ധീരജിന് അന്ത്യവിശ്രമം ഒരുക്കാൻ സിപിഎം; വീടിനടുത്തുള്ള സ്ഥലം വിലയ്ക്ക് വാങ്ങി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് കൊലപ്പെടുത്തിയ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന് വീടിനോട് ചേർന്ന് അന്ത്യവിശ്രമം ഒരുക്കാൻ സിപിഎം. ധീരജിന്റെ വീടിനടുത്തുള്ള എട്ട് സെന്റ് സ്ഥലം ഇതിനായി സിപിഎം വില കൊടുത്തു വാങ്ങി. ധീരജിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് ഈ വസ്തുവിലായിരിക്കും. ഇവിടെ ധീരജിന്റെ സ്മാരകം നിർമ്മിക്കണമെന്നാണ് പാർട്ടി പദ്ധതിയിടുന്നത്.

ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച്ച നാല് മണിക്ക് ശേഷം തളിപ്പറമ്പിൽ സി.പി.എം ഹർത്താൽ പ്രഖ്യാപിച്ചു. ധീരജിന്റെ കൊലപാതകത്തിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലി പോലീസിനോട് കുറ്റം സമ്മതിച്ചു. ധീരജിനെ കൊന്നത് താൻ തന്നെയാണെന്ന് നിഖിൽ പോലീസിന്റെ ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തി. കേസിൽ കോളേജിലെ കെഎസ്‌യു പ്രവർത്തകരായ ആറു പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയും, എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗവുമാണ് ധീരജ്. തിങ്കളാഴ്ച്ച കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് ധീരജിന് കുത്തേറ്റത്. ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച്ച എസ്എഫ്‌ഐ സംസ്ഥാന വ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.