കെബി മോഹൻദാസിന് വാഹനത്തിന്റെ താക്കോൽ കൈമാറിയത്.
ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെപി വിനയൻ, മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ് വൈസ് ചെയർമാൻ ജോസ് സാംസൺ, കേരള കസ്റ്റമർ കെയർ ഹെഡ് കണ്ടപ്പാ പറ്റിത്, ഏരിയ സെയിൽസ് മാനേജർ ജഗൻകുമാർ ഡിഎച്ച്, ക്ഷേത്രം ഡിഎ പി മനോജ് കുമാർ, ക്ഷേത്രം മാനേജർ എകെ രാധാകൃഷ്ണൻ, അസിസ്റ്റന്റ് മാനേജർ രാമകൃഷ്ണൻ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു താക്കോൽ കൈമാറ്റം.

