തിരുവനന്തപുരം: അരിയുടെ നിലവാരത്തിൽ മില്ലുകൾക്ക് ഉത്തരവാദിത്തമില്ലെന്ന ഉത്തരവ് റദ്ദാക്കാനുള്ള നിർദേശം നൽകിയതായി ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ. മില്ലുകളും ഉദ്യോഗസ്ഥരും പരിശോധന നടത്തി ഗുണനിലവാരം ഉറപ്പുവരുത്തിയ സ്ഥലങ്ങളിൽ വീണ്ടും പരിശോധന വേണ്ടെന്ന് ഒരു അഭിപ്രായം ഉയർന്നിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് ഇറക്കിയതെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
സപ്ലൈകോയ്ക്ക് വേണ്ടി നെല്ല് സംഭരിക്കുന്ന മില്ലുകൾക്ക് മൂന്ന് മാസം അരിയുടെ ഗുണനിലവാരം ഉറപ്പ് വരുത്തണമെന്നാണ് കരാർ വ്യവസ്ഥ. ഇത് ഒഴിവാക്കിയുള്ള ഉത്തരവാണ് സംസ്ഥാന സർക്കാർ ഡിസംബർ മൂന്നിന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. പരിശോധന കർശനമാക്കാൻ പറഞ്ഞിരുന്നതിനെ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കുകയായിരുന്നുവെന്നും ശ്രദ്ധയിൽപ്പെട്ടപ്പോൾ അത് തിരുത്താൻ നിർദേശം നൽകിയെന്നും ജി ആർ അനിൽ പറഞ്ഞു.
ഓഗസ്റ്റ് 27 ന് മില്ലുടമകളുമായി മന്ത്രി ജി.ആർ അനിൽ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിലാണ് മില്ലുടമകൾ ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചത്. തുടർന്നാണ് അരിയുടെ നിലവാരത്തിൽ മില്ലുകൾക്ക് ഉത്തരവാദിത്വമില്ലെന്ന ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത്. അതേസമയം മില്ലുടമകൾക്ക് അഴിമതി നടത്താൻ കളമൊരുക്കുമെന്ന് വ്യക്തമായതോടെയാണ് അരിയുടെ ഗുണനിലവാരം ഉറപ്പാക്കാൻ മില്ലുകൾക്ക് ഉത്തരവാദിത്തമുണ്ടെന്ന തരത്തിൽ ഉത്തരവ് തിരുത്തണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചത്.

