കോവിഡ് വാക്സിൻ സ്വീകരിച്ചതിന്റെ സാക്ഷ്യപത്രം ഹാജരാക്കാത്തവർക്ക് സൗജന്യ കോവിഡ് ചികിത്സ നൽകില്ല; ഉത്തരവ് പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം: കോവിഡ് വാക്സിൻ സ്വീകരിച്ചതിന്റെ സാക്ഷ്യപത്രം ഹാജരാക്കാത്തവർക്ക് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രികളിൽ സൗജന്യ കോവിഡ് ചികിത്സ നൽകേണ്ടതില്ലെന്ന് സർക്കാർ. ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന സർക്കാർ പുറത്തിറക്കി. രണ്ട് ഡോസ് വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത കോവിഡ് രോഗികൾക്ക് കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരമുള്ള സൗജന്യ ചികിത്സ നൽകേണ്ടതില്ലെന്നാണ് സർക്കാരിന്റെ തീരുമാനം.

സംസ്ഥാനത്ത് വാക്‌സിൻ സ്വീകരിക്കുന്നതിൽ നിന്നും ഓരോരോ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആളുകൾ പിന്നോട്ടു പോകുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്നാണ് സർക്കാർ കർശന നടപടികളിലേക്ക് കടന്നത്. രണ്ട് ഡോസ് വാക്സിനും എടുക്കാത്ത ഇരുനൂറോളം രോഗികളാണ് ഇപ്പോൾ വിവിധ മെഡിക്കൽ കോളേജുകളിലായി ചികിത്സയിൽ കഴിയുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അലർജി, മറ്റുരോഗങ്ങൾ എന്നിവ കാരണം കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ സാധിക്കാത്ത രോഗികൾ അക്കാര്യം തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ചികിത്സ സൗജന്യമായി നൽകുന്നത് തുടരും.

കോവിഡ് വാക്‌സിൻ സ്വീകരിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കുന്ന സർക്കാർ ഡോക്ടർ നൽകിയ സർട്ടിഫിക്കറ്റ് ഒരാഴ്ചയ്ക്കകം ഹാജരാക്കാമെന്ന സത്യവാങ്മൂലം എഴുതി നൽകുന്ന രോഗിക്ക് അതിന്റെ അടിസ്ഥാനത്തിൽ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പ്രകാരമുള്ള സൗജന്യചികിത്സ നൽകും. രോഗി തുടർന്ന് സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത സാഹചര്യമുണ്ടായാൽ ആ രോഗിയുടെ ചികിത്സയ്ക്കായി ചെലവഴിച്ച തുക ഈടാക്കുന്നതിന് റവന്യൂ റിക്കവറി നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.