General (Page 1,260)

ആലപ്പുഴ: കെപിഎസിയുടെ മുദ്ര ആലേഖനം ചെയ്ത സ്തൂപം പൊളിച്ചു മാറ്റി. ദേശീയപാതാ വികസനത്തിന്റെ ഭാഗമായാണ് സ്തൂപം പൊളിച്ചുമാറ്റിയത്. 42 വർഷങ്ങൾക്ക് മുൻപാണ് കായംകുളത്ത് കെപിഎസി ആസ്ഥാനത്തിനു മുൻവശത്തായി സ്തൂപം സ്ഥാപിച്ചത്. ദേശീയപാതയിലൂടെ കടന്നുപോകുന്നവർക്കു കാണാവുന്ന രീതിയിലാണ് സ്തൂപം സ്ഥാപിച്ചിരുന്നത്. കെപിഎസി ആസ്ഥാനത്തിനു മുന്നിൽ ഈ സ്തൂപം മാത്രമാണ് ഉണ്ടായിരുന്നത്.

മലയാറ്റൂർ രാമകൃഷ്ണനാണ് മുദ്ര രൂപകൽപ്പന ചെയ്തത്. കേശവൻകുട്ടി എന്ന ശില്പിയാണ് മുദ്ര ആലേഖനം ചെയ്തു സ്തൂപം നിർമിച്ചത് കോൺക്രീറ്റ് സ്തൂപത്തിൽ പ്രത്യേക കൂട്ടുചേർത്താണ് മുദ്ര ആലേഖനം ചെയ്തത്.

30 സെന്റ് സ്ഥലമാണ് കെപിഎസിക്കുള്ളത്. ഇതിൽ 10 സെന്റ് സ്ഥലമാണ് ദേശീയപാതാ വികസനത്തിനായി ഏറ്റെടുക്കുന്നത്. പ്രധാന കെട്ടിടത്തിന്റെ ഒരു ഭാഗവും ഓഡിറ്റോറിയത്തിന്റെ മുൻഭാഗവും പുതിയ കെട്ടിടവും പൊളിച്ചുമാറ്റും. ദേശീയപാത വികസനത്തിനായി ഗതകാല സ്മരണകൾ ഉണർത്തി നിലകൊണ്ടിരുന്ന കെ.പി.എസിയുടെ പ്രധാന സ്തൂപം പൊളിച്ചു മാറ്റിയത് വൈകാരിക നിമിഷമായിരുന്നുവെന്നാണ് കെ.പി.എ.സി സെക്രട്ടറി അഡ്വക്കറ്റ് ഷാജഹാൻ പ്രതികരിച്ചത്. എന്നാൽ അനിവാര്യമായ ദേശീയപാതാ വികസനത്തിന് ഇത് പൊളിച്ചു മാറ്റേണ്ടത് ഏറ്റവും ആവശ്യകത ആണെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രീനഗർ: ഭീകരതയ്‌ക്കെതിരെ പോരാട്ടം ശക്തമാക്കി ഇന്ത്യൻ സൈന്യം. കശ്മീരിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രണ്ടു ഭീകരരെയാണ് സൈന്യം വധിച്ചത്. ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന നടത്തിയ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്.

കുൽഗാമിലെ ഹുസാൻപോര ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകര സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടർന്ന് സ്ഥലത്തെത്തിയതായിരുന്നു ജമ്മു കശ്മീർ പോലീസും സൈന്യവും. വധിച്ച ഭീകരരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അൽ-ബാദർ ഭീകര സംഘടനയിലെ ഇമാദ് വാനിയാണ് കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ. 2021 ഡിസംബർ 19 ന് പുൽവാമയിൽ മുഷ്താഖ് വാഗ്ഗിയെന്ന പോലീസുകാരന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെ പ്രതിയാണ് ഇയാളെന്ന് സുരക്ഷാ സേന അറിയിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കശ്മീരിൽ ശക്തമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. പത്തു ദിവസത്തിനുള്ളിൽ 13 ഭീകരരെയാണ് സൈന്യം വധിച്ചത്. നിരവധി ആയുധങ്ങളും സ്‌ഫോടക ശേഖരവും പിടിച്ചെടുത്തിട്ടുണ്ട്.

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് കൊലപ്പെടുത്തിയ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന് വീടിനോട് ചേർന്ന് അന്ത്യവിശ്രമം ഒരുക്കാൻ സിപിഎം. ധീരജിന്റെ വീടിനടുത്തുള്ള എട്ട് സെന്റ് സ്ഥലം ഇതിനായി സിപിഎം വില കൊടുത്തു വാങ്ങി. ധീരജിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് ഈ വസ്തുവിലായിരിക്കും. ഇവിടെ ധീരജിന്റെ സ്മാരകം നിർമ്മിക്കണമെന്നാണ് പാർട്ടി പദ്ധതിയിടുന്നത്.

ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച്ച നാല് മണിക്ക് ശേഷം തളിപ്പറമ്പിൽ സി.പി.എം ഹർത്താൽ പ്രഖ്യാപിച്ചു. ധീരജിന്റെ കൊലപാതകത്തിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലി പോലീസിനോട് കുറ്റം സമ്മതിച്ചു. ധീരജിനെ കൊന്നത് താൻ തന്നെയാണെന്ന് നിഖിൽ പോലീസിന്റെ ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തി. കേസിൽ കോളേജിലെ കെഎസ്‌യു പ്രവർത്തകരായ ആറു പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയും, എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗവുമാണ് ധീരജ്. തിങ്കളാഴ്ച്ച കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് ധീരജിന് കുത്തേറ്റത്. ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച്ച എസ്എഫ്‌ഐ സംസ്ഥാന വ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ന്യൂഡൽഹി: രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരെ കോവിഡ് പരിശോധനയിൽ നിന്ന് ഒഴിവാക്കി പുതിയ പരിശോധനാ ചട്ടം പുറത്തിറക്കി ഐസിഎംആർ. ആഭ്യന്തര വിമാന യാത്രക്കാരെയും സംസ്ഥാനാനന്തര യാത്രക്കാരെയും പരിശോധനയിൽ നിന്ന് ഒഴിവാക്കിയതായി ഐസിഎംആർ വ്യക്തമാക്കി. അടിയന്തിര ശസ്ത്രക്രിയയ്ക്കായുള്ള രോഗികൾക്കും ഗർഭിണികൾ ഉൾപ്പെടെ ലക്ഷണങ്ങൾ ഇല്ലാത്ത മറ്റ് രോഗികൾക്കും കോവിഡ് പരിശോധന നടത്തേണ്ടതില്ലെന്നും ഐസിഎംആറിന്റെ പരിശോധനാ ചട്ടത്തിൽ വ്യക്തമാക്കുന്നുണ്ട്.

കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരിൽ ഗുരുതര രോഗലക്ഷണങ്ങൾ ഉള്ളവരിലും മുതിർന്ന പൗരന്മാരിലും മാത്രം പരിശോധന നടത്തിയാൽ മതിയെന്നാണ് ഐസിഎംആറിന്റെ നിർദ്ദേശം. ചികിത്സയുടെ ആവശ്യത്തിന് വേണ്ടി ജനിതക പരിശോധന നടത്തേണ്ട ആവശ്യമില്ല. രോഗികളെ നിരീക്ഷിക്കുന്നതിന് വേണ്ടി മാത്രം ഇത്തരം പരിശോധനകൾ നടത്തിയാൽ മതി. പോസിറ്റീവ് ആയിട്ടുള്ള സാംപിളുകളിൽ ഇൻസാകോഗിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് മാത്രമേ ജനിതക പരിശോധന നടത്താവൂവെന്നും നിർദ്ദേശമുണ്ട്.

തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ കൊലപാതകം അത്യന്തം വേദനാജനകമാണെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. കേരളത്തിന്റെ കലാലയ മുറ്റത്ത് ഒരു എസ്എഫ്‌ഐ പ്രവർത്തകന് കൂടി ജീവൻ നഷ്ടമായിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പഠിക്കാനും പോരാടാനുമുള്ള മനുഷ്യപക്ഷ രാഷ്ട്രീയം തെരഞ്ഞെടുത്തവരെ കപട സമാധാനത്തിന്റെ വാഗ്‌ധോരണികൾക്ക് ജയിക്കാനാവില്ലെന്ന വേവലാതിയിൽ നിന്നാണ് കൈയിൽ എക്കാലവും അവർ ഒളിച്ചുകൊണ്ടുനടന്ന കഠാരമുന ഒരിക്കൽക്കൂടി പുറത്തെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

എസ്എഫ്‌ഐയുടെ സർഗാത്മക രാഷ്ട്രീയത്തെ എതിരിടാൻ ശേഷിയില്ലാതെ, ആയുധം കൊണ്ട് നേരിടാൻ തുനിയുന്ന കെഎസ്യു – യൂത്ത് കോൺഗ്രസ് കാടത്തമാണിത്. ചോരക്കൊതിയുടെ ഈ കഠാര രാഷ്ട്രീയം പുരോഗമന സമൂഹത്തിന് യോജിച്ചതല്ല. ഇവരെ സമൂഹം ഒറ്റപ്പെടുത്തും. കുറ്റവാളികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ധീര രക്തസാക്ഷിക്ക് അന്ത്യാഭിവാദ്യങ്ങൾ അർപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

കേരളത്തിന്റെ കലാലയ മുറ്റത്ത് ഒരു എസ്എഫ്‌ഐ പ്രവർത്തകന് കൂടി ജീവൻ നഷ്ടമായിരിക്കുന്നു. പഠിക്കാനും പോരാടാനുമുള്ള മനുഷ്യപക്ഷ രാഷ്ട്രീയം തെരഞ്ഞെടുത്തവരെ കപട സമാധാനത്തിന്റെ വാഗ്‌ധോരണികൾക്ക് ജയിക്കാനാവില്ലെന്ന വേവലാതിയിൽ നിന്നാണ് കൈയിൽ എക്കാലവും അവർ ഒളിച്ചുകൊണ്ടുനടന്ന കഠാരമുന ഒരിക്കൽക്കൂടി പുറത്തെടുത്തത്.

അത്യന്തം വേദനാജനകവും പ്രതിഷേധാർഹവുമായ നിമിഷമാണിത്. ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകനായ സഖാവ് ധീരജിനെയാണ് കെഎസ്യു – യൂത്ത് കോൺഗ്രസ് ക്രിമിനലുകൾ കൊലപ്പെടുത്തിയത്. ധീരജ് തളിപ്പറമ്പ് പാലക്കുളങ്ങര സ്വദേശിയാണ്.
എസ്എഫ്‌ഐയുടെ സർഗാത്മക രാഷ്ട്രീയത്തെ എതിരിടാൻ ശേഷിയില്ലാതെ, ആയുധം കൊണ്ട് നേരിടാൻ തുനിയുന്ന കെഎസ്യു – യൂത്ത് കോൺഗ്രസ് കാടത്തമാണിത്.

ചോരക്കൊതിയുടെ ഈ കഠാര രാഷ്ട്രീയം പുരോഗമന സമൂഹത്തിന് യോജിച്ചതല്ല. ഇവരെ സമൂഹം ഒറ്റപ്പെടുത്തും. കുറ്റവാളികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനുള്ള കർശന നടപടികൾ സ്വീകരിക്കും.

ധീര രക്തസാക്ഷിക്ക് അന്ത്യാഭിവാദ്യങ്ങൾ.

മലപ്പുറം: കോണിപ്പടിയില്ലാതെ സ്‌കൂൾ കെട്ടിടത്തിൽ ഒന്നാംനില നിർമ്മിച്ചത് വിവാദമായതിന് പിന്നാലെ പ്രത്യേക ഫണ്ട് അനുവദിച്ച് പഞ്ചായത്ത്. ചോക്കാട് പഞ്ചായത്താണ് സ്‌കൂളിനായി പ്രത്യേക ഫണ്ട് അനുവദിച്ചത്. മാളിയേക്കൽ ജിയുപി സ്‌കൂളിലാണ് കോണിപ്പടിയില്ലാതെ ഒന്നാംനില നിർമിച്ചത്. ഇത് വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു.

ക്ലാസ് മുറികളുടെ അപര്യാപ്തത പരിഹരിക്കാൻ നാട്ടുകാർ ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചും പിരിവെടുത്തും സ്വരൂപിച്ച പണമാണ് കെട്ടിട നിർമ്മാണത്തിനായി പഞ്ചായത്തിന് നൽകിയത്. നാലു ലക്ഷം രൂപയാണ് നാട്ടുകാർ പഞ്ചായത്തിനു കൈമാറുകയത്. നിർമാണം പൂർത്തിയായ ക്ലാസ് മുറികളിലേക്ക് കയറിപ്പറ്റാൻ കഴിയാത്ത അവസ്ഥയിൽ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കിയത് കാരണമാണ് കോണിപ്പടിയില്ലാതെ സ്‌കൂൾ കെട്ടിടത്തിൽ ഒന്നാം നില നിർമ്മിച്ചത്. എസ്റ്റിമേറ്റ് പ്രകാരമുള്ള പണിയാണ് കരാറുകാരൻ പൂർത്തിയാക്കിയത്. പഞ്ചായത്ത് ഫണ്ട് അഞ്ചു ലക്ഷം രൂപ ഉൾപ്പെടെ ഒൻപതു ലക്ഷത്തോളം രൂപ മുടക്കിയാണ് രണ്ടു ക്ലാസ് മുറികളോടെ ഒന്നാം നിലയുടെ നിർമ്മാണം പൂർത്തിയായത്. എന്നാൽ നിർമ്മാണം പൂർത്തിയായപ്പോഴാണ് ഒന്നാംനിലയിലേക്ക് പോകാൻ കോണിപ്പടിയില്ലെന്ന കാര്യം ശ്രദ്ധിച്ചത്. സംഭവം മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ചർച്ചാ വിഷയമായി.

സർക്കാരിനെതിരെയും പഞ്ചായത്തിനെതിരെയും രൂക്ഷ വിമർശനമാണ് ഉയർന്നത്. ലഭ്യമായ ഫണ്ട് ഉപയോഗിച്ചാണ് എഞ്ചിനീയർ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. ഒരു വർഷത്തിലേറെയായി ഒന്നാം നിലയുടെ നിർമ്മാണം പൂർത്തിയാക്കിയിട്ട്. എന്നാൽ കോവിഡ് കാരണമാണ് കോണിപ്പടിക്ക് വേണ്ടി പ്രത്യേക പദ്ധതി അനുവദിക്കാൻ വൈകിയതെന്ന് അധികൃതർ അറിയിച്ചു. മുൻ ഭരണസമിതിയുടെ കാലത്താണ് ലഭ്യമായ ഫണ്ട് ഉപയോഗിച്ച് എഞ്ചിനീയർ കെട്ടിടം നിർമിക്കാൻ അനുമതി നൽകിയത്. സ്‌കൂൾ കെട്ടിടത്തിൽ കോണിപ്പടി നിർമിക്കുന്നതിന് ഒരു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും ടെൻഡർ നടപടികൾ നടന്നുവരികയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ചൂരപ്പിലാൻ ഷൗക്കത്ത് അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ ക്രമാതീതമായി വർധിച്ചാൽ നേരിടുന്നതിന് മൾട്ടി മോഡൽ ആക്ഷൻ പ്ലാൻ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശുപത്രി അഡ്മിഷൻ, ഐസിയു അഡ്മിഷൻ, രോഗികളുടെ എണ്ണം എന്നിവ കണക്കിലെടുത്ത് ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ, നിരീക്ഷണ സംവിധാനം, ടെസ്റ്റിംഗ് സ്ട്രാറ്റജി, ഓക്‌സിജൻ സ്റ്റോക്ക് എന്നിവ വർധിപ്പിക്കുന്ന രീതിയിലാണ് മൾട്ടി മോഡൽ ആക്ഷൻ പ്ലാൻ തയ്യാറാക്കിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് മൂന്ന് ഘട്ടങ്ങളായാണ് ആക്ഷൻ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. ഓരോ സൂചനകൾ വരുമ്പോഴും അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ആശുപത്രികളെ സജ്ജമാക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിലൂടെ എല്ലാവർക്കും ചികിത്സ ഉറപ്പാക്കാനാകുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് 30,895 പേർക്ക് ആദ്യ ദിനം കരുതൽ ഡോസ് കോവിഡ് വാക്‌സിൻ നൽകിയതായും വീണാ ജോർജ് പറഞ്ഞു. 19,549 ആരോഗ്യ പ്രവർത്തകർ, 2635 കോവിഡ് മുന്നണി പോരാളികൾ, 8711 അറുപത് വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകിയത്. തിരുവനന്തപുരം ജില്ലയാണ് ഏറ്റവുമധികം പേർക്ക് കരുതൽ ഡോസ് നൽകിയത്. തിരുവനന്തപുരം 6,455, കൊല്ലം 3,184, പത്തനംതിട്ട 1,731, ആലപ്പുഴ 1,742, കോട്ടയം 1,701, ഇടുക്കി 719, എറണാകുളം 2,855, തൃശൂർ 5,327, പാലക്കാട് 922, മലപ്പുറം 841, കോഴിക്കോട് 2,184, വയനാട് 896, കണ്ണൂർ 1,461, കാസർഗോഡ് 877 എന്നിങ്ങനെയാണ് കരുതൽ ഡോസ് നൽകിയതെന്നും മന്ത്രി വിശദമാക്കി.

സംസ്ഥാനത്ത് ഇതുവരെ 15നും 18നും ഇടയ്ക്ക് പ്രായമുള്ള മൂന്നിലൊന്നിലധികം കുട്ടികൾക്ക് (35 ശതമാനം) വാക്‌സിൻ നൽകാനായി. ആകെ 5,36,582 കുട്ടികൾക്കാണ് കോവിഡ് വാക്‌സിൻ നൽകിയത്. ഇന്ന് 51,766 കുട്ടികൾക്കാണ് വാക്‌സിൻ നൽകിയത്. തിരുവനന്തപുരം 1,721, കൊല്ലം 2,762, പത്തനംതിട്ട 2,214, ആലപ്പുഴ 1,789, കോട്ടയം 5,179, ഇടുക്കി 3,588, എറണാകുളം 4,456, തൃശൂർ 1,138, പാലക്കാട് 9,018, മലപ്പുറം 7,695, കോഴിക്കോട് 5,157, വയനാട് 2,064, കണ്ണൂർ 4,808, കാസർഗോഡ് 177 എന്നിങ്ങനെയാണ് കുട്ടികളുടെ വാക്‌സിനേഷൻ. തിങ്കളാഴ്ച്ച ആകെ 2,10,835 പേരാണ് എല്ലാ വിഭാഗത്തിലുമായി വാക്‌സിൻ സ്വീകരിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൊച്ചി: സഭാതർക്കം പരിഹരിക്കുന്നതിന് നിയമനിർമാണം നടത്തണമെന്ന ശുപാർശയിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് സർക്കാർ. ചീഫ് സെക്രട്ടറിയാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. ജസ്റ്റീസ് കെ.ടി തോമസ് കമ്മീഷന്റെ ശുപാർശ മാദ്ധ്യമ വാർത്തകളിൽ കണ്ടെന്നും നിയമം നിർമ്മിക്കുന്നുണ്ടോ എന്നും അറിയിക്കണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ചീഫ് സെക്രട്ടറി കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്.

ശുപാർശ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നാണ് സർക്കാരിന്റെ നിലപാട്. അന്തിമ തീരുമാനമെടുക്കുന്നതിന് വിവിധ തലങ്ങളിൽ വിശദമായ ചർച്ചകൾ ആവശ്യമുണ്ടെന്നും കൂടുതൽ സമയം വേണമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

അടുത്ത ദിവസം കോടതി സർക്കാർ നൽകി സത്യവാങ്മൂലം പരിശോധിക്കും. കോതമംഗലം ചെറിയപള്ളി സി ആർ പി എഫിന്റെ സഹായത്തോടെ സർക്കാർ ഏറ്റെടുക്കണമെന്ന സിംഗിൾ ബഞ്ചുത്തരവിനെതിരെ സർക്കാരും യാക്കോബായ വിഭാഗം പള്ളി വികാരിയും ഏതാനും ഇടവകാംഗങ്ങളും സമർപ്പിച്ച അപ്പീലുകളാണ് കോടതി പരിഗണിക്കുന്നത്.

ഇടുക്കി: ചൊവ്വാഴ്ച്ച സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐ പഠിപ്പുമുടക്കും. എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചാണ് എസ് എഫ് ഐ ചൊവ്വാഴ്ച്ച പഠിപ്പ് മുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇടുക്കി പൈനാവ് ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിൽ നടന്ന തിരഞ്ഞെടുപ്പിനെ തുടർന്ന് എസ് എഫ് ഐ – കെ എസ് യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിലാണ് ധീരജിന് കുത്തേറ്റത്.

ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയും, എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗവുമാണ് ധീരജ്. കണ്ണൂർ പാലകുളങ്ങര സ്വദേശിയായ ധീരജിനെ വാഴത്തോപ്പ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിയാണ് കുത്തിയത്.

സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച്ച കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് സംഭവം നടന്നത്. ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

വരാണസി: കാശി വിശ്വനാഥ് ധാം ജീവനക്കാർക്ക് പാദരക്ഷകൾ സമ്മാനമായി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. 100 ജോഡി പാദരക്ഷകളാണ് ജീവനക്കാർക്ക് വേണ്ടി പ്രധാനമന്ത്രി അയച്ചു നൽകിയത്. ചണം കൊണ്ട് നിർമ്മിച്ച പാദരക്ഷകളാണ് പ്രധാനമന്ത്രി ജീവനക്കാർക്ക് സമ്മാനിച്ചത്.

കാശി വിശ്വനാഥ് ധാം ക്ഷേത്രപരിസരത്ത് തുകൽ അല്ലെങ്കിൽ റബ്ബർ ഉപയോഗിച്ച് നിർമ്മിച്ച പാദരക്ഷകൾ ധരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് കാശി വിശ്വനാഥ് ധാമിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം പേരും ചെരുപ്പില്ലാതെയാണ് തങ്ങളുടെ ജോലി ചെയ്യുന്നത്. ഇക്കാര്യം ശ്രദ്ധയിൽപെട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി ജീവനക്കാർക്ക് വേണ്ടി ചണം കൊണ്ട് നിർമ്മിച്ച പാദരക്ഷകൾ സമ്മാനമായി നൽകിയത്. പുരോഹിതർ, ജീവനക്കാർ, സുരക്ഷാ ഗാർഡുകൾ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർക്കെല്ലാമായിട്ടാണ് പ്രധാനമന്ത്രി പാദരക്ഷകൾ അയച്ചത്.

കഠിനമായ തണുപ്പിൽ ചെരുപ്പില്ലാതെ ജോലി ചെയ്യേണ്ടതില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചു. പ്രധാനമന്ത്രിയുടെ സമ്മാനത്തിന് നന്ദി അറിയിച്ച് കാശി വിശ്വനാഥ് ധാമിലെ ജീവനക്കാർ രംഗത്തെത്തിയിട്ടുണ്ട്.