കൊച്ചി: സഭാതർക്കം പരിഹരിക്കുന്നതിന് നിയമനിർമാണം നടത്തണമെന്ന ശുപാർശയിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് സർക്കാർ. ചീഫ് സെക്രട്ടറിയാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. ജസ്റ്റീസ് കെ.ടി തോമസ് കമ്മീഷന്റെ ശുപാർശ മാദ്ധ്യമ വാർത്തകളിൽ കണ്ടെന്നും നിയമം നിർമ്മിക്കുന്നുണ്ടോ എന്നും അറിയിക്കണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ചീഫ് സെക്രട്ടറി കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്.
ശുപാർശ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നാണ് സർക്കാരിന്റെ നിലപാട്. അന്തിമ തീരുമാനമെടുക്കുന്നതിന് വിവിധ തലങ്ങളിൽ വിശദമായ ചർച്ചകൾ ആവശ്യമുണ്ടെന്നും കൂടുതൽ സമയം വേണമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
അടുത്ത ദിവസം കോടതി സർക്കാർ നൽകി സത്യവാങ്മൂലം പരിശോധിക്കും. കോതമംഗലം ചെറിയപള്ളി സി ആർ പി എഫിന്റെ സഹായത്തോടെ സർക്കാർ ഏറ്റെടുക്കണമെന്ന സിംഗിൾ ബഞ്ചുത്തരവിനെതിരെ സർക്കാരും യാക്കോബായ വിഭാഗം പള്ളി വികാരിയും ഏതാനും ഇടവകാംഗങ്ങളും സമർപ്പിച്ച അപ്പീലുകളാണ് കോടതി പരിഗണിക്കുന്നത്.

