അമേഠി: ഹിന്ദു – ഹിന്ദുത്വവാദി തർക്കത്തിൽ പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ഹിന്ദുത്വവാദി ഗംഗയിൽ ഒറ്റയ്ക്ക് കുളിക്കുമ്പോൾ ഹിന്ദു ആയിരങ്ങൾക്കൊപ്പം ഗംഗയിൽ കുളിക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. അമേഠിയിലെ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുവെയായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. 2019 ലെ കുംഭ മേളയുടെ അവസരത്തിൽ മോദി ഒറ്റയ്ക്ക് പുണ്യനദിയായ ഗംഗയിൽ കുളിക്കാനിറങ്ങിയ ചിത്രങ്ങളെ സൂചിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
തന്റെ ജീവിതത്തിൽ ആദ്യമായാണ് ഒരാൾ ഗംഗയിൽ ഒറ്റയ്ക്ക് കുളിക്കുന്നത് കാണുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെയും വരെ മോദി ഒഴിവാക്കി കളഞ്ഞെന്നും അദ്ദേഹം പരിഹസിച്ചു.
ഹിന്ദു ഒരിക്കലും തന്റെ ഭയത്തെ അക്രമം, വെറുപ്പ്, ദേഷ്യം എന്നീ അവസ്ഥകളിലേക്ക് കടക്കാൻ അനുവദിക്കില്ല. സത്യത്തിന്റെ പാത പിന്തുടരുന്ന വ്യക്തിയാണ് ഹിന്ദു. അയാൾ ഒരിക്കലും ഭയത്തിന് മുന്നിൽ അടിയറവ് പറയില്ല. മഹാത്മാ ഗാന്ധി ഇതുപോലെ ആയിരുന്നുവെന്നും. മഹാത്മാ ഗാന്ധി തന്റെ ജീവിതകാലം മുഴുവൻ സത്യത്തെ മനസിലാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നപ്പോൾ ഹിന്ദുത്വവാദിയായ ഗോഡ്‌സെ്ക്ക് അതിന് സാധിച്ചില്ലെന്നും സത്യം മാത്രം സംസാരിച്ചിരുന്ന ഒരു യഥാർത്ഥ ഹിന്ദുവിനെ കൊന്നതിനാൽ ഗോഡ്‌സെയെ ആരും മഹാത്മാവ് എന്ന് വിളിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗോഡ്‌സെ ഒരു ഭീരുവും ദുർബലനും ആയിരുന്നെന്നും അയാൾക്ക് തന്റെ ഉള്ളിലുള്ള ഭയത്തെ അഭിമുഖീകരിക്കാൻ സാധിച്ചില്ലെന്നും രാഹുൽഗാന്ധി കൂട്ടിച്ചേർത്തു.

